ഓരേ ദിവസം കഴിയുന്തോറും റാപ്പര്‍ വേടനെതിരേ ഉന്നതകുലജാതരുടെ എതിര്‍പ്പിന്റെ ശക്തി കനംവെച്ചു വരികയാണ്. തുടക്കം, കഞ്ചാവ് റെയ്‌ഡെന്ന പേരിലായിരുന്നെങ്കില്‍ പിന്നീടത്, പുലിപ്പല്ലിലേക്കു വഴിമാറി. തൊട്ടു പിന്നാലെ ശ്രീലങ്കന്‍ പുലികളെ ന്യായീകരിച്ച പാട്ടിന്റെ വക്താവായി മാറി ജാതി ഭീകരവാദിയായി. അതു കഴിഞ്ഞതോടെ ‘കഞ്ചാവോളികള്‍’ എന്ന പുതിയ പദത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കും ഗോത്ര വര്‍ഗത്തിന്റെ കലയുടെ ചരിത്രം പഠിപ്പിക്കലിലേക്കും എത്തി. അവിടെയും താണ്ടി അ#്ചു വര്‍ഷത്തിനു മുമ്പ് ഇറക്കിയ റാപ്പ്‌സോംഗില്‍ നരേന്ദ്രമോദിയെ കപട ദേശീയ വാദി എന്നു പറഞ്ഞാക്ഷേപിച്ചു എന്ന് കാട്ടി ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി അയച്ചിരിക്കുന്നു.
വേടന്‍ തീയാണെന്ന് ഇവര്‍ തെളിയിട്ടു കഴിഞ്ഞു. ആ തീയില്‍ പൊള്ളുന്നവരുടെ എണ്ണം കൂടുകയാണ്. ഒരു പാട്ടുകൊണ്ടോ, പാട്ടിന്റെ വഴിയേ വരുന്ന ആള്‍ക്കൂട്ടം കൊണ്ടോ മാറ്റാനും മറിക്കാനും കഴിയാത്ത ജാതി ചിന്തയും ചാതുര്‍വര്‍ണ്യ വ്യവസ്ഥയും മനസ്സില്‍ ഇന്നും കൊണ്ടുനടക്കുന്ന ജനതയാണ് ഇവിടുള്ളത്. എന്നിട്ടും, വേടന്റെ പാട്ടിനെ ഭയക്കുന്നത് ആരാണ് എന്ന ചോദ്യം ഉയരുകയാണ്. ബി.ജെ.പി പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് NIAക്ക് പരാതി നല്‍കിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമറിന്റെ ഭാര്യകൂടിയാണ് പരാതിക്കാരി. അപ്പോള്‍ പരാതി നല്‍കിയത് ബി.ജെ.പി അറിഞ്ഞു കൊണ്ടാകുമെന്ന് ഉറപ്പിക്കാം.
അഞ്ചു വര്‍ഷം മുമ്പ് ഇറങ്ങിയ വേടന്റെ വോയിസ് ഓഫ് വോയിസ് ലെസ് എന്ന ആല്‍ബത്തിലാണ് മോദിയെ ഇകഴ്ത്തിക്കൊണ്ടുള്ള വരികളുള്ളത്. ഇതിനെതിരേയാണ് മിനി എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഞ്ച് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് വോയ്‌സ്ലെസ്’ എന്ന പാട്ടില്‍ കപടദേശവാദി നാട്ടില്‍, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി തുടങ്ങിയ പരാമര്‍ശങ്ങളുണ്ടായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സമൂഹഭിന്നതയാണ് വേടന്റെ പാട്ടിലൂടെ നടത്തുന്നതെന്നും കൗണ്‍സിലര്‍ ആരോപിക്കുന്നു. കലാകാരന് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും.
ലക്ഷക്കണക്കിന് പേര്‍ പാട്ട് ആസ്വദിക്കാന്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക എന്നിവയൊന്നും ശരിയല്ല. ഏത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരിലും ഇത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നു. രാഷ്ട്രീയമായി മോദിയെയും പിണറായി വിജയനെയും എന്തൊക്കെയാണ് പറയുന്നത്. കാര്‍ട്ടൂണുകള്‍, പ്രസംഗങ്ങള്‍, കോമഡി പാരഡികള്‍, മിമ്മിക്രി വേദികളില്‍ അങ്ങനെ എല്ലാത്തരം കലാപ്രകടനങ്ങളിലും മോദിയും പിണറായി വിജയനുമെല്ലാം താരങ്ങളായിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത ഒരു പ്രത്യേകതരം സ്‌നേഹവും, കരുതലുമൊക്കെ ഈ പരാതിയില്‍ അടങ്ങിയിട്ടുണ്ടെന്നു പറയാതെ വയ്യ.
