ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ കേരള സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചതു പോലെ ബില്ലുകള്‍ തടഞ്ഞു വെയ്ക്കുകയോ നിയമസഭയില്‍ വാരിരിക്കുകയോ, നയപ്രഖ്യാപന പ്രസംഗം തിരുത്തിക്കുകയോ ചെയ്യാതെയാണ് നിലവിലുള്ള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഇടപെടല്‍. ഭരണഘടനാ സ്ഥാപനവും ജനാധിപത്യ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് അര്‍ലേക്കര്‍. ആര്‍.എസ്.എസ്സുകാരനായ അര്‍ലേക്കര്‍ ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ് ഭരണംഘടനാ സ്ഥാപനത്തിലേക്കെത്തിപ്പെട്ടത്.
കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയും ഇടതുപക്ഷ സര്‍ക്കാരിന്റെ കരുത്തും, പ്രതിപക്ഷത്തിന്റെ ക്ഷയവുമെല്ലാം അദ്ദേഹം മനപ്പാഠമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പോരാട്ടം പതിയെ തുടങ്ങി, വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തം. ഇതേ സ്ട്രാറ്റജിയാണ് സര്‍ക്കാരും തിരിച്ചു പയറ്റിയിരിക്കുന്നത്. പരസ്പര ധാരണയോടെ മുന്നോട്ടു പോകാമെന്ന നിലപാടാണെന്ന് അര്‍ലേക്കറും, പിണറായി വിജയനും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഇരുവരും ചേര്‍ന്ന് എം.പിമാരെ കണ്ടതും, കേന്ദ്ര ധനമന്ത്രിയെ കേരളത്തിന്റെ ആവശ്യത്തിനായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും ഇരുവരുടെയും പരസ്പര ധാരണയുടെ ആഴം മനസ്സിലാക്കിത്തരുന്നുണ്ട്.
എന്നാല്‍, ഉള്ളില്‍ രാഷ്ട്രീയപരമായും ഭരണഘടനാ സ്ഥാപനത്തോടുള്ള വിയോജിപ്പും സര്‍ക്കാരിനുണ്ട്. സമാന രീതിയില്‍ ഗവര്‍ണര്‍ക്ക് തിരിച്ചുമുണ്ട്. ഇത് പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട് കഴുത്തറുക്കുക എന്നതാണ് ഇരുകൂട്ടരുടെയും തന്ത്രം. സര്‍ക്കാരിന് തങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഭരണഘടനാ സ്ഥാപനം യാതൊരു വിധ തടസ്സവും സൃഷ്ടിക്കരുത് എന്നേയുള്ളൂ. എന്നാല്‍, രാജ്ഭവന്റെ അധികാര പരിധിയെന്നത്, സര്‍ക്കാരിനു കീഴിലാണെന്ന സാങ്കേതിക പ്രശ്‌നമുണ്ട്. ബില്ലുകള്‍, നിയമനിര്‍മ്മാണത്തിലെ അവസാന വാക്ക്, സര്‍വ്വകലാശാലകളിലെ ഇടപെടലുകളെല്ലാം ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തലവന്‍ എന്ന നിലയില്‍ നിര്‍വഹിക്കും.
രാഷ്ട്രീയമില്ലാത്ത ഗവര്‍ണറാണെങ്കില്‍ കണ്ണടച്ചിരുന്ന് കാണിച്ചു കൊടുക്കുന്നിടത്തെല്ലാം ഒപ്പിടും. എന്നാല്‍, രാഷ്ട്രീയം വ്യക്തമാക്കുന്ന ഗവര്‍ണര്‍മാര്‍ അത് ചെയ്യില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ആര്‍.എസ്.എസ്സുകാരനല്ല. പക്ഷെ, ബി.ജെ.പി സര്‍ക്കാരിന്റെ കീഴിലുള്ള ഗവര്‍ണറാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സര്‍ക്കാരിനെ ഏതൊക്കെ വഴികളില്‍ തടയാമോ അതൊക്കെ ചെയ്തിട്ടുമുണ്ട്. ഇതേ അവസ്ഥയാണ് തമിഴ്‌നാട്ടിലും നടക്കുന്നത്. അവിടുത്തെ ഗവര്‍ണര്‍ ആര്‍.എന്‍. രവി സ്റ്റാലിന്‍ മന്ത്രിസഭയിക്കെതിരേ നടത്തുന്ന പോരാട്ടവും കേരളത്തെ അനുസ്മരിപ്പിക്കുന്നതാണ്.
തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണ ബില്ലുകളെ തടഞ്ഞുിവെച്ച ഗവര്‍ണര്‍ നടപടിക്കെതിരേ സുപ്രീം കോടതിയാണ് പുതിയ വിധി പുറപ്പെടുവിച്ചത്. ബില്ലുകള്‍ പാസാക്കേണ്ട കടമയാണ് ഗവര്‍ണര്‍ക്കുള്ളതെന്നും, ജനാധിപത്യ വ്യവസ്ഥിതിയെ തകിടം മറിക്കരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. കോടതിയുടെ ഈ പരാമര്‍ശത്തിലാണ് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അഭിപ്രായം പറഞ്ഞുകൊണ്ിട് പോരിനുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണ് എന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞിരിക്കുന്നത്.
ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി.
ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല.”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമാണ്. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറും. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും എന്തിനാണ്.
ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അര്‍ലേക്കര്‍ പറയുന്നു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്. തമിഴ്നാട് ഗവര്‍ണര്‍ക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ അതു പരിഹരിക്കട്ടെ.
വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകള്‍ കെട്ടിക്കിടക്കുന്നു. അതിനുപിന്നില്‍ ജഡ്ജിമാര്‍ക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കില്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെ എന്നും ഗവര്‍ണര്‍ പറയുന്നു.
അതായത്, ജനാധിപത്യത്തിലൂടെ അധികാരങ്ങളെ മാറ്റി സ്ഥാപിക്കട്ടെ എന്നാണ് ഗവര്‍ണര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. നിയമനിര്‍മ്മാണം ജനങ്ങള്‍ക്കു വേണ്ടിയായിരിക്കണം. അത് കൃത്യമായി നടപ്പാക്കുകയും വേണം. നിയമങ്ങള്‍ നടപ്പായില്ലെങ്കില്‍ അത് അരാജകത്വത്തിലേക്ക് നീങ്ങും. അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരുകളുടെ ഇടപെടലുകള്‍ നല്ലതാണോ മോശമാണോ എന്നു കൂടി വിലയിരുത്തി വേണം ജനങ്ങള്‍ തീരുമാനമെടുക്കേണ്ടതെന്നും ഗവര്‍ണര്‍ സൂചന നല്‍കുന്നു. ഇതാണ് കേരളത്തിലെ ഗവര്‍ണര്‍ അര്‍ലേക്കര്‍ തുറക്കുന്ന പോരാട്ടത്തിന്റെ വഴി. ഇടതു സര്‍ക്കാരുമായി നേരിട്ട് യുദ്ധപ്രഖ്യാപനത്തിനൊന്നും അദ്ദേഹം നില്‍ക്കില്ല എന്നുറപ്പാണ്.
എന്നാല്‍, വ്യക്തമായ കാഴ്ചപ്പാടുള്ള ഗവര്‍ണറാണ് അര്‍ലേക്കര്‍. അദ്ദേഹത്തിന്റെ പോരാട്ട വഴികളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയം കടന്നു വരുമെന്നുറപ്പുമാണ്. പക്ഷെ, അത് ഒരിക്കലും തുറന്ന പോരിലേക്ക് വഴിവെയ്ക്കാതെ നോക്കാനുള്ള ജാഗ്രത ഗവര്‍ണര്‍ കാണിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സര്‍ക്കാരിന്റെ നയത്തിനെതിരേ നിലപാടെടുക്കേണ്ട അവസരങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും അദ്ദേഹം മുന്നില്‍ നില്‍ക്കുമെന്നു തന്നെയാണ് ബി.ജെ.പി നേതാക്കള്‍ വിശ്വസിക്കുന്നതും.
CONTENT HIGH LIGHTS;Governor starts the fight: He made remarks against the Supreme Court verdict and signaled an attack; Is this a firm move to put the Pinarayi government on the defensive as the assembly elections are held?