കേരളത്തിലെ കൊടും കുറ്റവാളികളുടെ അപ്പോസ്തലനായിരുന്ന അഡ്വക്കേറ്റ് ബി.എ ആളൂര്‍ ഇനിയില്ല. പതിയാരം ആളൂര്‍ വീട്ടില്‍ ബിജു ആന്റണി എന്ന 53 വയസ്സുകാരന്‍ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ സ്ഥിരമായി വക്കാലത്ത് എടുത്ത് വാദിക്കാനെത്തിയിരുന്ന ആളൂര്‍ വക്കീല്‍, ആ ഒരൊറ്റ് കാര്യം കൊണ്ടു തന്നെ കുപ്രസിദ്ധി നേടിയിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ഇദ്ദേഹം. പൂനെയിലെയും എറണാകുളത്തെയും വീടുകളിലാണ് താമസിച്ചിരുന്നത്. കേരള ഹൈക്കോടതിയിലും ജില്ലാ കോടതികളിലും നിരവധി ശ്രദ്ധേയ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച് പേര് നേടിയ അഭിഭാഷകന്‍ കൂടിയാണിദ്ദേഹം.
-
അഡ്വക്കേറ്റ് ആളൂര്‍ ആരാണ്?
കേരളത്തില്‍ നിന്നുള്ള ഒരു ക്രിമിനല്‍ അഭിഭാഷകനാണ്. 1999ല്‍ അദ്ദേഹം അഭിഭാഷകനായി ചേര്‍ന്നു. തുടര്‍ന്ന് കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ഭൂരിഭാഗവും ക്രിമിനല്‍ കേസുകളാണ്. മിക്ക സമയത്തും അദ്ദേഹം കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായി. മിക്കപ്പോഴും ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു. പല കേസുകളിലും അദ്ദേഹം വിജയത്തിന്റെ മധുരം നുകര്‍ന്നു. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് ആളൂരാണ്. അത് സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായി. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനു വേണ്ടിയും ആളൂര്‍ ഹാജരായത് വാര്‍ത്തയായിരുന്നു.
ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനു വേണ്ടി ഇന്‍ഫോസിസിന്റെ പക്ഷംപിടിച്ച് ഹാജരായും ആളൂര്‍ കുപ്രസിദ്ധനായി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കും വേണ്ടി അദ്ദേഹം വാദിക്കുന്നുണ്ട്. അങ്ങനെ സകലമാന കൊടും ക്രിമിനലുകള്‍ക്കും വേണ്ടി ആളൂര്‍ കോടതി വരാന്തയില്‍ എപ്പോഴുമുണ്ടാകും. മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് അങ്ങനെ സുപരിചിതമാണ്. അത് പുനരാവിഷ്‌കരിക്കപ്പെടുകയായിരുന്നു ആളൂരിലൂടെ പിന്നീട് കണ്ടത്.
കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദസ്വാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു, മള്ളൂരിനെപ്പോലെ കൊലപാതകിയെ രക്ഷിക്കാനെത്തിയ ആളാണോ ഈ ആളൂരെന്ന്. വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചും മറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കപ്പെട്ടു. പിന്നീട് സുപ്രീംകോടതിയില്‍ സൗമ്യക്കും കേരളത്തിനും വേണ്ടി വാദിച്ച പബ്ലിക് പ്രൊസിക്യൂട്ടര്‍, സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദം സമ്മതിച്ചുകൊടുത്തതോടെ ആളൂര്‍ വീണ്ടും മുമ്പിലെത്തി. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രതി ഗോവിന്ദച്ചാമിക്ക് രണ്ടുവര്‍ഷം കൂടി ജയിലില്‍ കിടന്നാല്‍ മതിയെന്നായി.
