ഇന്ത്യയുടെ കാര്‍ഷിക കലണ്ടറില്‍ പ്രധാന പങ്കു വഹിക്കുന്ന മഴക്കാലമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍. രാജ്യത്ത് പെയ്യുന്ന മഴയുടെ 75 ശതമാനവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണാണ് എത്തിക്കുന്നത്. ഈ വര്‍ഷം അല്‍പം നേരത്തെ മെയ് 27 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നു പോകുന്ന ഭൂമധ്യരേഖ കടന്നാണ് തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഉത്‌ഭവിക്കുന്നത്. അവിടെ നിന്നാണ് ഈ കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ലക്ഷ്യമാക്കി സഞ്ചാരം ആരംഭിക്കുന്നത്. അന്തരീക്ഷ മര്‍ദം മൂലമാണ് ഇത് ഇന്ത്യയിലെത്തുന്നത്. കാറ്റിനോടൊപ്പം ബാഷ്പവുമുണ്ടാകും. മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ തീക്ഷ്ണമായ വേനലില്‍ കരയും കടലും രണ്ടു രീതിയിലാണ് ചൂട് പിടിക്കുക. താരതമ്യേന ഭൂമിയില്‍ ചൂട് കൂടുതലും കടലില്‍ ചൂട് കുറവുമായിരിക്കും. ചൂട് കൂടുതല്‍ കാരണം കരഭാഗത്ത് അന്തരീക്ഷ മര്‍ദം കുറവായിരിക്കും.
കടലില്‍ മര്‍ദം കൂടുതലുമായിരിക്കും. കാറ്റ് എപ്പോഴും മര്‍ദം കൂടുതലുള്ള സ്ഥലത്ത് നിന്നും കുറവുള്ള സ്ഥലത്തേക്ക് സഞ്ചരിക്കും. അന്തരീക്ഷ മര്‍ദം കുറഞ്ഞ ടിബറ്റന്‍ പീഠഭൂമിയുടെ ഭാഗത്തേക്കു നീങ്ങുന്ന ബാഷ്പം നിറഞ്ഞ ഈ കാറ്റ് തിരുവനന്തപുരത്തോടു ചേര്‍ന്നു കിടക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ തട്ടി സഞ്ചാരം നിലയ്ക്കും. ഈ സമയത്ത് ബാഷ്പം നിറഞ്ഞ കാറ്റ് ഘനീഭവിച്ച് കാര്‍മേഘങ്ങളായി മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ മഴ വര്‍ഷിക്കാന്‍ ആരംഭിക്കുന്നതോടെ കാലവര്‍ഷം തിരുവനന്തപുരത്ത് ആരംഭിക്കുകയായി. ഇതോടൊപ്പം തിരുവനന്തപുരത്തു നിന്നും പശ്ചിമഘട്ടത്തോടു ചേര്‍ന്ന് ഈ കാറ്റ് വടക്കോട്ട് നീങ്ങുന്നതോടെ ഇടവപ്പാതി കേരളമാകെ വ്യാപിക്കും. പിന്നെ 5 ദിവസം കേരളത്തില്‍ അതിശക്തമായ പെയ്ത്തായിരിക്കും. അതിനു ശേഷം ശക്തി കുറയും.
ഇതിനിടെ കാലവര്‍ഷക്കാറ്റ് കര്‍ണാടകത്തിലേക്കു കേരള-കര്‍ണാടക അതിര്‍ത്തിയായ മംഗലാപുരത്ത് എത്തും. അവിടെ ദക്ഷിണ കന്നടയിലും പരിസര പ്രദേശങ്ങളിലും 5 ദിവസം തിമിര്‍ത്തു പെയ്ത ശേഷം കാര്‍വാര്‍-ഗോവ-കൊങ്കണ്‍ മേഖലകളില്‍ മഴ വര്‍ഷിച്ച് മുംബൈയില്‍ എത്തും. മുംബൈയില്‍ വച്ച് ഈ കാറ്റ് ചൂടു കൂടിയ ഉത്തരേന്ത്യയുടെ മറ്റ് പലഭാഗങ്ങളിലേക്കു തിരിഞ്ഞ് ഹിമാലയത്തിലെത്തും. ഒരു കൈവഴി മുംബൈയില്‍ നിന്ന് ഗുജറാത്ത് വഴി പാകിസ്ഥാനിലെ പെഷവാറിലെത്തും.
