ചരിത്രം ചിലപ്പോഴൊക്കെ ഓര്‍മ്മിപ്പിക്കുന്നത്, വസ്തുതകളും നഗ്ന സത്യങ്ങളുമായിരിക്കും. അതതു കാലങ്ങളില്‍ ഭരിക്കുന്ന ഭരണാധികാരികള്‍ നടപ്പാക്കിയിട്ടുള്ള ഭാവി പദ്ധതികളെ കുറിച്ചൊക്കെ ചരിത്രം കഥ പറയുമ്പോഴാണ് കേള്‍ക്കാന്‍ ഇമ്പവും. അതുവരെ, കേട്ടിരുന്ന വാര്‍ത്തകളൊന്നും ചരിത്രവുമായി പുലബന്ധം പോലുമുണ്ടാകില്ല എന്ന തിരിച്ചറിവ് വരികയും ചെയ്യും. വിഴിഞ്ഞം തുറമുഖം നാളെ കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനു സമര്‍പ്പിക്കുകയാണ്. ഈ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച, അപമാനങ്ങള്‍, അഴിമതി ആരോപണങ്ങള്‍ നിരവധി കേട്ട ഭരണാധികാരികളുണ്ട്.
അതേ അപവാദങ്ങള്‍ പറഞ്ഞവര്‍ പിന്നീട്, അധികാരത്തിലേറിയപ്പോള്‍ ഇതേ പദ്ധതി വിജയിപ്പിക്കാന്‍ പ്രയത്‌നിച്ചതും ചരിത്രമാണ്. സര്‍ക്കാരുകള്‍ തുടര്‍ച്ചകളാണ്. എന്നാല്‍ രാഷ്ട്രീയം, ആരോപണ പ്രത്യാരോപണങ്ങള്‍ നിറച്ച് അധികാര കസേരയ്ക്കു വേണ്ടിയുള്ള, തെരഞ്ഞെടുപ്പു വിജയം മാത്രം ലക്ഷ്യമിട്ടു നടത്തുന്ന ബോംബുകളാണ്. അത് എല്ലാക്കാലത്തും ഭരണക്കാര്‍ക്കെതിരേ പൊട്ടിക്കൊണ്ടിരിക്കും. ഇന്നു ഞാന്‍ നാളെ നീ എന്നേ അതിനെ പറയാനൊക്കൂ. പക്ഷെ, സര്‍ക്കാരുകളുടെ തുടര്‍ച്ച എന്നത്, മുന്‍കാലങ്ങളില്‍ ഇരുന്ന സര്‍ക്കാരുകള്‍ ചെയ്തു തീര്‍ക്കാതെ പോയ പദ്ധതികളെല്ലാം നാടിന്റെ വികസനത്തിനു വേണ്ടി ചെയ്യുക എന്നതാണ്.
അതില്‍ ഉണ്ടായിട്ടുള്ള തെറ്റു കുറ്റങ്ങള്‍ മാറ്റിയായിരിക്കും പിന്നീട് ആ പദ്ധതി മുന്നോട്ടു പോവുക എന്നു മാത്രം. വിഴിഞ്ഞം തുറമുഖ പദ്ധതിയിലും ഇതുതന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നു കാണണം. അല്ലാതെ, വിഴിഞ്ഞം പദ്ധതി ആരുടെയുും കഞ്ഞുമല്ല. ആരും ആ പദ്ധതിയുടെ തന്തയുമല്ല. അത് കേരളത്തിന്റേതാണ്. ഇന്ത്യുടേതാണ്. ലോകത്തിനു മുമ്പിലെ അഭിമാനവും അഹങ്കാരവുമണ്. നോക്കൂ, വിഴിഞ്ഞം കടലിന്റെ സ്വാഭാവിക ആഴവും അതിന്റെ അനന്ത സാധ്യതകളും കണ്ടെത്തി, അവിടെ തുറമുഖം നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് ആദ്യം പഠനം നടത്താന്‍ ഒരു കമ്പനിയെ നിയോഗിച്ച സര്‍ക്കാര്‍ ഇ.കെ. നായനാര്‍ സര്‍ക്കാരാണ്.
