Explainers

‘മധുവിനെ’ കൊന്നതു പോലെ നിങ്ങള്‍ ആ പാവം സ്ത്രീയെയും കൊല്ലുമോ ?: മോഷ്ടിച്ചു എന്നകുറ്റം ആരോപിച്ച് എന്തിനിങ്ങനെ പിന്നാക്ക വിഭാഗത്തെ ചിത്രവധം ചെയ്യുന്നു ?; സവര്‍ണ്ണ മാടമ്പികള്‍ വാഴും സര്‍ക്കാര്‍ ഇരിപ്പിടങ്ങളുടെ നീതിബോധം എന്ത് ?

പാലക്കാട് എസ്.സി. എസ്.ടി വിഭാഗങ്ങളുടെ സംഗമത്തില്‍ കേരളത്തിലെ സകലമാന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ ആള്‍ക്കാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിക്കുമ്പോഴാണ് ഇങ്ങ് തലസ്ഥാനത്ത്, ഒരു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നത്. ഇത് കാണിക്കുന്നത്, വോട്ടു രാഷ്ട്രീയത്തിന്റെയും, ജാതി രാഷ്ട്രീയത്തിന്റെയും രണ്ടു കേരള മോഡലാണ്. സര്‍ക്കാരിന്റെ രണ്ടു മുഖങ്ങളാണ്. മാടമ്പികളും, ജന്‍മിമാരും, തമ്പ്രാന്‍മാരും, മോലാളന്‍മാരുമൊക്കെ ജാതി കേരളത്തിന്റെ ഹജൂര്‍കച്ചേരിയിലെ ഇടനാഴികളില്‍ കസേരയുമിട്ടിരിക്കുന്നുണ്ട് ഇപ്പോഴും. അവരാണ് കേസുകള്‍ പരിഹരിക്കുന്നതും, തീര്‍പ്പു കല്‍പ്പിക്കുന്നതും.

അവിടെ വായ്മൂടി, അരമറ വരെ തുണിയുടുത്ത്, കുനിഞ്ഞു ചെന്നു വേണം പരാതി ബോധിപ്പിക്കാന്‍. സംവിധാനങ്ങള്‍ മാറിയെന്നേയുള്ളൂ. ജനാധിപത്യം എന്നൊരാശയം കൊണ്ടു വന്നതുപോലും പിന്നാക്കക്കാരന്റെ തലയില്‍ നിന്നാണല്ലോ എന്നു ചിന്തിച്ച്, അത് എങ്ങനെയൊക്കെ മാറ്റാന്‍ കഴിയുമെന്ന് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നവരുമാണ് അധികാരത്തില്‍. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇപ്പോള്‍ ജനാധിപത്യത്തില്‍ നടപ്പാക്കുന്നത്, രാഷ്ട്രീയക്കാരാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൃത്യമായി ഭിന്നിപ്പിച്ചു നിര്‍ത്തി ഭരിക്കുകയാണവര്‍. അതാണ് ഇന്നലെ പാലക്കാടും കണ്ടത്. അതാണ് തിരുവനന്തപുരത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പീജനത്തിലും കണ്ടത്.

നിങ്ങള്‍ക്ക് അവരെ മധുവിനെ കൊന്നതു പോലെ കൊന്നുകളയാമായിരുന്നില്ലേ. എന്തിനാണ് ഇങ്ങനെ ചിത്രവധം ചെയ്യുന്നത്. അവര്‍ക്ക് കോടതിയില്‍ കേറി നടക്കാനുള്ള പണമോ പദവിയോ ഒന്നുമില്ലെന്ന് എത്ര കൃത്യമായിട്ടറിയാം. മറ്റുള്ളവരുടെ വീടുകളില്‍ ജോലിചെയ്തു ജീവിക്കുന്ന അവര്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ പോലുമില്ലെന്നറിയാം. അത് മുതലെടുത്താണ് ആ സ്ത്രീയെ പരമാവധി ചിത്രവധം ചെയ്തത്. ഇപ്പോള്‍ മാല മോഷണം ആരോപിച്ച് ദളിത് യുവതിയെ മോഷണ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പൊലീസ് ക്രൂരതയ്ക്ക് ഇരയായതോ, ദളിത് യുവതി ബിന്ദുവാണ്.

കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയിരുന്നു. അപ്പോഴാണ് അവര്‍ക്ക് അവഗണന നേരിട്ടത്. ആ ആക്ഷേപം അവര്‍ തന്നെയാണ് ഉന്നയിച്ചതും. പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാതി മേശപ്പുറത്തേക്ക് ഇടുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറയുന്നു.

  • ബിന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ ?

‘ ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി. ശശിയെന്നയാള്‍ക്കാണ് പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു’

അതേസമയം ബിന്ദുവിന്റെ ആരോപണത്തില്‍ പ്രതികരിച്ചു ശശിയും രംഗത്തുവന്നിട്ടുണ്ട്. പരാതി അവഗണിച്ചിട്ടില്ലെന്നും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നതായും ശശി പറയുന്നു. ഇതിനിടെ വാര്‍ത്ത വിവാദമായതോടെ തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് ആ വിഷയം കൈകാര്യം ചെയ്തതെന്നു മനസ്സിലാക്കണം. സോളാര്‍ കേസ് പ്രതിയും, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും നിരന്തരം കയറിയിറങ്ങി സര്‍ക്കാരുകളെപ്പോലും പുകമറയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി വരെ അത്തരം കേസുകള്‍ക്ക് ബന്ധമുണ്ടായി.

അതു മാത്രമല്ല, അപ്പോഴൊക്കെ ഈ പറയുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രിവിലേജുകള്‍ എന്തായിരുന്നുവെന്നും കേരളം കണ്ടതാണ്. ലൈംഗീകമായി പോലും അവര്‍ സര്‍ക്കാര്‍ കസേരകളില്‍ ഇരുന്നിരുന്നവരെ വലിച്ചിഴച്ചിരുന്നു. അതില്‍ മന്ത്രിവരെയുണ്ടായിരുന്നു(ഗണേഷ്‌കുമാര്‍ പണ്ട് മന്ത്രിയായിരുന്നപ്പോള്‍). സ്പീക്കറുണ്ട്. മന്ത്രിമാരുടെ പേഴ്‌സണ്‍ല്‍ സ്റ്റാഫുകളുണ്ട്. അങ്ങനെ എത്രയെയെത്ര നീറിയ കഥകളാണ് സെക്രട്ടേറിയറ്റിനു ചുറ്റും ഉണ്ടായിരുന്നത്. അവിടെ ഈ ദളിത് സ്ത്രീക്കുണ്ടായ ഒരു ജെന്യുവിനായ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കാത്തത് എന്തിന്റെ കാര്യം കൊണ്ടാണ്. അതും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക്. 20 മണിക്കൂര്‍ ഒരു സ്ത്രീക്ക് കുടിവെള്ളം പോലും

കൊടുക്കാതെ പീഡിപ്പിച്ച പോലീസാണോ അതോ, പോലീസിന്റെ നിയമവിരുദ്ധ പീഡനം പരാതിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചപ്പോള്‍ സാധാരണ പരാതി പോലെ കണക്കാക്കിയവരാണോ യഥാര്‍ഥ കുറ്റക്കാര്‍. അതോ പീഡനം ഏറ്റുവാങ്ങിയ ആ പാവം സ്ത്രീയോ. ജീതി കേരളത്തില്‍ ഇനിയും സംഭവിക്കും ദളിത് പീഡനങ്ങളും കൊലപാതകങ്ങളും. മോഷണകുറ്റം ചുമത്തി എപ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അവര്‍ക്കു മതിയായില്ല. കള്ളി എന്നുതന്നെ മുദ്രകുത്തണം എന്നൊരു വാശി. അതെന്തിനായിരുന്നു. ആ സ്ത്രീയുടെ പരാതിക്ക് എന്തു വിലയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കല്‍പ്പിച്ചത്. ദളിതന്റെ പരാതിക്കും ദളിതന്റെ പീഡനങ്ങള്‍ക്കും

