അങ്ങനെ സി.പി.എമ്മിന്റെ മധുര പാര്‍ട്ടി കോണ്‍ഗ്രസ്സോടെ പാര്‍ട്ടിയിലെ ചില അന്തര്‍ധാരകളും രഹസ്യമായ വെട്ടി നിരത്തലുകളും വെളിച്ചത്തേക്കു വന്നിരിക്കുകയാണ്. വര്‍ണ്ണാഭമായ ആറ് ദിവസത്തെ ചുവന്നുതുടുത്ത മധുരയിലേക്കു നോക്കിയാല്‍ എല്ലാം മനോഹരം, ബേബി സഖാവ് അര്‍ഹതയുള്ളയാള്‍, സ്ത്രീ പ്രാതിനിധ്യം, ശക്തിതെളിയിട്ടു എന്നൊക്കെയുള്ള മേനി പറച്ചിലില്‍ ഒതുക്കാം കാര്യങ്ങള്‍. എന്നാല്‍, വളരെ സൂക്ഷ്മമായി പാര്‍ട്ടി കോണ്‍ഗ്രസിനെയും സി.പി.എമ്മിലെ ഉള്‍പാര്‍ട്ടീ ജനാധിപത്യവും തീരുമാനങ്ങളും പോയ വഴികളിലേക്ക് ഒന്നു നടന്നു നോക്കിയാല്‍ പാകപ്പിഴകള്‍ കണ്ടാല്‍, അത് സ്വാഭാവികമാണെന്ന് വിലയിരുത്തരുത്. അസ്വാഭികം തന്നെയാണ്.
സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന ഏക നേതാവിനെ പാര്‍ട്ടി കോണ്‍ഗ്രസ് എങ്ങനെയാണ് കണ്ടത്. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസം കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്ത ഘട്ടത്തില്‍ പ്രത്യേക ക്ഷണിതാവ് എന്ന പട്ടം പോലും നല്‍കാന്‍ മടിച്ചത് മറന്നു പോകാന്‍ പാടില്ല. മേഴ്‌സിക്കുട്ടിയമ്മയും, പിന്നെ വിരലിലെണ്ണാവുന്ന പഴയ വി.എസ് പക്ഷക്കാര്‍ കൊല്ലത്തെ സംസ്ഥാന സമ്മേളന വേദിയില്‍ നടന്ന പൊതു ചര്‍ച്ചയില്‍ വി.എസിന്റെ വിലയും നിലയും പാര്‍ട്ടിക്കാര്‍ക്ക് ഓര്‍മ്മപ്പെടുത്തിയിട്ടും പദവി തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. വി.എസിനു പകരം വന്നതോ, ആരോഗ്യമന്ത്രി എന്ന പദവിയിലെത്തിയ വീണാ ജോര്‍ജ്ജും. വി.എസിനു പകരം വെയ്ക്കാന്‍ വീണാ ജോര്‍ജ്ജ്. ഇതായിരുന്നു സംസ്ഥാന സമ്മേളത്തില്‍ സംഭവിച്ചത്.
തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം എഴുതിക്കുകയും, വി.എസിനെ പോയിക്കണ്ട്, സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവി എടുത്തു കളഞ്ഞിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതിലേക്ക് എത്തിച്ചു. ശേഷം മാധ്യമങ്ങള്‍ക്ക് പുതിയ സെക്രട്ടറി എന്ന നിലയില്‍ അബിമുഖവും നല്‍കി. അതിലെല്ലാം ഉയര്‍ന്നൊരു പ്രധാന ചോദ്യമാണ് വി.എസ്. അച്യുതാനന്ദന്റെ പ്രത്യേക ക്ഷണിതാവ് പട്ടം തിരിച്ചു നല്‍കുമോ എന്നത്. അവിടെയെല്ലാം താത്വികമായ ഒരു അവലോകനമാണ് എം.വി ഗോവിന്ദന്‍ നടത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ വി.എസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. വി.എസ് പാര്‍ട്ടിയുടെ ആചാര്യനും, അനിഷേധ്യനുമാണെന്നു കൂടെ പറഞ്ഞു വെച്ചതോടെ വിവാദങ്ങള്‍ കെട്ടടങ്ങി.
കൊല്ലത്ത് നടക്കാത്തത്, മധുരയില്‍ നടക്കുമോ എന്നതായിരുന്നു സംശയം. നടക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും, എന്തിനോവേണ്ടി ആരൊക്കെയോ കാത്തിരുന്നു. എം.വി ഗോവിന്ദ കല്ലുവെച്ച നുണയാണ് തട്ടിവിട്ടതെന്ന് മനസ്സിലാക്കാന്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയേണ്ടി വന്നു. വി.എസ്. പാര്‍ട്ടി ഘടകത്തില്‍ നിന്നെല്ലാം പുറത്ത് എന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലൂടെ മനസ്സിലാക്കി തന്നത്. വി.എസ്. അച്യുതാനന്ദന്‍ എന്ന നേതാവിന്റെ ഇപ്പോഴത്തെ പദവി മുന്‍ നേതാവ്, മുന്‍ മുഖ്യമന്ത്രി, മുന്‍ സംസ്ഥാന സെക്രട്ടറി, മുന്‍ പി.ബി.അംഗം എന്നല്ലാതെ, പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന നേതാവ് എന്നല്ല. ഈ മുന്‍ നേതാവിനെ നിലവിലെ പാര്‍ട്ടിയുടെ ഒന്നുമല്ലാതാക്കാന്‍ ഔദ്യോഗിക പക്ഷത്തിന് 2025 വരെ കാത്തിരിക്കേണ്ടി വന്നു.
