അന്താരാഷ്ട്രാ തുറമുഖമായി പ്രവര്‍ത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ രാഷ്ട്രീയമായും, കോമഡിയായുമൊൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഉദ്ഘാടനത്തിനും മണിക്കൂറുകള്‍ക്കു മുമ്പ് വേദിയില്‍ സീറ്റു പിടിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുതല്‍, സീറ്റു കിട്ടാതെ വേദിക്കു താഴെ ഇരുന്ന മന്ത്രിമാരും പരിവാരങ്ങളും, പാര്‍ലമെന്റില്‍ തമ്മില്‍ കലഹിച്ച സുരേഷ്‌ഗോപിയും ജോണ്‍ബ്രിട്ടാസും നേര്‍ക്കു നേര്‍കണ്ടു മുട്ടി ഹസ്തദാനം നടത്തിയതും, അദാനി കേരളത്തിന്റെ സഹൃത്താണെന്ന് വിശേഷിപ്പിച്ച മന്ത്രി വി.എന്‍. വാസവനെ പ്രധാനമന്ത്രി കളിയാക്കിയതമെല്ലാം നിറഞ്ഞതായിരുന്നു വിഴിഞ്ഞം തുറമുഖത്തെ ഇന്നത്തെ പ്രഭാതം.
അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്, പ്രധാനമന്ത്രിയുടെ ഹിന്ദി പ്രസംഗം വിവര്‍ത്തനം ചെയ്തതാണ്. ഒരു വേള വിവര്‍ത്തകന്‍ സി.പി.എം അനുഭാവിയാണോ എന്നുപോലും വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു. എന്നാല്‍, അദ്ദേഹം ഒന്നാന്തരം ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗവും, മന്‍കീ ബാത്തും സ്വാതന്ത്ര്യദിന പ്രസംഗവുമെല്ലാം വിവര്‍ത്തനം ചെയ്തു പരിചയമുള്ള ആലുകൂടിയായിരുന്നു. ഹിന്ദി അധ്യാപകനും മോദി ഭക്തനുമായ പള്ളിപ്പുറം ജയകുമാറായിരുന്നു വിവര്‍ത്തകന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം പ്രശ്‌നം ലൈവായി നില്‍ക്കുമ്പോഴാണ് ഉദ്ഘാടനം നടക്കുന്നത്.
അതുകൊണ്ടു തന്നെ നരേന്ദ്രമോദിയുടെ വരവും രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. മോദിയുടെ പ്രസംഗത്തിലും രാഷ്ട്രീയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കിയില്ല. എന്നാല്‍, ആ പ്രസംഗത്തില്‍ നിരാശ പടര്‍ന്നത് വേദിയിലും, സദസ്സിലുമിരുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും യു.ഡി.ഫെ് പ്രവര്‍ത്തകര്‍ക്കുമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം കത്തിക്കയറി രാഷ്ട്രീയം തൊട്ടു. വിഴിഞ്ഞം ഉദ്ഘാടന വേദി കാണുമ്പോള്‍ ഇന്ത്യ അലൈന്‍സിലെ നേതാക്കന്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് മോദി പറഞ്ഞു നിര്‍ത്തി. ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന് വിവര്‍ത്തകന്‍ പറഞ്ഞതോടെ മോദി ഞെട്ടി. പറഞ്ഞതൊന്ന്, വിവര്‍ത്തനം നടത്തിയത് വേറൊന്നായിപ്പോയതിന്റെ അന്ധാളിപ്പ് വിവര്‍ത്തകനും. ഒരു സെക്കന്റിലെ ഞെട്ടല്‍മാറി വീണ്ടും തെറ്റു തിരുത്താന്‍ നോക്കിുമ്പോള്‍ ചെരു ചിരിയോടെ പ്രധാനമന്ത്രി അടുത്ത വാചകത്തിലേക്കു കടന്നു.
തനിക്കു പറ്റിയ തെറ്റ്, അത് ഏറ്റു പറയുകയാണ് പള്ളിച്ചല്‍ ജയകുമാര്‍. ഇതിനു കാരണം, സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളും, കുറ്റപ്പെടുത്തലുകളുമാണ്. താന്‍ മോദിയുടെ പ്രസംഗത്തെ കളിയാക്കിയതാണെന്നും, മനപ്പൂര്‍വ്വം പറഞ്ഞതാണെന്നുമൊക്കെയാണ് ചര്‍ച്ചകള്‍ ഇതിനു മരുപടിയെന്നോണമാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുമ്പില്‍ കാര്യം തുറന്നു പറഞ്ഞത്.
-
ട്രാന്‍സിലേറ്റര്‍ തന്നെ തനിക്കു പറ്റിയ പ്രശ്‌നം തുറന്നു പറയുകയാണ്
ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്‌ക്രിപ്റ്റ് തന്നിരുന്നു. പ്രധാനമന്ത്രി എത്തുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ എസ്.പി.ജിയിലുള്ളവര്‍ പറഞ്ഞു, പ്രധാനമന്ത്രി പ്രസംഗത്തിന്റെ സ്‌ക്രിപറ്റിനപ്പുറം ചില കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു പറയുന്നുണ്ട്. അത് ശ്രദ്ധിക്കണമെന്ന്. എന്നാല്‍, ഇന്ന് എനിക്ക് ടെക്‌നിക്കലി സംഭവിച്ചത്, ഞാന്‍ നിന്ന പോഡിയത്തിനടുത്തു വെച്ചിരുന്ന ഔട്ട് പുട്ട് ഓഡിയോ വ്യക്തമായിരുന്നില്ല. നന്നായിട്ട് കേള്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല. അപ്പോള്‍ സ്‌ക്രിപ്റ്റ് ഫോളോ ചെയ്തു. എങ്കിലും അദ്ദേഹം പറഞ്ഞ ഈ സ്ഥലത്ത് പറഞ്ഞത് വ്യക്തമായില്ല.
