Explainers

“മാടമ്പി” കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തിയോ ആ ചോദ്യം ?: “ഇടതു” ജന്‍മി തമ്പ്രാക്കള്‍ക്കും, ബി.ജെ.പി ഉന്നതകുലജാതര്‍ക്കും കൊണ്ടിട്ടുണ്ടോ ?; കൊടിക്കുന്നില്‍ സുരേഷിന്റെ പ്രഹരത്തില്‍ മുറിവേറ്റത് ആര്‍ക്കൊക്കെ ?; വേടന്റെ പാട്ടുപോലെ കലഹിക്കുമോ സുരേഷിന്റെ ചോദ്യം ? (എക്‌സ്‌ക്ലൂസിവ്)

തികച്ചും അപ്രതീക്ഷിതമായാണ് കൊടിക്കുന്നില്‍ സുരേഷ് ആ ചോദ്യം ഉന്നയിച്ചുകൊണ്ട് സവര്‍ണ്ണ മേധാവിത്വത്തിന്റെ ത്രിവര്‍ണ്ണ ശോഭയെ കെടുത്തിയത്. അതും മുന്‍കാലങ്ങളിലെ കെ.പി.സി.സി അധ്യക്ഷന്‍മാരുടെ ചില്ലിട്ട ഫോട്ടോയിലേക്കു നോക്കിക്കൊണ്ട്. പാര്‍ശ്വത്ക്കരിക്കപ്പെട്ടവരെ നിരന്തരം മാറ്റി നിര്‍ത്തുന്ന നടപടിക്ക് എന്നാണ് അന്ത്യം കുറിക്കുക എന്ന ചോദ്യമാണ് ഇന്നലെ കൊടിക്കുന്നില്‍ സുരേഷ് എം.പി തൊടുത്തു വിട്ടത്. പുതിയ കെ.പി.സി.സി അധ്യക്ഷനായ സണ്ണി ജോസഫിന്റെ സ്ഥാനാരോഹണവും കെ. സുധാകരന്റെ അവരോഹണവും നടന്ന വേദിയിലാണ് കൊടിക്കുന്നില്‍ സമകാലിക പ്രസക്തമായ ചോദ്യമെറിഞ്ഞത്. പക്ഷെ, പിന്നീടു നടന്ന ചടങ്ങിലോ, ചടങ്ങില്‍ പ്രസംഗിച്ച നേതാക്കളോ സുരേഷ് ഉന്നയിച്ച ആ കാര്യത്തിനു മാത്രം മരുപടി പറയാന്‍ നിന്നില്ല.

