സിന്ധുനദീ ജലകരാര്‍ ഇന്ത്യ റദ്ദാക്കിയതോടെ പാക്കിസ്ഥാന്റെ കാര്‍ഷികമേഖലയുടെ കാര്യം തീരുമാനമായി. ഭീകരവാദത്തിന്റെ വിളനിലമായും, രാഷ്ട്രീയപരമായ ദുര്‍ഭരണത്തിന്റെ കേന്ദ്രമായും മാറിയ പാകിസ്ഥാന്റെ സാമ്പത്തിക അടിത്തറ, ദ്രവിച്ച മണ്‍കൂന പോലെ ദുര്‍ബലമാണ്. ഈ ദുരവസ്ഥയില്‍, ഇന്ത്യയുമായി ഒരു യുദ്ധത്തിന് തുനിഞ്ഞാല്‍ അത് രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും, ഒരു വലിയ നാശത്തിലേക്കും വലിച്ചെറിയും എന്നതില്‍ സംശയമില്ല. ജലബോംബിനു പിന്നാലെ ഇന്ത്യ പാക്കിസ്താനു വേണ്ടി ഒരുക്കുന്ന ഒരു ചിതയുണ്ട്. അതില്‍ വെന്തു നീറുകയല്ലാതെ പാക്കിസ്താന്റെ മത വിരോധ ശത്രുതയ്ക്ക് മറ്റു മാര്‍ഗമൊന്നുമില്ല.
പാക് ജി.ഡി.പിയുടെ വലിയൊരു പങ്കും കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ തളരും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക. അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമം. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനും ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. ബലൂചിസ്ഥാന്‍ പ്രശ്നവും പുകയുന്നുണ്ട്. ഇതെല്ലാം പാക്കിസ്ഥാനെ വിറളി പിടിപ്പിക്കുന്നുമുണ്ട്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെ, നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാന്‍ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വിശദീകരിച്ചു കഴിഞ്ഞു. ഇത് പാക്കിസ്ഥാനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഇന്ത്യയുടെ അടുത്ത നടപടികള്‍ക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തതായും ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്റെ നടപ്പാക്കല്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളം തടയാന്‍ ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് മുന്‍ഗണനയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്ന് കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയില്‍ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കര്‍ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു.
ഇവയെല്ലാം ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ജലസംഭരണിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാര്‍ഗങ്ങള്‍. ഇതെല്ലാം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ ഒരു പോഷക നദിയിലെ കിഷെന്‍ഗംഗ, ചെനാബിന്റെ ഒരു പോഷകനദിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ പാക്കിസ്ഥാന്‍ എതിര്‍ത്തുവരികയാണ്. കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലൂടെ പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ അവഗണിക്കാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടാകും.
സിന്ധു നദീജലകരാര്‍ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നല്‍കി ഇന്ത്യ അതിവേഗ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്റെ പരാതിയില്‍ ലോകബാങ്ക് ഇടപെട്ടിരുന്നു. ഇനി ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യയുടേത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജല്‍ ശക്തി മന്ത്രി സിആര്‍ പാട്ടീല്‍ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തു വന്നതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഭീകരര്‍ക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പാക് പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
- പാകിസ്ഥാന്‍ രൂപീകരണം മുതല്‍ ഇന്നുവരെ
1947-ല്‍ രൂപീകൃതമായതു മുതല്‍ പാകിസ്ഥാന്‍ രാഷ്ട്രീയപരമായ സ്ഥിരതയില്ലായ്മയുടെയും, തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധികളുടെയും ഒരു നീണ്ട ചരിത്രത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനാധിപത്യ ഭരണകൂടങ്ങളും സൈനിക ഭരണകൂടങ്ങളും മാറിമാറി ഭരിച്ച ഈ രാജ്യം, ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ സ്ഥാപിക്കുന്നതില്‍ നിരന്തരം പരാജയപ്പെട്ടു. ഇതിന്റെയെല്ലാം പ്രധാന കാരണം, രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയില്‍ സൈന്യത്തിനുള്ള അമിതമായ സ്വാധീനമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും പാകിസ്ഥാനില്‍ പതിവ് കാഴ്ചയായിരുന്നു. ഇത് രാഷ്ട്രീയപരമായ അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും, വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു.
