Explainers

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നൊരു പഴഞ്ചൊല്ലുണ്ട്. അതിനു സമമാണ് പാക്കിസ്ഥാന്റെ വിരട്ടലും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്. ഒരു രാജ്യം, ഭീകരവാദവും തീവ്രവാദവും കൊണ്ട് മറ്റൊരു രാജ്യത്തിന്റെ സമാധാനം കെടുത്തുന്നു. മറ്റൊരു രാജ്യം, ക്ഷമിച്ചു ക്ഷമിച്ച് ഒടുവില്‍ മറുപടിയെന്നോണം തിരിച്ചടി നല്‍കുന്നു. സമാധാനത്തിന്റെ വഴിയേ പോകുന്ന ഇന്ത്യയ്ക്കു നേരെയാണ് ഓളപ്പാമ്പു കാട്ടി ഭീകരവാദികളായ പാക്കിസ്ഥാന്‍കാര്‍ പടക്കമെറിയുന്നത്. തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ എണ്ണം പറഞ്ഞായിരിക്കും ഇന്ത്യന്‍ മറുപടി. എങ്കിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.

അത് യുദ്ധസമാന സമയത്തല്ല. പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ നിന്നും ഏതു നേരവും അവര്‍ ഷെല്ലാക്രമണം നടത്തും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ഭീകരരെ തേടി പൈന്‍മരക്കാടുകളില്‍ തിരച്ചില്‍ നടത്തി തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്ക് സൈന്യം ഷെല്ലാക്രമണം നടത്തുകയാണ്. അവിടങ്ങളിലെല്ലാം ഇന്ത്യസൈന്യം കനത്ത തിരിച്ചടിയും നല്‍കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലും, അതിര്‍ത്തി ഗ്രാമങ്ങളിലും സമാനമായ ഷെല്ലാക്രമണം നടത്തുകയാണ് ഇപ്പോഴും. എന്നാല്‍, ഇതിനെല്ലാം കനത്ത തിരിച്ചടിയും പ്രത്യാക്രമണവും ഇന്ത്യന്‍ സേന നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. വരുന്ന മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്.

ഇന്ത്യ വെടിവെച്ചിട്ട പാക്കിസ്ഥാനന്റെ ഡ്രോണും, മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സൈന്യം പ്രദര്‍ശിപ്പിച്ചിരുന്നു. എങ്ങനെയൊക്കെ യുദ്ധം ചെയ്താലും, എവിടെയൊക്കെ അശാന്തി പരത്തിയാലും നഷ്ടം പാക്കിസ്ഥാനു മാത്രമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു കൂടിയാണ് ഇന്ത്യ ക്ഷമിച്ചിരിക്കുന്നതും. അടിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധം അടിച്ചൊതുക്കിക്കളയും ഇന്ത്യ. യുദ്ധത്തിനു വന്നപ്പോഴൊക്കെയും അതുണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായ പ്രകോപനം അതിരുകടന്നതാണ്. പഹല്‍ഗാമിലെ കൂട്ടക്കൊല ഇന്ത്യയിലെ സ്ത്രീകളുടെ സീമന്ത സിന്ദൂരത്തിനു വിലപറഞ്ഞ ആക്രമണമാണ്. അത് താങ്ങാനാവുന്നതിനും അപ്പുറമായിരിക്കുന്നു. ഭാരതാംബ എന്ന സങ്കല്പത്തിനു നേരെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്.

ക്ഷമിക്കാവുന്ന കുറ്റമല്ല പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ചെയ്തത്. ആരാണോ അത് ചെയ്തത്, അഴനെ ലോകത്തിന്റെ അറ്റം വരെയും ഓടിച്ച് കൊല്ലുമെന്നു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്ന് ധരിക്കരുത്. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ്. അതുകൊണ്ട് തിരിച്ചടിക്ക് ആക്കം കൂടും. അതിര്‍ത്തികളില്‍ ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് ഷൂട്ട് അറ്റ് സൈറ്റ് നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരു ദാക്ഷണ്യവും കാട്ടേണ്ടതില്ല എന്നര്‍ത്ഥം. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തികളില്‍ ആന്റി ഡ്രോണ്‍ സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

കശ്മീരിന് പുറമെ, പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തികളിലും കനത്ത ജാഗ്രതയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അതിര്‍ത്തി മേഖലകളില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും, അടിയന്തര ഘട്ടമുണ്ടായാല്‍ ഗ്രാമീണരെ ഒഴിപ്പിക്കാനായി വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ 1,037 കിലോമീറ്ററാണ് പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്. ഇവിടെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും, അതിര്‍ത്തിയില്‍ സംശയകരമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ വെടിവെക്കാനുള്ള അനുമതിയും ബി.എസ്.എഫിന് നല്‍കിയിട്ടുണ്ട്. മിസൈല്‍ പ്രതിരോധസംവിധാനവും സജ്ജമാക്കി.

ജോധ്പൂര്‍, കിഷന്‍ഗഞ്ച്, ബികാനീര്‍ വിമാനത്താവളങ്ങള്‍ നാളെ വരെ അടച്ചു. സുഖോയ് ഫൈറ്റര്‍ ജെറ്റുകള്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. രാജസ്ഥാനിലെ ബികാനീര്‍, ശ്രീഗംഗാനഗര്‍, ജയ്സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സേനാ വിഭാഗങ്ങള്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയവരുടെ അവധി റദ്ദാക്കി. ജയ്സാല്‍മീറിലും ജോധ്പൂരിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ വൈദ്യുതി ഓഫാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം എല്ലാ സര്‍ക്കാര്‍ പരിപാടികളും മുഖ്യമന്ത്രി ഭഗവന്ത് മന്‍ റദ്ദാക്കിയിട്ടുണ്ട്.

പഞ്ചാബിലെ ആറ് അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിരിക്കുകയാണ്. 430 ലേറെ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം വിശദീകരിക്കാനായി ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നു. അതേസമയം, അതിര്‍ത്തി മേഖലയിലെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസികളായ 13 പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. ഇതില്‍ 44 പേര്‍ പൂഞ്ച് മേഖലയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ നിരവധി മേഖലകളില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് കനത്ത ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഇതിന് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ തിരച്ചടി നല്‍കിയത്. ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാന്‍ ദിനേശ് കുമാര്‍ വീരമൃത്യു വരിച്ചു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജമ്മു കശ്മീരിലെ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി 15-ാം ദിവസമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം നടക്കുന്നത്.

പാക് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. സാധാരണക്കാരെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിയില്ലെന്ന് ഇന്ത്യ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

 

Latest News