Explainers

“ചട്ടം” ദിവ്യയെ കുടുക്കുമോ ?: പുകഴ്ത്തല്‍ കേസിന്റെ ഭാവി എന്ത് ?; കെ.കെ. രാഗേഷ് സഹ പ്രവര്‍ത്തകനാണോ അതോ രാഷ്ട്രീയ നിയമനമോ ?; കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ദിവ്യ അടച്ചത് ശബരിനാഥിന്റെ രാഷ്ട്രീയ ഭാവി ?

വിഴിഞ്ഞം തുറമുഖ എം.ഡി. ദിവ്യ എസ്. അയ്യര്‍ നടത്തിയ ഫേസ്ബുക്ക് പുകഴ്ത്തല്‍ കേസിന്റെ ഭാവി എന്താകുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ രഹസ്യ ചര്‍ച്ച. കണ്ണൂര്‍ യൂത്ത്‌കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ദിവ്യയ്ക്ക് നടപടി ഉണ്ടാകുമോ. അതോ, പിണറായി വിജയന്‍ സര്‍ക്കാര്‍ ദിവ്യ എസ്. അയ്യരെ സംരക്ഷിക്കുമോ എന്നൊക്കെയുള്ള അഭ്യൂഹങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്നാല്‍, ഒരു കാര്യം അവര്‍ വ്യക്തമായും ശക്തമായും പറയുന്നുണ്ട്. കെ.എസ്. ശബരീനാഥിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ ക്ഷീണം സംഭവിക്കുമെന്ന്. അത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ കാണാമെന്നും അവര്‍ പറയുന്നുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ കാലത്തെ ഭാര്യയുടെ നിഷ്പക്ഷ നിലപാടുകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ ഭര്‍ത്താവിനെ അത്രയ്‌ക്കൊന്നും അംഗീകരിക്കാന്‍ അണികള്‍ തയ്യാറല്ല. അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ വേണ്ട. മിണ്ടാതിരുന്ന് അവനവന്റെ പണി ചെയ്താല്‍ പോരേ എന്നാണ് ഭൂരിഭാഗം അണികളുടെയും നിലപാട്. വര്‍ക്കല ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് കേട്ടിരുന്ന ദുഷ്‌പ്പേര് മാറ്റാനുള്ള സൈക്കോളജിക്കല്‍ മൂവായിരുന്നു പിന്നീട് കണ്ടെന്നും അണികള്‍ പറയുന്നുണ്ട്. മാത്രമല്ല, സ്വന്തം ഇഷ്ടങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചതും,

പിണറായി വിജയന്റെ തീരുമാനങ്ങളെ പ്രശംസിക്കുകയും, ഒടുവില്‍ കെ.കെ. രാഗേഷിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഉദ്യേഗക്കയറ്റത്തെ പുകഴ്ത്തിയതും കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കെ.എസ്. ശബരീനാഥിന്റെ ഭാര്യ ആയിരിക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഒപ്പം നില്‍ക്കുന്ന വിശ്വസ്ത എന്നു കാണിക്കാനുള്ള വ്യഗ്രതയാണ് ദിവ്യക്കുള്ളതെന്നും വിമര്‍ശനം ഉയരുന്നു. വി.എം സുധീരനും, പി.ജെ. കുര്യനും സമാന ആക്ഷേപം തന്നെയാണ് ഉന്നയിച്ചതും. അതില്‍ അല്‍പ്പം കടന്ന് കെ. മുരളീധരന്‍ പറഞ്ഞുവെന്നു മാത്രം.

പുകഴ്ത്തല്‍ വിഷയത്തില്‍ ഇടതുപക്ഷ നേതാക്കളും, മുഖ്യമന്ത്രിയും കെ.കെ. രാഗേഷും പറഞ്ഞ അഭിപ്രായങ്ങളെ മാനിക്കുമ്പോള്‍ത്തന്നെ, അതിലെ ചില പൊരുത്തക്കേടുകളും, വസ്തുതകള്‍ക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഐ.എ.എസ്സുകാര്‍ തമ്മില്‍ വലിയ രീതിയിലുള്ള പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍. ഭര്‍ത്താവ് യൂത്തുകോണ്‍ഗ്രസ് നേതാവും, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ സാഹചര്യത്തില്‍. ഈ വിഷയത്തില്‍ ഭാര്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് ശബരിനാഥ് പറഞ്ഞതും.

  • കെ.കെ. രാഗേഷ് സര്‍ക്കാര്‍ ജീവനക്കാരനോ ?

