വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കാന്‍ പോവുകയാണ്. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു ലോകോത്തര പ്രോജക്ടിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുന്നത്. അവിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ടാകണം. പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമുണ്ടാകണം. കാരണം, വിഴിഞ്ഞം തുറമുഖം ആര്‍ക്കും സ്ത്രീധനം കിട്ടിയ വകയല്ല. ഓരോ ഭാരതീയന്റെയും വിയര്‍പ്പിന്റെ ഭാഗം കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തുന്നവര്‍ ചെയ്യുന്നത്, കുടിവെള്ളത്തില്‍ നഞ്ചു കലര്‍ത്തുന്ന പ്രവൃത്തിയാണ്.
ഓരോ ഇന്ത്യാക്കാരനും വിഴിഞ്ഞം തുറമഖത്തില്‍ അവകാശമുണ്ട്. കേരളത്തിലെ മനുഷ്യര്‍ക്ക് അതിലേറെ അര്‍ഹതയുണ്ട്. എന്നാല്‍, ഭരിക്കുന്നവര്‍ക്ക് അതിന്റെ പ്രഖ്യാപനവും, പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നേതൃത്വവും, പദ്ധതി പൂര്‍ത്തിയാക്കാനുള്ള ഔദ്യോഗിക ഇടപെടലുകളും നടത്താമെന്നതു മാത്രമാണ് പ്രത്യേകത. അല്ലാതെ വിഴിഞ്ഞത്തിന്റെ പൂര്‍ണ്ണമായ അവകാശമോ, വിഴിഞ്ഞത്തിന്റെ ആഴം അളന്നതിന്റെ അളവുകോല്‍ സ്വന്തമാക്കാനോ ആര്‍ക്കും കഴിയില്ല. അതായത്, വിഴിഞ്ഞം ആര്‍ക്കും സ്ത്രീധനം കിട്ടിയ വകയല്ല എന്നര്‍ത്ഥം. ഇവിടെ മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രഖ്യാപനം നടക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കാത്തത്, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാത്തതു കൊണ്ടാണെന്ന വിശദീകരണം ഒരു മന്ത്രിയുടെ വകയായി പുറത്തു വന്നിട്ടുണ്ട്.
ഇത് ശരിയാണോ. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കേണ്ടത്, സര്‍ക്കാരിന്റെ ഭാഗമായവരാണ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രതിപക്ഷം നില്‍ക്കേണ്ട ആവശ്യമില്ല. ക്ഷണിക്കപ്പെട്ടാല്‍ പോകാം പോകാതിരിക്കാം. എന്നാല്‍, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഴിഞ്ഞത്തെ കൂട്ടിക്കെട്ടേണ്ടതില്ല. വിഴിഞ്ഞം പദ്ധതിയുടെ തുടക്കവും ഒടുക്കവും എങ്ങനെയാണെന്ന് മലയാളികള്‍ക്കറിയാവുന്ന സത്യമാണ്. പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ഉമ്മന്‍ചാണ്ടി എന്തു ചെയ്തിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. അത് വീണ്ടും പറയിപ്പിക്കുന്നത്, ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികളാണ്.
വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ഔദ്യോഗികമായി നടത്തിയ ചര്‍ച്ചയില്‍ ഭാര്യയെയും മകളെയും കൊച്ചു മകനെയും ഇരുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അവരുടെ കുടുംബങ്ങളെയും കൊണ്ടുവന്ന് മീറ്റിംഗില്‍ ഇരുത്തിയിരുന്നെങ്കില്‍ എന്തെങ്കിലും പറയാനാകുമായിരുന്നോ. മന്ത്രി വി.എന്‍. വാസവന്‍ തന്റെ കുടുംബത്തെ കൊണ്ടു വരാത്തതെന്തായിരുന്നു. വിഴിഞ്ഞം എം.ഡി.ക്ക് തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും കൊണ്ടു വരാമായിരുന്നില്ലേ. മേയര്‍ക്കും കൊണ്ടാ വരാമായിരുന്നു കുടുംബത്തെ. പക്ഷെ, അതൊന്നും സംഭവിച്ചില്ല അവിടെ.
