വിഴിഞ്ഞം തുറമുഖവും അതിന്റെ സമര്‍പ്പണവുമാണ് ഇനിയുള്ള മണിക്കൂറുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയം. ഇന്ന് പ്രധാനമന്ത്രിയുടെ വരവിനായുള്ള അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ നടക്കുകയാണ്. നാളെ തലസ്ഥാന നഗരം അതീവസുരക്ഷാ വലയത്തിലായിരിക്കും. മറ്റെന്നാള്‍ ഉദ്ഘാടനവും. ഇതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തിന്റെ പേരില്‍ തര്‍ക്കവും വെട്ടിമാറ്റലുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നടക്കുന്നുണ്ട്. അപ്പോഴും വെട്ടിമാറ്റാന്‍ പറ്റാതെ കിടക്കുന്ന ശക്തമായ വാക്കുകളുണ്ട്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി 2015 ജൂണ്‍ 8ന് നടന്ന നിയമസഭാ പ്രത്യേക സമ്മേളത്തിലെ പ്രസംഗമായിരുന്നു അത്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് നിയമസഭയില്‍ വലിയ പോരാട്ടം നടത്തുകയായിരുന്നു എല്‍.ഡി.എഫ്. വിഴിഞ്ഞം പദ്ധതി ഒരുഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടി
വരുമെന്നായപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കുകയായിരുന്നു ചെയ്തത്. ആ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അസന്നിഗ്ധമായി പ്രഖ്യാപിച്ച കാര്യമാണ് വിഴിഞ്ഞം തുറമുഖം സാക്ഷാത്ക്കരിക്കും എന്ന്. അന്ന് ഉമ്മന്‍ചാണ്ടി എടുത്ത നിലപാടിന്റെ കൂടി ഫലമാണ് മറ്റെന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയെ മറന്നുപോകാനാവില്ല. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളും.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ പ്രസംഗം ഇങ്ങനെ
“വിഴിഞ്ഞം കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ്. അതിനു വേണ്ടി 1991 മുതല്‍ നമ്മള്‍ ശ്രമിക്കുകയാണ്. പക്ഷെ, ഇതുവരെ വിജയിച്ചിട്ടില്ല. ഇപ്പോഴത് ഒരു അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ടെന്റര്‍ വിളിച്ചു. ടെന്റര്‍ വിളിച്ചതില്‍ എട്ടു ലക്ഷംരൂപ ഫീസ് അടച്ച് ടെന്‍ഡര്‍ ഫോം പലരും വാങ്ങിയപ്പോള്‍, നമുക്കല്‍പ്പം ഓവര്‍ കോണ്‍ഫിഡന്‍സായി. സമ്മതിക്കുന്നു. കാരണം, എട്ടു ലക്ഷംരൂപ കൊടുത്ത് ഫോം വാങ്ങിയവര്‍ ടെന്‍ഡറില്‍ പങ്കെടുക്കാതിരിക്കുമോ. പങ്കെടുക്കും എന്നു വിശ്വസിച്ചു. അതുകൊണ്ട് നമ്മള്‍ ആരെയും കോണ്‍ടാക്ട് ചെയ്തില്ല. പക്ഷെ, അവസാന ദിവസം ആരും അപേക്ഷിച്ചില്ല എന്നു കണ്ടപ്പോള്‍, ആകെ അത്ഭുതപ്പെട്ടു പോയി. കാരണം, വലിയ പ്രതീക്ഷയായിരുന്നു. ഇവിടുത്തെ മാധ്യമങ്ങള്‍ രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. ആ വിമര്‍ശനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നു.
ഞങ്ങള്‍ക്ക് അല്‍പ്പം ഓവര്‍ കോണ്‍ഫിഡന്‍സായിപ്പോയി. ഞങ്ങള്‍ ഒരാളെയും കോണ്‍ടാക്ട് ചെയ്തില്ല. താനേ ടെന്‍ഡര്‍ വരുമെന്ന് നമ്മള്‍ ധരിച്ചു. അങ്ങനെ രൂക്ഷമായ വിമര്‍ശനം വന്ന സമയത്ത്, ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡ് കൂടി തീരുമാനമെടുത്തു. മുഖ്യമന്ത്രി, എല്ലാ കമ്പനികളുമായി കോണ്‍ടാക്ട് ചെയ്യണം. അങ്ങനെ ആ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികലുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. സാറേ, ഞാന്‍ ഒറ്റയ്ക്കല്ല കമ്പനികളെ കണ്ടത്. പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര്‍ട്ട്, ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ഡെല്‍ഹി റെസിഡന്റ് കമ്മിഷണര്‍ ബാബുവും എന്നോടൊപ്പം ഉണ്ടായിരുന്നു. നമ്മുടെ ഫുള്‍ ടീമായിട്ടാണ് കണ്ടത്. അതുപോലെ തന്നെ അദാനിയും ഒറ്റയ്ക്കല്ല വന്നത്. കമ്പനിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായിട്ടാണ് വന്നത്. നമ്മള്‍ പരമാവധി അവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അവര്‍ക്ക് വലിയ സംശയങ്ങളുണ്ട്. ഒന്ന് വല്ലാര്‍പാടത്തിന്റെ സ്ഥിതിയെ സംബന്ധിച്ച്.
