തിരിച്ചടിയുടെ രാഷ്ട്രീയത്തില്‍ തുടങ്ങി അധിനിവേശത്തിന്റെ രൂപമെടുത്ത ഹമാസ്-ഇസ്രയേല്‍ യുദ്ധം, അതിന്റെ ഭീകരാവസ്ഥയിലേക്ക് കടക്കുമ്പോള്‍ ഗസയില്‍ പട്ടിണിയും പരിവട്ടവും ബാക്കിയാവുകയാണ്. അരലക്ഷം ഗസാ നിവാസികളെ ബോംബിട്ടും, വെടിവെച്ചും, മിസൈലാക്രമണത്തിലും കൊലചെയ്തഇസ്രയേല്‍ സൈന്യം ചോരയില്‍ കൈമുക്കി ആഹ്ലാദിക്കുന്നു. യുദ്ധം അഞ്ഞൂറ് ദിവസങ്ങളും താണ്ടി പോകുമ്പോള്‍ കുരുതിക്കായി ഇനിയും കുഞ്ഞുങ്ങള്‍ ഗസയുടെ പൊടി നിറഞ്ഞ ഇടങ്ങളിലുണ്ട്. നല്ല വായുപോലും നിഷേധിക്കപ്പെട്ട മനുഷ്യരുടെ കോലങ്ങള്‍ മാത്രമാണ് ഗസയില്‍ അവശേഷിക്കുന്നത്. ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഇസ്രയേല്‍ ശിക്ഷിച്ചത് ഗസയിലെ സാധാരണക്കാരായ മനുഷ്യരെയാണ്.
അവരുടെ കുടുംബങ്ങളെയും കുട്ടികളെയും നിിഷ്‌ക്കരുണം കൊലചെയ്തു. 300 താഴെ ബന്ദികള്‍ക്കു പകരം ഗസയെ ചലിപ്പിച്ചിരുന്ന ജനതയെ ആകെ കത്തിച്ചു കളഞ്ഞാണ് ഇസ്രയേല്‍ പകരം വീട്ടിക്കൊണ്ടിരിക്കുന്നത്. അതിനു വേണ്ടിയാണ് ഗാസയിലെ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീട്ടുന്നതും. അഞ്ഞൂറ് ദിവസത്തിലധികമായി ഗാസയില്‍ നടക്കുന്ന കൂട്ട കുരുതിയില്‍ ഇതിനകം മരണസംഖ്യ 51,000 കടന്നു കഴിഞ്ഞു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് ഗാസ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗാസയില്‍ തടവിലാക്കപ്പെട്ട ബാക്കിയുള്ള ബന്ദികളില്‍ പകുതി പേരെയും വിട്ടയച്ചാല്‍ 45 ദിവസത്തെ വെടിനിര്‍ത്തലിനെക്കുറിച്ച് ആലോചിക്കാം എന്നാണ് ഇസ്രയേലിന്റെ നിലപാട്.
കരാറിന്റെ ആദ്യ ആഴ്ചയില്‍ പകുതി ബന്ദികളെ മോചിപ്പിക്കുക, കുറഞ്ഞത് 45 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടുക, സഹായം നല്‍കുക എന്നിവ ഉള്‍പ്പെടുന്ന ഇസ്രയേലി നിര്‍ദ്ദേശം ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ പാസാക്കിയതായാണ്, ഉദ്യോഗസ്ഥന്‍ അറിയിക്കുന്നത്. എന്നാല്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഇസ്രയേലിന്റെ ആവശ്യങ്ങളില്‍ പ്രധാനം, പലസ്തീന്‍ പോരാളികള്‍ നിരായുധരാകണമെന്നതാണ്. യുദ്ധത്തിന് സ്ഥിരമായ ഒരു അന്ത്യം കുറിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി ഹമാസിനെയും ഗാസ മുനമ്പിലെ എല്ലാ പലസ്തീന്‍ സായുധ വിഭാഗങ്ങളെയും നിരായുധീകരിക്കുക എന്ന ആവശ്യമാണ് ഇസ്രയേലിനുള്ളത്. എന്നാല്‍ ഹമാസിന്റെയും പ്രതിരോധ വിഭാഗങ്ങളുടെയും നിരായുധീകരണമെന്ന ഇസ്രയേല്‍ ആവശ്യം ഒരു ചുവന്ന വരയാണെന്നും അത് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും നിര്‍ദേശത്തോട് ഹമാസ് വ്യക്തമാക്കി കഴിഞ്ഞു.
