എന്തുകൊണ്ടാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌ക്കറിയയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ ഷര്‍ട്ടിടാന്‍ സമ്മതിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമാണ് സോഷ്യല്‍ മീഡിയ തേടുന്നത്. ആ ഷര്‍ട്ട്, പിങ്ക് നിറത്തിലുള്ള ഷര്‍ട്ടായതു കൊണ്ടാണോ ?. ആ ഷര്‍ട്ടിനോടാണോ ദേഷ്യം. ഷാജന്‍സ്‌ക്കറിയയെ അയാളുടെ ചാനലില്‍ എപ്പോള്‍ കണ്ടാലും പിങ്ക് നിറത്തിലുള്ള ആ ഷര്‍ട്ട് ധരിച്ചാണ് വാര്‍ത്ത വായിക്കുന്നത്. ഷാജന്‍സ്‌ക്കറിയയുടെ ട്രേഡ്മാര്‍ക്കായി മാറിയിരിക്കുകയാണ് ഈ നിറത്തിലള്ള ഷര്‍ട്ട്. ഷാജന്റെ വിമര്‍ശകര്‍ പോലും പിങ്ക് നിറത്തിലുള്ള ഷര്‍ട്ട് എവിടെയെങ്കിലും കണ്ടാല്‍ അത്, മറുനാടന്റെ ഷര്‍ട്ടല്ലേ എന്ന് പറഞ്ഞു തുടങ്ങിയിരുന്നു.
ഷാജന്റെ അഗ്രസീവ് വാര്‍ത്തകളെ എതിര്‍ക്കുന്നവര്‍ ഷാജന്റെ വെറുക്കുന്നതുപോലെത്തന്നെ, അദ്ദേഹം ധരിക്കുന്ന ആഷര്‍ട്ടും വെറുക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഷാജനെ ഷര്‍ട്ടിടാതെ അറസ്റ്റു ചെയ്തു കൊണ്ടു പോകുന്ന പടം സോഷ്യല്‍ മീഡിയയില്‍ ട്രോളായത്. ‘അല്‍പ്പ നേരത്തേക്കെങ്കിലും അവന്റെ ഷര്‍ട്ട് ഊരിച്ചല്ലോ’ എന്നായിരുന്നു ട്രോള്‍. ഈ ട്രോളുകളെല്ലാം സത്യമാകുന്നതിനു സമമാണ് ഇന്നലെ രാത്രി ഷാജനോട് പോലീസ,് ചെയ്തതെന്നാണ് ആക്ഷേപം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബും ഷാജന്റെ അറസ്റ്റിനെതിരേ ശക്തമായി അപലപിട്ടിട്ടുണ്ട്. അറസ്റ്റു ചെയ്യുന്നതിനെ ആരും തെറ്റു പറയുന്നില്ല, പക്ഷെ, അദ്ദേഹത്തെ ഷര്‍ട്ടിടാന്‍ അനുവദിക്കാത്തിനെയാണ് എതിര്‍ക്കുന്നത്.
* ഷാജന്‍സ്‌ക്കറിയക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ
“ഇതിനകത്ത് വിജയത്തിന്റെയോ തോല്‍വിയുടെയോ പ്രശ്‌നമില്ല. സര്‍ക്കാര്‍ എന്തിനോ വേണ്ടി ഇപ്പോഴും വേട്ടയാടുകയാണ്. എന്നെ പോലീസ് വന്ന് അറസ്റ്റുചെയ്യുമ്പോള്‍, അപ്പനും അമ്മയും ഉണ്ടായിരുന്നു. 90 വയസ്സുള്ള അപ്പന് ഒട്ടും വയ്യാതിരിക്കുകയാണ്. എന്നെ കാറില്‍ പിന്‍തുടര്‍ന്നാണ് പോലീസ് വന്നത്. വീട്ടില്‍ എത്തി, കുളിച്ചു, വസ്ത്രം മാറി. അപ്പനും അമ്മയ്ക്കും മരുന്നു കൊടുക്കാന്‍ എടുക്കുമ്പോഴാണ് പോലീസ് എത്തിയത്. ഗുണ്ടകള്‍ കയറുന്നതു പോലെ അകത്തോട്ടു കയറി. അകത്തു കയറി ഒരു ക്രൈം നമ്പര്‍ പറഞ്ഞു. ഈ ക്രൈം നമ്പറിലെ പ്രതിയാണ് നിങ്ങള്‍. അറസ്റ്റു ചെയ്യണം എന്നു പറഞ്ഞു. ഞാന്‍ ഉടുപ്പു പോലും ഇട്ടിട്ടില്ല. അതു സാരമില്ല, ഉടുപ്പ് ഞങ്ങള്‍ മേടിച്ചു തരാമെന്ന് പോലീസ് പറഞ്ഞു.