നോക്കൂ, വേടന്റെ പാട്ടില്‍ പൊള്ളിയവര്‍ ആരൊക്കെയെന്ന്, ആര്‍.എസ്.എസിന്റെ മുഖപത്രമായ കേസരിയുടെ എഡിറ്റര്‍ എന്‍.ആര്‍. മധു. ഹിന്ദു ഐക്യവേദിയുടെ രക്ഷാധികാരി കെ.പി ശശികല. പാലക്കാട് ബി.ജെ.പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. ഇവരുടെ രാഷ്ട്രീയവും വ്യക്തമല്ലേ. അപ്പോള്‍ വേടനെയും അദ്ദേഹത്തിന്റെ പാട്ടിനെയും എതിര്‍ക്കുന്നതിലൂടെ ഇവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവും വെളിയില്‍ വരികയാണ്. മധുവും ശശികലയും പൊതു വേദികളിലും, പൊതു ഇടങ്ങളിലും വേടനെയും അയാളുടെ രാഷ്ട്രീയത്തെയും അയാളുടെ ജാതിയെയും ഭീകരവാദമാണെന്ന് ചിത്രീകരിക്കുമ്പോള്‍ മിനി ചെയ്ത,് നിയമപരമായ നീക്കമാണ്. പ്രധാനമന്ത്രിയെ കപട ദേശവാദി എന്ന പാട്ടു പാടി എന്നതാണ് പരാതിയുടെ ജാതി.
എസ്.സി.എസ്.ടി. വകുപ്പ് ഒരു ഉന്നതകുല ജാതന്‍ ഭരിക്കണമെന്നാണ് ആഗ്രഹമെന്നു പരസ്യമായി വിളിച്ചു പറഞ്ഞ കേന്ദ്ര സഹമന്ത്രിയുണ്ട് ഈ നാട്ടില്‍. അത് ജാതീയമായ വേര്‍തിരിവല്ലേ വിളിച്ചു പറഞ്ഞതെന്ന് ഈ പറയുന്ന ഒരാളും ചോദിച്ചില്ല. ഉന്നതകുല ജാതന്‍ എന്നാല്‍, മന്ത്രി ആരെയാണ് ഉദ്ദേശിച്ചത്. അതും എസ്.സി. എസ്.ടി വകുപ്പ് ഭരിക്കാന്‍. അപ്പോള്‍, എസ്.സി. എസ്.ടി. എന്നത്, ഉന്നതരല്ലേ. അതോ ജാതീമായി അഴരെക്കാള്‍ ഉന്നതരായവര്‍ ഇവിടുണ്ടെന്നാണോ. എന്താണ് സുരേഷ്‌ഗോപിയെന്ന മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദിക്കാന്‍ എന്‍.ആര്‍.മധുവോ, ശശികലയോ, മിനിയോ ഉണ്ടായില്ല. അതാണ് ജാതിബോധവും, ജാതി വിവേചനവും.
ഉന്നതകുലജാതരാണ് എന്ന് ഇപ്പോഴും ധരിച്ചു വശായിരിക്കുന്നവര്‍ക്ക് ജാതി പറയാം, ചോദിക്കാം. എസ്.സി. എസ്.ടി.ക്കാര്‍ ജാതി പറഞ്ഞാല്‍ അത് ജാതിഭീകരവാദം. പേരിന്റെ കൂടെ ജാതി എഴുതുന്നവര്‍ നടത്തുന്നത് ഉന്നതകുലജാതീയത. പാട്ടിനൊപ്പം അവന്റെ പിന്‍തലമറ അനുഭവിച്ച ചരിത്രം പറയുന്നത് ജാതി ഭീകരവാദം. ജാതി പറയുന്നവരും ജാതി എഴുതുന്നവരും, ജാതി ഭക്ഷിക്കുന്നവരും ഇന്നും കേരളത്തിലുണ്ടെങ്കില്‍ അത് മധുവും ശശികലയും മിനിയും ആരോപിക്കുന്ന പട്ടികജാതിക്കാരോ പട്ടിക വര്‍ഗക്കാരോ അല്ല. അത് ഉന്നതകുലജാതരെന്നു പറയുന്ന ജാതി ഭീകരവാദികളാണ്. ഇപ്പോള്‍ ഇവര്‍കാണിക്കുന്നതാണ് അസഹിഷ്ണുത. വേടനെന്ന് പേരിട്ട്, വേടന്റെ സ്റ്റേജിട്ട് അവിടേക്ക് ആള്‍ക്കൂട്ടത്തെ ആനയിക്കുകയാണ് വേടന്‍.