തൊട്ടാല്‍ പൊള്ളുന്ന ആ ചോദ്യശരം എയ്തത് ദീര്‍ഘകാലമായി സംവരണ മണ്ഡലത്തില്‍ നിന്ന് എം.പിയായി വിജയിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചതു കൊണ്ടാകാമെന്ന് കരുതുന്നവരുണ്ട്. കാരണം, എപ്പോഴും കൊടിക്കുന്നില്‍ എംപിയാണ്. അതും സംവരണമണ്ഡലത്തില്‍ നിന്നുതന്നെ. അങ്ങനെ സംവരണത്തിന്റെ പേരില്‍ നിരന്തരം മത്സരിക്കുകയും എം.പിയാവുകയും ചെയ്യുന്ന ഒരാള്‍ക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും സംവരണം വേണമെന്ന ആവശ്യം പോലും ഉന്നയിക്കാന്‍ അര്‍ഹതയില്ല എന്ന രീതിയിലാണ് വാക്കുകള്‍ പരിഗണിക്കാപ്പെടാതെ പോകുന്നത്. എന്നാല്‍, അത്, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിഷയം. കൊടിക്കുന്നിലിനേക്കാള്‍ ജനസമ്മതിയും, കാര്യശേഷിയും, വിജയസാധ്യതയുമുള്ള മറ്റൊരാള്‍ ഉണ്ടെങ്കില്‍ അയാളെ പാര്‍ട്ടി പരിഗണിക്കട്ടെ. പക്ഷെ, കൊടിക്കുന്നില്‍ ഉയര്‍ത്തി വിട്ട ഒരു ജാതീയ രാഷ്ട്രീയത്തിന്റെ ഉള്ളറകളുണ്ട്. അതിന് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടീ നേതൃത്വത്തിനുണ്ട്. മാടമ്പി നേതാക്കള്‍ അധികാര കേന്ദ്രങ്ങളിലെ ഉന്നത ഇടങ്ങളില്‍ ഇരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളിലേക്കു നോക്കിയാണ് സുരേഷ് അത് വിളിച്ചു പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ കാലമത്രയും പറയാതിരുന്നതും, എന്നാല്‍, ഇപ്പോള്‍ പറയേണ്ടി വന്നതും എന്തുകൊണ്ടാണ് എന്നതും ചര്‍ച്ചയാകണം. നോക്കൂ, വേടന്‍ എന്ന കലാകാരന്റെ പാട്ടു കേള്‍ക്കാന്‍ ഒഴുകിയെത്തുന്ന യുവതയുടെ രാഷ്ട്രീയം എന്താണ്. വേടന്‍ പറയുന്നതും പാടുന്നതും എന്താണ്. സമകാലിക രാഷ്ട്രീയത്തില്‍ നേതാക്കളുടെയോ ജനപ്രതിനിധികളുടെയോ സമീപനം എന്താണ്. ജാതി പറയുന്നില്ല എന്നേയുള്ളൂ. എന്നാല്‍, ജാതീയമായി തന്നെയാണ് ഓരോ വിഷയങ്ങളെയും സമീപിക്കുന്നത്. ജാതി വിളിക്കുന്നില്ല എന്നേയുള്ളൂ. എന്നാല്‍, ജാതീയമായി തന്നെയാണ് വിവേചനം കാണിക്കുന്നത്. വേടന് ഒരു നീതിയും, മോഹന്‍ലാലിന് മറ്റൊരു നീതിയും നടപ്പാക്കിയത് കേരളത്തിലാണ്.

അത് വിവാദവും വലിയ ചര്‍ച്ചകളുമായപ്പോള്‍ തിരുത്തിയതും കേരളത്തിലാണ്. നോക്കൂ, അടുത്ത കാലത്തായി എടുത്തു പറയാന്‍ കഴിയുന്ന ഉദാഹരണങ്ഹളുടെ കൂമ്പാരം തന്നെ കേരളം സൃഷ്ടിച്ചിട്ടുണ്ട്. മധുവിനെ തല്ലിക്കൊന്നത് എന്തിനായിരുന്നു. മധുവിനെ മാത്രമോ, ജാതി ചോദിച്ച്, തല്ലിക്കൊന്ന കേസുകള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. കീഴ് ജാതിക്കാരനെ ക്ഷേത്രത്തില്‍ ജോലിക്കു നിര്‍ത്തില്ലെന്നു പറഞ്ഞതും ഇവിടെയാണെന്ന് മറന്നു പോകരുത്. ഇങ്ങനെ നിരവധി ജാതീയമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ വരുന്നില്ലെന്ന പരാതി ഉന്നയിക്കപ്പെടുന്നതെന്നു മനസ്സിലാക്കണം. അപ്പോള്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തമായ ജാതീയ വേര്‍തിരിവുണ്ട്.

മാടമ്പിമാരും, ജന്‍മിമാരും, തമ്പ്രാക്കളും, ഉന്നതകുല ജാതരും മാത്രമാണ് പാര്‍ട്ടി നേതാക്കന്‍മാരായി നയിക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്. ഏറിയാല്‍ അത് ശ്രീനാരായണീയര്‍വരെ എത്തി നില്‍ക്കും. കാരണം, അവര്‍ സംഘടിതരാണ്. വ്യക്തമായ വോട്ടുബാങ്ക് ആയവരാണ്. സമൂഹത്തില്‍ പിന്നാക്കം നിന്നവരുടെ ഐക്യവും, സംഘടിത ശക്തിയും തെളിയിച്ചതു കൊണ്ടാണ് അവരെ തഴയാതിരിക്കുന്നത്. എന്നാല്‍, പട്ടിക ജാതി പട്ടിക വര്‍ഗത്തിന്റെ അവസ്ഥയോ. സംഘടിതരുമല്ല, സാമ്പത്തിക ശക്തിയുമല്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്ന ലേബല്‍ ഇന്നും വിട്ടു മാറിയിട്ടില്ല. ഇതെല്ലാം വെച്ചാണ് പാര്‍ട്ടികളും നേതൃത്വത്തിലേക്ക് പാര്‍ശ്വ വത്ക്കരിക്കപ്പെട്ടവരെ എടുക്കുന്നത്.

