സൈനിക വേഷം ധരിച്ച 6 വിദേശ ഭീകരര്‍ തങ്ങളുടെ ഇരകളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും അടുത്തു നിന്ന് വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിര്‍ക്കുന്നതിനു മുമ്പ് അവരുടെ പേരുകള്‍ പറയണമെന്നും ഇസ്ലാമിക വാക്യങ്ങള്‍ ചൊല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നതാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പഹല്‍ഗാമില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെയുള്ളതും കാല്‍നടയായോ കുതിരപ്പുറത്തോ എത്തിച്ചേരാവുന്നതുമായ ബൈസരന്‍ പുല്‍മേട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെയാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. മഞ്ഞുമൂടിയ കൊടുമുടികളും പൈന്‍ മരങ്ങളുടെ ഇഠതൂര്‍ന്ന വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട സ്ഥലം. നിരവധി വിനോദസഞ്ചാരികള്‍ പതിവുപോലെ ആസ്വദിക്കുകയായിരുന്ന ഇടം.
പഹല്‍ഗാമിന്റെ പുല്‍മേട് ദിവസേന നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദ സ്ഥലമാണ്. ചെക്ക്പോസ്റ്റുകളും സായുധ പട്രോളിംഗും ഉള്‍പ്പെടെ കനത്ത സുരക്ഷാ സാന്നിധ്യം ഉള്ള ഇടം. എന്നിട്ടും, അവര്‍ ആ തീവ്രവാദികള്‍ കുതിരപ്പുറത്തെത്തി. വിനോദ സഞ്ചാരികളുടെ അടുത്തെത്തി ഒരേയൊരു ചോദ്യം, നിന്റെ മതം ഏതാണ്. അതിനുത്തരം ലഭിക്കുന്നതോടെ തോക്കുകള്‍ വെടി പൊട്ടിച്ചു. ഏങ്ങും വെടിയൊച്ചയുടെ അലയൊലികള്‍. കൂട്ടക്കരച്ചില്‍. നിയന്ത്രണം തെറ്റിയുള്ള ഓട്ടം. ഉറ്റവരുടെ പിടച്ചില്‍. കുട്ടികളുടെ നിസ്സഹായതയിലുള്ള നിലവിളികള്‍. എന്തു ചെയ്യണമെന്നറിയാതെ നിലത്തിരുന്ന് കരയുന്ന സ്ത്രീകള്‍.
മതം പഠിപ്പിക്കുന്ന സമാധാനത്തിന്റെയും സാഹോദര്യത്തിന്റെ നേര്‍ ചിത്രം. വിശുദ്ധ യുദ്ധവും, ദൈവത്തിനു വേണ്ടിയുള്ള കുരുതിയും കാശ്മീരിലും, രാജ്യത്തിന്റെ വിവധ ഇടങ്ങളിലും ഇനിയും തുടരുന്നു. ദൈവങ്ങള്‍ക്കു വേണ്ടി അമ്പലങ്ങളും മോസ്‌ക്കുകളും, പള്ളികളും ഉയരെ കെട്ടിപ്പൊക്കുമ്പോള്‍ തലചായ്ക്കാന്‍ വീടില്ലാതെ കടവരാന്തകളിലും തെരുവുകളിലും മനുഷ്യര്‍ ഉറങ്ങുന്നു. കല്ലും, മണ്ണും പൂജിക്കപ്പെടുമ്പോള്‍ മനുഷ്യരെ പീഡിപ്പിച്ചും, കൊല്ലാക്കൊല ചെയ്തും ആനന്ദം കണ്ടെത്തുന്നു. തീവ്രവാദം ഏതു മതത്തില്‍ പറഞ്ഞിട്ടുള്ള ആശയമാണെന്ന് തൂവ്രവാദികള്‍ക്കു പോലും അറിയില്ല. ദൈവ രാജ്യം സ്ഥാപിക്കാന്‍ വേണ്ടി മനുഷ്യരെ കൊല്ലുന്ന മതവും ദൈവവും പഠിപ്പിക്കുന്ന ചിന്തയെന്ത്.
ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരെ മാത്രം ജീവിക്കാന്‍ അനുവദിക്കൂ എന്ന് വാശി പിടിക്കുന്ന മതം ഏതാണ്. അതിനെ നയിക്കുന്ന ദൈവം ഏതാണ്. ആ ദൈവം ആ മതത്തിലുള്ളവര്‍ക്കു നല്‍കുന്ന ഉപദേശം എന്താണ്. പ്രാകൃത ചിന്തയില്‍ അഭിരമിക്കുന്ന ആ മതക്കാര്‍ ആരാണ്. അവരുടെ ആചാരരീതികള്‍ എന്താണ്. മനുഷ്യരുടെ രക്തം കൊണ്ട് കൈ കഴുകുകയും തോക്കു കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മതത്തെ ആരാണ് അംഗീകരിക്കുന്നത്. തിരകളും, ബോംബും രക്ഷാ കവചമായി കൊണ്ടു നടക്കുന്ന മതപണ്ഡിതര്‍ ആരാണ്. ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ പ്രസക്തമായിരിക്കുകയാണ്. കാരണം, പഹല്‍ഗാമില്‍ വിനോദ സഞ്ചാരം നടത്തിയവരില്‍ മതം നോക്കി വെടിയുതിര്‍ത്തിരിക്കുന്നു.
മരണപ്പെട്ടവരുടെ മതം തീവ്രവാദികള്‍ക്ക് ഇഷ്ടമല്ല എന്നതു കൊണ്ട് മരിക്കേണ്ടി വന്നു. അവരുടെ സ്ത്രീകളെ കൊല്ലാതെ വിട്ടിരിക്കുന്നു. അവരുടെ മക്കളെ കൊല്ലാതെ വിട്ടിരിക്കുന്നു. മതം പഠിപ്പിച്ച മതവിദ്വേഷം കൊണ്ട് മറ്റൊരു മതത്തില്‍പ്പെട്ടവരെ നിഷ്ഠൂരമായി കൊന്നിരിക്കുന്നു. ഒരു മതവും നോക്കാതെ ഈ മത ഭീകര വാദികളെയെല്ലാം കൊല്ലണം എന്നു തന്നെയാണ് മതേതര ഇന്ത്യാക്കാരുടെ എല്ലാം ആഗ്രഹം. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും. ഭീകരാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ മലയാളിയായ എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനും ഉണ്ട്.
പാക്കിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന കൂട്ടക്കുരുതിയാണ് ഇതെന്ന് വ്യക്തം. ഇതു സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഒരോരുത്തരെയും മാറ്റി നിര്‍ത്തി അവരുടെ മതം ചോദിച്ച ശേഷമാണ് വെടിവെച്ച് കൊന്നിരിക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ നടന്ന ആക്രമണത്തെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് ഏത് തരം തിരിച്ചടി നടത്താനും അവകാശമുണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ അമേരിക്കയും മാറിയിട്ടുണ്ട്. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറബ് രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലേക്ക് അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇസ്രയേല്‍, യു.എ.ഇ, ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും മാറിയിട്ടുണ്ട്. ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ലോക രാജ്യങ്ങള്‍, ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യ വലിയ രൂപത്തിലുളള തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. അതിര്‍ത്തി കടന്ന് ഏത് നിമിഷവും, ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്തേണ്‍ കമാന്‍ഡും എന്തിനും തയ്യാറായാണ് നില്‍ക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നതപട തന്നെ ജമ്മു കാശ്മീരില്‍ എത്തിയിട്ടുണ്ട്.
അക്രമത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ നിലപാട് സൈന്യത്തിനും വലിയ ഊര്‍ജ്ജമായിട്ടുണ്ട്. മാരകമായ തിരിച്ചടി നല്‍കണമെന്നതാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്. അവര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെയും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടന്നത്. വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം വെടിവയ്ക്കുകയാണുണ്ടായത്. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരര്‍ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികള്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ ഓടിരക്ഷപ്പെടുകയാണുണ്ടായത്.
CONTENT HIGH LIGHTS;What is your religion?: One question, the story is over?; This is the question asked by terrorists before the Pahalgam massacre; Human animals turning the soil red in the name of religion?; Pakistan isolated?