എപ്പോഴൊക്കെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ മണ്ണില്‍ അശാന്തി പരത്തിയിട്ടുണ്ടോ. അന്നൊക്കെ എണ്ണം പറഞ്ഞ് തിരിച്ചടിച്ചിട്ടുമുണ്ട് ഇന്ത്യന്‍ സൈന്യം. അപ്പോഴൊക്കെയും പതിയിരുന്ന് ശത്രുവിനെ ആക്രമിക്കുന്നതു പോലെയാണ് തിരിച്ചടികള്‍ നല്‍കിയിട്ടുള്ളതും. സൈന്യവും ആയുധപ്പുരകളും ഉണ്ടെങ്കിലും സമയവും സന്ദര്‍ഭവും നോക്കാതെയുള്ള യുദ്ധങ്ങള്‍, വലിയ ആള്‍നാശത്തിലേ അവസാനിക്കൂ. ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം ഇതുപോലെയാണ്. എന്നു തീരുമെന്നു പോലും വ്യക്തമല്ല.
എന്നാല്‍, ഇന്ത്യയുടെ ആക്രമണങ്ങള്‍ വളരെ ബുദ്ധി പൂര്‍വ്വവും മാരകവുമായിരിക്കും. അത് നേരത്തെയുള്ള ആക്രമണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതുമാണ്. അതിനു സമമായ ഒരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടത്തിയതും. അതുകൊണ്ടു തന്നെയാണ് പാക്കിസ്ഥാന് പെട്ടെന്ന് ഒന്നും ചെയ്യാന്‍ കഴിയാതെ പോയതും. ഇതാദ്യമായല്ല ഇന്ത്യ ഇത്തരത്തില്‍ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തുന്നത്. 2016ല്‍ നടന്ന ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കും 2019ല്‍ നടന്ന ബാലാക്കോട്ട് വ്യോമാക്രമണവും
ഇന്നും ഓരോ ഇന്ത്യക്കാരുടെയും മനസ്സിലുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതുമെല്ലാം ഇന്ത്യയുടെ നിര്‍ണായക സൈനിക ഓപ്പറേഷനുകള്‍ തന്നെയായിരുന്നു. സമാനമായ രീതിയില്‍ തന്നെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയിരിക്കുന്നതും. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക നീക്കം മെയ് 7ന് പുലര്‍ച്ചെ 1.44നാണ് നടത്തിയത്. പഹല്‍ഗാമിന് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
- ഓപ്പറേഷന്‍ മേഘദൂത്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളമായ സിയാച്ചിനില്‍ പ്രവേശിച്ച് അത് പിടിച്ചെടുത്ത ആദ്യ രാജ്യം ഇന്ത്യയായിരുന്നു. സിയാച്ചിന്‍ ഹിമാനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 1984 ഏപ്രില്‍ 13 ന് ഇന്ത്യന്‍ സൈന്യം ആരംഭിച്ച ഒരു സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ മേഘദൂത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ നടന്ന ആദ്യത്തെ ആക്രമണമായിരുന്നു ഇത്. ഇതില്‍ ഇന്ത്യന്‍ സൈന്യം ഹിമാനികളുടെ കൊടുമുടികള്‍ പിടിച്ചെടുത്തു.
- ഓപ്പറേഷന്‍ വിജയ്
1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച ‘ഓപ്പറേഷന്‍ വിജയ്’ എന്ന സാനിയാ നീക്കം നടന്നത്. 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് നുഴഞ്ഞുകയറി പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. എന്നാല്‍ ഇത് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷമാണ്. തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റമെന്നാണ് ഇന്ത്യന്‍ സൈന്യം ആദ്യം കരുതിയതെങ്കിലും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്ന് മനസ്സിലായത് പിന്നീടാണ്. ഇതോടെ 1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവില്‍ കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചു. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്.
- സര്‍ജിക്കല്‍ സ്‌ട്രൈക്ക്
2016 സെപ്തംബര്‍ 18ന് ജമ്മു കശ്മീരിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ഉറി ആക്രമണത്തിന് സെപ്തംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. ഇതിനെ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ചു. നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരില്‍ കടന്നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വടക്കന്‍ കശ്മീരിലെ ഉറി സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 19 ജവാന്‍മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താനും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായിരുന്നു. ആക്രമണം നടന്ന് കൃത്യം പത്ത് ദിവസത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തുകയായിരുന്നു. സെപ്തംബര്‍ 29ന് അര്‍ധരാത്രിയോടെ നടത്തിയ ആക്രമണത്തില്‍ 38 ഭീകരരേയും രണ്ട് ജവാന്മാരേയും സൈന്യം വധിച്ചു.
- ബാലകോട്ട് ആക്രമണം
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്‌കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെ പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് വ്യോമാക്രമണം.
പുല്‍വാമ ആക്രമണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്കിപ്പുറം ഫെബ്രുവരി 26നായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നേമുക്കാല്‍ മുതല്‍ 21 മിനിട്ട് നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായിരുന്നു ബാലാകോട്ടിലേത്. കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
- ഓപ്പറേഷന്‍ സിന്ദൂര്‍
മെയ് 7ന് പുലര്‍ച്ചെയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ആക്രമണത്തില്‍ 70 പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയിബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ഈ വിവരം മൂന്ന് സേനകള്‍ക്കും കൈമാറുകയായിരുന്നു. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്.
content high lights; Is this not the first time India has shocked the world?: With surgical strikes, Balakot, and Megha Doot?; Before we close our eyes, we should learn from military operations that defeat and destroy the enemy