ജൂണ്‍ ആദ്യം തിരുവനന്തപുരം-കന്യാകുമാരി ഭാഗത്തെത്തുന്ന കാലവര്‍ഷക്കാറ്റിന്‍റെ ഒരു കൈവഴി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലൂടെ കടന്നു കൊല്‍ക്കത്ത തീരം വഴി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയടങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിക്കും. കൊല്‍ക്കത്തയില്‍ നിന്നും അഞ്ച് ദിവസമെടുത്തു ഈ കാറ്റ് പാട്‌നയിലും അവിടെ നിന്നും അഞ്ചു ദിവസമെടുത്ത് അലഹാബാദിലും അലഹാബാദില്‍ നിന്നും അമൃത്‌സറിലേക്കും സഞ്ചരിച്ചെത്തുമെന്നും ഷഹീര്‍ ഷാ വിശദീകരിച്ചു. അമൃത് സറില്‍ നിന്നും പാകിസ്ഥാനിലെ പേഷവാറിലേക്കാകും തുടര്‍ന്നുള്ള സഞ്ചാരം.
തെക്ക് പടിഞ്ഞാറന്‍ കാറ്റ് ആദ്യമായി കരയിലെത്തുന്നത് തിരുവനന്തപുരത്താണ്. ഓണ്‍സെറ്റ് ഓഫ് മണ്‍സൂണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് കരയിലെത്തുമ്പോള്‍ ഓണ്‍സെറ്റ് എന്നു പറയും. ജലബാഷ്‌പം അധികമുള്ള കാറ്റാണിത്. എവിടെയൊക്കെ ഈ കാറ്റിനെ തടഞ്ഞു നിര്‍ത്താനുള്ള സാധ്യതയുണ്ടോ അവിടെയെല്ലാം മഴ പെയ്യും. കേരളത്തിലാണെങ്കില്‍ പശ്ചിമഘട്ട മലനിരകള്‍ ഈ കാറ്റിനെ തടയും, ഇതോടെ മഴയും തുടങ്ങും. പിന്നെ ഇത് അറിയപ്പെടുന്നത് മണ്‍സൂണ്‍ എന്നാണ്.
പശ്ചിമഘട്ട മലനിരകള്‍ തടസം സൃഷ്ടിക്കുന്നതോടെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഇതിനെ മുകളിലൂടെ മറികടക്കാന്‍ ശ്രമിക്കും. ഇതോടെ ഈര്‍പ്പം നിറഞ്ഞ കാറ്റ് തണുക്കും. തണുത്താല്‍ പിന്നെ കാറ്റിന് സഞ്ചരിക്കാനാവില്ല. കേരളത്തില്‍ വ്യാപകമായ മഴയായി പെയ്തിറങ്ങും. തുടരെ തുടരെയുണ്ടാകുന്ന ഈ കാറ്റ് മറ്റു സംസ്ഥാനങ്ങളിലേക്കും പതിയെ സഞ്ചരിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള കാറ്റ് കൊണ്ടു വരുന്ന മഴയായത് കൊണ്ടാണ് ഇതിനെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണെന്ന് പറയുന്നത്.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കടലില്‍ നിന്നും കരയിലേക്ക് നിരന്തരമായി കാറ്റു വീശും. ഇന്ത്യയില്‍ ലഭിക്കുന്ന മുഴുവന്‍ മഴയുടെ 75 ശതമാനത്തിലധികവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണ് ലഭിക്കുന്നത്. അറബിക്കടല്‍ കൈവഴിയില്‍ സഞ്ചരിക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഹിമാലയന്‍ മലനിരകളുടെ ഭാഗത്തു നിന്നും ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നീങ്ങും. പശ്ചിമ ബംഗാളും ബംഗ്ലാദേശും വഴി കടലിലേക്ക് പോകും. കടലില്‍ നിന്നും വീണ്ടും ഈര്‍പ്പം ശേഖരിച്ചു കരയിലേക്കു യാത്ര തുടങ്ങുമ്പോള്‍ വടക്ക് കിഴക്കന്‍ മണ്‍സൂണായി ഇതു രൂപാന്തരപ്പെടും.
