കിഫ്ബിയെച്ചൊല്ലിയുള്ള തര്‍ക്കവും കടം പറച്ചിലും ഇപ്പോഴും തുടരുന്നതിനിടയില്‍ കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിന്റെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്വാഭാവികമായും ധനവകുപ്പിന്റെ ഈ തീരുമാനം വരുന്നതോടെ സമസ്ത മേഖലയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ സര്‍ക്കാരിന് പ്രതികൂലമാകുമെന്നതില്‍ തര്‍ക്കമില്ല. അര്‍ഹിക്കുന്ന ആള്‍ക്കാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് എങ്കില്‍, അതിനെ മലയാളികള്‍ വിമര്‍ശിക്കില്ല. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അത്രയേറെ മോശമാണെന്നും, കേന്ദ്രം വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും തുടരെ പറഞ്ഞു കൊണ്ടിരിക്കുകയും കേസ് നടത്തുകയും ചെയ്യുമ്പോള്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ശമ്പളം വര്‍ദ്ധിപ്പിക്കാനാകുന്നത്.
അതും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞു പോയതിനു ശേഷവും. കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുന്നത് ആലോചിച്ചു വേണമെന്നതാണ് വിമര്‍ശകര്‍ പറയുന്നത്. കാരണം, ഇനിയൊരു സര്‍ക്കാര്‍ വരുമ്പോള്‍, അവരും ഇതേ നിലപാട് തുടര്‍ന്നാല്‍ കേരളം, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞുപോയവരെ തീറ്രിപ്പോറ്റുന്ന സംസ്ഥാനമായി മാറും. ഒരു കാര്യം മറന്നു പോകാതിരിക്കാം. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന്. കേരളത്തിലെ ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കുടിശികയുണ്ടോ എന്ന്. കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് വേതനം ഉര്‍ത്തിയോ എന്ന്. ഇങ്ങനെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മരു വശത്ത് കിഫ്ബിയെയും കിഫ്ബി സി.ഇ.ഒയെയും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പണമൊഴുക്കുന്നത്.
കേരളത്തിന്റെ ഭാവി കിഫ്ബിയിലും, ഊരാലുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലുമാണെന്ന ഇടതുപക്ഷ പാര്‍ട്ടീ നേതാക്കളുടെ ചിന്ത കേരളത്തിലാകെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കിഫ്ബി സി.ഇഒയ്ക്ക് നിരന്തരം ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കുന്നതും. ആശ വര്‍ക്കേഴ്‌സിന്റെ തുച്ഛമായ ഓണറേറിയം വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാരാണ് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിന്റെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് പറയുമ്പോള്‍ സാധാരണക്കാരോടുള്ള ഇടതു സമീപനമാണ് മാറിപ്പോകുന്നത്. പത്ത് ശതമാനം ശമ്പള വര്‍ധനവ് ആണ് ലഭിക്കുക. നിലവില്‍ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87,750 രൂപയാണ്. ശമ്പളത്തില്‍ 19,250 രൂപയുടെ വര്‍ധനയാണ് വരുത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ശമ്പളം 4.07 ലക്ഷം ആകും.
ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018ല്‍ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയില്‍ 27,500 രൂപയും 2020ല്‍ 27,500 രൂപയും 2022ല്‍ 19,250 രൂപയും 2023ല്‍ 19,250 രൂപയും 2024ഏപ്രില്‍ മാസത്തില്‍ 19,250 രൂപയും എബ്രഹാമിന്റെ ശമ്പളത്തില്‍ വര്‍ദ്ധിപ്പിച്ചു. 2024 ഒക്ടോബര്‍ 8 ന് കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നല്‍കിയത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തില്‍ 2,66,19,704 രൂപയും ലീവ് സറണ്ടര്‍ ആയി 6,84,750 രൂപയും ഉല്‍സവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപ്പറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
കരാര്‍ ഇനത്തിലാണ് എബ്രഹാം ശമ്പളം കൈപറ്റുന്നത്. അതു കൊണ്ടുള്ള പ്രധാന ഗുണം പെന്‍ഷനും കൈ പറ്റാം. ചീഫ് സെക്രട്ടറി പെന്‍ഷനും എബ്രഹാമിന് ശമ്പളത്തോടൊപ്പം ലഭിക്കും.യ ഇങ്ങനെ മാസം ആറ് ലക്ഷത്തിനു മുകളില്‍ കൈയ്യില്‍ വാങ്ങുന്ന കിഫ്ബി സി.ഇഒയ്ക്ക് കൊമ്പുണ്ടോ എന്ന് ജനം ചോദിച്ചാല്‍ തെറ്റു പറയാനൊക്കില്ല. സി.ഇ.ഒ. ഭരിക്കുന്ന കിഫ്ബിക്കുമുണ്ട് കൊമ്പ്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരോടുള്ള സമീപനമോ. നേരെ വിപരീതം. ആനുകൂല്യങ്ങളെല്ലാം കൊടുക്കാതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് ധനവകുപ്പ് എടുത്തിരിക്കുന്നത്.
