ഇന്ത്യയിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ഇടമാണ് ജമ്മു-കശ്മീര്‍. എന്നാല്‍ ഇവിടം പാക്കിസ്താന്‍ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റത്തില്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്ന പ്രദേശമായാണ് അറിയപ്പെടുന്നത്. ഒരേസമയം, വിനോദ സഞ്ചാര ഇടമെന്നും മരണത്തിന്റെ താഴ്‌വരയെന്നും വിളിക്കാം. ഇടവേളകളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് പകരം ചോദിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യം നടത്തുമെന്നു തന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, അപ്പോഴും സമാധാനം എന്നത് എത്രയോ അകലെയാണിവിടെ. ഇന്നലെ പഹല്‍ഗാമിനെ ചോരയില്‍ മുക്കിയ സംഭവം രാജ്യത്തെ തന്നെ നടുക്കിയിരിക്കുകയാണ്.
പാക്കിസ്താന്‍ തീവ്രവാദ സംഘടനയായ ലഷ്‌ക്കര്‍ ഇ തൊയിബയാണ് ഇതിനു പിന്നിലെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ അവധി ആഘോഷിക്കാനെത്തിയതാണ് പഹല്‍ഗാമില്‍. അവിടെ തീവ്രവാദികള്‍ നിറതോക്കുമായി എത്തി പോയിന്റ് ബ്ലാങ്കിലാണ് വെടിയുതിര്‍ത്തിരിക്കുന്നത്. പുരുഷന്‍മാരെ മാത്രം ടാര്‍ഗറ്റ് ചെയ്തായിരുന്നു ആക്രമണം. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ മാത്രമാണ്. അവര്‍ക്ക് മാനസികവും ശാരീരികവുമായ പിന്തുണയും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്ന തലവനുണ്ട്. പാക്കിസ്താനിലെ രഹസ്യ കേന്ദ്രത്തിലിരുന്ന് എല്ലാം വീക്ഷിച്ച്, ഓപ്പറേഷന്റെ നിയന്ത്രണം പൂര്‍ണ്ണമായും കൈയ്യാളിയ ഒരു തീവ്രവാദി.
-
ആരാണ് സെയ്ഫുള്ള കസൂരി ?
ജമ്മു കശ്മീരിലെ ലഷ്‌കറിന്റെയും ടി.ആര്‍.എഫിന്റെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ തലച്ചോറാണ് തീവ്രവാദി സെയ്ഫുള്ള ഖാലിദ് എന്ന സെയ്ഫുള്ള കസൂരി. ലഷ്‌കര്‍-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സെയ്ഫുള്ള ഖാലിദിനെ സെയ്ഫുള്ള കസൂരി എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ഹാഫിസ് സയീദിന്റെ വളരെ അടുത്തയാളാണ്. കസൂരി എപ്പോഴും ആഡംബര കാറുകളിലാണ് സഞ്ചരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ സൈനികരെ യുദ്ധത്തിനായി പ്രചോദിപ്പിക്കുന്ന ആളാണ് കസൂരി.
അതുകൊണ്ട് പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും സെയ്ഫുള്ള കസൂരി പ്രിയങ്കരനാണ്. പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടികളിലും സൈന്യത്തിലും വലിയ സ്വാധീനം ഇയാള്‍ക്കുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടുമാസം മുമ്പ് സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കന്‍പൂരില്‍ എത്തിയിരുന്നു. അവിടെ പാകിസ്ഥാന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയ്ക്കെതിരെ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ ഇരുന്നാണ് പഹല്‍ഗാമിലെ ആക്രമണം നിയന്ത്രിച്ചിരിക്കുന്നത്. ഇത് ചെയ്തത് സെയ്ഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്താന്‍ എത്തിയത്.
ഇവര്‍ക്കെല്ലാം പാകിസ്ഥാനില്‍ നിന്നും പരിശീലനവും കിട്ടിയിട്ടുണ്ട്. കശ്മീരില്‍ നിന്നുള്ള രണ്ട് തദ്ദേശീയര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഈ ഭീകരരെ പാകിസ്ഥാനില്‍ ഇരുന്ന് കസൂരി നിയന്ത്രിച്ചു. ആക്രമണ പദ്ധതിയും വിശദാംശങ്ങളുമെല്ലാം നല്‍കി. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടന്ന ഒരു യോഗത്തില്‍ ഖാലിദ് ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രസംഗം ഇങ്ങനെയാണ്.
‘2025 ഫെബ്രുവരി 2 ആണെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. 2026 ഫെബ്രുവരി 2 നകം കശ്മീര്‍ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. വരും ദിവസങ്ങളില്‍, നമ്മുടെ മുജാഹിദീന്‍ ആക്രമണങ്ങള്‍ ശക്തമാക്കും’
പാകിസ്ഥാനിലെ എല്‍.ഇ.ടിയുടെ പെഷവാര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് ഖാലിദ്. മധ്യ പഞ്ചാബ് പ്രവിശ്യയിലെ ജമാഅത്ത്-ഉദ് ദവ (ജെയുഡി) യുടെ ഏകോപന സമിതിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഇ.ടിയുടെ മറ്റൊരു പേരായ ജെയുഡിയെ 2016 ഏപ്രിലില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എല്‍.ഇ.ടിയുടെ അപരനാമമായി നാമകരണം ചെയ്തു.
-
ടി.ആര്‍.എഫ് എന്താണ് ?