അങ്ങനെ ഒരു സാധു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്ന ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും ആളൂര്‍ രക്ഷിച്ചു. ഇഥോടെ കേരളത്തെ ജയിലുകളില്‍ കൊടും ക്രൂരതകള്‍ ചെയ്ത് വിചാരണ നേരിടുന്നവരെല്ലാം ആളൂരിനെ തേടിത്തുടങ്ങി. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര്‍ പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ കറുത്ത ഗൗണ്‍ അണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതക ലൈംഗിക കൃത്യങ്ങളുടെ കേസുകളിലെ പ്രതികള്‍ക്കു വേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ അന്വേഷണം നടത്തിയ പൊലീസുകാര്‍ക്ക് ബോധ്യപ്പെട്ടതാണ്. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കു വേണ്ടി ഹാജരായിരുന്നു. മുംബൈ പനവേലില്‍ പൊലീസ് സ്്‌റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും സൂചനയുണ്ട്. ആളൂരിന്റെ അഭിഭാഷക സംഘത്തില്‍ ഇത്തരത്തിലുള്ള കേസുകള്‍ വാദിക്കാനുള്ള നിരവധി അഭിഭാഷകരുണ്ട്. അമിതാഭ് ബച്ചനെതിരെ മുംബൈയിലെ പത്രപ്രവര്‍ത്തകന്‍ നല്‍കിയ നികുതി വെട്ടിപ്പുകേസില്‍ പത്രപ്രവര്‍ത്തകനു വേണ്ടി ഹാജരായത് ആളുരായിരുന്നു. ബണ്ടിചോര്‍ എന്ന കുറ്റവാളിക്കു വേണ്ടിയും ആളൂര്‍ കേസ് വാദിക്കാനെത്തി. അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഇടപെട്ടിരുന്നു.
സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി ആയിരുന്നു ആളൂരിന്റേത്. ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.
-
അറിയാതെ പോകുന്ന സത്യങ്ങള്‍ ?
ആലൂരിന്റെ മരണത്തോടെ അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. അത് നിഗൂഢമായിത്തന്നെ തുടരും. കൊടും ക്രിമിനലുകള്‍ക്കു വേണ്ടി വക്കാലത്ത് എടുക്കണമെന്ന് ആലൂര്‍ വക്കീലിനോട് പറഞ്ഞിരുന്നതാര്. സമൂഹം ഒന്നടങ്കം എതിര്‍ക്കുന്ന, കണ്ണില്‍ ചോരയില്ലാത്ത കൊലപാതകങ്ങള്‍ നടത്തിയവരെ രക്ഷിക്കാന്‍ ആരാണ് പറയുന്നത്. ഇവരുടെ കേസുകള്‍ക്കായി പണം മുടക്കുന്നതാര്. ആളൂര്‍ സ്വന്തമായി കേസ് ഏറ്റെടുക്കുകയോ, പണം കിട്ടാതെ കേസ് വാദിക്കുകയോ, കോടതി നടപടികള്‍ക്ക് പണമില്ലാതെ കേസ് പോസ്റ്റ് ചെയ്യാനോ കഴിയില്ലെന്നിരിക്കെ, ആരാണ് ഇതിനു പിന്നില്‍ പണം മുടക്കിയിരുന്നതെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ പോവുകയാണ്. തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിട്ടുള്ളത്.
ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായിരുന്നു. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയില്‍ സര്‍ക്കാര്‍ ഭവനിര്‍മ്മാണ പദ്ധതി പ്രകാരം വച്ചുനല്‍കിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇങ്ങനെയുള്ള ഗോവിന്ദച്ചാമിയുടെ കേസില്‍ പണം മുടക്കിയതാര് എന്നത് ഇന്നും രഹസ്യം. സമാനമായ രീതിയിലാണ് ഓരോ കേസുകളും. കോടതികളിലെ ആളൂരിന്റെ ചില വിചിത്രമായ വാദങ്ങളില്‍ കോടതി ശാസിക്കുകയും ചെയ്തിട്ടുണ്ട്. അനാവശ്യ ചോദ്യങ്ങളാല്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇതെല്ലാം താണ്ടി ആളൂര്‍ മുന്നോട്ടുതന്നെ പോയി. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനു പോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നും വരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതും പബ്ലിസിറ്റി സ്റ്റണ്ട് ആയി എല്ലാവരും ചൂണ്ടിക്കാട്ടുന്നു.
CONTENT HIGH LIGHITS The apostle of heinous crimes is no more?: Who is Advocate B.A. Aloor?; The return of the man who was ready to argue without hesitation in cases that created a stir has been silent