അതേ സമയം, മധ്യസ്ഥരില്‍ നിന്ന് ലഭിച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം അതിനോട് പ്രതികരിക്കുമെന്നും ഹമാസ് പ്രതിരോധ പ്രസ്ഥാനം പറയുന്നു. വരാന്‍ പോകുന്ന ഏതൊരു കരാറിലും സ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പെടണമെന്ന് പ്രസ്ഥാനം ആവര്‍ത്തിച്ചു. യഥാര്‍ത്ഥ തടവുകാരെ കൈമാറുന്ന കരാറും പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണവും ആണ് ഹമാസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്ന എല്ലാ ഓഫറുകള്‍ക്കും ഹമാസ് സന്നദ്ധരാണ് എന്ന് ഹമാസ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ സാമി അബു സുഹ്രി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ അട്ടിമറിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങളെയും സാമി അബു സുഹ്രി കുറ്റപ്പെടുത്തി.
ഏതൊരു കരാറിനെയും അട്ടിമറിക്കാന്‍ നെതന്യാഹു അസാധ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ അബു സുഹ്രി, പ്രതിരോധ പോരാളികളെ നിരായുധരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടം ഒരു ചുവന്ന രേഖ കടന്നിരിക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കി. പ്രതിരോധത്തിന്റെ ആയുധങ്ങള്‍ ഒരു ചുവന്ന വരയാണെന്നും അത് ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതാണെന്നും ഊന്നിപ്പറഞ്ഞ അദ്ദേഹം, നെതന്യാഹു സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്നും ഗാസയിലെ ജനങ്ങളെ കൊല്ലുന്നതില്‍ ഇസ്രയേലിന് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പങ്കാളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ഗാസയിലെ മാനുഷിക പ്രതിസന്ധി നിയന്ത്രണാതീതമായി നീങ്ങുകയാണെന്നും ആഴ്ചകളായി ഒരു സഹായവും പ്രദേശത്തേക്ക് എത്തുന്നില്ലെന്നും സ്ഥിതിഗതികള്‍ അതിവേഗം വഷളാകുകയാണെന്നും ഐക്യരാഷ്ട്രസഭ നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രയേല്‍ മാനുഷിക സഹായം തടഞ്ഞതോടെ, ലക്ഷക്കണക്കിന് ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏകോപന കാര്യാലയം (OCHA) ഗുരുതരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് സഹായങ്ങള്‍ പ്രവേശിക്കുന്നതിന് ഇസ്രയേല്‍ ഭരണകൂടം പൂര്‍ണ്ണമായ വിലക്ക് തുടരുകയാണ്. യുഎന്‍ മാനുഷിക കാര്യാലയത്തിന്റെ കണക്കനുസരിച്ച്, ഒന്നര മാസമായി ഗാസയില്‍ ഒരു സാധനങ്ങളും എത്തിയിട്ടില്ല. ഇസ്രയേലി ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള 18 മാസത്തിനിടയിലെ ഏറ്റവും മോശമായ സാഹചര്യമാണ് പ്രദേശത്തുള്ളതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ജനങ്ങള്‍ മെഡിക്കല്‍ സപ്ലൈസ്, ഇന്ധനം, വെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നും മാനുഷിക ഏകോപന കാര്യാലയം കൂട്ടിച്ചേര്‍ത്തു.
ഗാസയുടെ ക്രോസിംഗുകള്‍ ഇസ്രയേല്‍ അടച്ചതിനാല്‍, നല്‍കി വരുന്ന അവശ്യ സാധനങ്ങള്‍ പോലും വെട്ടികുറയ്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഹമാസുമായുള്ള രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ തകര്‍ന്നതിനുശേഷം മാര്‍ച്ച് 18 ന് ഇസ്രയേല്‍ ഗാസയ്ക്കെതിരായ വംശഹത്യ യുദ്ധം പുനരാരംഭിച്ചു. അതിനുശേഷം, ഭരണകൂടം ലക്ഷക്കണക്കിന് പലസ്തീനികളെ നാടുകടത്തുകയും മാര്‍ച്ച് 2 മുതല്‍ സഹായ വിതരണത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രയേല്‍ സൈന്യം അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് നടത്തുന്നത്. അവരുടെ ഏറ്റവും പുതിയ ആക്രമണത്തില്‍ കുറഞ്ഞത് ഒരു പലസ്തീന്‍ യുവാവെങ്കിലും കൊല്ലപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. റാമല്ലയുടെ വടക്കുള്ള ജലസോണ്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റതിനെ തുടര്‍ന്ന് മാലിക് അലി അല്‍-ഹത്താബ് എന്ന 19 കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആക്രമണത്തില്‍ മറ്റ് രണ്ട് യുവ പലസ്തീന്‍കാര്‍ക്കും പരിക്കേറ്റു. തുല്‍കാറം അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള പ്രദേശങ്ങളിലും ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തി, പലസ്തീന്‍ പ്രതിരോധ പോരാളികളുമായി ഏറ്റുമുട്ടി. അതേസമയം, സൈന്യത്തിന്റെ പിന്തുണയോടെ ഇസ്രയേലി കുടിയേറ്റക്കാര്‍ ജെറിക്കോ എന്നറിയപ്പെടുന്ന അരിഹ, വടക്കന്‍ ജോര്‍ദാന്‍ താഴ്വര, ഐന്‍ അല്‍-ഔജ, ഒരു ബെഡൂയിന്‍ ഗ്രാമം എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ പലസ്തീന്‍ സിവിലിയന്മാരെ ആക്രമിച്ചു. ആക്രമണത്തിനിടെ അവര്‍ പലസ്തീന്‍ വീടുകളും വാഹനങ്ങളും നശിപ്പിച്ചു. 2023 ല്‍ ഗാസ വംശഹത്യ ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിലുടനീളം ഇസ്രയേലി സൈനികരുടെയും കുടിയേറ്റക്കാരുടെയും അക്രമാസക്തമായ റെയ്ഡുകള്‍ ഗണ്യമായി വര്‍ധിക്കുകയാണ്. അതേസമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുയാണ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും.