കോണ്‍ഗ്രസ്

ആരൊക്കെ വന്നാലും, പട്ടിക ജാതിയില്‍ലോ, പട്ടിക വര്‍ഗത്തിലോ ഉള്‍പ്പെട്ട ഒരാളെയും നേതൃത്വത്തില്‍ ഇരുത്താന്‍ കഴിയില്ല എന്നു പറയുന്നത്, മാടമ്പി നേതാക്കളുടെ മനസ്സാണ്. അത് പുറത്തു പറയാനൊക്കില്ല. എന്നാല്‍, പരസ്യമായി അത് പ്രവര്‍ത്തിക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്‍ നേതാവായിരുന്നാല്‍ അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദം മിണ്ടാതിരിക്കുന്നതാണ് എന്ന നിലപാട് രഹസ്യമായി നടപ്പാക്കുന്നുണ്ട്. നോക്കൂ, കൊടിക്കുന്നില്‍ സുരേഷ് പൊട്ടിച്ച ബോംബും അതു തന്നെയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു എസ്.സി വിഭാഗത്തിലെയോ, എസ്.ടി വിഭാഗത്തിലെയോ നേതാവിനെ കോണ്‍ഗ്രസ് ചിന്തിക്കുമോ. ഇല്ല എന്നു തന്നെയാണ് ഉറപ്പിച്ചു പറയാനാകുന്നത്.

എല്ലാവര്‍ക്കും വീതിച്ചു നല്‍കുകയും, പോപ്പും, സഭയും, പെരുന്നയും, എസ്.എന്‍.ഡി.പിയും ഇടപെടുന്ന കെ.പി.സി.സി അധ്യക്ഷന്‍ പദവിയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന ജോലിക്കാരായി മാത്രമാണ് കാണുന്നത്. അവര്‍ക്ക് സംവരണം ചെയ്ത സീറ്റിനപ്പുറം മറ്റൊരു സീറ്റിലും പരിഗണന പോലും ഉണ്ടാകാന്‍ പാടില്ലെന്നതാണ് തിട്ടൂരം. പങ്കുവെയ്ക്കുമ്പോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ തള്ളിപ്പോകാന്‍ പാടില്ലെന്നു കണ്ടാണ് ഭരണഘടനയില്‍ പിന്നോക്ക വിഭാഗത്തിന്റെ അര്‍ഹത എഴുതി ചേര്‍ക്കപ്പെട്ടത്. അതുകൊണ്ട് സംവരണ സീറ്റ് എന്നത് യാഥാര്‍ഥ്യമായി. ഇല്ലെങ്കില്‍ ഇന്ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് സീറ്റുമണ്ടാകില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുകയുമില്ല.

ഇതാണ് പൊതു അവസ്ഥ. പൊതുബോധ മണ്ഡലത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട അവര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ ഇരിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അര്‍ഹത വന്നിട്ടില്ല എന്നതാണ് സത്യം. ജാതി മണ്ഡലത്തിന്റെ കറുത്ത പിടി ഇന്നും തുടരുന്നുണ്ട്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ുണ്ടായിരുന്ന ജാതി തട്ടില്‍ എറ്റവും താഴേത്തട്ടില്‍, മണ്മില്‍ ചവിട്ടി നിന്നവരാണ് പാര്‍ശ്വവത്കൃത സമൂഹം. അതേ, രീതിയില്‍ തന്നെയാണ് ഇന്നും രാഷ്ട്രീയ നേതൃത്വത്തില്‍ ആയാലും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലായാലും സമൂഹിക ക്രമത്തില്‍ ആയാലും. അതാണ് കോണ്‍ഗ്രസ് പിന്തുടരുന്നതും. അല്ലെങ്കില്‍ കെ.പി.സി.സി അധ്യക്ഷനായി ഒരു എസ്.സി വിഭാഗത്തില്‍ നിന്നോ, എസ്.ടി. വിഭാഗത്തില്‍ നിന്നോ ഒരാള്‍ വരുമായിരുന്നു. അതുണ്ടായില്ല. അതുണ്ടാവുകയുമില്ല.