കെ.എന്‍. ബാലഗോപാല്‍ ധനകാര്യ മന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്ത, ക്ഷാമ ആശ്വാസത്തിനും കുടിശിക അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ജീവനക്കാരും പെന്‍ഷന്‍കാരും നിരന്തരം സമരവുമായി രംഗത്തിറങ്ങിയിട്ടും തുടര്‍ന്ന് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത നയമാണ് ബാലഗോപാല്‍ പിന്തുടരുന്നത്. അതേസമയം, ഐഎഎസ് ഐപിഎസ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയോടൊപ്പം കുടിശികയും അനുവദിച്ചിരുന്നു. കുടിശിക പണമായി ഇവര്‍ക്ക് നല്‍കുകയും ചെയ്തു. 2022 ജനുവരിയിലെ മൂന്ന് ശതമാനം ക്ഷാമബത്ത മെയ് മാസത്തിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇതിന്റെ 39 മാസത്തെ കുടിശികയും അനുവദിച്ചിട്ടില്ല. ബാലഗോപാല്‍ പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും കുടിശിക അനുവദിച്ചിരുന്നില്ല. 117 മാസത്തെ കുടിശികയാണ് ഇതുമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നഷ്ടപ്പെട്ടത്. ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ ഏറ്റവും ഒടുവില്‍ 2020 ജൂലൈയില്‍ പ്രഖ്യാപിച്ച നാല് ശതമാനം ക്ഷാമബത്തക്ക് മാത്രമാണ് കുടിശിക അനുവദിച്ചിരിക്കുന്നത്. ഈ കുടിശിക പി.എഫില്‍ ലയിപ്പിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ ഇത് പി.എഫില്‍ നിന്ന് പിന്‍വലിക്കാമെന്നായിരുന്നു അന്ന് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ 2020 ജനുവരിയിലെയും 2020 ജൂലൈയിലെയും പി.എഫില്‍ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക ഇപ്പോഴും ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അത് ലഭിക്കുന്ന ലക്ഷണവുമില്ല.
ആയിനത്തില്‍ എട്ട് ശതമാനം ക്ഷാമബത്ത കുടിശിക ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. നിലവില്‍ 18 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കാനുള്ളത്. ഭരണംതീരാന്‍ ഒരുവര്‍ഷം മാത്രമുള്ളപ്പോള്‍ ഇതില്‍ എത്രഗഡുക്കള്‍ കിട്ടുമെന്ന് യാതൊരു ഉറപ്പും ധനവകുപ്പില്‍ നിന്ന് ലഭിക്കുന്നുമില്ല. അതേസമയം, കേന്ദ്രത്തില്‍ 2 ശതമാനം ക്ഷാമബത്ത ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് , ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ എന്നിവരുടെ ക്ഷാമബത്ത ഈ മാസം കെ.എന്‍. ബാലഗോപാല്‍ വര്‍ദ്ധിപ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം ഇറങ്ങും. കുടിശിക പണമായി ഇവര്‍ക്ക് നല്‍കും. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക ബാലഗോപാല്‍ അനുവദിക്കാറും ഇല്ല.
അവനവന് ആവശ്യമെന്നു തോന്നുന്നവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും, മറ്റുള്ളവരെ വോട്ട് രാഷ്ട്രീയത്തില്‍ കെട്ടിയിടുകയുമാണ് ഇഠതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ആശമാരുമായുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെടുമ്പോള്‍ അവര്‍ തെരുവിലണ്. പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു വരെ അവര്‍ കത്തെഴുതിയിരിക്കുന്നു. സെക്രട്ടേറിയറ്റ് നടയില്‍ കിടക്കുന്ന അവരുടെ പ്രശ്‌നങ്ങള്‍ അറിയാനോ, തീര്‍ക്കാനോ ശ്രമിക്കാതെ, കിഫ്ബി സി.ഇഒയുടെ ശമ്പള വര്‍ദ്ധനവിനെ കുറിച്ചുള്ള ആലോചനകള്‍ നടത്തുകയാണ് ഭരണകൂടം.
CONTENT HIGH LIGHTS;What is wrong with KIIFB?: A government that does not see the aspirations of its people?, A government that has cut employee benefits?, A government that has arrears in welfare pensions; KIIFB CEO’s salary is being increased again; What justice is this? What justice?