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഉയര്‍ന്നുവന്ന ഒരു പുതിയ ഭീകര സംഘടനയാണ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്). ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) യുടെ പ്രോക്‌സി വിഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്ന ടി.ആര്‍.എഫ്, കശ്മീരിലെ തീവ്രവാദത്തിന് പ്രാദേശിക വല്‍ക്കരിച്ച മുഖം നല്‍കുന്നതിനാണ് രൂപീകരിച്ചത്. 2019 ഒക്ടോബറില്‍ സ്ഥാപിതമായ ഈ ഗ്രൂപ്പിനെ സുപ്രീം കമാന്‍ഡറായി ഷെയ്ഖ് സജ്ജാദ് ഗുല്‍ നയിച്ചു. ബാസിത് അഹമ്മദ് ദാര്‍ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍, എല്‍ഇടി എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറുകളെ ഉള്‍പ്പെടുത്തിയാണ് ടിആര്‍എഫ് ആദ്യം രൂപീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്‍.ഇ.ടിയുടെ ‘പ്രോക്‌സി’ ഫ്രണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ടി.ആര്‍.എഫിനെ വിശേഷിപ്പിച്ചിരുന്നത്.
-
ടി.ആര്‍.എഫ് നിരോധിച്ചു ?
2023 ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) ടി.ആര്‍.എഫിനെയും അതിന്റെ എല്ലാ പ്രകടനങ്ങളെയും മുന്നണി സംഘടനകളെയും നിരോധിച്ചു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം എം.എച്ച്.എ അവയെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കശ്മീരിലെ പൗരന്മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും സുരക്ഷാ സേനയ്ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ഭൂരിഭാഗവും ടി.ആര്‍.എഫിന് പങ്കുണ്ട്. ചൊവ്വാഴ്ച പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മുമ്പ്, നിരോധിത സംഘടനയായ ടി.ആര്‍.എഫ്, ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മ്മാണ സ്ഥലത്ത് 2024 ഒക്ടോബറില്‍ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ബൈക്കുകള്‍ കിട്ടിയതെവിടെ നിന്നുമാണെന്നത് ദുരൂഹമാണ്. എന്‍.ഐ.എ സംഘം പഹല്‍ഗാമില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടി.ആര്‍.എഫ് ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ മറ്റൊരു സംഘമാണ് ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’. എന്നാല്‍, പഹല്‍ഗാമില്‍ നടത്തിയ മിന്നല്‍ തീവ്രവാദ ആക്രമണം എന്തിന്റെയോ മുന്നൊരുക്കമാണെന്ന് വിലയിരുത്തേണ്ടി വരും. ഇതില്‍ ദുരൂഹതയുണ്ട്. വെറുമൊരു ആക്രമണമല്ല പഹല്‍ഗാമില്‍ നടന്നിരിക്കുന്നത്. സ്ത്രീകളെ എല്ലാം വെറുതേ വിടുകയും, എന്നാല്‍, അവരുടെ മുന്നിലിട്ട് പുരുഷന്‍മാരെ വകവരുത്തുകയും ചെയ്തിരിക്കുന്നു.
ഇതില്‍ നിന്നും തീവ്രവാദികള്‍ മറ്റെന്തോ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യാക്കാരെയാകെ നശിപ്പിക്കണമെന്നുണ്ടെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും പുരുഷന്‍മാരെയും വ്യാപകമായി കൊലചെയ്യണമായിരുന്നു. പക്ഷെ, അതുണ്ടായിട്ടില്ല. 26ഓളം വരുന്ന പുരുഷന്‍മാരെ പോയിന്റ് ബ്ലാങ്കിലാണ് വെടിവെച്ചിട്ടത്. ഇത് ഒരു അപായ സൂചനയാണ് എന്നുവേണം മനസ്സിലാക്കാന്‍. പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ‘പുല്‍വാമ 2.0 നിമിഷം’ ആണെന്ന് ജമ്മു കശ്മീര്‍ മുന്‍ പോലീസ് മേധാവി ശേഷ് പോള്‍ വൈദ് പറയുന്നു. ഹമാസിന്റെ ആക്രമണങ്ങളോട് ഇസ്രായേല്‍ എങ്ങനെ പ്രതികരിക്കുന്നുവോ അതുപോലെ ഇന്ത്യയും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമിലെ പിക്‌നിക് സ്ഥലത്ത് നടന്ന ഭീകരാക്രമണം ഒക്ടോബര്‍ 7 ന് പലസ്തീനിലെ ഭീകര സംഘടനയായ ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണെന്ന് വൈദ്.
‘പാകിസ്ഥാന്‍ സൈന്യമാണ് ഈ ഭീകരാക്രമണം നടത്തിയത്. ഇവര്‍ തീവ്രവാദികളായി വേഷമിടുന്ന പാകിസ്ഥാന്‍ സൈന്യത്തിലെ എസ്എസ്ജി (സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ്) കമാന്‍ഡോകളാണ്. ഇത് നന്നായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു. അവര്‍ (പാകിസ്ഥാന്‍) ജാഗ്രത പാലിക്കട്ടെ! ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ്, പിഒകെ എന്നിവിടങ്ങളിലെ എല്ലാ ജനങ്ങളോടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കലാപം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും വൈദ് പറയുന്നു. ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ നട്ടെല്ല് തകര്‍ക്കുകയും പാകിസ്ഥാനെ നാല് ഭാഗങ്ങളായി വിഭജിക്കുകയും വേണം. പാകിസ്ഥാന്‍ സൈനിക മേധാവി സ്ഥിതിഗതികള്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം തന്റെ യോഗ്യത തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പഹല്‍ഗാമിലെ ഭീകരാക്രമണം.
CONTENT HIGH LIGHTS; Who is Lashkar terrorist Saifullah Kasuri?: What was the motive behind the attack that left Pahalgam in blood?; Where did the terrorists get their bikes from?; Is the Kashmir Valley full of terrorists?