ഇതുവരെയുള്ള കെ.പി.സി.സി അധ്യക്ഷന്‍മാര്‍

  • കെ.എ. ദാമോദര മേനോന്‍ 1957-1959
  • ആര്‍. ശങ്കര്‍ 1959-1960
  • സി.കെ. ഗോവിന്ദന്‍ നായര്‍ 1960-1964
  • കെ.സി. എബ്രഹാം 1964-1968
  • ടി.ഒ. ബാവ 1968-1970
  • കെ.കെ. വിശ്വനാഥന്‍ 1970-1973
  • എ.കെ. ആന്റണി 1973-1977
  • എസ്. വരദരാജന്‍ നായര്‍ 1977-1978
  • കെ.എം. ചാണ്ടി 1978-1982ധ19പ(ുെഹശേേശിഴ ീള രീിഴൃല ൈശി 1978)
  • എ.കെ. ആന്റണി 1978-1982 (അ ഴൃീൗു)
  • എ.എല്‍. ജേക്കബ് 1982-1983
  • സി.വി. പത്മരാജന്‍ 1983-1987
  • എ.കെ. ആന്റണി 1987-1992
  • വയലാര്‍ രവി 1992-1998
  • തെന്നല ബാലകൃഷ്ണപിള്ള 1998-2001
  • കെ. മുരളീധരന്‍ 2001-2004
  • പി.പി. തങ്കച്ചന്‍ 2004
  • തെന്നല ബാലകൃഷ്ണപിള്ള 2004-2005
  • രമേശ് ചെന്നിത്തല 2005-2014
  • വി.എം. സുധീരന്‍ 2014-2017
  • എം.എം. ഹസന്‍ 2017-2018
  • മുല്ലപ്പള്ളി രാമചന്ദ്രന്‍ 2018-2021
  • കെ. സുധാകരന്‍ 2021-2025
  • സണ്ണി ജോസഫ് 2025-തുടരുന്നു

ഇടതുപക്ഷം

സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ വളര്‍ന്നു വന്നത്, പട്ടികജാതി പട്ടിക വര്‍ വിഭാഗത്തിന്റെ സാമൂഹിക സ്വാതന്ത്ര്യം ഉയര്‍ത്തിക്കൊണ്ടാണെന്നതില്‍ തര്‍ക്കമില്ല. കാരണം, തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമണ് ഇടതുപക്ഷത്തിന്റെ മുഖമുദ്ര. അതായത്, പണ്ടുകാലത്ത്, തൊഴിലാളികള്‍ എന്നാല്‍, മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്നാണര്‍ത്ഥം. കാലക്രമേണ അത് മറ്റിടങ്ങളിലേക്കും മാറി. മണ്ണില്‍ പണിയെടുക്കുന്നവരെ സംഘടിക്കാന്‍ എത്തിയ ഇടതുപക്ഷക്കാരുടെ നേതാക്കളെല്ലാം സവര്‍ണ്ണ മാടമ്പികളായത് വെറുതേയല്ല. അവര്‍ മണ്ണില്‍ പണിയെടുക്കുന്നവരല്ല, അഴര്‍ക്ക് വിദ്യാഭ്യാസവും, ജോലിയുമൊക്കെയുള്ളവരായിരുന്നു. അവരുടെ വീടുകള്‍ കണ്ണെത്താ ദൂരത്തുള്ള ഭൂമിയിലായിരുന്നു.

അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരകുന്നു. അങ്ങനെയാണ് അവര്‍ കമ്യൂണിസത്തെ കുറിച്ചും, കമ്യൂണിസ്റ്റുകളെ കുറിച്ചും പഠിച്ചതും പ്രചരിപ്പിക്കാനിറങ്ങിയതും. അത് അഴരുടെ പാടത്തും പറമ്പിലും ജോലിചെയ്യുന്നവരുടെ നീതിക്കും, കൂലിക്കും വേണ്ടിയായിരുന്നുവെന്നതാണ് വസ്തുത. ആര്‍ക്കു വേണ്ടിയാണോ ഇടതുപക്ഷമെന്ന മാറ്റം വന്നത്, ആ വര്‍ഗത്തെ നേതൃത്വത്തിന്റെ പടിക്കല്‍പ്പോലും അവര്‍ അടുപ്പിച്ചില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംവരണ സീറ്റിനപ്പുറം അവരെ മാറ്റി നിര്‍ത്തി. സംവരണ സീറ്റ് എന്ന സത്യം ഇല്ലായിരുന്നുവെങ്കിലും, അവര്‍ക്കു വേണ്ടി മാടമ്പി നേതാക്കള്‍ തന്നെ മത്സരിച്ച് വിജയിച്ച്, അടിയാളരെ സംരക്ഷിച്ചേനെ.

ഇന്നും പട്ടികജാതിക്കാരനെ അംഗീകരിക്കാന്‍ ഇടതുപക്ഷ തയ്യാറല്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ഒരു പട്ടിക ജാതിക്കാരനെയോ, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ആളെയോ സ്വപ്‌നം പോലും കാണാത്തവരാണ് ഇടതുപക്ഷം. നോക്കൂ സി.പി.എമ്മിന്റെ നേതാക്കളെ. നോക്കൂ, സി.പി.ഐയുടെ നേതാക്കളെ. ആരാണ് ഒരുടേമിലെങ്കിലും, ഒരു ദിവസമെങ്കിലും സംസ്ഥാന സെക്രട്ടറിയായി ഇരുന്നിട്ടുള്ള പാര്‍ശ്വ വത്ക്കരകിക്കപ്പെട്ടവന്‍. അവിടെ നേതാവാകാന്‍ ജന്‍മിമാരും, തമ്പ്രാക്കന്‍മാരുമാണുള്ളത്. പണിയെടുക്കാന്‍, കൊടിപിടിക്കാന്‍ കുടിയാന്‍മാരും. ഇതുതന്നെയല്ലേ, പഴയ ജാതി വ്യവസ്ഥയും.

സി.പി.എമ്മില്‍ ഇതുവരെ സംസ്ഥാന സെക്രട്ടറി ആയിരുന്നവര്‍

(അവിഭക്ത പാര്‍ടിയുടെ സെക്രട്ടറിമാര്‍)

  • പി. കൃഷ്ണപിള്ള
  • സി. അച്ചുതമേനോന്‍
  • എം.എന്‍ ഗോവിന്ദന്‍ നായര്‍
  • ഇ.എം.എസ്

(അറുപത്തിനാലിനു ശേഷം)

  • സി.എച്ച് കണാരന്‍
  • എ.കെ.ജി
  • ഇ.കെ. നായനാര്‍
  • വി.എസ് അച്യുതാനന്ദന്‍
  • ചടയന്‍ ഗോവിന്ദന്‍
  • പിണറായി വിജയന്‍
  • കോടിയേരി ബാലകൃഷ്ണന്‍
  • എ വിജയരാഘവന്‍
  • കോടിയേരി ബാലകൃഷ്ണന്‍
  • എം.വി. ഗോവിന്ദന്‍

സി.പി.ഐയില്‍ ഇതുവരെ സംസ്ഥാന സെക്രട്ടറിമാരായവര്‍

  • പി. കൃഷ്ണപിള്ള (1939-1948)
  • സി. അച്യുതമേനോന്‍ (1949-1956) (1962-1968)
  • എം.എന്‍. ഗോവിന്ദന്‍ നായര്‍ (1956-1959) (1970-1971)
  • ഇ.എം.എസ്.(1948-1949) (1959-1962)
  • എസ്. കുമാരന്‍ (1968-1970)
  • എന്‍.ഇ. ബാലറാം (1971-1984)
  • പി.കെ. വാസുദേവന്‍ നായര്‍ (1984-1998)
  • വെളിയം ഭാര്‍ഗവന്‍ (1998-2010)
  • സി.കെ. ചന്ദ്രപ്പന്‍ (2010-2012)
  • പന്ന്യന്‍ രവീന്ദ്രന്‍ (2012-2015)
  • കാനം രാജേന്ദ്രന്‍ (2015-2023)
  • ബിനോയ് വിശ്വം (2023-തുടരുന്നു)