ദളിതന്റെ നിലവിളികള്‍ക്കും ഇവിടെ വിലയുണ്ടോ. വേടനെന്ന റാപ്പര്‍ പാട്ടുകാരനെ കാരണമൊന്നുമില്ലാതെ അറസ്റ്റു ചെയ്തതും, കസ്റ്റഡിയില്‍ വെച്ച് നാണംകെടുത്തിയതും ഈ സര്‍ക്കാരിന്റെ പോലീസാണ്. വനംവകുപ്പാണ്. എന്നിട്ട്, വേടനെ അറസ്റ്റു ചെയ്തതിന്റെ നാലാം ദിവസം ബോധോദയം സംഭവിച്ചതു പോലെ സര്‍ക്കാര്‍ ഉണര്‍ന്നു. അന്നുവരെ പറഞ്ഞിരുന്നതെല്ലാം വിഴുങ്ങി. പിന്നെ വേടനു വേണ്ടി ആര്‍ത്തു വിളിക്കുകയായിരുന്നു.പക്ഷെ ആ നാലു ദിവസത്തെ പീഡനത്തിന് ആര് സമാധാനം പറയും. അതാണ് സര്‍ക്കാരിന്റെ രാഷ്ട്രീയവും ഉദ്ദേശവും,

ആദ്യം സംവിധാനങ്ങള്‍ വെച്ചുള്ള കടുത്ത പീഡനം, പിന്നെ സംരക്ഷന്റെ റോളില്‍ പ്രത്യക്ഷപ്പെടല്‍. വേട്ടക്കാരനും സംരക്ഷകനുമായി ഇരട്ടറോളാണ് സര്‍ക്കാര്‍ കളിക്കുന്നത്. അതാണ് തിരുവനന്തപുരത്തും കണ്ടത്. ആ പാവം സ്ത്രീയെ മോഷ്ടാവാക്കി, വെള്ളം കുടിപ്പിക്കാതെ പോലീസ് പീഡിപ്പിച്ചു. ശേഷം എഫ്.ഐ.ആര്‍ ഇട്ടു. പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, എന്താണോ മോഷ്ടച്ചത് എന്നു പറയുന്ന സ്വര്‍ണ്ണം ആ വീട്ടില്‍ നിന്നുതന്നെ കണ്ടെടുത്തു. എന്നിട്ടും, പോലീസിന്റെ കണ്ണില്‍ അവര്‍ മോഷ്ടാവ്. കേസില്ലാതെ പറ്റില്ലെന്നും. ഇതല്ലേ സര്‍ക്കാരിന്റെ ദളിത് നിലപാട്.

പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ താമസിക്കുന്ന ആര്‍. ബിന്ദു (39) എന്ന വീട്ടുജോലിക്കാരിയെയാണ് മോഷണത്തിന് ശേഷം കേസില്‍ പ്രതിയാക്കി കസ്റ്റഡിയിലെടുത്തത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നുള്ള 18 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല കാണാതായെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കവടിയാറില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിന്ദുവിനെ സ്ത്രീ പൊലീസിന്റെ നേതൃത്വത്തില്‍

വസ്ത്രമഴിച്ചു പരിശോധിക്കുകയും തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. സ്വര്‍ണം കണ്ടെത്താനായില്ലെങ്കിലും, വീണ്ടും സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് പുലര്‍ച്ചെ 3.30 വരെയായും ചോദ്യം ചെയ്യല്‍ നടത്തി. അസഭ്യവാക്കുകള്‍ വിളിച്ചും ഭര്‍ത്താവിനെയും കുട്ടികളെയും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയും പൊലീസ് ഇവരെ പീഡിപ്പിച്ചു.

ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചെന്നും ബിന്ദു വ്യക്തമാക്കി. സ്റ്റേഷനില്‍ തന്നെ വിളിച്ചുവരുത്തിയ പരാതിക്കാരി, സ്വര്‍ണം കിട്ടിയെന്ന് പറഞ്ഞതോടെയാണ് പിന്നീട് വിട്ടയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. തൊഴില്‍ ചെയ്യാന്‍ നഗരത്തിലെ വീടുകളിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ ഇനി വരരുതെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെന്നും ബിന്ദു പറയുന്നു.

Latest News