കടലിലൂടെ പോകുന്ന കപ്പലുകളെ ദൂരെ നിന്നു നോക്കിക്കാണുന്ന വിനോദമല്ലാതെ സധാരണക്കാര്‍ക്ക് ആ കപ്പലില്‍ ആരാണെന്നോ, കണ്ടെനറുകളില്‍ എന്താണെന്നോ ഒന്നും അറിയില്ല. പക്ഷെ, കേരള തീരത്തിനടുത്ത്, കപ്പല്‍ ചാലില്‍ ഒരു വലിയ കപ്പല്‍ മുങ്ങിയാല്‍, ആ കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ കടലില്‍ വീണാല്‍, ആ കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞാല്‍ അതിനുള്ളില്‍ എന്താണെന്ന് അറിയേണ്ട അവകാശം ജനങ്ങള്‍ക്കുണ്ട്. അത് അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയുമാണ്. കാരണം, ആ കപ്പല്‍ മുങ്ങിയതു കൊണ്ട് ദുരിതം അനുഭവിക്കുന്നത്, മത്സ്യത്തൊഴിലാളികളും ജനങ്ങളുമായതു കൊണ്ട്. എം.എസ്.സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ മുങ്ങിയിട്ട് രണ്ടു ദിവസം ആകുന്നു.
അതില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരം തൊടുന്നു. എന്നിട്ടും, കണ്ടെയ്‌നറിലോ, കപ്പലില്‍ കൊണ്ടുപോയ സാധനങ്ങളോ എന്താണെന്ന് ആര്‍ക്കുമറിയില്ല. കപ്പല്‍ കമ്പനിക്കോ, കപ്പലിലെ ജീവനക്കാര്‍ക്കോ, കപ്പല്‍ സര്‍വ്വീസ് നടത്തുന്ന പോര്‍ട്ടുകള്‍ക്കോ അറിയാത്ത രഹസ്യമാണോ കണ്ടെയ്‌നറുകലില്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍. കപ്പല്‍ മുങ്ങിയിട്ടും അധികൃതര്‍ വ്യക്തമായി കാര്യങ്ങള്‍ പറയാത്തതെന്താണ്. സത്യം പറയേണ്ട ഘട്ടമല്ലേ ഇത്. യുദ്ധ സമാനമായ സാഹചര്യമാണ് നിറയെ കണ്ടെയ്‌നറുകളുമായി കടലില്‍ കപ്പല്‍ മുങ്ങുന്നതും. കടലിനുണ്ടാകാന്‍ പോകുന്ന മാറ്റം, മത്സ്യങ്ങള്‍ക്കും കടല്‍വെള്ളത്തിനും, അന്തരീക്ഷത്തിനും ഉണ്ടാകാന്‍ പോകുന്ന വ്യത്യാസം ഇതെല്ലാം ജനങ്ങള്‍ അറിയേണ്ടതാണ്.
അതിന് കണ്ടെനറിനുള്ളില്‍ എന്തൊക്കെയാണ് കൊണ്ടുപോയതെന്ന് അറിയേണ്ടതുണ്ട്. അത് വിഴിഞ്ഞം പോര്‍ട്ടിലുള്ളവര്‍ക്ക് അറിയില്ല എന്നതാണ് വ്യക്തമാക്കുന്നത്. വിഴിഞ്ഞം പോര്‍ട്ടില്‍ നിന്നും ഒരു കണ്ടെയ്‌നറും കയറ്റിയിട്ടില്ലെന്നും പറയുന്നുണ്ട്. അപ്പോഴും കുറേ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഏതു പോര്‍ട്ടില്‍ നിന്നു വരുന്ന കപ്പലായാലും മറ്റൊരു പോര്‍ട്ടില്‍ അടുക്കുമ്പോള്‍ അതിലെ വസ്തുക്കള്‍, കപ്പലിലെ ജീവനക്കാരുടെ വിവരങ്ങള്‍, കപ്പലിന്റെ കപ്പാസിറ്റി, സഞ്ചരിച്ച ദൂരം, എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ അറിയിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം ഇല്ലേ. അതോ എവിടെ നിന്നെങ്കിലും വന്ന്, എവിടേക്കെങ്കിലും പോകുന്നതാണോ.
