കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അഥവാ ഡ്രാഗൺ ഫ്രൂട്ട്. കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്.
അടുത്ത കാലത്ത് കേരളത്തിൽ പ്രചാരത്തിൽ വന്ന പഴ വർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. കേരളത്തിന്റെ കാലാവസ്ഥ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ്. കള്ളിമുൾചെടി വിഭാഗത്തിൽ പെടുന്ന വിളയായത് കൊണ്ടുതന്നെ മറ്റു ചെടികളെ അപേക്ഷിച്ച് കുറച്ച് വെള്ളം മതിയാകുമെന്നതും ഭക്ഷ്യവിള എന്നതിനപ്പുറം അലങ്കാര സസ്യമായും ഉപയോഗിക്കാമെന്നതും ഇവക്ക് ജനപ്രീതി വർധിക്കാൻ കാരണമായിട്ടുണ്ട്. ഡ്രാഗൺ പഴങ്ങൾ ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ്. മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും മെക്സികോയും സ്വദേശമായ ഈ പഴവർഗം ഇന്ന് ഇന്ത്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇവ നന്നായി വിളതരുന്ന ഇനമായി മാറിയിട്ടുണ്ട്.
കൃഷിരീതി
ആറുമുതൽ ഏഴുവരെ പി.എച്ച് മൂല്യമുള്ള, നല്ല നീർവാർച്ചയുള്ള മണ്ണായിരിക്കണം ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിന് ചാണകം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ ചേർക്കാം. വിത്തിട്ട് വളർത്തിയതിനുശേഷം വെട്ടിമാറ്റി മറ്റൊരിടത്തേക്ക് മാറ്റി നടാം. അല്ലെങ്കിൽ നഴ്സറിയിൽ നിന്നോ മറ്റോ തണ്ടുകൾ വാങ്ങി നടാം. തണ്ടുകൾ നടുന്നതാണ് നല്ലത്. 10-15 അടി അകലത്തിൽ വേണം ചെടികൾ നടാൻ. വളർച്ചക്കനുസരിച്ച് ഇവയെ താങ്ങി നിർത്താൻ ഊന്ന് കൊടുക്കണം. വെള്ളം നേരിട്ട് വേരുകളിലേക്ക് എത്തിക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷൻ (തുള്ളി നന) സംവിധാനങ്ങൾ ഉപയോഗിക്കുക.
ചെടി പൂവിട്ട് 30-50 ദിവസങ്ങൾക്കുശേഷം വിളവെടുക്കാൻ പാകത്തിൽ ഡ്രാഗൺ പഴങ്ങൾ തയാറാകും. വൈവിധ്യത്തെ ആശ്രയിച്ച്, കടും ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറമാകുമ്പോൾ പഴങ്ങൾ വിളവെടുക്കാം. കടയിൽനിന്നും വാങ്ങിയ പഴങ്ങൾക്ക് മധുരമില്ലെന്ന് പലരും പറയാറുണ്ട്. പാകമെത്തും മുമ്പേ വിളവെടുക്കുന്നതും അശാസ്ത്രീയമായി സംഭരിച്ച് വെക്കുന്നതുമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. പൊതുവെ മധുരമുള്ള കായ്കൾ തന്നെയാണ് ഡ്രാഗൺ ചെടികളുടേത്.
വളരുന്ന ജനപ്രീതി
ഡ്രാഗൺ ഫ്രൂട്ടിന് അതിന്റേതായ രൂപം, രുചി, പോഷക ഗുണങ്ങൾ എന്നിവ കാരണം വിപണിയിൽ ഉയർന്ന ഡിമാൻഡുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ ലഭിക്കുന്ന ഡ്രാഗൺ ഫ്രൂട്ടുകളുടെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യുന്നതുവഴി ഒരേ സമയം കൃഷി ചെയ്യുന്ന വ്യക്തിക്കും നാടിന്റെ സമ്പദ്ഘടനക്കും ഗുണം ചെയ്യും. ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴം കൂടിയാണിത്.
ആന്റി ഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ ബീറ്റാ കരോട്ടിനും രോഗപ്രതിരോധ ശേഷിക്കാവശ്യമായ വൈറ്റമിൻ ഡിയും ഇതിലടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയ ഡ്രാഗൺ പഴങ്ങൾ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്ത സമ്മർദം, കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.