പ്രധാനമന്ത്രി ഇന്ത്യ അലൈന്‍സ് എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത് പക്ഷെ, അത് ട്രാന്‍സിലേറ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നായിപ്പോയി. അപ്പോള്‍ത്തന്നെ അത് തിരുത്താന്‍ ശ്രമിക്കുമ്പോഴേക്കും പ്രധാനമന്ത്രി ചിരിച്ചു കൊണ്ട് പ്രസംഗം തുടരുകയായിരുന്നു. അതിനിടയില്‍ പിന്നെ ഒന്നും ചെയ്യാനില്ലായിരുന്നു. പ്രധാനമന്ത്രിക്കും മനസ്സിലായി തെറ്റു പറ്റിയെന്ന്. മലയാളം നല്ലപോലെ കേട്ടാല്‍ മനസ്സിലാകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. പിന്നീടുള്ള പ്രസംഗമെല്ലാം നന്നായിട്ട് ട്രാന്‍സിലേറ്റ് ചെയ്തു. മന്ത്രി വി.എന്‍. വാസവന്റെ പ്രസംഗം, ശങ്കരാചാര്യ ജിയുമായിട്ടുള്ള വിഷയം, ജോര്‍ജ് കുര്യന്‍ സാര്‍ രാഷ്ട്രപതിയോടൊപ്പം പോയതുമൊന്നും സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു. അതെല്ലാം കൃത്യമായി ഫോളോ ചെയ്തു. ഇവിടെ ഒരു ഭാഗത്തു മാത്രമാണ് ചെറിയ പ്രശ്‌നം ഉണ്ടായത്.
യഥാര്‍ഥ പ്രശ്‌നം എന്നത്, വ്യക്തമായി കേള്‍ക്കാനാകാത്തതു കൊണ്ടാണ്. എന്നെ സര്‍ക്കാര്‍ നിയമിച്ചതല്ല. 2014 മുതല്‍ പ്രധാനമന്ത്രിയുടെ ധാരാളം പ്രസംഗങ്ങള്‍ ട്രാന്‍സിലേറ്റ് ചെയ്യുകയും, വന്ദേ ഭാരതിന്റെ ഉദ്ഘാടനം ട്രാന്‍സിലേറ്റ് ചെയ്യുകയും, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ ട്രാന്‍സിലേറ്റ് ചെയ്യുകയും, ഡെല്‍ഹിയില്‍ പോയി അദ്ദേഹത്തെ കാണുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഈ അവസരം തേടി വന്നതാണ്. കളക്ട്രേറ്റില്‍ നിന്നും വിളിച്ചു ട്രാന്‍സിലേറ്റ് ചെയ്യാന്‍ ഏര്‍പ്പെടുത്തുകയായിരുന്നു. അല്ലാതെ മറ്റാര്‍ക്കും ഇതില്‍ ഇന്‍വോള്‍വ്‌മെന്റ് ഇല്ല. ഞാന്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനാണ്. അഞ്ചു വയസ്സു മുതല്‍ അനുഭാവിയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ആയിരുന്നതു കൊണ്ട് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രത്യക്ഷമായി പ്രവര്‍ത്തനമില്ലെങ്കിലും വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ്. റിട്ടേര്‍ഡ് ആയതിനു ശേഷം വ്യക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു.
മാത്രമല്ല, മോദിജയുടെ ആരാധകനാണ്. അതാണ് അതിന്റെ പ്രധാന കാരണം. ഇതിനകത്ത് വലിയ സാമ്പത്തികം കിട്ടും എന്നൊന്നുമല്ല. അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കിട്ടുന്ന വേദി ആയിരുന്നു ഇതെന്നും മനസ്സിലാക്കിയാണ് ട്രാന്‍സിലേറ്ററായത്. എങ്കിലും ഒരു രാഷ്ട്ര നേതാവിന്റെ പ്രസംഗത്തില്‍ തെറ്റു വരുത്താന്‍ പാടില്ല. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. 2023ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ട്രാന്‍സിലേറ്റ് ചെയ്തതിന് പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഹിന്ദി അധ്യാപകനായിരുന്നു. 2024ല്‍ പെന്‍ഷനായി. പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് 2014ല്‍ തുടങ്ങുന്ന കാലം മുതല്‍ 100 എപ്പിസോഡുകള്‍ ട്രാന്‍സിലേറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ട്രാന്‍സിലേറ്റ് ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യദിന പ്രസംഗഘ്ഘള്‍ പല പ്രാവശ്യവും ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ അതൊന്നും ഒരു പ്രശ്‌നമല്ല. ഒരു പക്ഷെ, രാഷ്ട്രീയ കാര്യം പറഞ്ഞതു കൊണ്ടാവാം, അതിനകത്തൊരു വിമര്‍ശം വരുന്നത്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രയമുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കാന്‍ തന്നെ തീരുമാനിച്ചതെന്നും പള്ളിച്ചല്‍ ജയകുമാര്‍ പറയുന്നു.
CONTENT HIGH LIGHTS; Translator says PM says “India Alliance” as “Indian Airlines”: Translator Pallipuram Jayakumar says he didn’t hear what was said correctly; I am a BJP supporter and Modi fan; Jayakumar confesses that there should have been no mistake