ഒക്ടോബര്‍ മുതല്‍ ഡിംസബര്‍ വരെയാണ് തുടരുന്ന ഈ സീസണെ കേരളത്തില്‍ ഇതിനെ തുലാവര്‍ഷമെന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ വ്യാപകമായി മഴ എത്തിക്കുക. ഇതിനു പുറമേ ഒഡീഷ, ദക്ഷിണ കര്‍ണാടക, തമിഴ്‌നാട്, ശ്രീലങ്ക, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ മണ്‍സൂണ്‍ മഴ നല്‍കും. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിന്‍റെ ഭാഗങ്ങളിലെത്തുക. കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ ശക്തമായി പിന്നാലെ മഴ ദുര്‍ബലമാകും.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ മടങ്ങി വരവിനെ റിട്രീറ്റ് എന്നു വിളിക്കും. പക്ഷേ ഈ മടങ്ങി വരവില്‍ മഴ ദുര്‍ബലമായിരിക്കും. ഓണ്‍സെറ്റില്‍ കൊടുങ്കാറ്റും, ഇടിമിന്നലിനും സാധ്യതയുണ്ട്. അന്തരീക്ഷം അത്രയും പ്രക്ഷുബ്ധമായിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് ഇന്ത്യയില്‍ ലഭിക്കുന്ന മഴയില്‍ 75 ശതമാനവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൊണ്ടു വരുന്നതാണ്. മണ്‍സൂണിന് കൈവഴികളുണ്ട്. ഭൂമദ്ധ്യരേഖ പ്രദേശത്തു നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തുമ്പോള്‍ പല കൈവഴികളായി ഇതു പിരിയുന്ന പ്രതിഭാസമുണ്ടാകാറുണ്ട്. ഇതൊരു കാറ്റാണ്. കൃത്യമായ വഴിയില്‍ ഇതു സഞ്ചരിക്കില്ല.
പല പ്രതിബന്ധങ്ങളുമുണ്ടാകുമ്പോഴാണ് ഇതു കൈവഴികളായി പിരിയുക. മുന്‍പോട്ട് സഞ്ചരിക്കാന്‍ തടസമുണ്ടാകുമ്പോള്‍ വലത്തേക്കോ ഇടത്തേക്കോ തിരിയുന്ന സാമാന്യ രീതിയാണിത്. നദികളും ഇങ്ങനെയാണ്. വെള്ളത്തിന്‍റെ ഒഴുക്കിന് തടസം വരുമ്പോള്‍ നദി സമാനമായി കൈവഴികളായി പിരിയുന്ന പോലെ തന്നെയാണിതും. ഈ കൈവഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അറബിക്കടല്‍ കൈവഴിയും ബംഗാള്‍ ഉള്‍ക്കടല്‍ കൈവഴിയുമാണ്. ഇതില്‍ അറബിക്കടല്‍ കൈവഴിയാണ് നമുക്ക് മഴയെത്തിക്കുന്നത്. ഇതല്ലാതെ ബംഗാള്‍ ഉള്‍ക്കടല്‍ കൈവഴി മാര്‍ഗം മറ്റു സംസ്ഥാനങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
അറബി വാക്കായ മൗസിയില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്ക് രൂപപ്പെടുന്നത്. മൗസം എന്ന ഹിന്ദി പ്രയോഗവും മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ് പ്രയോഗവും ഈ അറബിവാക്കില്‍ നിന്നും രൂപമെടുത്തതാണ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഓരോ പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്ന സമയത്തെ താപം, മര്‍ദം, ആര്‍ദ്രത, ഭൂമിയുടെ കറക്കം, കാറ്റിന്റെ വേഗത എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കും.
