Explainers

പോസ്റ്റല്‍ ബോംബ് പൊട്ടിത്തെറിക്കുമോ ?: ജി. സുധാകരന്‍ വിപ്ലവ വഴി തിരഞ്ഞെടുത്തോ ?; വെളിപ്പെടുത്തല്‍ ഗൗരവമായി എടുത്തെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍; സംഭവിക്കാന്‍ പോകുന്നതെന്ത് ?; സുധാകരന്‍ പുറത്തേക്കോ ?

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ജി.സുധാകരന്‍ എന്ന കടുത്ത സി.പി.എമ്മുകാരന് പാര്‍ട്ടിയുടെ പല നിലപാടുകളോടും വിയോജിപ്പ് തോന്നിത്തുടങ്ങിയതാണ്. അന്നുവരെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം പെട്ടെന്നാണ് നിലപാടും രീതിയും മാറ്റിയത്. അത് പാര്‍ട്ടിക്കുള്ളിലെ ഒതുക്കലിന്റെ ഭാഗമായി തന്നെയാണെന്ന് പാര്‍ട്ടി അണികള്‍ക്കും മനസ്സിലായതാണ്. എന്നാല്‍, പാര്‍ട്ടിയില്‍ ആരാണോ ശക്തന്‍ അയാള്‍ പറയുന്ന വഴിയേ ആയിരിക്കും പാര്‍ട്ടി അണനികളും നീങ്ങുന്നത്. അതായത്, കേഡര്‍ പാര്‍ട്ടിയുടെ ലക്ഷണങ്ങളോടെ. ജി. സുധാകരന്‍ പാര്‍ട്ടി വഴിക്കു വെളിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.

എന്തും പറയാം എന്തും പ്രസ്താവിക്കാം. അത് പാര്‍ട്ടിക്ക് ഗുണമാണോ ദോഷമാണോ എന്നൊന്നും ചിന്തിക്കാതെയുള്ള നടപടികളില്‍ ഇനി പാര്‍ട്ടിയുടെ നടപടി എന്താണെന്നേ അറിയാനുള്ളൂ. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ മനസ്സിലാക്കാം, എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വസ്തുതകള്‍ നിരത്തിയുള്ള പ്രസ്താവനകളെ എങ്ങനെ പാര്‍ട്ടി നേരിടും. ഇതാണ് സമസ്യ. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരേയും, പാര്‍ട്ടി പല ഘട്ടങ്ങളില്‍ എടുത്തിട്ടുള്ള നിലപാചടുകളെയും, കോണ്‍ഗ്രസിന്റെ വേദിയില്‍ പ്രത്യക്ഷപ്പെട്ടതും അങ്ങനെ ഒരു കൂട്ടം വിഷയങ്ങളില്‍ ജി. സുധാകരന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ട്ടിക്ക് എതിരേയാണ് നില്‍ക്കുന്നത്.

ഇത് സൂക്ഷ്മമായി പരിശോധിക്കുകയൊന്നും വേണ്ട. അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടതാണെന്നും, അത് പറയുക തന്നെ ചെയ്യുമെനനും സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കാണുന്നത്, ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ സമയത്ത്, എം. സ്വരാജ് യുദ്ധക്കൊതിയന്‍മാരെന്നും, യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്നും പറഞ്ഞതിനെ സുധാകരന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ പൊതു നയമെന്ന രീതിയിലായിരുന്നുസ സ്വരാജ് അതു പറഞ്ഞത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അതു പറഞ്ഞിരുന്നു.

എന്നാല്‍, ഇന്ത്യ അങ്ങോട്ടു പോയി യുദ്ധം ചെയ്തതല്ല. മറിച്ച്, പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയതിന് പകരം ചോദിച്ചതാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന്‍ വെളിപ്പെടുത്തിയത്.

സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ

”സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു”.

1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്. കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജി സുധാകരന്‍. കഴിഞ്ഞ ദിവസം വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഓഫിസിലെത്തി മോചിപ്പിച്ച കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ചു അദ്ദേഹം രംഗത്തുവന്നിരുന്നു. എംഎല്‍എ കാണിച്ചത് പ്രമാണിമാരുടെ സംസ്‌ക്കാരമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍, പോസ്റ്റല്‍വോട്ട് തിരുത്തല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിക്കുള്ളില്‍ വെച്ച ബോംബായിരിക്കുകയാണ്. ഇത് പൊട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. പാര്‍ട്ടി കടുത്ത പ്രതിരോധത്തിലേക്ക് പോകുന്ന ഘട്ടമാണ് ഇപ്പോള്‍. അതിനിടയിലാണ് ജി. സുധാകരന്റെ പോസ്റ്റല്‍ ബോംബും പൊട്ടാനായി ഇട്ടിരിക്കുന്നത്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ പാര്‍ത്താക്കുറിപ്പ് ഇങ്ങനെ

“തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ശ്രീ. ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നു. 1989-ലെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കുവാനും വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം”

ജി. സുധാകരന്‍ ബോംബു വെച്ചു, തെരഞ്ഞെടുപ്പു കമ്മിഷന്‍ അത് കത്തിക്കാന്‍ പോകുന്നു. ഇനി അറിയേണ്ടത് എവിടെയാണ് ഈ ബോംബ് പൊട്ടുക എന്നാണ്. സി.പി.എമ്മിന് കാര്യമായ പരിക്കുണ്ടാകുമോ അതോ സുധാകരനെ പുറത്താക്കുമോ എന്നാണറിയേണ്ടത്. വെളിപ്പെടുത്തല്‍, ഇത്രയും കാലം പാര്‍ട്ടിയില്‍ നിന്നും മറച്ചു വെച്ചതിനുള്ള ശിക്ഷയായി സുധാകരനെ പുറത്താക്കുമോ എന്നതാണ് അറിയേണ്ടത്. അതോ, തിരിമറി കാട്ടിയാണ് സുധാകരന്‍ ഇതുവരെയും പാര്‍ട്ടിയില്‍ നിന്നതെന്ന രീതിയിലായിരിക്കുമോ പാര്‍ട്ടിയുടെ ഇടപെടല്‍. കാത്തിരുന്നു കാണണം.

content high lights; Will the postal bomb explode?: Did G. Sudhakaran choose the revolutionary path?; Election Commission of India says it took the revelation seriously; What is going to happen?; Will Sudhakaran be out?

Latest News