Explainers

തരൂരിനെ കോണ്‍ഗ്രസ് “വെട്ടി”, “പൂട്ടിട്ട്” ബി.ജെ.പി ?: തരൂരിന്റെ പേരില്ലെന്ന് കോണ്‍ഗ്രസ്; വിശ്വപൗരനില്ലാതെ വിദേശ പര്യടനമുണ്ടോയെന്ന് ബി.ജെ.പി; ചെകുത്താനും കടലിനും ഇടയില്‍ ശശിതരൂര്‍ എന്തു ചെയ്യും ?

എന്തായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ ശശിതരൂരിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നതില്‍ തര്‍ക്കമില്ല. നിരന്തരം കോണ്‍ഗ്രസിന് രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്ന ശശിതരൂരിനെ ഒതുക്കി നിര്‍ത്തിയിരുന്നതാണ്. എന്നാല്‍, പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്തേക്ക് അയക്കുന്ന പ്രതനിധി സംഘത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തരൂരിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട നാല് കോണ്‍ഗ്രസ് പ്രതിനിധികളെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച്, കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ ശശിതരൂര്‍ ഔട്ട്. രാഷ്ട്രീയ സര്‍ജറി നടത്തി ശശി തരൂരിനെ പൂര്‍ണ്ണമായി വെട്ടിയാണ് ലിസ്റ്റ് കേന്ദ്രത്തിനു നല്‍കിയത്. എന്നാല്‍, ബി.ജെ.പി അതിലും വലിയ ഓപ്പറേഷന്‍ നടത്തിക്കൊണ്ട് ശശിതരൂരിനെ വിദേശ പര്യടന സംഘത്തിന്റെ ലീഡറാക്കി. ഇതോടെയാണ് ശശിതരൂരിനെ ചൊല്ലിയുള്ള വിഷയം വിവാദത്തിലേക്ക് കടന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം ഉല്‍ക്കൊണ്ടാണ് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു ശശിതരൂരിന്റെ പേര് ഉള്‍പ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയില്‍ അംഗമായിരുന്ന തരൂരിന് മറ്റാരെക്കാളും കാര്യഗൗരവത്തോടെ രാജ്യത്തിന്റെ വിഷയങ്ങള്‍ അവതരിപ്പിക്കാനാവും എന്നതു കൊണ്ടാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ഇല്ലാത്ത ആളെ കോണ്‍ഗ്രസിനോടു ചോദിക്കാതെ കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്നെ, കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരിക്കും. ശശി തരൂരിനെ വെട്ടുക എന്നതു മാത്രമായിരിക്കും. തരൂരിനെ അക്കാദമിക്ക് തലത്തില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ വിളിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് അതിനെ രാഷ്ട്രീയമായി കണ്ട് തരൂരിനെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ബി.ജെ.പിയും കരുക്കള്‍ നീക്കിയത്. പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂറാണെങ്കില്‍, ശശിതരൂരിനെ ബി.ജെ.പിയിലെത്തിക്കാന്‍ ഓപ്പറേഷന്‍ തരൂര്‍ ആണ് നരേന്ദ്ര മോദി നടത്തുന്നതെന്നതില്‍ തര്‍ക്കമില്ല.

ഇന്നു രാവിലെ മുതല്‍ ഡെല്‍ഹിയിലും, എ.ഐ.സി.സിയിലും, കേരളത്തിലുമൊക്കെ നടക്കുന്ന ചര്‍ച്ച തരൂരിനെ കുറിച്ചുള്ളതാണ്. തന്റെ പവലിയന്‍ ഏതാണെന്ന് ഇനിയാണ് തരൂരിന് തീരുമാനിക്കേണ്ടി വരിക. ഒരുപക്ഷെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ ധിക്കരിച്ച്, കേന്ദ്രസര്‍ക്കാരിന്റെ വാക്കു കേട്ട് വിദേശ പര്യടനം നടത്തിയാല്‍, തിരികെ വരുമ്പോള്‍ പാര്‍ട്ടി മാറാന്‍ തയ്യാറായി വരികയാണ് വേണ്ടത്. എം.പി സ്ഥാനം രാജിവെയ്‌ക്കേണ്ട അവസ്ഥയും ഉണ്ടാകും. ഡെല്‍ഹിയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തരൂരിനെതിരാണ്. ബി.ജെ.പിയിലേക്കുള്ള വഴിവെട്ടുകയാണ് തരൂര്‍ ചെയ്തു കൊണ്ടിരുന്നതെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍, പഹല്‍ഗാം വിഷയത്തിലും അതിനു രാജ്യം നല്‍കിയ തിരിച്ചടിയിലും തരൂരിന്റെ നിലപാട് രാജ്യത്തിനു വേണ്ടിയുള്ളതായിരുന്നു എന്നാണ് പൊതു ധാരണ. തന്നെ കുറിച്ച് പറയുന്നവരോടാണ് എന്താണ് പ്രശ്‌നമെന്നു ചോദിക്കേണ്ടത് എന്നാണ് തരൂര്‍ പറയുന്നത്.

  • തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ

“സര്‍ക്കാര്‍, ഭാരതീയ പൗരനോട് രാജ്യത്തിനു വേണ്ടി കടമ ചെയ്യാന്‍ പറഞ്ഞു, ഞാനതു കേട്ടു. ഇത്രേയുള്ളൂ. അതിനപ്പുറം എന്തു സംഭവിച്ചു. വിവാദങ്ങള്‍ എന്നോടു ചോദിച്ചിട്ട് കാര്യമില്ല. അവരോടു ചോദിക്കൂ. ഇത് സര്‍ക്കാരിന്റെ ഡെലിഗേഷനാണ്. സര്‍ക്കാരാണ് തിരഞ്ഞെടുക്കുന്നത്. എന്നെ അത്രപെട്ടെന്ന് എആര്‍ക്കും അപമാനിക്കാനാവില്ല. ദേശ സേവനം പൗരന്‍മാരുടെ കടമയാണെന്നാണ് വിശ്വാസം. അഥവാ രാജ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. ഈ സമയത്ത് രാജ്യം സോവനം ആവശ്യപ്പെടുന്നു. അനാവശ്യമായ ചര്‍ച്ചയിലേക്ക് കടക്കുന്നില്ല. 2008ല്‍ മുംബൈ ആക്രമണ സമയത്തില്‍, മന്‍മോഹന്‍ സിംഗ് സര്‍ക്കാരും വിദേശരാജ്യങ്ങളില്‍ ഡെലിഗേറ്റ്‌സിനെ അയച്ചിരുന്നു. ഇപ്പോഴും അത് ചെയ്യുന്നത് നല്ലതാണ്. ഭാവിയിലും അതുണ്ടാകണമെന്നാണ് ആഗ്രഹം. കേന്ദ്രമന്ത്രി നേരത്തെ വിളിച്ചിരുന്നു. അപ്പോള്‍ പാര്‍ട്ടി നേതാവിനെ വിളിച്ച് സംസാരിക്കണമെന്നു പറഞ്ഞു. പിന്നെ ഇന്നലെയാണ് ഒഫീഷ്യലായി വിളിച്ചതും അറിയിച്ചതും. ഞാന്‍ അത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഞാന്‍ വിവാദത്തിനിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് ഞാന്‍. പാര്‍ലമെന്റിലെ സ്പീക്കര്‍ പാനലില്‍ ഉള്ളയാളാണ് ഞാന്‍. എന്നോടു ചോദിച്ചു, ഞാന്‍ സമ്മതിച്ചു. ഒരു പ്രത്യേക വിഷയമാണ് വന്നിരിക്കുന്നത്. എന്നെ വിളിച്ചത്, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍റിജ്ജു ആണ്. എല്ലാ വ്യക്തികളും പറയുന്നതു പോലെ എനിക്കും അഭിപ്രായം പറയാന്‍ പറ്റണ്ടേ. ഇത് രാജ്യത്തിനു വേണ്ടിയുള്ളതാണ്. അതിനപ്പുറം മറ്റൊന്നുമില്ല.”

നിരന്തരം കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ സ്വയം തേടുന്നത്, പുറത്തേക്കുള്ള വഴിയാണ് എന്നതില്‍ ഇതോോടെ തര്‍ക്കം തീര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പരസ്യമായി പിന്തുണയ്ക്കുന്ന തരൂര്‍, ഇതിനകം തന്നെ, സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയ അട്ടിമറിക്കാണ് ബി.ജെ.പി ദേശീയ നേതൃത്വം ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ശശി തരൂര്‍ ബി.ജെ.പിയിലെത്തും. അത് ഇനി കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തായിട്ടാണോ, രാജിവെച്ചിട്ടാണോ എന്നാണ് അറിയേണ്ടത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്, ബി.ജെ.പി അണിയറയില്‍ കരുക്കള്‍ നീക്കുന്നത്. ശശി തരൂരിനെ പോലുള്ള ഒരു വ്യക്തിത്വം ബി.ജെ.പിയില്‍ എത്തിയാല്‍, കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാം എന്നതാണ്, ബി.ജെ.പി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

