പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, ഇന്ത്യയിയെ പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തില്‍ എടുക്കാത്തത്, നാശനഷ്ടങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാത്തത്, പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാത്തത്, പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ അഭിസംബോധന ചെയ്യാത്തത് ഇതൊക്കെ ചൂണ്ടിക്കാട്ടിയുള്ള സംശയങ്ങളും, ആശങ്കകളും നിരന്തരം പങ്കുവെയ്ക്കുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍. ജനാധിപത്യം പോലുമില്ലാത്ത പാക്കിസ്ഥാന്‍ അവിടെ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
എന്നിട്ടും, ജനാധിപത്യത്തിന് മാതൃക കാട്ടുന്ന ഇന്ത്യ എന്തുകൊണ്ട് ചെയ്യുന്നില്ല എന്നാണ് സി.പി.എമ്മിന്റെ രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനെ സഹായിച്ചു കൊണ്ട് അമേരിക്ക ഗാസയെ ആവശ്യപ്പെട്ടതു പോലെ, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ മാധ്യസ്ഥത വഹിക്കുന്ന അമേരിക്ക, ഇന്ത്യയെ സഹായിച്ചുകൊണ്ട് കാശ്മീര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് ജോണ്‍ബ്രിട്ടാസ് പറഞ്ഞു വെയ്ക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യത്തിന്റെ വിസ്തൃത് വര്‍ദ്ധിപ്പിക്കുക എന്നതും, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ്
അവലംബിക്കുന്നത്. ഗാസ സിറ്റിയെന്ന് നാമകരണം ചെയ്ത് ഗാസയെ സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രമ്പിന് ഇന്ത്യയെ സഹായിക്കുന്നതില്‍ കാശ്മീരിലും കണ്ണുണ്ടാകുമെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം, ഗാസയില്‍ ഹമാസാണ് ഭീകരര്‍ എങ്കില്‍ കാശ്മീരില്‍ പാക്കിസ്ഥാന്‍ വളര്‍ത്തുന്ന, ജയിഷെ മുഹമ്മദാണ് വില്ലന്‍. ഭീകരവാദത്തെ അടിച്ചമര്‍ത്തുകയും, തര്‍ക്ക ഭൂമി ഏറ്റെടുക്കുകയും ചെയ്യുന്ന എന്ന പ്ലാനുമായാണ് അമേരിക്ക പലയിടങ്ങളിലും ഇടപെടുന്നതു പോലും. അത് തിരിച്ചറിയണമെന്നാണ് ജോണ്‍ബ്രിട്ടാസിന്റെ വാക്കുകളില്‍ തെളിയുന്നത്.
മറ്റൊന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെ കുറിച്ചാണ്. ഇന്ത്യ പോര്‍ വിമാനങ്ങളായ റഫാല്‍ വെടിവെച്ചിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രിയും അത് വയ്ക്തമാക്കിയെന്ന് ബ്രിട്ടാസ് പറയുന്നു. അതിന്റെ വസ്തുതകള്‍ എന്താണെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പും വെളിപ്പെടുത്തിയിട്ടില്ല. ഈ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയണമെന്നാണ് ജോണ്‍ബ്രിട്ടാസ് പറയുന്നത്.
ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ ഇങ്ങനെ
“ജനാധിപത്യ രാജ്യമല്ലാത്ത പാക്കിസ്ഥാന്‍ പോലും ഇതു സംബന്ധിച്ച്, അവര് പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രിമാര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോകത്തിന് മാതൃകയായിട്ടുള്ള ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇവിടുത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം മുഖ്യ പ്രതിപക്ഷം ഉള്‍പ്പെടെ, ഒരു പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത്, തങ്ങളെ വിശ്വാസത്തിലെടുക്കണം എന്നു പറയുമ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇപ്പോള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. നല്ലകാര്യം. സമാധാനത്തിലേക്ക് ഇരു രാജ്യങ്ങളും മടങ്ങട്ടെ. ഇരു ജനതയ്ക്കും അഭികാമ്യമാകുന്നത് സമാധാനമാണ്.
ഈയൊരു പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് രാജ്യത്തെ ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കേണ്ടത് അനിവാര്യമാണ്. ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം. ഇപ്പോള്‍ കാശ്മീര്‍ വിഷയം, ഡൊണാള്‍ഡ് ട്രമ്പിന്റെയും അതുപോലെ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോടെയും പ്രസ്താവനകള്‍ മനസ്സിലാക്കുകയാണെങ്കില്‍ കാശ്മീര്‍ വിഷയം അന്താരാഷ്ട്ര വത്ക്കരിക്കപ്പെട്ടു എന്ന സൂചനകള്‍ ശക്തമാണ്. അതായത്, ഇന്ത്യ എന്തു ചെയ്യണമെന്ന് അമേരിക്കയാണ് നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ ട്രമ്പ് ഒരുപടികൂടി കടന്ന് കാശ്മീരില്‍ ഇടപെടാന്‍ പോവുകയാണ്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പറഞ്ഞതു പോലെ അടുത്ത സ്‌റ്റെപ്പ് കാശ്മീര്‍ വിട്ടു തരണമെന്നു പറയും.
ആ രൂപത്തിലേക്ക് അമേരിക്കയെ പ്രേരിപ്പിക്കുന്ന തരത്തില്‍ നിസ്സഹായാവസ്ഥയും, നിസ്സംഗതയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത്. മുന്‍കാലങ്ങളില്‍ കാശ്മീരിനെ കുറിച്ച് പാശ്ചാത്യ ശക്തികള്‍ അഭിപ്രായം പറയുമ്പോള്‍ അതില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ല എന്ന് ഇന്ത്യയിലെ എല്ലാ ഭരണകര്‍ത്താക്കളും അതി ശക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതുസംബന്ധിച്ച് ഒരുപാട് പുകമറയുണ്ട്. സംശയങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്, വിശ്വാസിക്കാന്‍ തയ്യാറാണ്. അതില്‍ യാതൊരുവിധ അഭിപ്രായ വ്യത്യാവസവും ഇല്ല. പക്ഷെ, പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ വിളിക്കണം അഭിസംബോധന ചെയ്യണം. പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കണം. ഇതു സംബന്ധിച്ചുണ്ടായ ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തണം. ഇന്ത്യന്‍ സൈന്യക ദളങ്ങളുടെ മനോവീര്യം നഷ്‌പ്പെടാന്‍ വേണ്ടിയുള്ള ഒരു നടപടിയും ഉണ്ടാകരുത്.
ഈ സംഘര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നടുക്കുന്നതാണ്. ഏറ്റവും വിലപ്പെട്ട മൂന്നു റഫാല്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. അതുസംബന്ധിച്ച പ്രസ്താവന പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസഹാക്ക്ദര്‍ പാക്കിസ്ഥാന്‍ പാര്‍മെന്റില്‍ നടത്തി. ലോകത്തിലെ സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നു. അതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല. എല്ലാക്കാലത്തും ഇങ്ങനെയുള്ള മേഖലകളെ കുറിച്ച് ചോദ്യങ്ങള്‍ ഉയരാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാറുണ്ട്. എന്തായാലും, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യാതൊരുവിധ മടിയുമില്ലാതെ, അകമഴിഞ്ഞ പിന്തുണ നല്‍കിയതു കൊണ്ട് അവരുടെ വിശ്വാസം നേടണമെന്നാണ് പറയാനുള്ളതെന്നും ബ്രിട്ടാസ് പറയുന്നു.”
content high lights; Will Donald Trump, who is about to take over Gaza, say he wants Kashmir?: Parliament session should be convened urgently to clear doubts; John Brittas MP