മനോഹരമായ പൂക്കളും മനംമയക്കും സുഗന്ധവുമുള്ള ഒരു ജനപ്രിയ ചെടിയാണ് മുല്ലച്ചെടി. ഇത് വീട്ടിൽ വളർത്താൻ വളരെ എളുപ്പമാണ്, പ്രത്യേകിച്ച് ചെടിച്ചട്ടികളിൽ. മുല്ലച്ചെടികൾ വളരണമെങ്കിൽ നല്ല അളവിൽ സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. വളരുന്നതും പൂവിടുന്നതുമായ സമയങ്ങളിൽ വെള്ളമൊഴിച്ച് കൊടുക്കുകയും വേണം.
എല്ലാത്തരം മുല്ലച്ചെടികളും ചെടിച്ചട്ടിയിൽ വളരാറില്ല. മോഗ്രാ- (നല്ല മണമുള്ള ചെടി), ജാസ്‌മിനം പോളിയന്തം (വേഗത്തിൽ വളരുന്നു ) അറേബ്യൻ ജാസ്മിൻ( ചൂടുള്ള കാലാവസ്ഥകളിൽ വളരുന്നു) എന്നിവയാണ് ചെടിച്ചട്ടിയിൽ വളർത്താൻ പറ്റിയ ഇനങ്ങൾ. ഇതിൽ നിന്നും നിങ്ങൾക്ക് വളർത്താൻ അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.
ചെടിച്ചട്ടി തിരഞ്ഞെടുക്കുമ്പോൾ
14 ഇഞ്ച് ആഴമുള്ള, നല്ല നീർവാർച്ചയും ദ്വാരവുമുള്ളതായ ചെടിച്ചട്ടി തിരഞ്ഞെടുക്കാം. വേരുകളിൽ ഈർപ്പം തങ്ങി നിൽക്കാൻ പാടില്ലാത്തതുകൊണ്ട് തന്നെ വെള്ളം പോകാൻ സ്ഥലമുണ്ടായിരിക്കണം. ചെടിച്ചട്ടിയിൽ പെബ്ബിൾസ് ഇട്ടുകൊടുത്താൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ സാധിക്കും.
മണ്ണ് മിശ്രിതം
നേരിയ അസിഡിറ്റി ഉള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണാണ് മുല്ലച്ചെടിക്ക് വേണ്ടത്. പൂന്തോട്ട മണ്ണ്, കമ്പോസ്റ്റ് അല്ലെങ്കിൽ ജൈവ വളം, മണൽ അല്ലെങ്കിൽ പെർലൈറ്റ് എന്നിവ ഉപയോഗിച്ചാൽ നല്ല നീർവാർച്ചയുള്ള മണ്ണ് ലഭിക്കും.
സൂര്യപ്രകാശം ലഭിക്കണം
മുല്ലച്ചെടികൾ വളരണമെങ്കിൽ നല്ല അളവിൽ സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചെടിച്ചട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.
വെള്ളമൊഴിക്കാം
വളരുന്നതും പൂവിടുന്നതുമായ സമയങ്ങളിൽ വെള്ളമൊഴിച്ച് കൊടുക്കേണ്ടത് പ്രധാനമാണ്. ഈ സമയങ്ങളിൽ എപ്പോഴും മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം. അതേസമയം അമിതമായി വെള്ളമൊഴിച്ച് കൊടുക്കരുത്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
വെട്ടിമാറ്റാം
പഴുത്തതോ കേടുവന്നതോ ആയ ഇലകൾ ഉണ്ടെങ്കിൽ അത് വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പുതിയ ഇലകൾ വരാനും സഹായിക്കുന്നു.
വളപ്രയോഗം
വളരുന്ന സമയങ്ങളിൽ മാസത്തിലൊരിക്കൽ ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ ദ്രാവക വളം ഉപയോഗിക്കണം. അതേസമയം ഇലകളുടെ വളർച്ചയ്ക്ക് മാത്രം മുൻഗണന നൽകുന്ന നൈട്രജൻ വളങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.