ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നൊരു ചൊല്ലുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സംഭവിച്ചിരിക്കുന്നത് ഇതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കരനാണെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമാണ് താരമായിരിക്കുന്നത്. അന്ന് സ്വര്‍ണ്ണക്കടത്തും, ഇന്ന് അനമധികൃത സ്വത്ത് സമ്പാദനവും. മകളുടെ പേരിലുള്ള എക്‌സാലോജിക് നോക്കു കൂലി വിവാദം തലയ്ക്കു മുകളില്‍ വാളായി തൂങ്ങിക്കടക്കുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും യുവ ഐ.എ.എസ് ഓഫീസര്‍ എം. പ്രശാന്തും തമ്മിലുള്ള ഫേസ്ബുക്ക് പോരാട്ടം.
മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ലൈംഗികാപവാദം. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ ആര്‍.എസ്.എസ്. ബന്ധവും അനധികൃത സ്വത്ത് സമ്പാദനവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളും പേറിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര. പാര്‍ട്ടിയില്‍ ശക്കമായ പിടിയുള്ളതിനാല്‍ പാര്‍ട്ടീ ഘടകങ്ങളില്‍ ഒന്നില്‍നിന്നു പോലും എതിര്‍സ്വരം വരുന്നില്ല എന്നത് തത്ക്കാലത്തേക്കു മാത്രം ശാന്തി നല്‍കുന്നുണ്ട്. പക്ഷെ, അത് എല്ലാക്കാലവും കിട്ടണമെന്നില്ല എന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നുണ്ട്. ജനറള്‍ സെക്രട്ടറി പദത്തിലെത്തിയ എം.എ ബേബിയുടെ നിലപാട്, പ്രകാശ് കാരാട്ടിനെപ്പോലെ യോജിച്ചു നില്‍ക്കുന്നതാകാന്‍ വഴിയില്ലെന്നു തന്നെ കൂട്ടിയേ മതിയാകൂ.
എന്നാല്‍, അത് പെട്ടെന്ന് പ്രയോഗിക്കില്ലെന്നു മാത്രം. കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെങ്കിലും, എല്ലാ പ്രശ്‌നങ്ങളുടെയും മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിക്കുന്നതും. അടുത്ത കാലത്തൊന്നും കേരളത്തിലെ സിവില്‍ സര്‍വ്വീസില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. കേഡര്‍മാര്‍ തമ്മിലുള്ള മൂപ്പളിമ തര്‍ക്കത്തില്‍ സംസ്ഥാന ഭരണംതന്നെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് പറയാതെ വയ്യ. ഇതിനിടയിലാണ് കെ.എം എബ്രഹാമിനെതിരേയുള്ള സി.ബി.ഐ അന്വേഷണം.
ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ത്തന്നെ കിഫ്ബി സി.ഇ.ഒയുമാണ് ഏബ്രഹാം. ഇദ്ദേഹത്തിന് ആറ് ലക്ഷത്തില്‍ അധികമാണ് മാസവരുമാനം. അതും സര്‍ക്കാരില്‍ നിന്നും. പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശമ്പളം, കിഫ്ബി സി.ഇ.ഒയുടെ ശമ്പളം എന്നിങ്ങനെയാണ് വരുമാനം. കൂടാതെ, ഓരോ ആറുമാസത്തിലും കിഫ്ബി സി.ഇ.ഒയുടെ ശമ്പളത്തില്‍ വര്‍ദ്ധനവും ഉണ്ട്. കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് കെ.എം എബ്രഹാമിന് ലഭിക്കുന്നത്. ഇവയെല്ലാം തരപ്പെടുത്തിയത്, അദ്ദേഹം ചീഫ്‌സെക്രട്ടറി ആയിരിക്കുമ്പോഴാണെന്നാണ് കോടതിയില്‍ പരാതി വന്നത്.
പൊതു പ്രവര്‍ത്തകനും, അഭയ കേസ് കുത്തിപ്പൊക്കിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് പരാതി നല്‍കിയതും. വിധി സമ്പാദിച്ചതും. ഇതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വീണ്ടും അഴിമതിയുടെ പിടിയിലേക്ക് എത്തപ്പെട്ടു. ഇനി അറിയേണ്ടത്, കെ.എം. എബ്രഹാമിനെ എന്തു ചെയ്യും എന്നതാണ്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി അദ്ദേഹത്തെ മാറ്റി നിര്‍ത്തുമോ എന്നാണ് അറിയേണ്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി എം. ശിവശങ്കറിനെ സഹായിച്ചത്, മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യേക അഭിമുഖം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനാണ്. എന്നാല്‍, അതൊന്നും ഫലം കണ്ടില്ല. മുഖ്യമന്ത്രിക്ക് ഇതില്‍ ഒരു പങ്കുമില്ല എന്ന് വരുത്തി തീര്‍ക്കാനല്ലാതെ, ശിവശങ്കരന് കേസില്‍ നിന്നും രക്ഷപ്പെടാനായില്ല.
