അല്ലെങ്കില്‍ത്തന്നെ ശശിതരൂര്‍ എന്ന വിശ്വപൗരനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന നില. വിശ്വപൗരന്, ഒരു രാഷ്ട്രീയത്തിന്റെ മാത്രം തൊഴുത്തില്‍ കെട്ടുപിണഞ്ഞു കിടക്കാന്‍ താല്‍പ്പര്യമില്ലെന്നു തോന്നിയാല്‍, അപ്പോള്‍ തീരും കോണ്‍ഗ്രസ്സുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം. കോണ്‍ഗ്രസിന്റെ സമുന്നതനാ നേതാവും, മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ. ആന്റണിയുടെ കുടുംബത്തില്‍ കേറി കളിച്ചല്ലേ, മകനെയും കൊണ്ട് ബി.ജെ.പി പോയത്. കണ്ണടച്ചു തുറക്കുന്ന സമയത്തിലല്ലേ, രാഷ്ട്രീയ ചാണക്യനായ കെ. കരുണാകരന്റെ മകളെ കാവി പുതപ്പിച്ചത്.
തൊട്ടു പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും പോയവരുടെ ലിസ്റ്റ് വലുതാണ്. ആ ലിസ്റ്റ് ഇനിയും നീലുമെന്ന് ബി.ജെ.പി പറയുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ പ്രതിസന്ധികാലത്താണ് ശശി തരൂരിന്റെ കേന്ദ്രസര്‍ക്കാര്‍ വാഴ്ത്തുക്കള്‍ അശനിപാതം പോലെ ഇടയ്ക്കിടയ്ക്ക് കേട്ടത്. ബി.ജെ.പിയെ മാത്രമോ, ഇങ്ങ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെയും പുകഴ്ത്തിപ്പറയാന്‍ തരൂരിന് മടിയില്ലെന്നതാണ് വസ്തുത. വികസനവും, യുവതയുടെ സങ്കല്‍പ്പത്തിനും അനുസരിച്ചുള്ള തൊഴില്‍ കാഴ്ചപ്പാടും, ദീര്‍ഘ ദര്‍ശനവും ഉള്ളവര്‍ ആരായാലും രാഷ്ട്രീയം നോക്കാതെ അഭിനന്ദിക്കും എന്നതാണ് തരൂരിന്റെ നിലപാട്.
ഈ നിലപാടിനെ കോണ്‍ഗ്രസ് മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നതാണ് കാണേണ്ടത്. പ്രതിപക്ഷം പ്രതിരോധത്തിലായിപ്പോകുമോ എന്ന ഭയം കൊണ്ടാണ് കോണ്‍ഗ്രസ് തരൂരിനെ അനുകൂലിക്കാതെ നില്‍ക്കുന്നത്. തരൂരിനെ ശാസിച്ചു എന്നതാണ് അവസാനമായി കോണ്‍ഗ്രസില്‍ നിന്നും കേട്ടത്. അതും പഹല്‍ഗാം വിഷത്തില്‍. എന്നാല്‍, വിശ്വപൗരനെ ബി.ജെ.പി കണ്ണുവെച്ചിട്ടുണ്ടെന്നത്, തെളിയിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്നിരിക്കുന്നത്. തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ അയയ്ക്കുന്ന പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.പി
ശശി തരൂരിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അംഗീകരിക്കാനും പറ്റുന്നില്ല, അംഗീകരിക്കാതിരിക്കാനും പറ്റുന്നില്ല എന്ന അവസ്ഥ. തരൂതിനെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ വിശ്വസ്തനായ ഒരു പ്രതിനിധിയെ ആവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ പ്രതികരണം. ഇത് ബി.ജെ.പിയെ അടിക്കാനുള്ള വടിയായിട്ടാണ് കേരള ഘടകം ഉപയോഗിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വിദേശകാര്യമന്ത്രിക്കും രാജ്യാന്തര തലത്തില്‍ വിശ്വാസം
