കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാര്‍ ആശയപരമായും, നയപരമായും, സാമൂഹികപരമായുമൊക്കെ വളരെ ഉര്‍ന്ന ചിന്താഗതിക്കാരാണെന്നാണ് പൊതുവേയുള്ള ധാരണ. കാരണം, കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തിലും വികസനത്തിലും ഇടതുപക്ഷത്തിന്റെ കൈയ്യൊപ്പുണ്ട് എന്നതു തന്നെ. അങ്ങനെയുള്ള പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള രണ്ടാമനായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മലയാളികള്‍ക്കെല്ലാം അഭിമാനം കൂടിയാണ്. പോലീസിന്റെയും മാടമ്പികളുടെ ഗുണ്ടായിസവുമെല്ലാം കടന്ന് കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപീകരിക്കാന്‍ കരുത്തു കാട്ടിയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി.
അതുകൊണ്ടു കൂടിയാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമായി ഇന്നും മലയാളികള്‍ സൂക്ഷിക്കുന്നതും. മറ്റേതു സംസ്ഥാനത്തിനും കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അനഭിമതരായാലും കേരളത്തിന് അങ്ങനെയല്ല. ഇ.എം.എസും, എകെ.ജിയും കൃഷ്ണപിള്ളയുമെല്ലാം സ്വന്തം നേതാക്കള്‍ തന്നെയാണ്. അതാണ് എം.എ ബേബിയെന്ന മലയാളിയായ സി.പി.എം ജനറല്‍ സെക്രട്ടറിയെയും കേരളം അംഗീകരിക്കുന്നതും. എന്നാല്‍, പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും വന്ന വഴികളെ മറന്നുകൂടാ. പ്രത്യേകിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടിയായ എം.എ. ബേബി. അദ്ദേഹം പാര്‍ട്ടിയുടെ
പരമോന്നത പദവിയായ ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തിയതിനു പിന്നില്‍ നിരവധി കാലത്തെ പ്രയത്‌നവും, വളര്‍ച്ചയുമുണ്ട്. ആ വളര്‍ച്ചയില്‍ ഓരോ ഘട്ടത്തിലും സഹായിച്ചവരും കൂടെ നിന്നവരുമുണ്ട്. അതില്‍ പ്രധാനപ്പെട്ടവരെന്ന് ബേബിക്കു തോന്നിയവരുടെ അടുത്തേക്ക്, ജനറല്‍ സെക്രട്ടറി ആയതിനു ശേഷം അദ്ദേഹം പോവുകയും ചെയ്തു. എന്നാല്‍, അവിടെയെല്ലാം മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ഒരാളുണ്ട്. ആലപ്പുഴക്കാരന്‍ ജി. സുധാകരന്‍. ബേബിയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തന കാലത്ത് ജി. സുധാകരന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ ബേബിക്ക് വളര്‍ന്നു വരാന്‍
വഴി വെട്ടിയത് സുധാകരനാണ്. അത് മറന്നു പോകേണ്ട കാര്യമല്ല. തന്നോടൊപ്പം വളരുന്ന നേതാക്കളെ വെട്ടി നിരത്തുന്ന പതിവ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉണ്ട്. അത് സി.പി.എമ്മിലുമുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥിയായിരുന്ന ബേബിയെ ഒരു നേതാവാക്കി ഉയര്‍ത്താന്‍ സുധാകരന്‍ കാണിച്ച മനസ്സ്, അതാണ് ഇന്നത്തെ ജനറല്‍ സെക്രട്ടറി ബേബിയിലേക്കുള്ള വളര്‍ച്ചയ്ക്കു കാരണം. 1970ല്‍ എസ്.എഫ്.ഐ രൂപീകരിക്കുന്ന സമയത്ത്, എം.എ ബേബി പ്രാക്കുളം ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനും. ഈ സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബേബിക്കെതിരെ സ്‌കൂളില്‍ നിന്നും നടപടിയുണ്ടായി.
തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രാക്കുളം ജങ്ഷനില്‍ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജി. സുധാകരന്‍ തന്നെ നേരിട്ട് എത്തുകയും ചെയ്തു. ആ യോഗത്തില്‍ ബേബി നടത്തിയ പ്രസംഗം ജി. സുധാകരനെ വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് ബേബി എസ്.എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കാലഘട്ടത്തില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു സുധാകരന്‍. അവിടുന്ന് ബേബിയെ തേച്ചു മിനുക്കിയെടുക്കുന്നതില്‍ സുധാകരന്‍ വഹിച്ച പങ്ക് ചെറുതല്ല. സ്വയം വളരുമെന്ന് തോന്നി അന്നേ ബേബിയെ എസ്.എഫ്.ഐയില്‍ വെട്ടിയിരുന്നെങ്കില്‍
പാര്‍ട്ടിയില്‍ ഒന്നുമാകാതെ പോകുമായിരുന്നു. അങ്ങനെ വെട്ടുകിട്ടിയ എത്രയോ പ്രഗത്ഭരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളാകാതെ പോയിട്ടുണ്ട്. ഗ്രൂപ്പും, വ്യക്തി പൂജയും. ജാതി വിവേചനവും, മതാന്ധതയുമൊക്കെ കൊണ്ട് വെട്ടി നിരത്തപ്പെട്ട എത്രയോ പേര്‍. ഇതിനു പുറമേ പ്രദേശിക വാദവും പയറ്റിയവരുണ്ട്. നല്ല നേതാക്കളെ മോശമാക്കി ചിത്രീകരിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവങ്ങളും കുറവല്ല. ഇങ്ങനെയൊക്കെ പാര്‍ട്ടിക്കുള്ളിലംെ ഉള്ളുകളികളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു ഉയരണമെങ്കില്‍ പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ വേണമായിരുന്നു. എങ്കിലേ പാര്‍ട്ടിയിലെ വളര്‍ച്ച പൂര്‍ണ്ണമാകൂ.