വി.എസ്. സജീവ രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിയ ശേഷമാണ് ഔദ്യോഗിക പക്ഷം അദ്ദേഹത്തിനെതിരേ അവസാനവ ആയുധമെടുത്തതെന്ന് കൂടി മനസ്സിലാക്കണം. സി.പി.എമ്മില്‍ ഇപ്പോഴുള്ള നേതാക്കളെ അപേക്ഷിച്ച് വി.എസിന്റെ പദവി, സ്ഥാപകന്‍ എന്നതാണ്. അതാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മരിക്കുന്നതു വരെ പാര്‍ട്ടിയുടെ ഉന്നത ഘടകത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പേരുകൊണ്ടെങ്കിലും ഉണ്ടാകണമായിരുന്നു എന്നതാണ് വേണ്ടിയിരുന്നത്. പക്ഷെ, വി.എസ്. എന്ന രണ്ടക്ഷരം എഴുതി വെച്ചാല്‍പ്പോലും ഭയക്കുന്ന നേതാക്കളുണ്ടെന്നതാണ് വസ്തുത.
എന്തായാലും, കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ വെട്ടിയ പേര് മധുര പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ുള്‍പ്പെടുത്തുമെന്ന് പച്ചക്കളളം പരസ്യമായി പറഞ്ഞ് പറ്റിച്ച എം.വി.ഗോവിന്ദന്‍ നഷ്ടപ്പെടുത്തിയത് വിശ്വാസമാണ്. എന്നാല്‍, ഇ.എം.എസ്സിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.എ ബേബി പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഉള്‍പാര്‍ട്ടീ വിഭാഗീയതയ്ക്ക് എങ്ങനെ അരുതി വരുത്തുമെന്നതാണ് കണ്ടറിയേണ്ടത്. കോടിയേരി ബാലകൃഷ്ണന്റെ മകനുണ്ടായ കേസും, പിണറായി വിജയന്റെ മകളുടെ കേസും രണ്ടു രീതിയില്‍ കാണുന്ന പാര്‍ട്ടിയുടെ നയം ശരിയാണോ. കേരളത്തിലെ മന്ത്രിസഭയെ സംരക്ഷിക്കാന്‍ രാജ്യത്തെ പാര്‍ട്ടി ഒന്നടങ്കം നില്‍ക്കണമെന്ന അസ്വാഭാവിക പ്രമേയം പാസാക്കിയതും ശരിയായ നടപടിയാണോ.
പശ്ചിമബംഗാളിലും, തൃപുരയിലും ഭരണം പോയത്, പാര്‍ട്ടി ഇത്തരത്തില്‍ പ്രമേയം അവതരിപ്പിച്ച് പിന്തുണ കൊടുക്കാത്തതു കൊണ്ടല്ലേ. ഇന്ത്യിലെ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്ന നേതാക്കള്‍ക്ക് എന്തുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണ കൊടുക്കണമെന്ന് പ്രമേയം അവതരിപ്പിച്ചില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ കേരളത്തിലേക്ക് ചുരുക്കിക്കെട്ടിയുള്ള നീക്കമാണോ നടത്തുന്നത്. കേരളത്തിന്റെ ഭരണം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കാനാകുന്നത്. ഇങ്ങനെ നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് എം.എ. ബേബി തരേണ്ടത്. ഉള്‍പാര്‍ട്ടീ ജനാധിപത്യമെന്ന പാര്‍ട്ടിയുടെ തടവറയില്‍ നിന്നുകൊണ്ട് ഒരാള്‍ ഈ ചോദ്യങ്ങള്‍ ചോദിച്ച് ജീവിക്കാനാവില്ല.
അതുകൊണ്ട് ആ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് മാധ്യമങ്ങളാണ്. പഴയകാല പാര്‍ട്ടീ പ്രവര്‍ത്തകരും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലെ സി.പി.എമ്മും, തെക്കന്‍ കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള പേരാട്ടമായി വി.എസ്.-പിണറായി വിഭാഗീയതയെ ചിത്രീകരിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ഏറെ ആസ്വാസം നല്‍കുന്നതാണ് എം.എ. ബേബിയുടെ സ്ഥാനാരോഹണം. ഇത് എത്രകണ്ട് തെക്കു-വടക്ക് ഇടതു രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണണം. എം.എ.ബേബി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനു ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പാര്‍ട്ടി നല്‍കിയ സ്വീകരണം എന്നത്, തട്ടിക്കൂട്ട് സ്വീകരണമായിരുന്നു. എന്നാല്‍, ബേ.ബി ആദ്യം കാണാന്‍ പോയ നേതാവ് വി.എസ്. അച്യുതാനന്ദനെയാണ്. ഇത് ഒരു സൂചനയായി കാണാമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
CONTENT HIGH LIGHTS;Govinda on VS’s matter!: The special invitee in the state committee has tied the knot; The leaders’ big lie that it will be decided at the party congress has been shattered; The battle between the Wakkans and the Southerners is about to begin