Explainers

ദിവ്യ എസ്. അയ്യര്‍ ആര്‍ക്കു ചേരുന്ന മരുമകള്‍ ?: കാര്‍ത്തികേയനോ പിണറായി വിജയനോ ?; ചോറ് ഇങ്ങും കൂറ് അങ്ങും കാണിക്കുന്ന നിലപാടിനെ ക്രൂശിച്ച് കോണ്‍ഗ്രസ് സൈബറിടങ്ങള്‍; എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്നും ശാസന

പത്തനം തിട്ട കളക്ടര്‍ ആയിരിക്കേയാണ് ദിവ്യ എസ്. അയ്യര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡിയായി ചുമതലയേല്‍ക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടാം വട്ടവും കേരളം ഭരിക്കുമ്പോഴാണ് യു.ഡി.എഫ് എം.എല്‍.എയുടെ ഭാര്യയെ ലോകശ്രദ്ധ കിട്ടുന്ന സ്ഥാപനത്തിന്റെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയതെന്ന് ആശ്ചര്യത്തോടെയാണ് ജനം കണ്ടത്. സാധാരണ സര്‍ക്കാര്‍ ഓഫീസുകളില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ യൂണിയനുകളുടെ ഭരണമാണ് നടക്കുന്നത്. എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ജോലിഭാരം കൂടുതലുള്ള സീറ്റുകള്‍ നല്‍കിയും, അപ്രധാനമായ സീറ്റുകളില്‍ ചവിട്ടിയിട്ടുമൊക്കെ ദ്രോഹിക്കലാണ് പതിവ് രീതികള്‍. അതിപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ദിവ്യ എസ്. അയ്യര്‍ക്കു മാത്രം ഇടതുപക്ഷ സര്‍ക്കാരിന്റെ തലോടല്‍ ലഭിക്കുന്നുണ്ട്.

ഇത് കോണ്‍ഗ്രസ്സുകാരും സമ്മതിക്കുന്ന കാര്യമാണ്. ഇല്ലെങ്കില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മുഖമായി ദിവ്യ എസ്. അയ്യര്‍ വരില്ലെന്നുറപ്പാണ്. കാരണം, വിഴിഞ്ഞം പോര്‍ട്ടിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. ഭര്‍ത്താവിന്റെ രാഷ്ട്രീയവും നിലപാടും കൃത്യമായറിയുന്ന സര്‍ക്കാര്‍ ദിവ്യ എസ്. അയ്യരെ കാണുന്നത്, ഐ.എ.എസ് ഓഫീസര്‍ എന്നു മാത്രമായാണെന്ന് സാങ്കേതികമായി പറഞ്ഞു വെയ്ക്കാം. പക്ഷെ, അതിനേക്കാള്‍ അപ്പുറത്ത് ദിവ്യ എസ്. അയ്യരും പിണറായി വിജയന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടോ എന്നു സംശയിച്ചു പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കടന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് സൈബറിടങ്ങള്‍ വ്യക്തമാക്കുന്നത്.

അതു കൊണ്ടുതന്നെ ദിവ്യ എസ്. അയ്യരെ ഒരു ഐ.എ.എസ് ഓഫീസര്‍ എന്നാണോ, അതോ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥിന്റെ ഭാര്യ എന്നാണോ, അതോ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ മരുമകള്‍ എന്നാണോ അംഭിസംബോധന ചെയ്യേണ്ടതെന്ന വലിയൊരു പ്രശ്‌നത്തിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്. ഇതിനാണ് ഇനി ജി. കാര്‍ത്തികേയന്റെ കുടുംബം ഉത്തരം പറയേണ്ടത്. പാളയത്തില്‍പ്പട കൂട്ടുന്നവരുടെ സംഘം എന്ന അപഖ്യാതി നിറഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിന് വീണ്ടുമൊരു തലവേദനയായി ദിവ്യ എസ്. അയ്യര്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിലയിരുത്തല്‍.