സഹപ്രവര്‍ത്തകന്‍ വിട്ടു പോകുമ്പോള്‍ കാണിക്കുന്ന സ്വാഭാവിക സ്‌നേഹ പ്രകടനത്തിന്റെ ഭാഗമാണ് ദിവ്യ എസ്. അയ്യരിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് ലളിതവത്ക്കരിച്ചു കണ്ടവരുണ്ട്. അതില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരുംെ, നേതാക്കളും പെടുന്നുണ്ട്. എന്നാല്‍, എന്താണ് വസ്തുത. കെ.കെ. രാഗേഷ് ഒരു സര്‍ക്കാര്‍ ജീവനക്കാരനല്ല. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമല്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാാഫില്‍ പ്രൈവറ്റ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ വന്നതുമല്ല. അഥവാ സര്‍ക്കാര്‍ ജോലിക്കാരനായി മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ വന്നതാണെങ്കില്‍ അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ കഴിയുമോ ?.

മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനും, സര്‍ക്കാര്‍-സ്വകാര്യ ജോലിക്കാരനോ അല്ലാതിരിക്കുക എന്നതാണ് ജില്ലാ സെക്രട്ടറി ആകേണ്ടതിന്റെ പ്രാഥമിക ഘട്ടം. കാരണം, ജില്ലാ സെക്രട്ടറിക്ക് സംഘടനാ പ്രവര്‍ത്തനം എന്നത്, ദിനചര്യയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കുന്ന ആള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പാടില്ല എന്നത്, ചട്ടമാണ്. അപ്പോള്‍ കെ.കെ. രാഗേഷ് സര്‍ക്കാര്‍ ജീവനക്കാരനോ, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനോ അല്ലെന്ന് വ്യക്തം. കെ.കെ. രാഗേഷ് ഇതോടെ ദിവ്യ എസ്. അയ്യരുടെ സഹപ്രവര്‍ത്തകന്‍ എന്ന വാദം പൊളിഞ്ഞു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിയമനമാണ് കെ.കെ. രാഗേഷിന്റേത്. അത്തരം രാഷ്ട്രീയ നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുന്നുമുണ്ട്. അതുകൊണ്ട് അവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകുന്നില്ല. പക്ഷെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്. ഡെപ്യൂട്ടേഷനിലും, അല്ലാതെയും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ഇവരും രാഷ്ട്രീയ നിയമനം കിട്ടിയവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നതും. എന്നാല്‍, സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ രാഷ്ട്രീയ നിയമനക്കാരും കൂടെ ഇറങ്ങും. സര്‍ക്കാര്‍ ജീവനക്കാര്‍ അപ്പോഴും അവിടെയുണ്ടാകും. ഇതാണ് വ്യത്യാസം.

കെ.കെ. രാഗേഷിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലേക്കുള്ള യാത്ര, സിപ.ിഎമ്മിലെ തന്നെ ഒരു ഉള്‍പാട്ടീ അട്ടിമറിയുടെ ഫലമാണ്. ഇതിനു മുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നത് എം.വി ജയരാജന്‍ ആണ്. അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോകുന്നത്. ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് കണ്ണൂരിന് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയിലെ നിരവധി സീനിയര്‍ നേതാക്കള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ

ഓഫീസില്‍ നിന്നും രണ്ടാമതും ഒ രു നിയമനം നടക്കുന്നത്. അതും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നില്‍ക്കുന്ന കെ.കെ. രാഗേഷിനെ. പാര്‍ട്ടിയില്‍ വളരെ ജീനിയറായ കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലേക്ക് പറിച്ചു നടന്നതു തന്നെ പിണറായി വിജയന് ഉള്‍പാര്‍ട്ടീ സംഘടത്തനങ്ങളില്‍ മേല്‍ക്കൈ നേടാനാണ്. വളരെ പ്ലാന്‍ഡ് ഓപ്പറേഷനായിരുന്നു കണ്മൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത്. ഈ രാഷ്ട്രീയം നന്നായി അറിയുന്ന ഒരാളെപ്പോലെയാണ് ദിവ്യ എസ്. അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്.

കര്‍ണ്ണന്റെ കവച കുണ്ഡലം പോലെ മുഖ്യമന്ത്രിയെ കാത്തു സൂക്ഷിക്കുന്ന ആളാണ് കെ.കെ. രാഗേഷ് എന്ന അര്‍ത്ഥത്തിലായിരുന്നു അത്. പാര്‍ട്ടിയില്‍ കണ്ണൂരില്‍ നിന്നുള്ള ശബ്ദം തനിക്കു വേണ്ടി മാത്രമായിരിക്കണം എന്നുറപ്പിച്ചാണ്, തന്റെ വിശ്വസ്തനായ ആളെ പിണറായി വിജയന്‍ ജില്ലാ സെക്രട്ടറിയാക്കിയത്. ഈ രാഷ്ട്രീയ പശ്ചാത്തലം അറിയാതെ, ചുമ്മാ ഒരു പോസ്റ്റിട്ട് വൈറലായതാണ് ദിവ്യ എസ് അയ്യരെന്ന് കരുതുക വയ്യ. മൂന്നു വര്‍ഷമായി ഒപ്പം പ്രവര്‍ത്തിച്ച ദിവ്യയ്ക്ക് ഇക്കാര്യങ്ങളും അറിയാമെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ.

