Explainers

വര്‍ക്കല ഭൂമി ഇടപാട് എന്തായി സേച്ചീ ?; കുഴിമാന്തി പുറത്തിട്ട് കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങള്‍; ദിവ്യ എസ്. അയ്യരുടെ പതകണ്ടിട്ടേ പൊങ്കാലയ്ക്ക് അറുതിയുണ്ടാകൂ ?; പുതിയ വിവാദങ്ങള്‍ക്ക് കാതോര്‍ത്ത് സൈബര്‍ ഇടങ്ങള്‍ ?; എന്താണ് വര്‍ക്കല ഭൂമി ഇടപാടും ദിവ്യയുടെ പങ്കും ?

ഭാര്യ ചെയ്തതും ശരി, യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടും ശരി തന്നെയെന്ന ഡിപ്ലോമാറ്റിക് സ്ട്രാറ്റജിയില്‍ നിന്നുകൊണ്ട് കെ.എസ്. ശബരീനാഥ് കോണ്‍ഗ്രസ്സുകാരുടെ ആകെ മനംമടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഈയൊരു പേരില്‍ കൈവിട്ടു പോയാല്‍ ശബരീനാഥിന് തന്റെ അച്ഛന്റെ മണ്ഡലമനായ അരുവിക്കര പോലും സ്വന്തമല്ലാതാകുമെന്നുറപ്പാണ്. പക്ഷെ, ഭര്‍ത്താവിന്റെ രാഷ്ട്രീയ ഭാവി കൂമ്പടഞ്ഞാലും തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണ നിലപാടുകളും എഴുത്തുകളും ഇഷ്ടങ്ങളും തുടരുക തന്നെ ചെയ്യുമെന്ന് ദിവ്യ എസ്. അയ്യര്‍ സുവ്യക്തമാക്കിക്കഴിഞ്ഞു.

കെ.കെ. രാഗേഷിനെ അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ.പി.സി.സിയുടെ പറഞ്ഞതോടെ വിവാദങ്ങള്‍ കെട്ടടങ്ങേണ്ടതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നിരുപധികം ദിവ്യ എസ്. അയ്യര്‍ക്ക് പിന്തുണയും നല്‍കിക്കഴിഞ്ഞു. പോരെങ്കില്‍ ജനാധിപത്യ മഹിളാ അസോസിയേഷനും പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, യൂത്തു കോണ്‍ഗ്രസ്സുകാര്‍ അങ്ങനെ വിടാന്‍ തയ്യാറല്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം, വര്‍ക്കലയിലെ ഭൂമി ഇടപാട് എന്തായി എന്നൊരു ചോദ്യത്തിന് ദിവ്യ എസ്. അയ്യര്‍ ഇനിയും ഉത്തരം പറയേണ്ടതുണ്ട് എന്നാണ് യൂത്തുകോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. അവര്‍ സൈബര്‍ ഇടങ്ങളില്‍ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. അവര്‍ ചോദിക്കുന്നത് ഇതാണ്

“അയ്യേ…S …നന്‍മയുള്ള രാഹുല്‍ജി യെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. നന്‍മ ഇല്ലാഞ്ഞിട്ടാണോ, അല്ല. ഉമ്മന്‍ ചാണ്ടി സാറിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ…നന്‍മ ഇല്ലാഞ്ഞിട്ടാണോ, അല്ല. നന്‍മ സി.പി.എം നേതാക്കള്‍ക്കു മാത്രമാണോ ?. ചുവടെയുള്ള ചിത്രത്തിലെ കേസ് എന്തായോ എന്തോ ?. ഇപ്പോള്‍ മനസ്സിലായോ..എന്തിനാ ഈ പാദസേവ ചെയ്യുന്നത് എന്ന് “

2018ലെ ഭൂമി കൈാമാറ്റ കേസുമായി ബന്ധപ്പെട്ട് ദിവ്യ എസ്. അയ്യര്‍ക്ക് അന്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ഥലംമാറ്റം നല്‍കിരുന്നു. സര്‍ക്കാരിന്റെ കണ്ണില്‍ കരടായിരുന്നു ദിവ്യ എസ്.അയ്യര്‍. അവിടെ നിന്നുമാണ് മറ്റാരെക്കാളും പ്രയങ്കരിയായി മാറുന്ന തരത്തിലേക്ക് ദിവ്യ എത്തിയിരിക്കുന്നത്. ഇന്ന് ലോകം അറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാനമായ കേരളത്തിന്റെ യശസ്സുയര്‍ത്തി വിഴിഞ്ഞം തുറമുഖ എം.ഡി. പദത്തിലാണ് ദിവ്യയുടെ ഇരിപ്പിടം. പത്തനംതിട്ട കളക്ടറായിരിക്കെയാണ് ദിവ്യയെ വിഴിഞ്ഞം തുറമുഖ എം.ഡി.യാക്കി സര്‍ക്കാര്‍ അവരോധിച്ചത്. ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന്റെ അച്ചന്റെയോ രാഷ്ട്രീയം നോക്കാതെയുള്ള അപ്പോയിന്റ്‌മെന്റ്. ഭൂമി കൈമാറ്റക്കേസില്‍ സര്‍ക്കാര്‍ നടപടിക്കു വിധേയമായ ദിവ്യ എസ്. അയ്യര്‍ സര്‍ക്കാരിന്റെ പാദ സേവ ചെയ്താണ് വിഴിഞ്ഞം എം.ഡിയായതെന്ന് പറഞ്ഞുവെയ്ക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങള്‍.