നഷ്ടപ്പെട്ട സമയത്ത്, രാഷ്ട്രത്തിന് ബഹുമാനം നല്‍കുന്ന ഒരു ശബ്ദം ആവശ്യമാണെന്ന് കോണ്‍ഗ്രസ് ‘എക്സി’ല്‍ കുറിച്ചു. ബിജെപിയില്‍ പ്രതിഭകളുടെ ശൂന്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിനും, രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവിനെ തിരഞ്ഞെടുത്തതിനും സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഡോ. ശശി തരൂര്‍ ഇന്ത്യയുടെ വാദം രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കും. മോദി സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ അദ്ദേഹം തിരുത്തുമെന്നും കോണ്‍ഗ്രസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പാകിസ്ഥാന്‍ തീവ്രവാദത്തിന് നല്‍കുന്ന പിന്തുണ ആഗോളതലത്തില്‍ വ്യക്തമാക്കുന്നതിനാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കുന്നത്. പഹല്‍ഗാം
ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയവ വിവിധ രാജ്യങ്ങളിലെത്തി പ്രതിനിധി സംഘം വിശദീകരിക്കും. ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഐ (എം), എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ശശി തരൂര്‍, മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ്, അനുരാഗ് താക്കൂര്‍, അപരാജിത സാരംഗി, സുദീപ് ബന്ദോപാധ്യായ, സഞ്ജയ് ഝ, സസ്മിത് പത്ര, സുപ്രിയ സുലെ, കനിമൊഴി, ജോണ്‍ ബ്രിട്ടാസ്, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
അതേസമയം, തരൂരിനെ സംഘട തലവനാക്കിയത് കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനെതിരേ എടുത്ത നടപടികള്‍ വിശദീകരിച്ച് നല്‍കാനാണ്. അപ്പോള്‍ അത് കോണ്‍ഗ്രസിനാണോ, ബി.ജെ.പിക്കാണോ ഗുണം ചെയ്യുക. ഇവിടെ ഒരു കാര്യത്തില്‍ സി.പി.ഐ.എം ആശ്വാസത്തിലാണ്. തങ്ങള്‍ക്ക് ഒരു വിശ്വ പൗരനോ, ലോകത്തിനു മുമ്പില്‍ എടുത്തു കാട്ടാനുള്ള യോഗ്യതയുള്ള നേതാവോ ഇല്ലാത്തതു കൊണ്ട്. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ പോലെ സി.പി.എമ്മിലെ നേതാവിനെയും സംഘത്തലവനാക്കില്ലേ. അങ്ങനെ ആക്കിയാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ
ആപത്തിലാകും. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അതേ അവസ്ഥ ആകുമായിരുന്നില്ലേ. അതുകൊണ്ട് സി.പി.എം ആശ്വസിക്കുകയാണ്. എം.എ. ബേബിയൊക്കെ, വിശ്വപൗരനായി അംഗീകരിക്കപ്പെടമെങ്കില്‍ വിപ്ലവം വരണം. ജനാധിപത്യ രാജ്യത്ത് അങ്ങനെയൊരു സംഭവത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൃത്യമായ പ്ലാനുണ്ട് എന്ന് മനസ്സിലാക്കേണ്ടി വരും. ആരെ-എപ്പോള്‍-എങ്ങനെ ഉപയോഗിക്കണമെന്ന വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. പാക്കിസ്ഥാനെതിരേ ബ്രഹ്മോസ്
മിസൈല്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, കോണ്‍ഗ്രസിനെതിരേ മോദി പ്രയോഗിച്ചിരിക്കുന്നത്, രാഷ്ട്രീയ ബ്രഹ്മാസ്ത്രമാണ്. വിശ്വ പൗരനെ വരിഞ്ഞു മുറുക്കിയുള്ള അസ്ത്രം. മറ്റു പാര്‍ട്ടികളില്‍ ഇത്രയും കൊള്ളാവുന്ന ഒരാള്‍ ഇല്ലെന്ന കണക്കു കൂട്ടലും മോദിയുടെ ഇടപെടലിനു പിന്നിലുണ്ട്. രണ്ടാമത് നോട്ടമിട്ടിരിക്കുന്ന ആളാണ് എന്‍.കെ. പ്രേമചന്ദ്രന്‍. ഇനിയുള്ള നീക്കം അങ്ങോട്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരിക്കുന്നു.
CONTENT HIGH LIGHTS; Brahmos against Pakistan, Brahmastra against Congress?: Is Shashi Tharoor’s choice to lead the delegation an irresistible move?; Will the Congress also say that it cannot be ignored even when it is burning inside?