എനിക്കാരെയെങ്കിലും അറിയിക്കണം. അതുപറ്റത്തില്ല, മൊബൈല്‍ ഫോണും അപ്പോത്തന്നെ മേടിച്ചു. എന്നോടു പറഞ്ഞും സംസാരിക്കാന്‍ പറ്റത്തില്ലെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശരിയാണ്, പോലീസ് എന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല. വഴിയില്‍ വെച്ച് ഒരു വലിയൊരു അടിപൊളി ഷര്‍ട്ടൊക്കെ വാങ്ങിത്തന്നു. ഞാന്‍ പറഞ്ഞു, ഞാനിടുന്നത് ആ ഷര്‍ട്ടല്ല, നിങ്ങള്‍ തരുന്ന ഷര്‍ട്ട് ഞാനിടില്ല. എന്റെ ഷര്‍ട്ടേ ഇടാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ പോലീസ്‌റ്റേഷനില്‍ വെച്ച് എന്നോട് ഇതുവരെ പറഞ്ഞില്ല ക്രൈം എന്താണെന്ന്. സ്റ്റേഷനില്‍ വളരെ മാന്യമായാണ് ഇടപെട്ടത്. ഞാനവിടെ ഇരുന്നു. അവര്‍ എന്നെക്കൊണ്ട് അറസ്റ്റിന്റെ എല്ലാം ഒപ്പിടീച്ചു.
അതില്‍ ഐ.ടി. ആക്ട് 67 ഉണ്ടെന്നു കണ്ടു. അത് അശ്ലീല സംഭാഷണം ആണ്. അങ്ങനെ ഞാനാരെ കുറിച്ചും നടത്തിയിട്ടില്ല. ആരാണ് പരാതിക്കാരി എന്ന് പറഞ്ഞിട്ടില്ല. എന്താണ് കേസെന്നും പറഞ്ഞിട്ടില്ല. പോലീസുകാരെല്ലാം വളരെ മാന്യമായിട്ടാണ് ഇടപെട്ടത്. ഭക്ഷണം വേണണോ എന്നു ചോദിച്ചു. ഇരിക്കാന്‍ കസേര നല്‍കി. എന്നാല്‍, ഷര്‍ട്ടിടാത്തതു കൊണ്ട് കസേരയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലെന്നു തോന്നു. ഷിഹാബ് ഷാ എന്നൊരു ദുബായിയില്‍ വലിയ തട്ടിപ്പു നടത്തിയിട്ടുള്ള ഒരാളുണ്ട്. കേരളാ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസുള്ള ആളാണ്. ദുബായിയില്‍ അയാള്‍ ജയിലിലാണ്. ഇയാളുടെ കൂട്ടിളിയായ ഒരു ജനറള്‍ മാനേജര്‍ സ്ത്രീയാണ്. തട്ടിപ്പ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ക്കെതിരേ പരാതിയുണ്ട്. ആ സ്ത്രീയുടെ പരാതിയാണെന്നു തോന്നുന്നു.
മുഖ്യമന്ത്രിക്കെതിരേയും അയാളുടെ മകള്‍ക്കെതിരേയും, ദുബായ് കേന്ദ്രീകരിച്ച് മാഫിയാ പ്രവര്‍ത്തനം നടത്തുന്ന മകനെതിരേയും ധാരാളം വാര്‍ത്ത കൊടുക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ കൊടുക്കുന്നുണ്ടെങ്കിലും ഞാന്‍ അത് അഗ്രസീവായി കൊടുക്കുന്നുണ്ട്. മറ്റുള്ളവര്‍ അഗ്രസീവല്ല. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. പ്രത്യേകിച്ച് ഈ മാസപ്പടി കേസൊക്കെ വന്നതു കൊണ്ട് രണ്ടു ദിവംസ ജയിലില്‍ കിടക്കുകയാണെങ്കില്‍ രക്ഷപ്പെടാല്ലോ എന്നു കരുതിയായിരിക്കും ഇതെന്ന് കരുതുന്നു. പരാതിയുടെ കൂടുതല്‍ ഡീറ്റയില്‍ അറിയില്ല. പക്ഷെ, മുഖ്യമന്ത്രി ആയിരിക്കും. കാരണം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ സംസാരിക്കാതിരിക്കുക എന്നായിരിക്കും.
