കേരളത്തിന്റെ സമീപഭാവിയില്‍ നടന്നിട്ടുള്ള ക്രൈമുകളില്‍ കൂടുതലും പിടിക്കപ്പെട്ടിട്ടുള്ളവരുടെ പ്രായം 15നും 30 നും ഇടയിലുള്ളവരാണ്. കൗമാരക്കാരും യുവാക്കളുമാണ് എന്ന് കൃത്യമായി പറയാം. സ്‌കൂള്‍ തലം മുതല്‍ അവര്‍ അതിനായുള്ള പരീക്ഷണ ശാലകളായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അതിനുള്ള ക്ലാസ്സുകള്‍ അറ്റന്റ് ചെയ്തു തുടങ്ങുന്നു. രക്തവും, തലവെട്ടി മാറ്റലും, കൈ കാലുകള്‍ മുറിക്കല്‍, കഴുത്തറുക്കല്‍ തുടങ്ങിയ അതി സങ്കീര്‍ണ്ണമായ കൊലപാതകങ്ങളെ, വളരെ സിമ്പിളായും ആയാസ രഹിതമായും ചെയ്യാന്‍ കഴിയുന്നത് എങ്ങനെയാണെന്നും ഇതിലൂടെ കാണിച്ചു കൊടുക്കുന്നുണ്ട്. അതിനുള്ള പ്രത്യേക തരം ഗെയിമുകള്‍ ആപ്ലിക്കേഷന്‍ വഴി എത്തുന്നുമുണ്ട്.
തോക്കുമായി ഒറ്റയ്ക്ക് പൊരുതാനിറങ്ങുന്ന ഹീറോ കമ്പ്യൂട്ടര്‍ ഗെയിമില്‍ വിജയിക്കുമ്പോള്‍ സമാനമായ ഹീറോയായി കളിക്കുന്നവര്‍ സ്വയം മാറുന്നു. അവന്‍, അവന്റെ പരിസരത്തെ ഗെയിനു ചേരുന്ന സെറ്റാക്കി മാറ്റുന്നു. തോക്കിനും, ബോംബും വാങ്ങാനുള്ള പണം കണ്ടെത്തുക എന്നതാണ് അടുത്ത വെല്ലുവിളി. ആയുധങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കുറുക്കു വഴികള്‍ തിരയുന്നതും ഇന്റര്‍നെറ്റിലും സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലുമാണ്. അങ്ങനെയാണ് യാതൊരു പ്രൂഫുകളും ഇല്ലാതെ, അന്വേഷണങ്ങലുമില്ലാതെ ലോണ്‍ ആപ്പുകള്‍ വഴി ലോണെടുക്കുന്നത്. ആപ്ലിക്കേഷന്‍ വഴിയുള്ള ലോണുകള്‍ വേഗത്തില്‍ അക്കൗണ്ടില്‍ വരുമെന്നതിനാല്‍, മറ്റൊന്നും ചിന്തിക്കാതെ എടുക്കും. ഇത് തിരിച്ചടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് കുരുക്കു മുറുകുന്നത്.
ഈ പണം തിരിച്ചടയ്ക്കാന്‍ മറ്റൊരു ലോണ്‍ ആപ്പിലൂടെ പണം എടുക്കുന്നു. അങ്ങനെ തിരച്ചിറങ്ങാന്‍ പറ്റാത്ത വിധം കടക്കാരനാവുകയും, ലോണ്‍ ആപ്പുകള്‍ നടത്തുന്നവരുടെ ഫോണ്‍കോളുകള്‍ നിരന്തരം ശല്യമാവുകയും ചെയ്യുന്നു. ഇങ്ങനെ പെട്ടെന്ന് പണം സമ്പാദിക്കാനും ജീവിതം ആസ്വദിക്കാനും കണ്ടെത്തുന്ന വഴികളിലൂടെ നീങ്ങുന്നതോടെ അവന്‍ ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയായി മാറിക്കൊണ്ടിരിക്കും. പിന്നെ, പണം തിരിച്ചടയ്ക്കാന്‍ മനുഷ്യരെ കൊല്ലാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിപ്പെടുന്നു. ആദ്യം കാണുന്നവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതോടെ അവനിലെ ഹീറോ ജനിച്ചിരിക്കും.
പിന്നെ അവന്‍ നടത്തുന്ന ഓരോ കൊലപാതകവും, ഹീറോ പരിവേഷത്തിനുള്ളിലെ ഗെയിംപ്ലാനുകളായി മാറുകയായി. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്കു പിന്നിലും ഇത്തരമൊരു ഇന്റര്‍നെറ്റ് ലോണ്‍ ഗെയിം ആയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. വെളിപ്പെടുത്തിയിരിക്കുന്നത്, കൊലപാതകിയായ അഫാന്റെ ഉമ്മയും. അഫാന്‍ ഇപ്പോഴും റിമാന്റിലാണ്. അഫാന്‍ കൊല ചെയ്തവരില്‍ രക്ഷപ്പെട്ടത് ഉമ്മ മാത്രമാണ്. ഇവര്‍ ഇപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഒരു അഭയ കേന്ദ്രത്തില്‍ കഴിയുകയാണ്. മകന്‍ അരുംകൊല ചെയ്തുവെന്ന് വിശ്വസിക്കാതിരുന്ന മാതാവ് ഷെമി ഇപ്പോള്‍ സംഭവ ദിവസം നടന്നത് അടക്കമുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
മകന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം കടമെടുത്തിരുന്നു എന്നാണ് ഷെമി ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. അഫാന്‍ എടുത്ത പണം തിരിച്ചടക്കാതിരുന്നതോടെ നിരന്തരം സമ്മര്‍ദ്ദമുണ്ടായി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആക്രമണത്തിന്റെ തലേ ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇതെല്ലാമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം വീട് വിറ്റാല്‍ തീരാവുന്ന കടബാധ്യതയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഷെമി പറഞ്ഞത്. തങ്ങള്‍ക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്.
അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്നും മാതാവ് ഷെമി പറയുന്നുണ്ട്. കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടര്‍ക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു. ജപ്തി ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്കില്‍ പണം തിരിച്ചു അടയ്‌ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളില്‍ അഫാന്‍ അസ്വസ്ഥതന്‍ ആയിരുന്നെന്നും ഷെമി പറഞ്ഞു. അഫാനോട് ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകര്‍ത്തു. എന്റെ പൊന്നുമോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പ്രതികരിക്കുന്നു.
അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിനോട് എതിര്‍പ്പ് പേരുമലയിലെ വീട് വില്‍ക്കാന്‍ തടസ്സം നിന്നതിനാണ്. സല്‍മ ബീവിയോട് മാല പണയം വെക്കാന്‍ ചോദിച്ചിട്ടു കൊടുക്കാത്തതിനും ദേഷ്യമുണ്ടായിരുന്നു എന്നും ഷെമി പറഞ്ഞു. കേസില്‍ നേരത്തെ ഷെമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കട്ടിലില്‍ നിന്ന് വീണ് പരിക്കുപറ്റിയെന്നായിരുന്നു ഷെമിയുടെ ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തുകയാണ് ഉണ്ടായത്. നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ അഫാനുമായി പോലീസ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജു ലാലിനാണ് കേസിന്റെ അന്വേഷണച്ചുമതല.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്നാണ് പോലീസ് പറയുന്നത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയത് അഫാന്റെയും മാതാവിന്റെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ്. ഇരുവരുടെയും കൈയില്‍ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്ന് 200 രൂപ കടം വാങ്ങി. കൊലപാതകങ്ങള്‍ നടന്ന ദിവസം 50,000 രൂപ കടം വീട്ടാനുണ്ടായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. കടക്കാര്‍ വരുന്നതിനു മുമ്പാണ് കൊലപാതകങ്ങള്‍ നടത്തിയത്. മാതാവും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞിരുന്നു.
അഫാന്റെ മൊഴിയും ഉമ്മയുടെ വെളിപ്പെടുത്തലും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉമ്മ പറയുന്നതനുസരിച്ച് അഫാന്‍ ഇന്റനെറ്റിലും, സോഷ്യല്‍ മീഡിയയിലും മുഴുകുന്ന ആളായാണ് മനസ്സിലാകുന്നത്. ഇന്റനെറ്റിലെ ലോണ്‍ ആപ്പിലൂടെ എടുക്കുന്ന പണമെല്ലാം എന്താണ് ചെയ്തിരുന്നതെന്ന് വ്യക്തമല്ല. കുടുംബത്തിന് കടം ഉണ്ടെന്നത് വസ്തുതയണ്. അത് എങ്ങനെ ഉണ്ടായി എന്നതാണ് പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നത്. എന്നാല്‍, എല്ലാത്തിനും പരിഹാരം കൊലപാതകം എന്ന് ചിന്തിക്കാന്‍ കാരണം എന്താണ്. അഫാന്റെ മനസ്സില്‍ അത്തരമൊൊരു ചിന്ത വരാനുണ്ടായ പ്രത്യേക കാരണം എന്താണെന്നും അറിയേണ്ടതുണ്ട്.
സ്വന്തം ഉമ്മയെയും അനുജനെയും നിഷ്ഠുരമായി കൊലചെയ്യാനുള്ള മനോധൈര്യം എങ്ങനെ വന്നു. സ്വന്തം കാമുകിയെ ഇല്ലാതാക്കിയാല്‍ തന്റെ കടം തീരുമോ എന്ന് ചിന്തിച്ചത് എന്തുകൊണ്ട്. ഒണ്‍ലൈന്‍ ലോണ്‍ ആപ്പുകളും, ഓണ്‍ലൈന്‍ ഗെയിം ആപ്പുകളും ഇന്നും കേരളത്തിലെ ചെറുപ്പക്കാരുടെ ആണ്‍ഡ്രോയിഡ് മൊബൈലുകളില്‍ സുലഭമാണ്. ഓണ്‍ലൈന്‍ മോഷണം പെരുകുന്ന കാലത്ത്, അതിനൊത്ത് ഉയരുന്നുണ്ടോ നമ്മുടെ സുരക്ഷാ സംവിധാനങ്ങളെന്ന് പരിശോധിക്കേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുകയാണ്.
CONTENT HIGH LIGHTS;Game apps turn young people into killers and loan apps turn them into debtors: Loan apps turned Afane into a killer genie: Game apps provide strategies, new ways to kill, and confidence