അവിടെ സംഭവിച്ചത്, മുഖ്യമന്ത്രിയുടെ കുടുംബ സന്ദര്‍ശമായി വിഴിഞ്ഞത്തെ സുരക്ഷയും മറ്റും വിലയിരുത്താന്‍ മുഖ്യമന്ത്രി എത്തിയ പരിപാടി. അവിടെ നടന്ന ഔദ്യോഗിക പരിപാടിയില്‍ കുടുംബം ഒപ്പമിരുന്നു. അതൊരു അസ്വാഭാവിക നടപടി ആയിരുന്നു എന്നു മാത്രമല്ല, കേരളജനതയുടെ മുഖ്യമന്ത്രിയെ മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും മുഖ്യമന്ത്രിയെപ്പോലെ ജനങ്ങള്‍ കാണണമെന്നാണ് ഇതിലൂടെ നല്‍കിയിരിക്കുന്ന സന്ദേശം. ഇങ്ങനെ ചെയ്തിരിക്കുന്ന സര്‍ക്കാരാണ് വിഴിഞ്ഞം പ്രഖ്യാപനത്തില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ്. ഇതിന്റെ ഭാഗമായ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ല. തുറമുഖ കമ്മിഷനിങ്ങും വാര്‍ഷികാഷോഘ പരിപാടികളുടെ ഭാഗമായതിനാല്‍ ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചുവെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ പറയുന്നത്.
എന്നാല്‍ വിഴിഞ്ഞം തുറമുഖം എങ്ങനെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയാകുമെന്ന സംശയമാണ് ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന് കൂടി മുതല്‍ മടുക്കുള്ളതാണ് വിഴിഞ്ഞം. സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തമുള്ള സ്ഥാപനം. ഡിസംബറില്‍ നടത്തേണ്ട കമ്മിഷനിങ്ങാണു മേയിലേക്കു നീണ്ടത്. എന്നാല്‍, കമ്മിഷനിങ്ങിനെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണു സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിക്കു പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത്.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണു കമ്മിഷനിങ് എന്ന സര്‍ക്കാരിന്റെ വാദം അത്ഭുതകരമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ സ്ഥലം എം.പി ശശി തരൂര്‍, എം.എല്‍.എ എം. വിന്‍സെന്റ് എന്നിവര്‍ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നാഴികക്കല്ല്, നിര്‍മാണത്തിനുള്ള ക്രെയിനുകളുമായി 2023 ഒക്ടോബറില്‍ ആദ്യ ചരക്കു കപ്പല്‍ അടുത്തതാണ്. ഈ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയും എല്‍.ഡി.എഫിനെ വിമര്‍ശിച്ചുമാണു പ്രസംഗിച്ചത്. ശശി തരൂര്‍ എം.പിയും വിന്‍സെന്റും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍, 2024 ജൂലൈയില്‍ ആഘോഷമായി ട്രയല്‍ റണ്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ സ്ഥലം എം.പിയെയും എം.എല്‍.എയെയും മാത്രമാണു ക്ഷണിച്ചത്.
തുറമുഖം മൂലം തീരദേശവാസികള്‍ നേരിട്ട പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശശി തരൂര്‍ വിട്ടുനിന്നപ്പോള്‍, പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് വിന്‍സെന്റ് പങ്കെടുത്തു. ശശി തരൂര്‍ കമ്മിഷനിങ്ങില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നാണു നിലപാട്. കമ്മിഷനിങ് ചടങ്ങിലേക്കു ക്ഷണിച്ചാല്‍ വേദിയില്‍ ഇരിക്കും, ഇല്ലെങ്കില്‍ സദസ്സിലിരിക്കുമെന്നു വിന്‍സെന്റ് പറഞ്ഞു. എം.പിയോ എം.എല്‍.എയോ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് വിലക്കിയിട്ടുമില്ല. ഇതിനിടെയാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയായി വിഴിഞ്ഞം കമ്മീഷനിംഗിനെ മന്ത്രി വാസവന്‍ തന്നെ ചര്‍ച്ചയാക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിന്റെ മറുപടി ഇതുവരെ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വന്‍ ചര്‍ച്ചയായി മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാംവര്‍ഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് കമ്മീഷനിംഗ് എന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് നേരത്തേ തന്നെ പ്രതിപക്ഷ നേതാവ് എടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് അതിഥികളുടെ പേരുകളില്‍ അദ്ദേഹമില്ലാത്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പക്ഷത്ത് നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം. അതേസമയം പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവനന്തപരും എംപി ശശി തരൂരിന്റെയും കോവളം എംഎല്‍എ വിന്‍സെന്റിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം നേരത്തേ തന്നെ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്.
CONTENT HIGH LIGHTS; Vizhinjam Port: It is the public property of Kerala; Ships dock at Vizhinjam not for political reasons; Both the ruling and the unruly have a stake in the port; Don’t forget that no one received a dowry.