ചില വാര്‍ത്തകള്‍ വ്യാജ വാര്‍ത്തകളാകുന്നത് അങ്ങനെയൊക്കെയാണ്. കാരണം, മുഖ്യമന്ത്രി പങ്കെടുക്കാതെ പോകുന്ന പരിപാടികളില്‍ എന്താണ് കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചോദിക്കാതെ വാര്‍ത്ത കൊടുക്കുമ്പോഴാണ് വ്യാജ വാര്‍ത്തയാകുന്നത്. ശരിയാണ്. വാര്‍ത്തയുെ സത്യാവസ്ഥ അറിയേണ്ടതുണ്ട്. തിരുവനന്തപുരത്തെ സ്മാര്‍ട്ട്‌റോഡ് ഉദ്ഘാടനം ഒരു വലിയ പരിപാടിയായിരുന്നു. മുഖ്യമന്ത്രിയാണ് അത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ അനാരോഗ്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പക്ഷെ, ഈയോരു വലി പരിപാടിയില്‍ പങ്കെടുക്കാതിരുന്നതോടെ മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ തുടങ്ങി. അങ്ങനെയാണ് സ്മാര്‍ട്ട് റോഡില്‍ ഫണ്ട് ചെലവഴിച്ച തദ്ദേശ വകുപ്പും മരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നം പുറത്തു വന്നത്. മന്ത്രിമാരായ എം.ബി. രാജേഷാണ് ഇത് പരാതിയായി ഉന്നയിച്ചതെന്ന വിവരം മാധ്യമങ്ങള്‍ക്കു ലഭിക്കുകയാണ്. ഇത് ലഭിക്കണമെങ്കില്‍ മന്ത്രിയുമായോ, സര്‍ക്കാരുമായോ അടുത്തുനില്‍ക്കുന്നവരില്‍ നിന്നല്ലേ വാര്‍ത്ത ലഭിക്കുക. അപ്പോള്‍ അത് മുഖ്യമന്ത്രിയുമായി ചേര്‍ത്തു നിര്‍ത്തി. സ്വാബാവികമായും, മുഖ്യമന്ത്രിക്ക് കൂടുതല്‍ അടുപ്പം മരാമത്ത്മന്ത്രിയോടാണ്. അദ്ദേഹമാണെങ്കില്‍ മരുമകനും.
മരാമത്ത് മന്ത്രിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന അഭിപ്രായമോ പരാതിയോ ഉയര്‍ന്ന സ്ഥിതിക്ക് ആ വിഷയത്തില്‍ കൂടുതല്‍ ഇടപെടാതിരിക്കുകയാണ് നല്ലതെന്ന് സ്വാഭാവികമായി മുഖ്യമന്ത്രി തീരുമാനിച്ചതായിരിക്കാം എന്ന വ്യാഖ്യാനത്തോടെയാണ് വാര്‍ത്ത വന്നത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതും. ഇന്ന് മുഖ്യമന്ത്രിയുടെ ഓപീസ് അതിനു വിശദമായ മറുപടി തന്നെ വാര്‍ത്താക്കുറിപ്പായി നല്‍കിയിട്ടുണ്ട്. ഇതോടെ ഇപ്പോവുണ്ടായ വ്യാജവാര്‍ത്താ പ്രശ്‌നം കെട്ടടങ്ങുമെന്ന വിശ്വമാണ് സര്‍ക്കാരിനുള്ളത്.
- മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് ഇങ്ങനെ
12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട് ചെയ്തതുമാണ്.
എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനു പറയാനുള്ളത്. അതേസമയം വിഷയത്തില്‍ എം ബി രാജേഷോ, മുഹമ്മദ് റിയാസോ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പൂര്‍ണമായി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയര്‍ന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്ളക്സുകളും പത്ര പരസ്യങ്ങളും നിറഞ്ഞു.
തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നല്‍കി. ചെലവ് കണക്കാക്കി 80 കോടി നല്‍കിയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ്, സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം എന്നതിനപ്പുറം പണം ഒന്നും ചെലവഴിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് പണം മുഴുവന്‍ ചെലവഴിച്ചത്. ഇതിലുള്ള വിയോജിപ്പ് തദ്ദേശമന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളാണെന്നാണ് അറിയിച്ചതെങ്കിലും ആ ദിവസം ഉച്ച വരെയും, പിറ്റേന്ന് രാവിലെ നടന്ന പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന അമിതാധികാര ഇടപെടലുകളില്‍ മന്ത്രിസഭയിലെ മറ്റ് ചില മന്ത്രിമാര്‍ക്കും, പാര്‍ട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്താരം ആരോപണങ്ങളെയെല്ലാം വാര്‍ത്താകുറിപ്പില്‍ റദ്ദു ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
CONTENT HIGH LIGHTS;Are things that smart?: The Chief Minister did not attend the inauguration of the smart road due to health issues; But is the problem between the ministers true?; Will both of them issue a press release about it?