സഹിക്കുമോ. അവന്റെ പുറകേ പോകുന്നത് കാണുമ്പോള്‍ സഹിക്കാനാവില്ലല്ലോ തമ്പ്രാക്കന്‍മാര്‍ക്ക്. കുടികിടപ്പവകാശത്തിനു പോലും അവകാശമില്ലാതിരുന്ന ജനമല്ലേ അവര്‍. ദയയ്ക്കും ദാനത്തിനും നമ്മുടെ പിന്നാലെ നടന്നിരുന്നവരല്ലേ അവര്‍. അങ്ങനെയുള്ളവരുടെ പിന്നാലെ നാടും ജനവും ഒഴുകിയാല്‍ അതിന്റെ കുറച്ചില്‍ നമുക്കല്ലേ എന്ന ചിന്തയാണ് ഇവരെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നത്. വേടനെ എതിര്‍ക്കുന്നവരുടെ എണ്ണം ഇനിയും കൂടുകതന്നെ ചെയ്യും. ജാതി സംഘടനകളും, നേതാക്കളും ഇതുവരെ വാ തുറന്നിട്ടില്ല. തൊട്ടാല്‍ പൊള്ളായലോ എന്നു കരുതിയാണ് വാ തുറക്കാതിരിക്കുന്നത്. എന്നാല്‍, നാലു വര്‍ത്തമാനം പറയണമെന്ന് മനസ്സിലുണ്ടാകും. നല്ല അവസരം കാത്തിരിക്കുകയാണ് അവരും.
കേരളത്തില്‍ ജാതിയുണ്ട്. വ്യക്തമായും ശക്തമായും ജാതിയുണ്ട്. സര്‍ക്കാര്‍ അംഗീകൃത ജാതി ചിന്തയാണത്. എസ്.എസ്.എല്‍.സി. ബുക്കിലുണ്ട് ജാതി. മാത്രമോ പേരിലുമുണ്ട് ജാതി. അവിടെയൊന്നും ജാതി പറയാതിരിക്കുന്നതും, നിയമത്തിനൊപ്പം സഞ്ചരിക്കുന്നതും, നവോത്ഥാനത്തിന്റെ കൂടെ അടിയുറച്ചു നില്‍ക്കുന്നതും എസ്.സി. എസ്.ടി.ക്കാര്‍ മാത്രമാണെന്ന് പറയാനാകും. കാരണം, അവരുടെയൊന്നും പേരിനു പിന്നില്‍ ജാതിവാലില്ല. അവര്‍ക്ക് തൊട്ടുകൂടായ്മയില്ല. അവര്‍ക്ക് ജാതീയ വേര്‍തിരിവില്ല. ഇതെല്ലാമുള്ളത്, നായര്‍ക്കും നമ്പൂതിരിക്കും, മേനോനും, പിള്ളയ്ക്കും, വര്‍മ്മയ്ക്കും ഒക്കെയാണ്. അത് ഇന്നും തുടരുന്നു. പേരിന്റെ പിന്നില്‍ വാലിട്ട്. വേടനെ നേരേയാക്കാന്‍ ശ്രിമക്കുന്നവര്‍ ആദ്യം ജാതിവാലിട്ടവരെ പറഞ്ഞ് ശരിയാക്കാന്‍ നോക്കൂ.
CONTENT HIGH LIGHTS;Where is intolerance spreading?: Who are the ones who go out to hunt the hunter?; What kind of beating did NR Madhu-Sasikala-Mini Krishnakumar receive?; Mini’s complaint to NIA alleging that Modi was belittled; Who is silencing the voice of the voiceless?