ഭരണഘടനാ സ്ഥാപനം, ജനാധിപത്യ അധികാരം. ഇതില്‍ ഏതാണ് കൂടുതല്‍ പവര്‍ഉള്ളതെന്ന തര്‍ക്കം മൂത്തു വരികയാണ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോയ ഗവര്‍ണറുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചതോടെയാണ് കേരളത്തിലും രാജ്ഭവന്‍-സെക്രട്ടേറിയറ്റ് അധികാരത്തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി ഗവര്‍ണര്‍മാരുടെ അധികാരം എവിടെ വരെയാണ് എന്നത് വ്യക്തമാക്കിയിരിക്കുകയാണ്.
കേരള സര്‍ക്കാരുമായി ഇടഞ്ഞ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നും, ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിധിയാണെന്നും അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച 10 ബില്ലുകളും നിയമമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് അറിയിച്ച് എം.എ. ബേബി രംഗത്തു വന്നിരിക്കുന്നത്.
എം.എ ബേബിയുടെ വാക്കുകള്‍
- ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സുപ്രീം കോടതിയുടെ ചുമതലകളില്‍ ഒന്ന് ഭരണഘടനയെ വ്യാഖ്യാനിക്കലാണ്. ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ അവകശമുള്ള ഒരു അധികാര സ്ഥാപനമാണ് സുപ്രീംകോടതി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു നിരക്കുന്നതല്ലാത്ത നിയമമുണ്ടായാല്‍ അത്, ചൂണ്ടിക്കാണിച്ച് ആ നിയമങ്ങള്‍ അസാധുവാണെന്ന് പറയാനുള്ള അധികാരം സുപ്രീം കോടതിക്കാണുള്ളത്. ഇത് നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. സമൂഹം പൊതുവില്‍ അംഗീകരിച്ച ഒരു വിധിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സഭ പാസാക്കുന്ന നിയമത്തെ അനന്തമായി വെച്ചു താമസിപ്പിക്കുകയാണ്. ഗവര്‍ണര്‍മാര്‍ ചെയ്യേണ്ടത്, നിയമത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ചിട്ട് തിരിച്ചയയ്ക്കണം.ഗവര്‍ണര്‍ തുറന്നു പറയണം സമൂഹത്തോട്. സഭ പാസാക്കിയിരിക്കുന്ന നിയമം അംഗീകരിക്കാന്‍ പറ്റുന്നതല്ല, അതുകൊണ്ടാണ് തിരിച്ചയ്ക്കുന്നത് എന്ന്. ഗവര്‍ണര്‍മാരെല്ലാം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുമ്പോള്‍ നിയമിക്കാന്‍ കഴിയുന്ന ആളുകളാണ്. ഒരു പ്യൂണിനെ പിരിച്ചു വിടുന്നതിനുള്ള നടപടിക്രമം പോലും ഒരു ഗവര്‍ണറെ പിരിച്ചു വിടാനാവശ്യമില്ല. രണ്ടു പേര്‍ തീരുമാനിച്ചാല്‍ മതി. രണ്ടിലൊരാള്‍ തീരുമാനിച്ചാല്‍ മതി. ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ. ഇതാണ് ഈ ഗവര്‍ണര്‍മാരുടെ അധികാരം. അതെല്ലാം തുറന്നു പറയിക്കാന്‍ ഗവര്‍ണര്‍മാര്‍ സാഹചര്യം ഉണ്ടാക്കരുത്. പക്ഷെ, രാഷ്ട്രപതി അങ്ങനെയല്ല.പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും കൂടെ തിരഞ്ഞെടുക്കുന്ന ആളാണ് രാഷ്ട്രപതി. രാഷ്ട്രപതി എപ്പോഴെങ്കിലും പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ വെച്ചടു താമസിപ്പിച്ചിട്ടുണ്ടോ. ചരിത്രത്തില്‍ ആകെയൊരു പോസ്റ്റ് ഓഫീസ് ബില്ലു മാത്രമാണെന്നാണ് ഓര്‍മ്മ. അതും പാര്‍ലമെന്റ് തിരച്ചയയ്ക്കണം. പാര്‍ലമെന്റ് അത് വീണ്ടും നിയമമാക്കാന്‍ രാഷ്ട്രപതിക്കയച്ചാല്‍ അത് ഒപ്പിടണം. ഒരു ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്കില്ലാത്ത അധികാരം എങ്ങനെയാണ് ഗവര്‍ണര്‍മാര്‍ കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ധൈര്യം വെച്ചിട്ടാണ് എന്നും ബേബി പറയുന്നു.”
തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നതിനു പിന്നാലെ കേരള ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകോടതിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരിച്ചടിച്ചു.
ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല.”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമാണ്. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറും.
ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും എന്തിനാണെന്നുമാണ് അര്‍ലേക്കര്‍ ചോദിച്ചത്. ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അര്‍ലേക്കര്‍ ചേദിക്കുന്നു.
ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്. തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവര്‍ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകള്‍ കെട്ടിക്കിടക്കുന്നു. അതിനുപിന്നില്‍ ജഡ്ജിമാര്‍ക്കും ചില കാരണങ്ങളുണ്ടാകും.
അങ്ങനെയെങ്കില്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഇതാണ് ബില്ലുകള്‍ ഒപ്പിടാതിരുന്നതിന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ അഭിപ്രായം. എന്നാല്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഈ വിഷയത്തിലെ നിലപാട് കൃത്യമാണ്. ഗവര്‍ണര്‍ പദവി തീരുമാനിക്കപ്പെടുന്നതാണ്. അത് രാഷ്ട്രീയ പദവി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍, രാഷ്ട്രപതി എന്നത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പദവിയാണ്.
ആ പദവിയിലിരിക്കുന്ന ഒരാളു പോലും പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തില്‍ ഒപ്പിടാതിരിക്കുന്നില്ല. അപ്പോള്‍, വെറും രാഷ്ട്രീയ തീരുമാനത്തില്‍ പദവി ലഭിക്കുന്ന ഗവര്‍ണര്‍മാര്‍ എന്തു കൊണ്ട് ജനാധിപത്യ സഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടുന്നില്ല.
CONTENT HIGH LIGHTS;Is it easier to dismiss a governor than a peon?: If one of the two decides, they can be dismissed; M.A. Baby mocks governors, saying they should not create a situation where they can openly say all that