സാക്ഷരതയിൽ മുന്നിലാണ് കൊട്ടിഘോഷിച്ച് പറയുമ്പോഴും വിവരമില്ലായ്മയിലും നമ്മൾ മുന്നിലാണെന്ന് തെളിയിക്കുകയാണ് അസ്മയുടെ മരണം…ഒരു അസ്മ മാത്രമല്ല ഇത്പോലെ ഒരുപാട് യുവതികളുണ്ടാകും അന്ധവിശ്വാസത്തിന്റെ കൂട്ട് പിടിച്ച് ദുരിതംപേറിയവർ. കുറച്ച് നാൾ മുമ്പേ ഒരു വിദ്വാൻ പ്രസവത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹം തന്റെ ഭാര്യയുടെ പ്രസവം സ്വയമെടുത്ത കഥ വളരെ അഭിമാനത്തോടെ പറയുകയാണ്. മാത്രമല്ല ഭാര്യയുടെ പ്രസവത്തെ ഉപമിച്ചത് ആനയും പൂച്ചയും പട്ടിയുമൊക്കയായാണ്. ഇവരൊന്നും ആശുപത്രിയിൽ പോകുന്നില്ലാലോ.. അപ്പോൾ പിന്നെ നമ്മുക്കും പറ്റുമെന്നാണ് പ്രഭാഷകന്റെ ന്യായം. തന്റെ ഭാര്യയും പട്ടിയും പൂച്ചയുമൊക്കെ പ്രസവിക്കുന്നത് പോലെ പെറ്റോളും എന്ന് വിശ്വസിക്കുന്ന ചിലരുള്ള ഭ്രാന്താലയമായി മാറുകയാണോ കേരളം.
സ്കാനിങ് ചെയ്താൽ കുഞ്ഞിന് ദോഷം വരും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. നമ്മുടെ കഷ്ടകാലം എന്താണെന്ന് വച്ചാൽ ഇത്തരം വിവരദോഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരു നിയമനിർമ്മാണമില്ലാത്തതാണ്. അത് ഇല്ലാത്തിടത്തോളം കാലം ഇനിയും അസ്മമാർ ഉണ്ടാകും.
അന്ധ വിശ്വാസത്തിന്റെ പേരിൽ മൂന്ന് മണിക്കൂർ മരണവേദന അനുഭിവച്ച് അസ്മ പോയി. പൊലീസ് കേസെടുത്തു. പക്ഷെ മണിക്കൂറുകളോളം ഒരിറ്റു മുലപ്പാല്‍പോലും നുണയാനാകാതെ, പരിചരണങ്ങളില്ലാതെ, ദേഹത്തെ ചോരപോലും തുടയ്ക്കാതെ ദുരിതങ്ങൾ അനുഭവിച്ച ചോരക്കുഞ്ഞിനെ കുറിച്ച് ആരെങ്കിലും ചർച്ച ചെയ്തോ…
പ്രസവം ഒരിക്കലും ഒരു പരീക്ഷണമാകരുത്. അത് രണ്ട് ജീവനുകളെ തുലാസിലാക്കും. സുഖപ്രസവമെന്നാൽ ആർക്കും എടുക്കാവുന്ന പ്രസവമെന്നല്ല. സുഖ പ്രസവത്തിലും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ചെറിയ അശ്രദ്ധപോലും പിൽകാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.ശുചിത്വം വളരെ പ്രധാനമാണ്, ശ്രദ്ധിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും അണുബാധയുണ്ടായേക്കാം. ആശുപത്രിയിലാണ് പ്രസവമെങ്കിൽ പ്രസവശേഷം കുട്ടിയ്ക്ക് ഒരു പ്രാഥമിക പരിശോധന ലഭിക്കും. ഇതിൽ പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾ കേൾവിക്കുറവ് കാഴ്ചക്കുറവ് ഇത്തരം കാര്യങ്ങളെല്ലാം മനസിലാക്കാൻ കഴിയുന്നു. എന്തെങ്കിലും പ്രശനം പരിശോധനയിൽ കണ്ടെത്തിയാൽ തന്നെ അത് നേരത്തെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.
പലപ്പോഴും വാദത്തിനായി പറയുന്നതാണ് പണ്ടത്തെ കാലത്തൊക്കെ ആശുപത്രിയിൽ പോയിട്ടാണോ എന്ന്… എന്നാൽ സത്യാവസ്ഥയെന്താണെന്ന് വെച്ചാൻ പ്രസവം ആശുപത്രിയിലായതോടെ ശിശുമരണനിരക്കും മാതൃ മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 1947-ൽ ഇന്ത്യയിൽ മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തിൽ രണ്ടായിരമായിരുന്നു. ഇന്നത് 97 ആയി കുറഞ്ഞു. അത്പോലെ തന്നെ ശിശുമരണ നിരക്കിലും കുറവുണ്ട്. 1970-ൽ ശിശുമരണനിരക്ക് ആയിരത്തിൽ 56 ആയിരുന്നത് ഇപ്പോൾ ആറുമാത്രമാണ്.
എന്നാൽ വൈദ്യശാസ്ത്രം ഇത്രയേറെ വളർന്നിട്ടും സുഖപ്രസവത്തിനായി മറിയം പൂവ് പോലുള്ളവ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം അന്ധവിശ്വാസത്തെ കച്ചവടമാക്കി മാറ്റാൻ മറ്റുചിലരും. മറിയം പൂവിന്റെ ഇതളിട്ട വെള്ളം കുടിച്ചാൽ സുഖപ്രസവമാണെന്ന് വിശ്വസിക്കുന്നർ നമുക്കിടയിലുണ്ട്.ആശുപത്രിയിൽ പോയാൽ കീറി മുറിയ്ക്കുമെന്ന് പറഞ്ഞ് വീട്ടിൽ പ്രസവം നടത്തുന്നവരുമുണ്ട. വീട്ടിലെ പ്രസവത്തിൽ കുഞ്ഞ് മരിച്ചാലും അത് പുറത്തറിയില്ല. മലപ്പുറത്ത് ഇത്തരത്തിലുള്ള വീട്ട് പ്രസവകേന്ദ്രങ്ങളുണ്ട്. ഇത്തരത്തിൽ വയറ്റാട്ടികളെ പ്രസവമേൽപ്പിക്കാൻ മറ്റു ജില്ലകളിൽ നിന്നും മലപ്പുറത്ത് എത്താറുമുണ്ട്.
ഇന്ന് വീട്ടുപ്രസവം ചർച്ചയാകുന്നത് അസ്മയിലൂടെയാണ്. എന്നാൽ ഈ വാർത്തയുടെ ചൂട് അടങ്ങുമ്പോൾ ഈ വിഷയവും കെട്ടടങ്ങരുത്. കൃത്യമായ ബോധവൽക്കരണം ജനങ്ങൾക്കിടയിൽ ആവശ്യമാണ്. അല്ലെങ്കിൽ ഇനിയും അസ്മമാർ ഉണ്ടാകും. ഒരു പക്ഷെ ഈ നേരവും ഏതോ ഒരു വീട്ടിൽ ഒരു അമ്മയുടെ നിലവിളി കേൾക്കുന്നുണ്ടാകാം…