ഇപ്പോഴത്തെ ഡി.ജി.പിക്ക് തന്നോട് വാശിയുണ്ട്. അദ്ദേഹം ഡി.ജി.പി ആയപ്പോഴായിരുന്നു എന്നെ അറസ്റ്റു ചെയ്യാന്‍ 3000 പോലീസുകാരെ നിയോഗിക്കുകയും, 23 കേസെടുക്കുകയും ചെയ്തത്. എന്നിട്ടും, എന്നെ കിട്ടിയില്ല. പിന്നീടൊരിക്കല്‍ അദ്ദേഹത്തെ ട്രെയിനില്‍ വെച്ച് കണ്ടപ്പോള്‍, അദ്ദേഹത്തോടു തന്നെ പറഞ്ഞിരുന്നു. ‘സാറെ എന്നി കിട്ടിയില്ലായിരുന്നു, ഞാനിവിടെത്തന്നെയുണ്ട് കേട്ടോ’ അതിന്റെയൊരു വാശി അദ്ദേഹത്തിനുണ്ടെന്ന് പോലീസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, എങ്കില്‍ ഡി.ജി.പിയുടെ പകയായിരിക്കാമെന്നും ഷാജന്‍സ്‌ക്കറിയ പറയുന്നു.”
ഷാജന്റെ അഗ്രസീവ് വാര്‍ത്താ ശൈലിയെ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, രാഷ്ട്രീയമായി നല്‍കുന്ന വാര്‍ത്തകള്‍ നേതാക്കളെ വ്യക്തിഹത്യയ്ക്കു വിധേയമാക്കും വിധമുള്ള രീതിയില്‍ മാറിയതോടെ എതിരാളികളുടെ എണ്ണം കൂടി. അപ്പോഴും താന്‍, ചെയ്യുന്ന വാര്‍ത്തകളെല്ലാം അഴിമതിക്കെതിരെ ആണെന്ന ഉറച്ച നിലപാടിലാണ് ഷാജന്‍സ്‌ക്കറിയ നിന്നത്. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറുമായി നേരിട്ട് ഏറ്റുമുട്ടിയതും ഇതു മൂലമാണ്. പോലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയെന്ന അന്‍വറിന്റെ പരാതിയടക്കം നിരവധി പരാതികളും ഷാജന്‍സ്‌ക്കറിയയുടെ പേരിലുണ്ട്. ഇതിലെല്ലാം ജാമ്യവും നേടിയിട്ടുണ്ട്. സുപ്രീംകോര്‍ട്ടില്‍ നിന്നുമാണ് ഷാജന്‍ ചില കേസുകളില്‍ ജാമ്യം നേടിയതും.
വര്‍ഷങ്ങളായി പിണറായി വിജയന്‍ സര്‍ക്കാരിനെയും, പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെയും ആക്രമിക്കുന്നതില്‍ ഒരു കുറവും കാണിച്ചിട്ടില്ല ഷാജന്‍സ്‌ക്കറിയ. ഇത് ബി.ജെ.പിയും കോണ്‍ഗ്രസും നല്ലപോലെ ഉഫയോഗിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇഠതുപക്ഷത്തെയും മുഖ്യമന്ത്രിയെയും അടിക്കാനുള്ള വടിപോലെ ആയിരുന്നു ഷാജന്‍സ്‌ക്കറിയ പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഇഠതനുകൂലികള്‍ പറയുന്നു. എന്നാല്‍, ാജന്‍സ്‌ക്കറിയയുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ മറുനാടന്‍ മലയാളി സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നതില്‍ അധികവും ഇടതനുകൂലികള്‍ ആണെന്നത് മറ്റൊരു കൗതുകമാണ്.