പിന്നെ, കേരളത്തിന്റെ പൊതുവായ അന്തരീക്ഷത്തെ കുറിച്ച്. അതിനൊക്കെ അവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാന്‍ വേണ്ടിയിട്ടുള്ള കാര്യങ്ങളും പറഞ്ഞു. നമ്മള്‍ ഇവരെ മാത്രമല്ല, മറ്റു കമ്പനികളുമായിട്ടും ബന്ധപ്പെട്ടു. പക്ഷെ, ഞാന്‍ വിളിച്ച രണ്ടാമത്തെ കമ്പനിയുടെ എം.ഡി അന്ന് യൂറോപ്പിലായിരുന്നു. അതുകൊണ്ട് കാണാന്‍ സാധിച്ചില്ല. ഇതാണ് കാര്യം. അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട. നിങ്ങള്‍ (പ്രതിപക്ഷം)ഏത് സംശവും പറഞ്ഞോ, ഏത് നിര്‍ദ്ദേശവും വെച്ചോ. അതൊക്കെ സ്വീകരിക്കാനാവുന്നതു മുഴുവന്‍ സ്വീകരിക്കാന്‍ തയ്യാറാണ്. പക്ഷെ, അഴിമതി ആരോപണം ഉന്നയിച്ച്, ഇത് ഇല്ലാതെയാക്കാമെന്നു എന്നു വിചാരിച്ചാല്‍, നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്.”
ഇതാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം തുറമുഖത്തോടുള്ള നിലപാട്. അന്ന് ടെന്‍ഡര്‍ നല്‍കിയ അദാനി പോര്‍ട്ടാണ് വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കിയത്. ഇന്ന് അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് കാണുകയാണ്. അന്ന് ആരോപണം ഉന്നയിച്ച എല്‍.ഡി.എഫിന്റെ പ്രമുഖ നേതാവാണ് ഇന്ന് മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം സ്വപ്‌നം കണ്ട്, അതിനു വേണ്ടി തുടക്കമിട്ട അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരും സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും,
മുഖ്യമന്ത്രിമാരായിരുന്ന എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും വിശ്രമ ജീവിതത്തിലാണിന്ന്. അവരും ഈ പദ്ധതിക്കുവേണ്ടി പ്രയത്‌നിച്ചവരാണ്. ഇതൊന്നും മറക്കാനാവുന്നതല്ല. പക്ഷെ, ലോകം തന്നെ വിഴിഞ്ഞത്തെ ശ്രദ്ധിക്കുമ്പോള്‍ ഇവിടെ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കുറ്റപ്പെടുത്തലുകളും ഒഴിവാക്കല്‍ നാടകങ്ങളും നടക്കുന്നു എന്നത് വളരെ മോശമായ കാര്യങ്ങളാണ്. വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി എന്നതാണ് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. അതെന്തു കൊണ്ടാണെന്നതിന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ നല്‍കിയ മറുപടിയും വിവാദമായി.
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയുടെ ഭാഗമാണെന്നും, അതില്‍ പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതു കൊണ്ടാണെന്നുമായിരുന്നു മറുപടി. വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെയും രാജ്യത്തിന്റെയും വലിയ പദ്ധതിയല്ലേ. ആ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരുകള്‍ എല്‍.ഡി.എഫിലും യു.ഡി എഫിലുമില്ലേ. അപ്പോള്‍ അതെങ്ങനെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മാത്രം ഒതുങ്ങും.
അന്തരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രയത്‌ന ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഈ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് പോകില്ലെന്നാണ് പറയുന്നത്. എന്തായാലും, സര്‍ക്കാര്‍ ചെയ്യുന്നത് നീതീകരിക്കാനാവുന്നതല്ല. പ്രതിപക്ഷത്തെയും മുന്‍ മുഖ്യമന്ത്രിമാരെയും ആഈദരിക്കുക തന്നെ വേണം. അല്ലാതെ എല്ലാ ക്രെഡിറ്റും ഒറ്റയ്ക്ക് എടുക്കാമെന്ന് വ്യാമോഹിക്കാന്‍ പാടില്ലെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഉമ്മന്‍ചാണ്ടിയുടെ പഴയ പ്രസംഗം വൈറലാകുന്നതും.
CONTENT HIGH LIGHTS; Oommen Chandy’s words are going viral?: If you think you can make this disappear by raising corruption allegations, it won’t work; The speech he made in the assembly has been taken over by social media?; What is a viral speech?