ഒടുവില്‍ സ്വപ്‌ന സുരേഷുമായി ഫ്‌ളാറ്റില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതു വരെ പുറത്തേക്കു വന്നു. അതും സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലായിരുന്നു. ഈ വിഷയത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഒരു മുറി കത്തിയതും ദുരൂഹത പടര്‍ത്തി. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ തീ പടര്‍ന്നതെന്നു പോലും പിന്നീട് ആരും തിരക്കിയുമില്ല. എന്‍.ഐ.എയും കസ്റ്റംസും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും എന്നു കണ്ടപ്പോഴായിരുന്നു തീ കത്തിപ്പടര്‍ന്നത്. സ്വര്‍ണ്ണക്കടത്തു വിിഷയത്തില്‍ നിയമസഭയിലും പുറത്തുമൊക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയും നിരന്തരം വാതോരാതെ പ്രസംഗിച്ചും ന്യായീകരിച്ചുമൊക്കെയാണ് പിടിച്ചു നിന്നത്. ഇപ്പോഴിതാ കെ.എം എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിലെ സി.ബി.ഐ അന്വേഷണം. താന്‍ സ്വയം രാജിവെക്കില്ലെന്നും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും ഏബ്രഹാം പറഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ എന്തു തീരുമാനം എടുക്കാനാകുമെന്നതാണ് അറിയേണ്ടത്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ, അതും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥനെ എങ്ങനെ സംരക്ഷിക്കാനാണ്. എബ്രഹാമിന് ശമ്പളവും പെന്‍ഷും, ശമ്പള വര്‍ദ്ധനവുമെല്ലാം നല്‍കാന്‍ ഫയലുകളില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. അങ്ങനെയും ഒരു സാങ്കേതിക പ്രശ്‌നമുണ്ട്. അതേസമയം സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് വിശദീകരിച്ച മുന്‍ ചീഫ് സെക്രട്ടറി കെ. എം എബ്രഹാം നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. എന്നാല്‍, പദവികള്‍ രാജിവയ്ക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പീല്‍ സാധ്യത പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.
സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കെ എം എബ്രഹാം പറഞ്ഞിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടില്ല. തനിക്കെതിരെയുള്ള നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നും കെ.എം. എബ്രഹാം ആരോപിച്ചിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലും മുന്‍ ഡി.ജി.പി ജേക്കബ് തോമസും ഗൂഢാലോചനക്ക് പിന്നിലെന്നും ആരോപിക്കുന്നുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്നും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ദുരുപയോഗിച്ചതിന് നടപടി എടുത്തിരുന്നുവെന്നും കെ.എം. എബ്രഹാം വ്യക്തമാക്കുന്നു. പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് കെ.ബാബു സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിര്‍ദ്ദേശം. ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം സി.ബി.ഐക്ക് വിജിലന്‍സ് കൈമാറണമെന്നും ഉത്തരവിലുണ്ട്. എബ്രഹാമിനെതിരെ താന്‍ കേസ് കൊടുത്ത ശേഷമാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗിച്ചതിന് നടപടി എടുത്തതെന്നും ജോമോന്‍ പറയുന്നു. കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നും കെ എം എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ മുന്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധാ റിപ്പോര്‍ട്ട് അതേപടി വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി അറിയിച്ചു. ഈ വിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലാകും എബ്രഹാം അപ്പില്‍ നല്‍കുക. നിലവിലെ വിധിക്ക് സ്റ്റേ നേടുകയാണ് പ്രാഥമിക ലക്ഷ്യം. സ്റ്റേ കിട്ടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി സിംഗിള്‍ ഉത്തരവിലെ പരാമര്‍ശം മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പോലും തടസ്സമായി മാറും. ഇത് മനസ്സിലാക്കിയാണ് ജയില്‍ വാസമൊഴിവാക്കാന്‍ അപ്പില്‍ സാധ്യത തേടുന്നത്.
2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗില്‍ 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. ആയ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷ് ഒളിവില്‍പോയി. സംഭവം പുറത്ത് വന്നതിനെത്തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ ഇതിന്റെ പേരില്‍ ആരോപണ വിധേയനായ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി. പകരം മിര്‍മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും മുഹമ്മദ് വൈ സഫിറുള്ളയെ ഐ.ടി സെക്രട്ടറിയായും നിയമിച്ചു.
സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാള്‍ ശ്രമം നടത്തിയത്. സ്വര്‍ണക്കടത്ത് വിവാദം ശക്തമായതോടെ യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, ബി.ജെ.പി. മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്ത് സമര പരിപാടികള്‍ നടത്തുകയും ചെയ്തു.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സ്വര്‍ണക്കടത്ത് വിവാദം കേരളത്തില്‍ ഇന്നും കത്തി നില്‍ക്കുന്ന ഒരു രാഷ്ട്രീയ വിഷയമാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴി നടന്ന നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പ്രതിയായതോടെയാണ് ആരോപണശരം ആദ്യം മുഖ്യമന്ത്രിയിലേക്ക് തിരിയുന്നത്. അധികം വൈകാതെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, സ്വര്‍ണ്ണം-ഡോളര്‍ കടത്തു കേസുകളിലുള്ള പിണറായി വിജയന്റെ ഇടപെടലുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചു. കമല വിജയന്റെയും മകള്‍ വീണാ വിജയന്റെയും പേരുകളില്‍ സ്വപ്ന ഉന്നയിച്ച ആക്ഷേപങ്ങളാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് സ്വപ്ന ആരോപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
സ്വപ്ന സുരേഷ് ഉന്നയിക്കുന്നത് വെറും ആരോപണങ്ങള്‍ മാത്രമല്ലെന്നും അതില്‍ കാതലായ പ്രശ്നങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും വ്യക്തമാകുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് വിവാദം ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി നില്‍ക്കാനുള്ള കാരണം, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വര്‍ണക്കടത്ത് വിഷയം ഉയര്‍ത്തി കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍, പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ഏശിയില്ലെന്ന് മാത്രമല്ല, മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. സ്വപ്നയും കൂട്ടാളികളും ജയിലിലായതോടെ വിഷയം കെട്ടടങ്ങി. കളങ്കിതനായ എം. ശിവശങ്കര്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തിരുന്നു.
CONTENT HIGH LIGHTS;”Misguided” civil service: The Chief Minister and his office are in a whirlwind of controversy; After M. Sivasankaran, K.M. Abraham is also on the path to imprisonment; Are all the coming troubles being prepared behind the scenes?