വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് വേദിയില്‍ ഇരുന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചപ്പോള്‍ സദസ്സിലിരുന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നുവെന്ന്. അത് അല്‍പ്പത്തരമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടി ബി.ജെ.പി നേതാക്കള്‍ നല്‍കിയെങ്കിലും പൊതുവായി ഉയരുന്ന ഒരു സംശയം ‘ജയ് ഹിന്ദ്’ ഭാരത് മാതാ കീ ജയ് എന്നീ വാക്യങ്ങള്‍ ബി.ജെ.പിയുടെ മുദ്രാവാക്യമാണോ എന്നതാണ്. കാരണം സംഘ പരിവാര്‍ സംഘടനകളാണ് പ്രധാനമായും ഈ മുദ്രാവാക്യം വിളിക്കുന്നത്.
ഇതൊരു രാഷ്ട്രീയ മുദ്രാവാക്യമാണോ എന്നതാണ് സംശയം. ഈ മുദ്രാവാക്യം വന്നതെങ്ഹനെയാണ്. ഇതിന്റെ ഉപജ്ഞാതാവാര് എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിട്ടുള്ളതാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ വര്‍ഷം ഉത്തരം നല്‍കിട്ടുണ്ട്. എന്നാല്‍, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അത് വീണ്ടും ചര്‍ച്ചയാവുകയാണ്. അറിയണ്ടേ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വന്ന വഴി. ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ ആദ്യം ഉയര്‍ത്തിയത് ഒരു മുസ്ലീമാണ്. ‘ജയ് ഹിന്ദ് എന്ന മുദ്രാവാക്യം വിളിച്ചത് ആബിദ് ഹസനും, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചത് സ്വാതന്ത്ര്യ സമര സേനാനി അസീമുള്ളാ ഖാനുമാണ്.
അസീമുള്ള ഖാന്‍ യൂസുഫ്സായി എന്നാണ് അസീമുള്ള ഖാന്റെ മുഴുവന്‍ പേര്. ചെറുപ്പകാലത്തു തന്നെ ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ നേരില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അസീമുള്ള ഖാന്. തന്റെ പിതാവിനെ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ മനസ്സിലേല്‍പ്പിച്ച മുറിവ് ചെറുതായിരുന്നില്ല. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വേലക്കാരനായിരുന്നു അസീമുള്ളയുടെ പിതാവ്. അനുസരണക്കേട് കാണിച്ചെന്നാരോപിച്ച് കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു അദ്ദേഹത്തെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മറാത്ത പേഷ്വാ നാനാ സാഹിബിന്റെ പ്രധാനമന്ത്രിയായിരുന്നു അസിമുള്ള ഖാന്‍.
1830 സെപ്തംബറില്‍ ജനിച്ച അസിമുള്ളാ ഖാന്റെ ബാല്യകാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഒരു ലേഖനത്തില്‍ പറയുന്നു. പിന്നീട് അമ്മയ്ക്കൊപ്പം കാണ്‍പൂരിലെത്തി. ഇവിടെ അദ്ദേഹം ഒരു ബ്രിട്ടീഷ് മിഷനറിക്കൊപ്പം പഠിച്ച് ഇംഗ്ലീഷും ഫ്രഞ്ചും പഠിച്ചെടുത്തു. 1857ലെ കലാപത്തിന്റെ പ്രധാന നേതാവ് അസിമുള്ള ഖാന്‍ ആയിരുന്നുവെന്ന് എം.ജി അഗര്‍വാള്‍ തന്റെ ‘ഫ്രീഡം ഫൈറ്റേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അസിമുള്ളയ്ക്ക് ഇംഗ്ലീഷും ഫ്രഞ്ചും നന്നായി അറിയാമായിരുന്നതിനാല്‍ അദ്ദേഹം ഒരു ബ്രിട്ടീഷ് ബ്രിഗേഡിയറുടെ പരിഭാഷകനായി.
