Explainers

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

തിരിച്ചടി മാത്രമല്ല, ശത്രുവിന്റെ ആക്രമണവും പ്രതീക്ഷിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിന് രാജ്യത്തെ ജനങ്ങളും സജ്ജരായിരിക്കണം. അതിനായി കേന്ദ്രസര്‍ക്കാര്‍ മിക്ക സംസ്ഥാനങ്ങളിലും സംരക്ഷണ സേനകളുടെ സംയുക്ത മോക്ഡ്രില്‍ നടത്തുകയാണ്. ഇന്ന് വൈകിട്ട് നാലു മണിയോടു കൂടി വലിയ ശബ്ദത്തിലുള്ള സൈറന്‍ മുഴക്കുന്നതോടെയാണ് മോക്ഡ്രില്‍ നടന്നത്. എന്നാല്‍, ബ്ലാക്ക് ഔട്ട് എന്നത് അത്ര നിസ്സാരമായി കാണാവുന്നതല്ല. രാജ്യം ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. അതിന് സജ്ജരാകാന്‍ നിരവധി മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലുള്ളവര്‍ക്കും അവരുടേതായ മുന്‍കരുതലുകളുണ്ട്. അതിന്റെ ഒരു റിഹേഴ്‌സലാണ് നടത്തിയത്.

നിലവില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പാക്ക് സൈന്യത്തിന് തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിക്കഴിഞ്ഞു. സമയവും, സ്ഥലവും സൈന്യത്തിനു തീരുമാനിക്കാമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യ സൈന്യത്തിനു നല്‍കിയ അതേ രീതിയിലുള്ള ഉത്തരവാണ് പാക്കിസ്ഥാനം നല്‍കിയിരിക്കുന്നത് എന്നതാണ് കൗതുകം. എങ്കിലും ഒരു തുറന്ന യുദ്ധം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാം. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നേരത്തെ തന്നെ ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതിനെ ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പിരിമുറുക്കം സൃഷ്ടിക്കുമ്പോഴാണ് ബ്ലാക്ക് ഔട്ട് നടത്തുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി ഇന്ന് ‘മോക്ക്ഡ്രില്ലി’ന് കേന്ദ്രം ആഹ്വാനം ചെയ്തിരിക്കുന്നത്. മോക്ക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ദൗത്യത്തിലൂടെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഈ സാഹചര്യത്തില്‍ മോക്ക്ഡ്രില്‍ തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സൈറണുകള്‍, ക്രാഷ് ബ്ലാക്കൗട്ടുകള്‍, സിവില്‍ ഡിഫന്‍സ് പരിശീലനം എന്നിവ മോക്ക് ഡ്രില്ലിന്റെ ഭാഗമാണ്. മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള ‘ബ്ലാക്ക് ഔട്ടുകള്‍’ എന്താണെന്ന് നോക്കാം.

തന്ത്രപരമായ യുദ്ധകാല നടപടിയാണ് ബ്ലാക്ക്ഔട്ട്. വൈദ്യുതി വിച്ഛേദിക്കുന്നതാണ് ഇതിന്റെ പ്രധാന ഘട്ടം. പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും ഇത് നടത്തുന്നത്. അതിര്‍ത്തി മേഖലകള്‍, മെട്രോ നഗരങ്ങള്‍, നിര്‍ണായകമായ മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധയൂന്നി ബ്ലാക്ക് ഔട്ട് നടപ്പിലാകും.
വ്യോമാക്രമണ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതി തസപ്പെടുമ്പോള്‍, ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വെളിച്ചം പുറത്തേക്ക് പോകാതിരിക്കാന്‍ ജനാലകള്‍ മൂടണം. വ്യോമാക്രമണം നടത്താനെത്തുന്ന ശത്രുവിന് ഇതോടെ ദൗത്യം ശ്രമകരമാകും. ഇതാണ് ബ്ലാക്ക് ഔട്ടിന്റെ പ്രസക്തി.

എന്നാല്‍ വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്. സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകോപനമാണ് ഇതിന്റെ അടിസ്ഥാനം. സൈനിക കേന്ദ്രങ്ങള്‍, അണക്കെട്ടുകള്‍, കമ്മ്യൂണിക്കേഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് സമീപമാണ് ബ്ലാക്കൗട്ടുകള്‍ നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുന്നത്. 1942ലെ കൊല്‍ക്കത്തയില്‍ നടന്ന ഡല്‍ഹൗസി ബോംബാക്രമണത്തോടെയാണ് ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നത്. ജാപ്പനീസ് വ്യോമാക്രമണങ്ങള്‍ക്കെതിരായ മുന്‍കരുതലായി കെട്ടിടങ്ങള്‍ക്ക് കറുത്ത പെയിന്റ് പൂശി ബ്ലാക്ക്ഔട്ട് നടപ്പിലാക്കി. വൈദ്യുതിയും വിച്ഛേദിച്ചു.

ഇന്ത്യ പാക് യുദ്ധസമയത്ത് പ്രധാനമായും ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. 1965ലെ യുദ്ധസമയത്ത് ജമ്മു & കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ നഗരങ്ങളില്‍ ബ്ലാക്ക്ഔട്ടുകള്‍ നടപ്പിലാക്കിയിരുന്നു. 1971ല്‍ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ പശ്ചിമ ബംഗാളിലെയും അസമിലെയും നഗരങ്ങളിലും ബ്ലാക്ക്ഔട്ട് എക്സര്‍സൈസുകള്‍ നടന്നു. എന്നാല്‍ 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് കാര്യമായി ബ്ലാക്ക്ഔട്ട് ഉണ്ടായിരുന്നില്ല. 1971ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതില്‍ മോക്ക് ഡ്രില്‍ നടത്തുന്നത്. രാജ്യത്ത് 259 കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്തും.

CONTENT HIGH LIGHTS; ‘Blackout’ is not that trivial: A wartime measure to cut off electricity; A blackout is not just about cutting off electricity; it is also about coordinating civil defense teams, local law enforcement agencies, and the public

Latest News