മാനസികസമ്മർദ്ദം മൂലം സ്വന്തം മുടി പിഴുതു തിന്നുന്ന അപൂർവ മാനസികാവസ്ഥയെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടർച്ചയായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ചികിത്സ തേടിയ കുട്ടിക്കാണ് ലോകത്തിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ‘റാപൻസൽ സിൻഡ്രോം’ (Rapunzel Syndrome) കണ്ടെത്തിയത്.
മാനസിക സമ്മർദ്ദം, അരക്ഷിതാവസ്ഥ തുടങ്ങിയവ മൂലം കുട്ടികൾ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ദഹിക്കാതെ ആമാശയത്തിൽ കിടന്ന മുടി കുടലിൽ കട്ടിയുള്ള തടസ്സമായി മാറുകയായിരുന്നു.
നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടി പൂർണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു.