ബി.ജെ.പിയെ ഇത്തരമൊരു നീക്കത്തിന് പെട്ടന്ന് പ്രേരിപ്പിച്ചതിനു പിന്നില്‍, കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ രാഷ്ട്രീയ സാഹചര്യമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, തന്റെ ചൊല്‍പ്പടിയില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ കൊണ്ടുവരാന്‍ നടത്തുന്ന വെട്ടിനിരത്തല്‍ വന്‍ പൊട്ടിത്തെറിയിലേക്കാണ് കോണ്‍ഗ്രസ്സിനെ കൊണ്ടുപോകുന്നത്. കെ സുധാകരന്‍, ഇതിനകം തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ, അനവധി പ്രമുഖ നേതാക്കളാണ്, കടുത്ത അസംതൃപ്തിയിലുള്ളത്. ഈ ഭിന്നത പൊട്ടിത്തെറിയിലും പിളര്‍പ്പിലും വരെ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചാല്‍ തരൂരിനൊപ്പം, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ, കോണ്‍ഗ്രസ്സിലെ വലിയ ഒരു നിരയെ തന്നെ അടര്‍ത്തിയെടുക്കാമെന്നതാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. ഇത് മുന്നില്‍ കണ്ടാണ്, തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിന്, ബി.ജെ.പി വേഗത കൂട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ പരമാധികാര ബോഡിയായ എ.ഐ.സി.സി വര്‍ക്കിങ്ങ് കമ്മറ്റി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന കാര്യം, ഏതാണ്ട്, കോണ്‍ഗ്രസ്സ് ഹൈക്കമാന്റും നിലവില്‍ ഉറപ്പിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുകൂല പ്രസ്താവനയുടെ പേരില്‍ തരൂരിനെ കോണ്‍ഗ്രസ്സ് നേതൃത്വം താക്കീത് ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും തന്നെ, തരൂര്‍ മൈന്റ് പോലും ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരുമായി കൂടുതല്‍ അടുത്തിടപെടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. മോദി സര്‍ക്കാറും തരൂരിനെ ഇപ്പോള്‍ കാര്യമായി പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് ഉണ്ടാവുന്ന ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാന്‍, വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തെ നയിക്കുക ശശി തരൂര്‍ ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്, ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായ നിലപാട് അവതരിപ്പിക്കാനുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമായി, പ്രതിപക്ഷ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇതിനുശേഷമായിരിക്കും പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും തീരുമാനിക്കുക. പാക് മണ്ണില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തില്‍, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാടാണ് പ്രതിനിധി സംഘം വിദേശ സര്‍ക്കാരുകളെയും വിദേശ മാധ്യമങ്ങളെയും ബോധ്യപ്പെടുത്തുക. പാക് പ്രകോപനങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകത, കൂടുതല്‍ ഭീകരാക്രമണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഭാവിയില്‍ സമാനമായ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ തുടങ്ങി. ഭീകരത വളര്‍ത്തുന്നതിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും പാകിസ്ഥാന്റെ പങ്കും, സംഘം വിശദീകരിക്കും.

ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ ശശി തരൂരിനെ പുതിയ ചുമതല ഏല്‍പ്പിക്കുന്നത് സ്വാഭാവികമാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുക എങ്കിലും, ഇതിനു പിന്നില്‍ പതിയിരിക്കുന്ന രാഷ്ട്രീയ അജണ്ട വ്യക്തമാണ്. തരൂരും മാനസികമായി ഇപ്പോള്‍ ഒരു കൂട് മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മറ്റി അംഗമായിട്ടു പോലും, ആ ഒരു പരിഗണന, കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ്സ് നേതൃത്വം അദ്ദേഹത്തിന് നല്‍കുന്നില്ല എന്നതും ഉള്ളിലെ വിഷമമായി ഒതുക്കുന്നുണ്ട്.
CONTENT HIGH LIGHTS; Congress ‘cut’ Tharoor and ‘locked’ BJP?: Congress says Tharoor’s name is not there; BJP asks if he will tour abroad without a world citizen; What will Shashi Tharoor do between the devil and the sea?

Latest News