ആര്‍ക്കും ഒരു ഉത്തരവാദിത്വവുമില്ലാത്ത അവസ്ഥയിലാണോ കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ഇതിനു മറുപടി പറയേണ്ടത് വിഴിഞ്ഞം പോര്‍ട്ട് എംഡിയാണ്. കപ്പല്‍ മുങ്ങുമ്പോള്‍ അതേക്കുറിച്ച് പറയേണ്ടത്, ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിയല്ല, പകരം ഉദ്യോഗസ്ഥരാണ്. മന്ത്രി പറയേണ്ടത്, ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. അല്ലാതെ സാങ്കേതിക പ്രശ്‌നങ്ങളല്ല. ജനങ്ങളുടെ സുരക്ഷിതത്വവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. നോക്കൂ, തുച്ഛമായ കണ്ടെയ്‌നറുകള്‍ മാത്രമാണ് തീരം തൊട്ടിട്ടുള്ളത്. എന്നാല്‍, കപ്പലിനൊപ്പം, കടലിന്റെ അടിത്തട്ടിലേക്കു പോയിരിക്കുന്ന കണ്ടെയ്‌നറുകളില്‍ എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്.
ജനങ്ങളെ വെറുതേ പേടിപ്പിക്കുകയാണോ അധികൃതര്‍ ചെയ്യുന്നതെന്ന് സംശയം തോന്നിപ്പോകും. കാരണം, കപ്പല്‍ മറിഞ്ഞ ആദ്യ ദിവസം തന്നെ ദുരന്ത നിവാരണ അതോറിട്ടിയില്‍ നിന്നുവന്ന അറിയിപ്പ്, അത്യന്തം അപകടകരമായ വസ്തുക്കളാണ് കണ്ടെയ്‌നറില്‍ ഉള്ളതെന്നാണ്. എന്നാല്‍, കപ്പല്‍ മുങ്ങി, കണ്ടെയ്‌നറുകള്‍ തീരം തൊട്ടിട്ടും അപകടങ്ങള്‍ ഉണ്ടായില്ല എന്നു മാത്രമല്ല, പഞ്ഞിക്കെട്ടുകളും പതയും മാത്രമാണ് പുറത്തു വന്നിരിക്കുന്നതും. അപ്പോള്‍ കപ്പലില്‍ കൊണ്ടുപോയ വസ്തുക്കളെ കുറിച്ച് കൃത്യമായ വിവരം ഇനിയും ആര്‍ക്കും അറിയില്ല എന്നു തന്നെ വിശ്വസിക്കേണ്ടി വരും. അഥവാ അറിഞ്ഞിട്ടുണ്ടെങ്കില്‍ അധികൃതര്‍ ജനങ്ങളോടു പറയുന്നില്ല.
സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ പറയുന്നത് ഇങ്ങനെ
എം.എസ്.സി എല്‍സ 3 എന്ന ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ ഏത് വിഭാഗത്തില്‍ ഉള്ളതായിരുന്നുവെന്നും, ഈ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ എന്തായിരുന്നുവെന്നും കൃത്യമായി പറയാന്‍ ബന്ധപ്പെട്ട പോര്‍ട്ട് അതോറിറ്റി തയ്യാറാകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കസ്റ്റംസിനും, പോര്‍ട്ട് അതോറിറ്റിക്കും
ഉത്തരവാദിത്വം ഉണ്ട്. കാലാവസ്ഥയുടെ പ്രശ്‌നം കൊണ്ടാണോ കപ്പലിന്റെ സാങ്കേതിക തകരാറുകൊണ്ടാണോ കപ്പല്‍ മുങ്ങിയതെന്ന് വ്യക്തമാക്കണം. ഏതു കാരണം കൊണ്ടായാലും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച അന്വേഷിക്കണം. ഒരു പോര്‍ട്ടില്‍ നിന്ന് ഏതെല്ലാം തരം വസ്തുക്കളാണ് കയറ്റുകയും ഇറക്കുകയും ചെയ്യുന്നതെന്ന് കൃത്യമായി അവിടുത്തെ അധികാരികള്‍ക്ക് അറിയാമെന്നിരിക്കെ ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും പുറത്തു വിടാത്തത് ദുരൂഹമാണെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി.രാസവസ്തുക്കളും, കാല്‍സ്യം കാര്‍ബൈഡും, കപ്പലില്‍ നിന്നുള്ള ഇന്ധനവും ഉള്‍പ്പെടെയുള്ളവ ചോര്‍ന്നാല്‍ കടലിലെ പരിസ്ഥിതിക്ക്
ഉണ്ടാകുന്ന ദോഷത്തെക്കുറിച്ച് കൃത്യമായ ശാസ്ത്രീയപഠനം നടത്തണം.വിഴിഞ്ഞം പോര്‍ട്ടില്‍ നിന്നും കപ്പലില്‍ കൊണ്ടുപോയിട്ടുള്ള കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കൃത്യമായി അറിയാവുന്ന ഏജന്‍സികള്‍ വിഴിഞ്ഞം പോര്‍ട്ട് അതോറിറ്റിയും, അവിടുത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരുമാണ്. അതിനാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജനങ്ങളുടെ ആശങ്ക അകറ്റണം. മല്‍സ്വ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഗണിച്ച് നഷ്ടപരിഹാരം നല്‍കാനും, മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ പെടാതിരിക്കാനായി കപ്പല്‍ മുങ്ങിയസ്ഥലത്ത് ബോയകള്‍ ഇട്ട് അടയാളപ്പെടുത്തുവാനും ഷിപ്പിംഗ് മന്ത്രാലയം തയ്യാറാകണമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊള്ളയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കരയ്ക്കടിഞ്ഞ കണ്ടെയ്‌നറുകളിലെ സാധനങ്ങള്‍ നികുതി അടയ്ക്കാത്തവയാണെന്നും, അതിന് നികുതി ചുമത്തുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന സാധനങ്ങള്‍ക്കു തീരുവ അടച്ചിട്ടില്ല. ഇതിനാല്‍ കരയിലെത്തുന്ന സാധനങ്ങള്‍ പിടിച്ചെടുക്കും. കസ്റ്റംസ് ആന്റ് മറൈന്‍ പ്രവന്റീവ് യൂണിറ്റുകളെയും വിന്യസിച്ചു. കരതൊടുന്ന കണ്ടെയ്‌നറുകള്‍ കസ്റ്റംസെത്തി പരിശോധിക്കും. അധികൃതര്‍ ഈ പറയുന്നത് സത്യമാണെങ്കില്‍ കടലിലൂടെ നികുതി വെട്ടിപ്പ് നിര്‍ബാധം നടക്കുന്നുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്. കപ്പലില്‍ കണ്ടു പേകുന്ന കണ്ടെയ്‌നറില്‍ എന്താണെന്ന് അറിയാനായില്ലെങ്കില്‍, അതില്‍ മയക്കുമരുന്നോ, മറ്റു മാരക ആയുധങ്ങളോ കടത്തിയാലും അധികൃതര്‍ അറിയില്ല എന്നതല്ലേ സത്യം.