സാമ്പത്തിക രംഗത്തും പാകിസ്ഥാന് സ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ പലപ്പോഴും ദീര്‍ഘവീക്ഷണമില്ലാത്തതും, രാഷ്ട്രീയപരമായ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതുമായിരുന്നു. അമിതമായ കടബാധ്യത, കറന്‍സിയുടെ മൂല്യത്തകര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, കുറഞ്ഞ കയറ്റുമതി, വര്‍ധിച്ച ഇറക്കുമതി എന്നിവയെല്ലാം പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളെ പാകിസ്ഥാന് വളരെയധികം ആശ്രയിക്കേണ്ടിവന്നു. എന്നിട്ടും, രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
2022-2024 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം വര്‍ധിച്ച ഇന്ധന വില, രാജ്യത്തിന്റെ അമിതമായ കടബാധ്യത, മോശം ഭരണകൂടം, കുറഞ്ഞ ഉത്പാദനക്ഷമത, രാഷ്ട്രീയപരമായ സ്ഥിരതയില്ലായ്മ, 2022-ലെ വെള്ളപ്പൊക്കം എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഭക്ഷ്യവസ്തുക്കള്‍, ഗ്യാസ്, എണ്ണ എന്നിവയുടെ വില കുതിച്ചുയര്‍ന്നു. 2023 മെയ് മാസത്തില്‍ പണപ്പെരുപ്പം 38.50% എന്ന റെക്കോര്‍ഡ് നിലയിലെത്തി. വിദേശനാണ്യ കരുതല്‍ ശേഖരം വളരെ കുറഞ്ഞ നിലയിലേക്ക് എത്തിച്ചേര്‍ന്നു.
ഇതിനിടയിലും, ഇന്ത്യയുമായുള്ള ബന്ധം പാകിസ്ഥാന് ഒരു വലിയ വെല്ലുവിളിയായി തുടര്‍ന്നു. കശ്മീര്‍ വിഷയത്തില്‍ ദീര്‍ഘകാലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുന്നുണ്ട്. ഭീകരവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന ഇന്ത്യയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. സാമ്പത്തികമായും രാഷ്ട്രീയപരമായും ദുര്‍ബലമായ പാകിസ്ഥാന്‍, ഇന്ത്യയുമായി ഒരു സൈനിക സംഘര്‍ഷത്തിന് മുതിരുന്നത് അവരുടെ സ്ഥിതി കൂടുതല്‍ അപകടത്തിലാക്കും എന്നത് തീര്‍ച്ചയാണ്. ഇന്ത്യയുടെ ശക്തമായ സൈനിക ശേഷിയും, വളരുന്ന സാമ്പത്തിക ശക്തിയും പാകിസ്ഥാന് ഒരു വലിയ ഭീഷണിയാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു യുദ്ധം പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നിലപാട് പാകിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്റെ കൃഷി മേഖലയെ സാരമായി ബാധിക്കും. ഇതിനോടകം തന്നെ സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന്, ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടലിന് ശേഷിയുണ്ടോ എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. രാഷ്ട്രീയപരമായ സ്ഥിരതയും, ശക്തമായ സാമ്പത്തിക അടിത്തറയുമില്ലാതെ ഒരു യുദ്ധത്തിന് മുതിരുന്നത് പാകിസ്ഥാന് ആത്മഹത്യാപരമായ ഒരു നീക്കമായിരിക്കും.
CONTENT HIGH LIGHTS;Who will fire first?: India will definitely retaliate; Provocations are just dramas to avoid retaliation; India is preparing a funeral for Pakistan after the water bomb