അതിനു ശേഷമാണ് വിഴിഞ്ഞം തുറമുഖമെന്ന പദ്ധതി മലയാളികളുടെ സ്വപ്‌നങ്ങളില്‍ വന്നതും, ഉറക്കം നഷ്ടപ്പെട്ടതും. പിന്നീട്, യു.ഡി.എഫ്. എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ കേരളം ഭരിച്ചു. സമയം വൈകിയെങ്കിലും അത് യാഥാര്‍ഥ്യത്തിലേക്ക് എത്തി. സ്വപ്‌നം .യാഥാര്‍ഥ്യമായപ്പോള്‍ വിഴിഞ്ഞം തുറമുഖമെന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള മത്സരമാണ് നടക്കുന്നത്. ‘തന്ത വൈബ്’ കാലത്തെ വിഴിഞ്ഞം തുറമുഖത്തിന്റെ തന്തയാര് എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറയുന്നത്, അത് ഇടതുപക്ഷ സര്‍ക്കാരിന്റെ കുട്ടിയാണെന്നാണ്.
അതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം തുറമുഖത്ത് പോയതും, ഔദ്യോഗിക മീറ്റിംഗില്‍ പങ്കെടുത്തതുമെന്നാണ്. പക്ഷെ, അവിടെയും മന്ത്രി ഒരു ജാമ്യം മുന്‍കൂറായെടുക്കുന്നുണ്ട്. ഞാനെന്റെ മകനെ ഇവിടെ നിര്‍ത്താത്തതിനു കാരണം ഇതാണ് എന്നാണ്. വിഴിഞ്ഞത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ഗോ കപ്പല്‍ അടുക്കുമ്പോള്‍ അതിന്റെ ആദ്യകാലം ഓര്‍ക്കാതെ പോകാനാവില്ല. വിഴിഞ്ഞത്ത് ആദ്യമായി തുറമുഖം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത് 1996ല്‍ കേരളത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ തീരുമാനപ്രകാരം തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചു. അതിനു ശേഷം കേരളത്തില്‍ അധികാരത്തില്‍ വന്നത് എ.കെ. ആന്റണി സര്‍ക്കാരാണ്. വിഴിഞ്ഞത്തു നടത്തിക്കൊണ്ടിരുന്ന പഠനം അപ്പോള്‍ പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍, ഈ പഠനം പൂര്‍ത്തിയാക്കാതെ തന്നെ ആന്റണി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടി നേരിട്ട് ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടന്നു. വിശദമായ പരിശോധന നടത്താതെയുള്ള സര്‍ക്കാറിന്റെ ടെന്‍ഡര്‍ നടപടിയില്‍ കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിന് സുപ്രധാനമായ സുരക്ഷാ അനുമതി കേന്ദ്രം നിഷേധിച്ചു.
പിന്നീട് 2006ല്‍ അധികാരത്തില്‍ വന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുറമുഖത്തിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടി. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ അപേക്ഷ കേന്ദ്രം നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണത്തിനായി നിക്ഷേപകരെ കണ്ടെത്തുന്നതിന് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ വിവിധ രാജ്യങ്ങള്‍ ഔദ്യോഗികമായി പ്രതിനിധികളായി മീറ്റില്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശ് ആസ്ഥാനമായ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനി സര്‍ക്കാര്‍ നിശ്ചയിച്ച തുകയിലും കുറഞ്ഞ തുകയില്‍ (നെഗറ്റീവ് ടെന്‍ഡര്‍) സംസ്ഥാനത്തിന് നിരന്തര ലാഭം ലഭിക്കുന്ന തരത്തില്‍ നല്‍കിയ ടെന്‍ഡര്‍ അംഗീകരിക്കപ്പെട്ടു. ടെന്‍ഡറില്‍ പങ്കെടുത്ത ചില കമ്പനികള്‍ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയ്ക്ക് ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചതോടെ ലാന്‍കോ കമ്പനി ടെന്‍ഡറില്‍ നിന്നും പിന്‍മാറി. ശേഷംവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗസ്റ്റ് 2015ല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വര്‍ഷത്തേക്കുള്ള കിഴിവ് കരാറില്‍ ഒപ്പിടുകയായിരുന്നു.