പിന്നീട് മറാഠി ഭരണാധികാരി നാനാ സാഹിബ് പേഷ്വാ രണ്ടാമന്റെ കൊട്ടാരത്തില്‍ ചേര്‍ന്നു. മറാഠിയിലെ പേഷ്വാ ബാജി റാവു രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ ദത്തുപുത്രനായ നാനാ സാഹിബിന് പെന്‍ഷന്‍ നല്‍കാന്‍ ബ്രിട്ടീഷുകാര്‍ വിസമ്മതിച്ചു. ഇതിനുശേഷം നാനാ സാഹേബ് അസിമുള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ചു. പെന്‍ഷന്‍ തര്‍ക്കം പരിഹരിക്കാന്‍ ഈ സംഘം ഇംഗ്ലണ്ടിലേക്ക് പോയി. അസിമുള്ള ഖാന്‍ 1853 മുതല്‍ 1855 വരെ ഇംഗ്ലണ്ടില്‍ താമസിച്ചു. ഇവിടെ വെച്ച് അദ്ദേഹം വിക്ടോറിയ രാജ്ഞിയെ കാണുകയും നാനാ സാഹിബിന് ലഭിച്ചിരുന്ന 80,000 പൗണ്ട് പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
എന്നാല്‍ അസിമുള്ളയുടെ ഈ ആവശ്യം ബ്രിട്ടീഷുകാര്‍ നിരസിച്ചു. ഇതിനുശേഷം 1855ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ അസിമുള്ള ഇവിടെ വന്നശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ‘ബ്രിട്ടീഷുകാരെ നശിപ്പിച്ച് സിംഹാസനം തിരിച്ചുപിടിക്കാന്‍ കഴിയുമ്പോള്‍, തന്റെ തുച്ഛമായ വേതനത്തെക്കുറിച്ച് എന്തിനാണ് വിഷമിക്കുന്നത്’ എന്ന് അസിമുള്ള നാനാ സാഹിബിനോട് പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തെ പിന്തുണച്ച് അസിമുള്ള ഖാന്‍ രാജാക്ക•ാര്‍ക്ക് കത്തുകള്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. അസിമുള്ള തന്റെ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു പ്രിന്റിംഗ് പ്രസ് കൊണ്ടുവന്നിരുന്നുവെന്ന് ‘ദി സിയാസത്ത് ഡെയ്ലി’ റിപ്പോര്‍ട്ട് ചെയ്തിച്ചുണ്ട്.
അദ്ദേഹം ഇന്ത്യയിലെത്തി ഹിന്ദിയിലും ഉറുദുവിലും ‘പയം-ഇ-ആസാദി’ എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചു. 1857ലെ കലാപത്തില്‍ അസിമുള്ള ഖാന്‍ വലിയ പങ്കുവഹിച്ചു. 1857ലെ കലാപകാലത്ത് ബ്രിട്ടീഷുകാര്‍ കാണ്‍പൂര്‍ ഉപരോധിച്ചിരുന്നു. വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, കമാന്‍ഡിംഗ് ഓഫീസര്‍ ജനറല്‍ ഹ്യൂ വീലറും തന്റെ സൈനികരും കാണ്‍പൂരിലെ സതി ചൗരാ ഘട്ടില്‍ നിന്ന് അലഹബാദിലേക്ക് ഓടാന്‍ തുടങ്ങി. അപ്പോള്‍ നാനാ സാഹിബിന്റെ ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ജനറല്‍ വീലര്‍ ഉള്‍പ്പെടെ നിരവധി ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടു. ഇരുപത് ദിവസം നീണ്ട കാണ്‍പൂര്‍ ഉപരോധം അവസാനിപ്പിക്കുന്നതില്‍ അസിമുള്ള ഖാന്‍ പ്രധാന പങ്കുവഹിച്ചതായി സൗള്‍ ഡേവിഡിന്‍ തന്റെ ‘ദി ഇന്ത്യന്‍ മ്യൂട്ടിനി’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘ഹം ഹേ ഇസെ മാലിക്, ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന വിപ്ലവ ഗാനത്തിലൂടെയും അസിമുള്ള ഖാന്‍ അറിയപ്പെട്ടു. എന്നാല്‍, ഈ ഗാനത്തില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ‘മദര്‍-ഇ-വതന്‍, ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതായി പലരും വിശ്വസിക്കുന്നു. അതേസമയം, 1873ല്‍ കിരണ്‍ ചന്ദ്ര ബന്ദോപാധ്യായയുടെ നാടകത്തിലാണ് ‘ഭാരത് മാതാ കീ ജയ്’ ആദ്യമായി പരാമര്‍ശിക്കപ്പെട്ടതെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. 1873ല്‍ കിരണ്‍ ചന്ദ്ര ബന്ദോപാധ്യായയുടെ നാടകത്തിലാണ് ഇത് ആദ്യമായി പരാമര്‍ശിക്കപ്പെട്ടതെന്ന് ചരിത്രരേഖകള്‍ പറയുന്നതെന്നാണ് ബി.ജെ.പി യുവമോര്‍ച്ച നേതാക്കളുടെ അവകാശ വാദം.