  • ശബരിനാഥിന്റെ രാഷ്ട്രീയ ഭാവി അടഞ്ഞോ ?

അരുവിക്കര എന്നാല്‍, ജി കാര്‍ത്തികേയന്‍ എന്നായിരുന്നു. ആ കാലഘട്ടത്തിനു ശേഷം കെ.എസ്. ശബരിനാഥ് എന്നായി മാറിയെങ്കിലും പിന്നീട് അത് പാടെ മാറി. കറകളഞ്ഞ കോണ്‍ഗ്രസുകാരന്റെ മകനും, എഞ്ചിനീയറിംഗ് ബിരുദധാരിയും, ഐ.എ.എസുകാരിയുടെ ഭര്‍ത്താവ് എന്നൊക്കെയുള്ള എല്ലാ മേമ്പൊടികളും ശബരീനാഥിന്റെ രാഷ്ട്രീയ വഴികളില്‍ തെളിച്ചമായിരുന്നു. എന്നാല്‍, അതില്‍ ചിലതൊക്കെ ഇപ്പോള്‍ ഇരുട്ടായി മാരുകയാണ്. അടുത്തടുത്ത രണ്ടു ടേമുകള്‍ പിണറായി വിജയന്‍ കേരളത്തിന്റെ രാഷ്ട്രീയവും ഭാവിയും നിശ്ചയിക്കുന്ന മുഖ്യമന്ത്രിയായതോടെ,

അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഐ.എ.എസുകാരി എന്ന നിലയില്‍ ഇടത്തോട്ട് ചാഞ്ഞുപോയതില്‍ തെറ്റു പറയാനൊക്കില്ല. ഭര്‍ത്താവ് കോണ്‍ഗ്രസ്സുകാരനായതു കൊണ്ട് ഭാര്യ ആ സ്വഭാവം എടുക്കുമോ എന്ന് സര്‍ക്കാരിന് സ്വാബാവികമായ ഭയമുണ്ടാകും. ആ ഭയം മാറ്റിയെടുക്കേണ്ടത്, തന്റെ കടമ കൂടിയാണ്. ഇല്ലെങ്കില്‍ ഏതെങ്കിലും പട്ടിക്കാട്ടിലേക്ക് സ്ഥലംമാറ്റി കൊണ്ടിരുത്തുമെന്നുറപ്പാണ്. അതുകൊണ്ട് തന്റെ ഭര്‍ത്താവ് കോണ്‍ഗ്രസാണെങ്കിലും താന്‍ ഇടതു മനസ്സുള്ള ആലാണെന്ന് ബോധ്യപ്പെടുത്താനാണ് തനിക്ക് ഇടപെടാനാകുന്ന വഴികളെല്ലാം ദിവ്യ തുറന്നിട്ടത്.

സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ സര്‍ക്കാരിനും സര്‍ക്കാരിന്റെ നയങ്ങള്‍ക്കും അനുകൂലമായ പറയുക എന്നതായിരുന്നു ഒരു വഴി. മറ്റൊന്ന്, ഇടതു നേതാക്കളെയെല്ലാം പുകഴ്ത്തുക എന്നത്. ഇത് നിര്‍ബാധം തുടര്‍ന്നപ്പോഴാണ് യൂത്തുകോണ്‍ഗ്രസ്സുകാര്‍ക്ക് ശരിക്കും വിഷമമായത്. കോണ്‍ഗ്രസ് കുടുംബത്തിലുള്ളവര്‍ തന്നെ ഇടതു ഭരണം മെച്ചമാണെന്നു പറഞ്ഞാല്‍ ഉണ്ടാകാവുന്ന രാശ്ട്രീയ പ്രതിസന്ധി എന്തായിരിക്കും. അതാണ് കൂടുതല്‍ പ്രശ്‌നമായത്. ഇങ്ങനെ സ്വതന്ത്രമായ നിലപാടുുകള്‍ പറയുമ്പോള്‍ അത് കോണ്‍ഗ്രസിന് ക്ഷീണമാണുണ്ടാക്കുക.പറയാതിരുന്നാല്‍ എന്താണ് കുഴപ്പം. പക്ഷെ, അതുണ്ടാകുന്നുമില്ല. ഇതാണ് ശബരിനാഥിന്റെ വഴിയടയ്ക്കാന്‍ പോകുന്ന ഘടകം.

CONTENT HIGH LIGHTS;Will the “rule” trap Divya?: What is the future of the praise case?; Is K.K. Ragesh a colleague or a political appointee?; Divya, who cut off the Congress, has sealed Sabarinath’s political future?

Latest News