ബി.ജെ.പി

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരണമെങ്കില്‍, അവരുടെ വകുപ്പുകള്‍ ഉന്നതകുല ജാതര്‍ ഭരിക്കണമെന്നു പറഞ്ഞ എംപിയും കേന്ദ്ര സഹമന്ത്രിയുമുള്ള നാടാണ് കേരളം. അതും ബി.ജെ.പിയുടെ നേതാവ്. സുരേഷ് ഗോപി നല്ല ഉദ്ദേശത്തിലാണ് പറഞ്ഞതെങ്കിലും അത്, പഴയ ജാതി വ്യവസ്ഥയുടെ തികട്ടലായിരുന്നുവെന്ന് തിരിച്ചറിയണം. പട്ടികജാതിക്കാര്‍ക്കും, പട്ടിക വര്‍ഗത്തിനും, ഭരിക്കാനോ, ഭരണം കിട്ടിയാല്‍ എന്തു ചെയ്യണണെന്നോ അറിയില്ല, അവര്‍ക്ക് മനതിയായ വിദ്യാഭ്യാസമില്ല, സാമൂഹിക ഇടപെടലില്ല. അതൊക്കെ അറിയുന്നവര്‍ ഉന്നതകുല ജാതരാണ്. അവര്‍ക്കേ ഭരിക്കാനും, നിയന്ത്രിക്കാനും അറിയൂ. അവര്‍ക്കേ കീഴാളര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാവൂ. ഉന്നതകുല ജാതര്‍ പറഞ്ഞാലേ കീഴാളര്‍ കേള്‍ക്കൂ. ഇഥല്ലേ പറഞ്ഞു വെച്ചത്. ഇന്നും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഒരു പട്ടികജാതി വിഭാഗത്തിലുള്ളതോ, പട്ടിക വര്‍ഗ വിഭാഗത്തിലുള്ളതോ ആ ഒരു നേതാവിനെ ചിന്തിക്കാനാകുമോ. ഉന്നതകുല ജാതര്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി കൊണ്ടു നടക്കുകയല്ലേ അതിനെ.

ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്റുമാര്‍ ഇതുവരെ ആയിട്ടുണ്ട്

  • ഒ. രാജഗോപാല്‍ (1980-1985)
  • കെ.ജി മാരാര്‍ (1985-1994)
  • കെ. രാമന്‍പിള്ള (1990-1994)
  • കെ.ജി മാരാര്‍ (1994-1995)
  • കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ (1995-1998)
  • സി.കെ. പദ്മനാഭന്‍ (1998-2003)
  • പിയഎസ്. ശ്രീധരന്‍പിള്ള (2003-2006)
  • പി.കെ. കൃഷ്ണദാസ് (2006-2009)
  • വി. മുരളീധരന്‍ (2009-2015)
  • കുമ്മനം രാജശേഖരന്‍ (2015-2018)
  • പി.എസ്. ശ്രീധരന്‍പിള്ള (20215-2019)
  • കെ. സുരേന്ദ്രന്‍ (2020-2025)
  • രാജീവ് ചന്ദ്രശേഖര്‍ (2025-തുടരുന്നു)

ഇതാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിത്രം. ഇതില്‍ എവിടെയെങ്കിലും പട്ടികജാതിയില്‍പ്പെട്ടതോ പട്ടിക വര്‍ഗത്തില്‍പ്പെട്ടതോ ആയ ഒരു നേതാവിനെ ഒരു ദിവസത്തേക്കെങ്കിലും അധ്യക്ഷനാക്കി ഇരുത്താന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കൂ. അപ്പോഴാണ് കൊടിക്കുന്നില്‍ സുരേഷ് കെ.പി.സി.സിയില്‍ പ്രസംഗിച്ച വാക്കുകള്‍ ബൂമറാംഗായി പലര്‍ക്കും കൊള്ളുന്നത് കാണാനാകുന്നത്.

CONTENT HIGH LIGHTS; Did that question keep the Madambi leaders awake?: Did the Left party give birth to the Thamprakas and the BJP to the upper castes?; Who was injured in Kodikunnil Suresh’s attack?; Will Suresh’s question stir up trouble like a hunter’s song? (Exclusive)

Latest News