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു ആബിദ് ഹസ്സന്‍. 1947നു ശേഷം ഇന്ത്യന്‍ നയതന്ത്രജ്ഞനായും അദ്ദേഹം അറിയപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയുമാണ് ആബിദ് ഹസ്സന്‍. ഹൈദരാബാദില്‍ ജനിച്ച ഹസ്സന്‍ , വിദ്യാഭ്യാസത്തിനുശേഷം ജര്‍മ്മനിയില്‍ എഞ്ചിനീയറായി പരിശീലനം നേടി. ഈ സമയത്താണ് ഇദ്ദേഹം സുഭാഷ് ചന്ദ്രബോസിനെ കാണുന്നത്. പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ സെക്രട്ടറിയായും ദ്വിഭാഷാ സഹായിയായും പ്രവര്‍ത്തിച്ചു. 1946ല്‍ ഇന്ത്യയിലെത്തിയ ഐ.എന്‍.എ വിചാരണയുടെ അവസാനത്തെത്തുടര്‍ന്ന് മോചിതനാവുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.
വിഭജനശേഷം ഹൈദരാബാദില്‍ താമസമാക്കിയ അദ്ദേഹം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. ഈജിപ്ത്, ഡെ•ാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1969ല്‍ വിരമിച്ച് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കി. 1984ല്‍ അദ്ദേഹം അന്തരിച്ചു. ആബിദ് ഹസ്സന്റെ നിര്‍ദ്ദേശപ്രകാരമാണ് 1940ല്‍ ജയ്ഹിന്ദ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ മുദ്രാവാക്യമായി തെരഞ്ഞെടുത്തത്. ഹിന്ദുസ്ഥാന്‍ കി ജയ് എന്ന മുദ്രാവാക്യം താക്കൂര്‍ യശ്വന്ത് സിംഗ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ മുദ്രാവാക്യം വലുതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആബിദ് ഹസ്സന്‍ ‘ജയ്ഹിന്ദ്’ നിര്‍ദ്ദേശിച്ചത്.
ജയ്ഹിന്ദ് എന്ന മുദ്രാവാക്യം 1907ല്‍ ഉപയോഗിച്ചതായി പറയുന്നുണ്ട്. 1940 ലാണ് ആബിദ് ഹസ്സന്‍ ജയ്ഹിന്ദ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ മുദ്രാവാക്യമാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നത്. ഈ ചരിത്ര സംഭവങ്ങളിലെ വ്യക്തത കുറവാണ് ജയ്ഹിന്ദിന്റെ സ്രഷ്ടാവാരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായ്മയ്ക്ക് കാരണം. ആബിദ് ഹസ്സനാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചെമ്പകരാമനാണെന്ന് വാദിക്കുന്നുണ്ട്. എങ്കിലും ലഭ്യമായ തെളിവുകള്‍ ഈ പോര്‍വിളിയുടെ പിതൃത്വം ആബിദ് ഹസ്സന് നല്‍കുന്നുണ്ട്.