കരാര്‍ നടപ്പാക്കാനായി കേരള സര്‍ക്കാര്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (VISL) എന്ന പേരില്‍ നൂറു ശതമാനം സര്‍ക്കാര്‍ അധീനതയിലുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു. പദ്ധതിയുടെ മേല്‍നോട്ടത്തിനും അവസരോചിതമായ ഇടപെടലുകള്‍ക്കും കേരള സര്‍ക്കാര്‍ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഒരു എംപവേര്‍ഡ് കമ്മിറ്റിയും രൂപീകരിച്ചു. 2014 ഡിസംബറില്‍ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്‍കി. തുടര്‍ന്നു വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ 2019 ജൂലൈയില്‍ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകള്‍ സമര്‍പ്പിച്ചു. അനുമതി ലഭിച്ചതിനു പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം വേഗത്തിലായി.
നാളെ കഴിഞ്ഞ് അത് ലോകത്തിന് സമര്‍പ്പിക്കുകയാണ്. ഒരു ബ്രഹത് പദ്ധതിയുടെ സാക്ഷാത്ക്കാരമാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലും, രാജ്യത്തിനും ഇതിലൂടെ കിട്ടുന്ന വരുമാനം ചെരുതല്ല. അതെല്ലാം ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകണം. അതുപോലെ തുറമുഖം വരാന്‍ വേണ്ടി സ്വന്തം ഭൂമിയും വീടുമെല്ലാം വിട്ടു നല്‍കിയവരെ പുനരധി വസിപ്പിക്കല്‍ എന്നൊരു കടമ്പ കൃത്യമായും ശക്തമായും വ്യക്തമായും പൂര്‍ത്തിയാക്കാന്‍ കഴിയണം. മത്സ്യ തൊഴിലാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുകയും വേണം. ഇതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമെന്ന നിലയില്‍ തുറമുഖം നല്ല രീതിയില്‍ മുന്നോട്ടു പോകും.
അതിനുള്ള ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുകയും ചെയ്യും. എന്നാല്‍, വിഴിഞ്ഞം തുറമുഖത്തേക്കുള്ള കണക്ടിവിറ്റി റോഡുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സര്‍ക്കാര്‍ മറന്നു പോകരുത്. തുറമുഖം റെഡി, പക്ഷെ അങ്ങോട്ടേക്കെത്തേണ്ട റോഡുകള്‍ ഇടുങ്ങിയതാണെങ്കില്‍ എങ്ങനെ കണ്ടെയ്‌നര്‍ നീക്കം നടക്കും. തുറമുഖത്തേക്ക് കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ വീതിയുള്ള റോഡുകള്‍ വേണം. അതുണ്ടോ എന്നതാണ് ചോദ്യം. ഇടുങ്ങി റോഡുകലിലൂടെ ട്രെയ്‌ലറുകള്‍ പോകുന്നത്, ചെറിയ വാഹനങ്ങള്‍ക്ക് ഭീഷണിയാകും. അത് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പാടുപെടുന്നവര്‍ ജനങ്ങളോട് പിതൃശൂന്യത കാട്ടരുത് എന്നേ പറയാനുള്ളൂ.
CONTENT HIGH LIGHTS; Who should not bathe and kill the baby?: Whose baby is the Vizhinjam port?: It started with E.K. Nayanar and ended with Pinarayi Vijayan?; A.K. Antony, V.S. Achuthanandan and Oommen Chandy laid the foundation?