ഭര്‍ത്താവ് സര്‍ക്കാരിനെതിരേ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ ഭാര്യ സര്‍ക്കാരിനെ വാനോളം പുകഴ്ത്തുകയും ചേര്‍ന്നു നിന്ന് അവരുടെ രാഷ്ട്രീയത്തെയും അംഗീകരിക്കുന്ന നിലപാടും എടുക്കുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍ വലിച്ചു കീറിക്കൊണ്ടിരിക്കുന്നത്. കെ.കെ. രാഗേഷിന്റെ നല്ല വശങ്ങള്‍ മാത്രം കണ്ട ദിവ്യ എസ്. അയ്യര്‍ക്ക് മറുപടികളും തെറിവിളികളുമായി കോണ്‍ഗ്രസ് അണികള്‍ സോഷ്യല്‍ മീഡിയകളില്‍ പൊങ്കാല ഇടുകയാണ്. ദിവ്യ എസ്. അയ്യര്‍ ആര്‍ക്കു ചേരുന്ന മരുമകള്‍ എന്നാണ് ഇതിലെ പ്രധാന ചോദ്യം. കോണ്‍ഗ്രസുകാരനായ ജി.കാര്‍ത്തികേയനോ അതോ മുഖ്യമന്ത്രി പിണറായി വിജയനോ.

കോണ്‍ഗ്രസ്സിന്റെ തണലില്‍ നില്‍ക്കുകയും ഇടതുപക്ഷത്തിനു വേണ്ടി പോരാടുകയും ചെയ്യുന്ന നിലപാടാണ് ദിവ്യ എടുക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ്.അയ്യരുടെ പോസ്റ്റില്‍ വിവാദം ആളികത്തുകയാണ്. എ.കെ.ജി സെന്ററില്‍ നിന്നല്ല ദിവ്യ എസ് അയ്യര്‍ ശമ്പളം വാങ്ങുന്നത് എന്നടക്കമുള്ള വിമര്‍ശനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. സമാനതകളില്ലാത്ത രീതിയിലാണ് കെ.കെ രാഗേഷിനെ ദിവ്യ പുകഴ്ത്തിയത്. കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ. രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

രാഗേഷിന്റെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്. ‘ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്’ എന്നും ദിവ്യ കുറിച്ചു. മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അവരുടെ പോസ്റ്റ്. ദിവ്യയുടെ പോസ്റ്റ് സി.പി.എം കേന്ദ്രങ്ങളും ചര്‍ച്ചയാക്കി. സര്‍ക്കാരിനുള്ള അംഗീകാരമായി അവര്‍ വാഴ്ത്തുകയും ചെയ്തു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് കടന്നാക്രണം നടത്തിയത്. ദിവ്യ എസ്.അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനും രംഗത്തെത്തി.

കെ.കെ.രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്ത്തുപാട്ട് പാടുന്ന ശ്രീമതി ദിവ്യ മേഡം ഐ.എ.എസ് എന്നുപറഞ്ഞാണ് എഫ്.ബി കുറിപ്പ് വിജില്‍ പോസ്റ്റ് ചെയ്തത്. ‘കെ.കെ.രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിയതിനാണീ കസര്‍ത്തെല്ലാം. ‘പാടുക നിരന്തരം തരവും ശബ്ദവുമൊപ്പിച്ച്, കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക’പിണാറായിക്കാലത്ത് എ.കെ.ജി സെന്ററില്‍നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യനിര്‍വഹണരംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്…?

ഭരണചക്രം തിരിയുമ്പോള്‍ തരംപോലെ കളംമാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്….’ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു. അതിനിടെ വിശദീകരണവുമായി ദിവ്യ ഇന്‍സ്റ്റയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാന്‍ പ്രയാസവും വേണ്ടെന്നും, കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്‌പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് ഇങ്ങനെ പറഞ്ഞതുകൊണ്ടാണെന്നും ദിവ്യ വിശദീകരിച്ചു. ഫലത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ തള്ളി പറയുകയാണ് ദിവ്യ. വിവാദങ്ങളില്‍ ഭര്‍ത്താവ് ശബരിനാഥന്‍ പ്രതികരിക്കുന്നുമില്ല. ‘എല്ലാം ഈ അപ്പാ അമ്മ കാരണമാണെന്ന് ചിലപ്പോള്‍ പറയാന്‍ തോന്നും.

കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ മാത്രം പറയുക, നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നാലാളുടെ മുന്നില്‍വെച്ച് ആരെയും അപമാനിക്കരുത്, നമ്മള്‍ കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിര്‍ന്നവരെ ആദരപൂര്‍വം നോക്കിക്കാണണം, ബഹുമാനപൂര്‍വം അവരോട് പെരുമാറണം എന്നീ കാര്യങ്ങള്‍ നമ്മുടെ നെഞ്ചിലേറുന്നതുവരെ പറഞ്ഞു മനസ്സിലാക്കി തരുകയും പ്രാവര്‍ത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിതവഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴും ആത്മാര്‍ഥമായി അത് പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങള്‍ അവരിലൊക്കെ ഉണ്ടായിരിക്കം. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല. കണ്ടെത്തുന്ന നന്മകള്‍ പരത്തുക എന്നതിനും പ്രയാസമില്ല.

അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്‌പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ, എന്റെ അനുഭവത്തിലൂടെ, ഉത്തമബോധ്യത്തില്‍, എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരില്‍ ഞാന്‍ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോ ചിന്തിക്കേണ്ടി വരുന്നുണ്ട്’ ദിവ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദിവ്യയ്ക്കെതിരെ രംഗത്ത് വരുമ്പോള്‍ വെട്ടിലാകുന്നത് ശബരിനാഥനാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രതികരണത്തിന് തയ്യാറാകാതെ കരുതലോടെ നീങ്ങാനാണ് ശബരിയുടെ തീരുമാനം.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പോലും പരിഗണിക്കുന്ന പേരുകാരനാണ് ശബരിനാഥന്‍. മുന്‍ എംഎല്‍എയായ ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശനം അച്ഛന്‍ ജി കാര്‍ത്തികേയന്റെ മരണ ശേഷമായിരുന്നു. അച്ഛന്റെ സീറ്റായ അരുവിക്കരയില്‍ നിന്നും ശബരിനാഥ് രണ്ടു തവണ എംഎല്‍എയായി. കഴിഞ്ഞ തവണ തോല്‍ക്കുകയും ചെയ്തു. ഇനിയുള്ള തോല്‍വി ഭാര്യയുടെ ഇഠതുപക്ഷ പുകഴ്ത്തല്‍ കാരണം കൊണ്ടാകുമെന്നതില്‍ തര്‍ക്കവും വേണ്ട. ശബരിനാഥിന് കോണ്‍ഗ്രസില്‍ ഏതതെങ്കിലും തരത്തിലുള്ള തിരിച്ചടിക്കു സാധ്യത തെളിയുന്നുണ്ടെങ്കില്‍, അത് ഭാര്യയുടെ ഗുണംകൊണ്ടാകുമെന്നാണ് സോഷ്യല്‍ ഇടങ്ങളിലെ പറച്ചില്‍.

മാത്രമല്ല, കെ.കെ. രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതു തന്നെ പിണറായി വിജയന്റെ വിശ്വസ്തനായതു കൊണ്ടണ്. സീനിയറായവരെയെല്ലാം തഴഞ്ഞ് രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കിയതിനു പിന്നിലുള്ള രാഷ്ട്രീയം കാണാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. അവിടെയും പിണറായിയെ കര്‍ണ്ണന്റെ കവച കുണ്ഡലത്തേക്കാള്‍ ശക്തമായ ആവരണമായി പാര്‍ട്ടിയില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്നത് കാണാതെ പോകരുത്. അത്രയേറെ ആരോപണങ്ങളുടെ ശരശയ്യയിലാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്.

CONTENT HIGH LIGHTS: Divya S. Iyer Whose daughter-in-law is she?: Karthikeyan or Pinarayi Vijayan?; Congress cyberspaces criticize the stance of showing loyalty to the rice here and there; A.K.G. should remember that he does not receive his salary from the center

Latest News