യുദ്ധസമയത്ത് സൈനികര്‍ അഴവരുടെ രാജ്യ സ്‌നേഹവും,. ആത്മവീര്യം ഉയര്‍ത്താനും, ശക്തി കൂട്ടാനും വേണ്ടി വിളിക്കുന്ന പോര്‍വിളിയാണ് വാര്‍ ക്രൈ. ചരിത്രത്തിലെമ്പാടും പോര്‍വിളികള്‍ (വാര്‍ ക്രൈ) മതവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു. മുഗള•ാര്‍ ഭരിച്ച കാലത്ത് അള്ളാഹു അക്ബറെന്നും ശിവജി ഭരിച്ച കാലത്ത് ‘ഹര ഹര മഹാദേവ്’ എന്നുമുള്ള പോര്‍വിളികള്‍ അവരുടെ സൈന്യങ്ങളുപയോഗിച്ചു. ഇന്ത്യ ഒരു ജനാധിപത്യ-മതേതര രാജ്യമായി മാറുകയും ആ മതേതരത്വം പോര്‍വിളികളില്‍ അത് പ്രതിഫലിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. ‘വാര്‍ ക്രൈ’ ആയി മതപരമായ മുദ്രാവാക്യങ്ങളെ സ്വീകരിക്കുന്ന രീതി ഒഴിവാക്കണമെന്ന് ദേശീയപ്രസ്ഥാന നേതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ഈ സമീപനം നെഹ്‌റുവിന്റെ കാലത്ത് ഒട്ടൊക്കെ പാലിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ജയ് ഹിന്ദ് പോലുള്ള മുദ്രാവാക്യങ്ങള്‍ ഐ.എന്‍.എയില്‍ പോര്‍വിളിയായി സ്വീകരിക്കപ്പെട്ടത്. ‘ഇന്ത്യ ജയിക്കട്ടെ’ എന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഈ മുദ്രാവാക്യമാണ് സ്വതന്ത്ര ഇന്ത്യയുടെ മുദ്രാവാക്യമായി മാറിയത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, പി. വി. നരസിംഹ റാവു എന്നിവര്‍ തങ്ങളുടെ പ്രസംഗം അവസാനിപ്പിക്കുന്നത് ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തോടെയായായിരുന്നു. 1990-കളോടെ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശംസാ വാക്യമായി ജയ്ഹിന്ദ് മാറി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സ്മരണിക പോസ്റ്റ് മാര്‍ക്ക് ജയ്ഹിന്ദായിരുന്നു. 1947 നവംബര്‍ 21 നാണ് ഇത് പുറത്തിറങ്ങിയത്.
ഇതാണ് ചരിത്രം പറയുന്നത്. സി.എ.എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മുദ്രാവാക്യങ്ങളെ കുറിച്ച് ചരിത്രം ഓര്‍മ്മിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ വിളിച്ചപ്പോഴാണ് ചര്‍ച്ച വീണ്ടും തുടങ്ങിയത്. ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. ഇത് മുദ്രാവാക്യം തന്നെയാണ്. എന്നാല്‍, സാധാരണ മുദ്രാവാക്യമല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു കിടക്കുന്ന മുദ്രാവാക്യം. ഇന്ത്യന്‍ പട്ടാളക്കാര്‍ക്കും, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ശക്തിയും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയ മുദ്രാവാക്യം.
എന്നാല്‍, അത് ഒരു രാഷ്ട്രീയ പാര്‍ട്ടി വിളിക്കുമ്പോള്‍ അത് രാഷ്ട്രീയ മുദ്രാവാക്യമായി മാറും. ബി.ജെ.പി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അപ്പോള്‍ അവര്‍ വിളിക്കുന്നത് രാഷ്ട്രീയമായിട്ടാണ്. അവിടെ രാജ്യ സ്‌നേഹമോ. സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മയോ അല്ല വരുന്നത്. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അതിനെ മറ്റുള്ളവര്‍ കളിയാക്കിയത് എന്നു വേണമെങ്കില്‍ പറയാം.
CONTENT HIGH LIGHTS; ‘Jai Hind, Bharat Mata Ki Jai’ Are These Slogans?: Who is the father of this slogan?; Is this a slogan of BJP?; Who is Asimullah Khan?; Who is Abid Hassan?; What is War Cry?