വെട്ടുകള്‍ക്ക് മറുവെച്ചു വെട്ടാനും, വളര്‍ച്ചകള്‍ക്ക് ഉത്തേജനം നല്‍കാനുമൊക്കെയുള്ള ഗോഡ്ഫാദര്‍. അത്തരം ഗോഡ്ഫാദറായിരുന്നു ബേബിക്ക് ജി. സുധാകരന്‍. അത് മറന്നു പോകാന്‍ പാടില്ലാത്തതാണ്. ഇന്ന് ജി. സുധാകരന്‍ പാര്‍ട്ടിയില്‍ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണ്. അങ്ങോട്ടും വീഴാം ഇങ്ങോട്ടും വീഴാം. പാര്‍ട്ടി സുധാകരനെ തഴഞ്ഞതു പോലെയാണ്. ഒരു പരിഗണനയും ലഭിക്കാത്ത സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടി സജീവ പ്രവര്‍ത്തനങ്ങള്‍ വിട്ട് വീട്ടില്‍ കഴിയുകയാണ്.
ബേബിയെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വളര്‍ത്തി കൊണ്ടുവരാന്‍, വഹിച്ച പങ്ക്, മറ്റാര് മറന്നാലും എം.എ ബേബി മറക്കാന്‍ പാടിസ്സാത്തതാണ്. ജി സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇല്ലെങ്കിലും സി.പി.എമ്മിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണെന്നത് മറക്കാനാവില്ല. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ ജി ഭുവനേശ്വരന്‍ എന്ന രക്തസാക്ഷിയുടെ സഹോദരനുമാണ്. 1977 ഡിസംബര്‍ 2നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജി. ഭുവനേശ്വരനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ആ സുധാകരനെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നെല്ലാം ഇറക്കി നിര്‍ത്തിയിരിക്കുകയാണ്. എങ്ങോട്ടു വേണമെങ്കിലും പോകാമെന്ന അവസ്ഥയില്‍.
വളര്‍ത്തി വിട്ടവരുടെ തലയ്ക്ക് മീതെ, നേതാക്കളായി വളരുന്നവര്‍ ഒരുപാടുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നത് വസ്തുതയാണ്. അതിന് ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. ഇവരെല്ലാം തന്നെ, സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും സി.പി.എമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള നേതാക്കളാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എം.എ ബേബിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച. ഇ.എം.എസിന് ശേഷം ഈ പദവിയില്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാവ് എന്ന പ്രത്യേകതയും ബേബിക്കുണ്ട്. വന്നവഴി മറക്കാതെ, തന്റെ രാഷ്ട്രീയത്തിലെ ഗുരുവായ കൊല്ലം പ്രാക്കുളത്തെ പഴയകാല ലോക്കല്‍ സെകട്ടറി വി.കെ വിക്രമനെയും,
പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച വി.എസിനെയും സന്ദര്‍ശിച്ച എം.എ ബേബി, സി.പി.എമ്മിലെ തന്റെ വളര്‍ച്ചക്ക് അടിത്തറപാകിയ എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ജി.സുധാകരനെ മറന്നുപോയത് ദൗര്‍ഭാഗ്യകരമാണ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്ന ജി. സുധാകരന്‍ മുന്‍കൈ എടുത്തില്ലായിരുന്നുവെങ്കില്‍, എം.എ ബേബിക്ക് ഒരിക്കലും എസ്.എഫ്.ഐയിലൂടെ ശരവേഗത്തില്‍ വളരാന്‍ കഴിയുമായിരുന്നില്ല. എസ്.എഫ്.ഐയിലെ ആ വളര്‍ച്ചയാണ്, ചെറിയ പ്രായത്തില്‍ തന്നെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയില്‍ എത്താന്‍ ബേബിക്ക് സഹായകരമായത്.
ഇതേ എസ്.എഫ്.ഐ തന്നെയാണ് പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ചെറുപ്പത്തില്‍ തന്നെ പി.ബിയില്‍ എത്തിച്ചതെന്നതും മറന്നു പോകരുത്. സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വളര്‍ത്തി കൊണ്ടുവന്നതില്‍, ഇ.എം.എസിനും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനുമുള്ള പങ്കും വളരെ വലുതാണ്. അതു പോലെ തന്നെ, എസ്.എഫ്.ഐയിലെ ബേബിയുടെ വളര്‍ച്ചക്ക് പിന്നിലെ, ജി സുധാകരന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ തന്റെ വളര്‍ച്ചയക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയൊക്കെ നേരിട്ടു കാണുന്ന ചടങ്ങില്‍ ജി. സുധാകരന്റെ പേരുണ്ടോ എന്നാണറിയേണ്ടത്.
CONTENT HIGH LIGHTS;Speech at Prakulam Junction and G Sudhakaran’s love: Sudhakaran is deliberately left out in the rush to count those who helped him become the party’s general secretary