ജെറ്റ് സ്ട്രീംസ് എന്ന പേരിലൊരു കാറ്റുണ്ട്. ഹിമാലയന്‍ ഭാഗത്തു രൂപപ്പെടുന്ന കാറ്റുകളാണിത്. ഇതു കടന്നു വരുമ്പോള്‍ കാറ്റിനെ അങ്ങോട്ട് ആകര്‍ഷിക്കുന്ന ഒരു ന്യൂനമര്‍ദ്ദ പാതി രൂപപ്പെടും. ഇതു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിനെ ആകര്‍ഷിക്കും. ജെറ്റ് സ്ട്രീം തിയറി എന്നാണ് ഇതറിയപ്പെടുന്നത്. താപം, മര്‍ദം, ആര്‍ദ്രത, ഭൂമിയുടെ കറക്കം, കാറ്റിന്റെ വേഗത ഇതെല്ലാം ഭൂമിയുടെ അന്തരീക്ഷത്തെ സ്വാധീനിക്കും. പസഫിക് ഭാഗത്തെ ഉഷ്ണജല പ്രവാഹം അഥവാ എല്‍ നിനോ പ്രതിഭാസം വരുമ്പോള്‍ മണ്‍സൂണിലും മാറ്റം വരും. എന്നാല്‍ ഓണ്‍സെറ്റിന് ശേഷം വലിയ വ്യത്യാസങ്ങളുണ്ടാകില്ല.
ഓണ്‍സെറ്റിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ഭാവി പ്രവചിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തില്‍ നിരന്തരമായി മഴ പെയ്യില്ലെങ്കിലും നാല് ദിവസമൊക്കെ തുടരെ മഴ ലഭിക്കും. അതിന് ശേഷം മഴയ്ക്ക് ഇടവേളയുണ്ടാകും. സമുദ്ര നിരപ്പിലുണ്ടാകുന്ന വ്യതിയാനമനുസരിച്ചാണ് ഇടവേളയുണ്ടാവുക. ഒരു മാസത്തില്‍ 5-6 ദിവസങ്ങള്‍ ഇടവേള ഉണ്ടാകും. ഇടവേള ഇല്ലെങ്കില്‍ പ്രളയമുണ്ടാകും. നിരന്തരമായ മഴ നാലു ദിവസത്തോളമേ കാണു. ചില സമയത്തെ തെക്ക് പടിഞ്ഞാറന്‍ കാറ്റില്‍ ഊഷ്മാവുണ്ടാകില്ല. പക്ഷെ അന്തരീക്ഷം മേഘാവൃതമായി തുടരും. ചിലപ്പോള്‍ ഇവിടെ പെയ്യാതെ മറ്റിടങ്ങളിലേക്ക് കടന്നു പോകാനും സാധ്യതയുണ്ട്.
ഓണ്‍സെറ്റ് കഴിഞ്ഞു അന്തരീക്ഷം തണുക്കും. ചൂട് നിലനിന്നാല്‍ മാത്രമേ മര്‍ദം കുറയൂ. അദ്യത്തെ മഴ കഴിഞ്ഞു തണുത്ത് കിടക്കുന്ന അന്തരീക്ഷത്തില്‍ ഊഷ്മാവിനെ നിലനിര്‍ത്താനുള്ള ശേഷി കുറഞ്ഞു വരും. ഇതോടെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കേരളം കടന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും. അവിടെ ചൂട് പിടിച്ചു കിടക്കുന്ന അന്തരീക്ഷത്തില്‍ മഴ പെയ്യും. പോകുന്ന വഴിയിലെ ജലാശയങ്ങളില്‍ നിന്നും തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഈര്‍പ്പം വലിച്ചെടുക്കും. സമയക്രമം എപ്പോഴും സാധ്യത മാത്രമായിരിക്കും. ഒരു പ്രദേശത്ത് നാല് മാസമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടരാനുള്ള സാധ്യത. കേരളത്തില്‍ മണ്‍സൂണ്‍ കഴിഞ്ഞാലും ഉത്തരേന്ത്യയില്‍ തുടര്‍ന്നേക്കും.