ഷാജന്റെ വീഡിയോയുടെ താഴേ വരുന്ന കമന്റുകളാണ് അതിന് സാക്ഷി. തെറി പറയാനും, രഹസ്യമായി പിന്തുണയ്ക്കാനും ഈ സ്‌പേയ്‌സ് അവര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, മുധ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്ത കേള്‍ക്കുന്നവരെല്ലാം, ആ വാര്‍ത്തയുടെ ഉള്ളുകളികള്‍ അറിയാന്‍ യൂട്യൂബ് ചാനലും, വെബ്‌സൈറ്റ് വാര്‍ത്തകളും കാണുന്നവരാണേറെയും. സാധാരണ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ രാഷ്ട്രീയ ഉള്ളറകളിലേക്ക് ഇറങ്ങിയുള്ള വാര്‍ത്താ ശേഖരണ പരിപാടിയാണ് ഷാജന്‍സ്‌ക്കറിയയ്ക്ക് ശത്രുക്കളുടെ എണ്ണം കൂട്ടിയതെന്ന് തര്‍ക്കമില്ല.
ചില വാര്‍ത്തകളും, വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരുടെയും ജെന്‍ഡര്‍ നോക്കി ആയിരിക്കില്ല വാര്‍ത്ത കൊടുക്കാന്‍ കഴിയുക എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്. വലിയൊരു തട്ടിപ്പോ, രാഷ്ട്രീയ ഗൂഢാലോചനയോ, രാജ്യദ്രോഹപരമായ കാര്യങ്ങളോ, ബോധപൂര്‍വ്വം തെറ്റു ചെയ്യുന്നുവെങ്കിലോ, അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ കുറിച്ചുള്ള വാര്‍ത്ത നല്‍കേണ്ടതായി വരും. ഇത് സ്വാഭാവികമാണ്. ഇങ്ങനെ ഒരു വാര്‍ത്ത നല്‍കുമ്പോള്‍, ആ വാര്‍ത്തയില്‍ ഉള്‍പ്പെട്ട വ്യക്തി കേസ് നല്‍കിയാല്‍ അതിന്റെ പേരില്‍ പ്രതിയാക്കപ്പെടുന്നത്, വാര്‍ത്ത നല്‍കുന്ന ചാനലോ മാധ്യമമോ ആയിരിക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്നോ, സ്ത്രീയുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നോ ഉള്ള പരാതിയായിരിക്കും അതിനാധാരം.
അന്വേഷണ ഏജന്‍സിക്ക് ഒരു സ്ത്രീയില്‍ നിന്നും പരാതി ലഭിച്ചാല്‍, അതിന്‍മേല്‍ അന്വേഷണം നടത്തി നടപടി എടുക്കാം. കേസിന്റെ മെറിറ്റനുസരിച്ച് മാധ്യമ സ്ഥാപനത്തിലെ മേലധികാരിയെ ചോദ്യം ചെയ്യാം. എന്നാല്‍, ഇത് ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണെങ്കില്‍, ആ വാര്‍ത്ത വ്യാജ വാര്‍ത്തയോ, ആ സ്ത്രീയെ ബോധപൂര്‍വ്വം അപമാനിക്കാനോ കരുതിക്കൂട്ടി ചെയ്തതാണെന്ന് പ്രഥമദൃഷ്ട്യാ എങ്കിലും ബോധ്യമാകണം. അങ്ങനെ അല്ലെങ്കില്‍, അന്വേഷണ ഏജന്‍സിയെ വഴിതെറ്റിക്കാനോ, ദുരുപയോഗം ചെയ്യാനോ ആയിരിക്കും പരാതി നല്‍കിയതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നീതി എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം എന്നതല്ലേ അതിന്റെ ശരി. ഇവിടെ ഷാജന്‍സ്‌ക്കറിയ തന്റെ യൂ ട്യൂബ് ചാനലിലൂടെ ഒരു സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ആസ്പദമായ കേസ് ഇതാണ്(മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്)
“മാഹി സ്വദേശി ഗാന വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് അറസ്റ്റ്. കുടപ്പനക്കുന്നിലെ വീട്ടില്‍നിന്ന് തിങ്കള്‍ രാത്രി 9.30ഓടെയായിരുന്നു അറസ്റ്റ്. ജഡ്ജി ശ്വേത ശശികുമാറിന്റ വസതിയില്‍ രാത്രി 12ഓടെയാണ് ഷാജനെ ഹാജരാക്കിയത്. യുഎഇയില്‍ വ്യവസായിയായ ഗാനയ്ക്കെതിരെ അപകീര്‍ത്തികരവും മോശം ഭാഷകളുമുപയോഗിച്ചുള്ള വീഡിയോ മറുനാടന്‍ മലയാളിയുടെ യൂട്യൂബില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്കും മാസങ്ങള്‍ക്കുമുമ്പ് ഗാന ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. വഞ്ചിയൂരിലെ എസിജെഎം കോടതിയില്‍ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ്, ഐടി നിയമത്തിലെ 120–ാം വകുപ്പ് തുടങ്ങിയവ ചുമത്തി അറസ്റ്റ് ചെയ്തത്.”