വെടിനിര്‍ത്തലിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് എടുത്തു പറഞ്ഞ ഇരു നേതാക്കളും പലസ്തീന്‍ ജനതയെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കുന്ന നീക്കങ്ങളെ വിമര്‍ശിച്ചതായും പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കാനും പോരാട്ടം നിര്‍ത്താനും ”ഫ്രാന്‍സ് പൂര്‍ണ്ണമായും സജ്ജമാണെന്ന്” മാക്രോണ്‍ X-ല്‍ പ്രസ്താവിച്ചു. ഹമാസില്ലാത്ത യുദ്ധാനന്തര ഗാസയെ ഭരിക്കാന്‍ പലസ്തീന്‍ അതോറിറ്റിയെ അനുവദിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി പലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കാരത്തെ കുറിച്ചും മാക്രോണ്‍ വാദിച്ചു. തടവുകാരുടെ കൈമാറ്റത്തിന് പകരമായി എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാണെന്നും ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കണമെന്നും മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ താഹിര്‍ അല്‍-നുനു വ്യക്തമാക്കി. തടവുകാരുടെ എണ്ണമല്ല പ്രശ്‌നം, മറിച്ച് അധിനിവേശം അതിന്റെ പ്രതിബദ്ധതകള്‍ ലംഘിക്കുകയും
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് തടയുകയും യുദ്ധം തുടരുകയും ചെയ്യുന്നു എന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത് എന്നും നുനു പറഞ്ഞു. ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കവെ, ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രയേല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്ന അമേരിക്കയുടെ ഉറപ്പിന് പകരമായി, പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശപ്രകാരം, ഹമാസ് 10 ജീവനുള്ള ബന്ദികളെ വിട്ടയക്കുമെന്ന് ഇസ്രയേലി വാര്‍ത്താ വെബ്സൈറ്റ് യെനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിവരിച്ചതുപോലെ, കരാര്‍ പ്രകാരം രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ നടത്തണമെന്ന് ഹമാസ് നിര്‍ബന്ധിച്ചപ്പോള്‍, ആദ്യ ഘട്ടം നീട്ടാന്‍ ഇസ്രയേല്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്രാന്‍സിന് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കഴിയുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചത് ഇസ്രയേലില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫ്രാന്‍സിന്റെ അംഗീകാരം മറ്റ് രാജ്യങ്ങളെയും ഇത് പിന്തുടരാന്‍ പ്രേരിപ്പിക്കുമെന്നും ഇസ്രയേലിനെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ അങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അംഗീകാര നീക്കങ്ങള്‍ അകാലമാണെന്ന് ആണ് ഇസ്രയേല്‍ തറപ്പിച്ചുപറയുന്നത്. ഗാസയുടെ നാശം മാത്രമാണ് തങ്ങളുടെ ഏക അഭിലാഷം എന്നാണ് മക്രോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേല്‍ നേതാവ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്.
2025 ജനുവരിയില്‍, ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍, നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുരോഗതിക്കായി മാര്‍ച്ച് ആദ്യം മുതല്‍ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. കഴിഞ്ഞ മാസം ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിനു ശേഷം നിരവധി സിവിലിയന്മാര്‍ ഉള്‍പ്പെടെ 1,500-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു. ഏറ്റവും പുതിയ ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ വീടുകള്‍ വിട്ട് പോകാന്‍ പ്രേരിപ്പിച്ചു. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തു, പ്രദേശത്തേക്കുള്ള സാധനങ്ങളുടെ പ്രവേശനം പൂര്‍ണ്ണമായും തടഞ്ഞു. ഹമാസ് ഇപ്പോഴും 59 ഇസ്രായേലി ബന്ദികളാക്കി വച്ചിട്ടുണ്ട്. ഏകദേശം 24 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ കണക്കാക്കുന്നു.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് ഇസ്രായേലി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
CONTENT HIGH LIGHTS;Israel has killed half a million people: Hunger and displacement remain in Gaza; Prayers are in vain after 500 days of war; More children to be sacrificed?