ഏതെങ്കിലും വിധത്തില്‍ കപ്പല്‍ മറിയുകയോ, മുങ്ങുകയോ ചെയ്യുമ്പോള്‍ മാത്രമല്ലേ, കപ്പലില്‍ മാരക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. മാത്രമല്ല, നികുതി വെട്ടിച്ച് കൊണ്ടു പോകുന്ന വസ്തുക്കളെന്നും അറിയുന്നത്. കടല്‍ ക്ഷോഭത്തിലുലഞ്ഞ് കാബിനറ്റ് ലോക്കുകള്‍ ഇളകിയതിനാലാകാം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതെന്നാണ് വിഴിഞ്ഞം പോര്‍ട്ട് അധികൃതര്‍ പറയുന്നത്. കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നതാണ് വിഴിഞ്ഞം തുറമുഖ അതോറിട്ടി പറയുന്നത്. അപകടം സംബന്ധിച്ചും, അപകടത്തില്‍പ്പെട്ട കപ്പലിനെ കുറിച്ചും വിവരം പങ്കുവെയ്ക്കുന്നതില്‍ തുറമുഖ അധികൃതര്‍ക്ക് നിയന്ത്രണമുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതിന് തുറമുഖങ്ങളിലും കപ്പലുകളിലും പ്രോട്ടോക്കോള്‍ ഉണ്ട്. അപകടകരമായ വസ്തുക്കളുടെ സ്വഭാവം സൂചിപ്പിക്കുന്ന ചിഹ്നങ്ങളും ലേബലുകളും കണ്ടെയ്‌നറുകളില്‍ പതിച്ചിരിക്കും.
കയറ്റിറക്കം സുരക്ഷാക്രമീകരണങ്ങളോടെ വേഗത്തിലാക്കുന്നതിന് പ്രത്യേക കോഡും നല്‍കിയിരിക്കും. വീഴാതെയും മറിയാതെയും കപ്പലില്‍ പ്രത്യേക കാബിനറ്റുകളില്‍ ഉറപ്പിക്കുകയാണ് പതിവ്. കണ്ടെയ്‌നറുകള്‍ക്ക് കേടുപാടുകളോ ചോര്‍ച്ചയോ ഉണ്ടോയെന്ന് ഓരോ തുറമുഖത്തും പരിശോധിക്കാറുണ്ട്. കണ്ടെയ്‌നറുകളുടെ ഉറപ്പ്, പഴക്കം എന്നിവ സംബന്ധിച്ച കണ്ടെയ്‌നര്‍ സേഫ്റ്റി കണ്‍വെന്‍ഷന്‍ (സി.എസ്.സി) സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
വിഴിഞ്ഞം തുറമുഖത്തും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കപ്പല്‍ പുറപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, ഇതൊന്നും സാധാരണക്കാര്‍ക്ക് അറിയേണ്ടതില്ല. തുറമുഖം അധികൃതര്‍ പ്രോട്ടോക്കോള്‍ സൂക്ഷിക്കുന്നുതിലും തെറ്റില്ല.
പക്ഷെ, കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ കരയിലെത്തുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ദുരന്തങ്ങള്‍ ആര് ഏറ്റെടുക്കും. അതിന് പ്രോട്ടോക്കോള്‍ ഉണ്ടോ. ആ വസ്തുക്കള്‍ എന്താണെന്ന് അറിയുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം. എങ്കിലേ ആ വസ്തു അപകടത്തില്‍പ്പെട്ടാല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ വേഗത്തില്‍ സാധിക്കൂ. അതുണ്ടായിട്ടില്ല എന്നുമാത്രമല്ല, ജനങ്ങളെ പരിഭ്രാന്തരാക്കാനും, ആശഹ്കയില്‍ നിര്‍ത്താനുമാണ് ശ്രമിച്ചു കൊണ്ടിരുന്നത്. ഇത് തെറ്റായ നടപടി തന്നെയാണ്. ഇഥ് വേഗത്തില്‍ തിരുത്തേണ്ടതുണ്ട്. കടലിനടിയിലെ കണ്ടെയ്‌നറുകളില്‍ അഫകടകരമായ വസ്തുക്കളാണെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ജനങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.
CONTENT HIGH LIGHTS; Why isn’t the truth being told even after the ship sank?: What was carried in the containers?; Is a disaster looming?; What is hiding the fishermen and the people?