നോക്കൂ, 2018ലാണ് വര്‍ക്കല ഭൂമി ഇടപാട് നടക്കുന്നത്. അന്ന് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരിക്കുന്ന കാലം. കെ.എസ്. ശബരിനാഥ് അന്ന് അരുവിക്കര എം.എല്‍.എ. ദിവ്യ എസ്. അയ്യര്‍ തിരുവനന്തപുരം സബ് കളക്ടര്‍. ഡി.സി.സി അംഗത്തിന്റെ അടുത്ത ബന്ധുവിനാണ് സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തത്. ഇത് വലിയ വിവാദവും ദിവ്യയ്‌ക്കെതിരേ ഇടതുപക്ഷത്തിന്റെ കടുത്ത ആക്രമണവും ഉണ്ടായി. സ്ഥനചലനം വരെയുണ്ടായി. തുടര്‍ന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, കാര്യങ്ങളെല്ലാം തലകീഴ് മറിഞ്ഞു. കെ.എസ്. ശബരീനാഥ് അരുവിക്കരയില്‍ തോറ്റു വീട്ടിലിരിപ്പായി. ദിവ്യ എസ്. അയ്യരാണെങ്കില്‍ സര്‍ക്കാരിനു വേണ്ടി അഹോരാത്രം പണിയെടുത്തു.

അങ്ങനെ വിഴിഞ്ഞം തുറമുഖത്തിന്റെ മുഖമായി. ഇതാണ് സംഭവിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങള്‍ വര്‍ക്കല ഭൂമി ഇടപാടില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ട ദിവ്യ എസ്. അയ്യരെ ചികഞ്ഞ് പുറത്തിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആ കേസില്‍ നടപടികളൊന്നും വരാതിരിക്കാനാണ് പാദസേവ ചെയ്യുന്നത് എന്നാണ് കോണ്‍ഗ്രസ്സുകാര്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സേച്ചിയുടെ പാദസേവ ഭൂമി ഇടപാട് പുറത്തു വരാതിരിക്കാനാണെന്നും കോണ്‍ഗ്രസ്സുകാര്‍ ആക്ഷേപിക്കുന്നു.

  • ദിവ്യ എസ്. അയ്യരുമായി ബന്ധപ്പെട്ട വര്‍ക്കല ഭൂമി കൈമാറ്റ കേസ്

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തതാണു വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി 2018 ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തു ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. ഭൂമി ഏറ്റെടുത്ത തഹസില്‍ദാറിന്റെ നടപടിക്കെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ്. അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ പിന്നീട് ആര്‍.ഡി.ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഒയെ ഹൈക്കോടതി ചുമലപ്പെടുത്തി.

ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയെന്ന് സി.പി.എം ആരോപിക്കുകയും ചെയ്തിരുന്നു. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായിരുന്നു അയിരൂര്‍ സ്വദേശിനി ലിജി. ഇലകമണ്‍ പഞ്ചായത്തും വി. ജോയി എം.എല്‍.എയുമാണ് റവന്യു മന്ത്രിക്കു അന്ന് പരാതി നല്‍കിയത്. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സബ് കലക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം വര്‍ക്കലയിലെ ഭൂമികൈമാറ്റം സംബന്ധിച്ച വിവാദത്തില്‍ സി.പി.എം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്ന് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ വാദിക്കുകയും ചെയ്തു. വിവാദത്തില്‍ തന്റെ കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ല. ദിവ്യ എസ്. അയ്യരും താനുമൊക്കെ ഉത്തരവാദിത്തത്തോടെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പറഞ്ഞ ശബരീനാഥന്‍ ഭൂമി കൈമാറ്റ ആരോപണം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നായിരുന്നു അന്ന് പ്രതികരിച്ചത്.

  • അന്ന് ശബരിനാഥ് തന്റെ സോഷ്യല്‍ മനീഡിയ അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെയാണ്

‘ സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മമല്ല. ദിവ്യ എസ്. അയ്യരുമായുള്ള വിവാഹസമയത്തു പറഞ്ഞതുപോലെ ഔദ്യോഗിക വൃത്തിയില്‍ പരസ്പരം ഇടപെടാറില്ല. പദവികള്‍ ഉപയോഗിച്ച് ജനത്തെ സേവിക്കാന്‍ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സല്‍പ്പേര് താറുമാറാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി. പൊതുജനങ്ങള്‍ക്കു ഞങ്ങളില്‍ വിശ്വാസമുണ്ട്, അത് നമ്മള്‍ ഭദ്രമായി കാത്തുസൂക്ഷിക്കും’ എന്നാണ്.

CONTENT HIGH LIGHTS;What happened to the Varkala land deal?; Congress cyber groups dig up the grave; Will Pongala end only after Divya S. Iyer’s death?; Cyberspaces on alert for new controversies?; What is the Varkala land deal and Divya’s role?

Latest News