അറസ്റ്റ് ചെയ്തതിനോ, ചോദ്യം ചെയ്തതിനോ ഒന്നിനും തടസ്സമില്ല. അന്വേഷണ ഏജന്‍സിയുടെ നടപടി ക്രമമായി കാണാം. എന്നാല്‍, ഷാജന്‍സ്‌ക്കറിയയെ വീട്ടില്‍ നിന്നും അര്‍ദ്ധരാത്രി പിടിച്ചതും, ഷര്‍ട്ടിടാന്‍ സമ്മതിക്കാതെ ജീപ്പില്‍ കയറ്റിയതും എന്തിനായിരുന്നു. വീട്ടില്‍ നിന്നല്ലേ പിടിച്ചത്. അപ്പോള്‍ അദ്ദേഹത്തിന് ഷര്‍ട്ടിടാന്‍ സമയം നല്‍കിക്കൂടായിരുന്നോ. അത് മാന്യതയുടെ ഭാഗമാണ്. അതുണ്ടായില്ല എന്നു മാത്രമല്ല, പുതിയ ഷര്‍ട്ട് വാങ്ങിക്കൊടുത്തു എന്നാണ് ഷാജന്‍ തന്നെ പറയുന്നത്. അപ്പോള്‍ ഷാജനൊപ്പം ഷാജന്റെ ഷര്‍ട്ടിനോടും എന്തോ പ്രശ്‌നമില്ലേ എന്നു തോന്നിപ്പോകുന്നു. അതോ ഷാജന്‍ മനപ്പൂര്‍വ്വം ഷര്‍ട്ടിടാതെ ജീപ്പില്‍ കയറിയതാണോ എന്നതും സംശമാണ്.
പോലീസ് വീട്ടില്‍ നിന്നും പിടിച്ചതിന്റെ പ്രതിഷേധമെന്ന നിലയില്‍ ഷര്‍ട്ടിടാതെ പോയതാണോ എന്നുമാണ് സംശയം. എന്തായാലും ഒരകു മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്ത്, ഷര്‍ട്ടിടാതെ പോലീസ് സ്‌റ്റേ,ില്‍ എത്തിക്കാന്‍ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. പൊതു സമൂഹത്തില്‍ വാര്‍ത്തകള്‍ സ്വയം വിളിച്ചു പറയുകയും, അതിന് ഒരു ഓഫീസ് പ്രവര്‍ത്തിക്കുകയും, അവിടെ കുറച്ചു പേര്‍ക്ക് ജോലി നല്‍കിയിരിക്കുയും ചെയ്തിട്ടുള്ള ആളാണ് ഷാജന്‍സ്‌ക്കറിയ. അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ കഴിയുന്നതോ, അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി അറസ്റ്റു ചെയ്യുകയോ ആകാമായിരുന്നു. എന്നിട്ടും, അതുണ്ടായില്ല എന്നതും, അറസ്റ്റു ചെയ്ത രീതിയുമാണ് വിമര്‍ശിക്കപ്പെടുന്നത്.
CONTENT HIGH LIGHTS; Is that pink shirt the problem?: Why isn’t Shajan Skaria allowed to wear a shirt?: The police bought him a cool shirt on the way; Shajan Skaria said I won’t wear the shirt you give me?