രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഓർമ്മകൾ പോലും ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്ന വർത്തമാനകാലത്തിൽ അദ്ദേഹത്തെ ഗുരുനാഥനായി സ്വീകരിച്ച ഒരു മഹാകവിയുണ്ടായിരുന്നു മലയാളത്തിന്. സംസ്ഥാനം രൂപീകരിക്കുന്നതിനും മുമ്പ് 1948 ൽ മദ്രാസ് സർക്കാർ മഹാകവിയായി പ്രഖ്യാപിച്ച വള്ളത്തോൾ നാരായണമേനോൻ.
രാഷ്ട്രപിതാവിനോടുള്ള ആദരവും ആരാധനയും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ അടയാളപ്പെടുത്തിയ അദ്ദേഹം ഗാന്ധിയെ വായനക്കാരുടെ മനസിലും കുടിയിരുത്തുകയായിരുന്നു.
“വൈരമല്ലുണ്ടയായ് സ്നേഹമാണിന്ത്യ തൻ
പീരങ്കിയിൽ നിറപ്പിതസ്മദ് ഗുരു” എന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമില്ലാതെ വിജയം നേടിയ മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത്.
‘ക്രിസ്തുദേവന്റെ പരിത്യാഗശീലവും,
സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ
ധർമരക്ഷോപായവും
ബുദ്ധന്റെയഹിംസയും
ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തിദേവന്റെ
ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും,
മുഹമ്മദിൻ സ്ഥൈര്യവും” എല്ലാം ഒത്തുചേർന്ന ഇന്ത്യയെന്ന മതേതര രാജ്യത്തിൻ്റെ രാഷ്ട്രപിതാവ് ഗാന്ധിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
തൻ്റെ ഗുരുനാഥൻ്റെ മരണത്തിൽ മനസു തകർന്ന മഹാകവിയെ ‘ബാപ്പുജി’ എന്ന കവിതയിൽ കാണാം.
‘പരമമാം ധർമം പഠിപ്പിച്ച നിസ്
പൃഹന്നീ നാം
ഗുരുദക്ഷിണ
കൈത്തോക്കുണ്ടയാലല്ലോ നൽകി!
വരുവിൻ കൃതഘ്നതേ നീചതേ
ഹിംസാലുതേ,
ഭരതക്ഷിതിയിലും
നിങ്ങൾക്കുണ്ടിടമെന്നായ്!’ –എന്നാണ് അദ്ദേഹം വിലപിച്ചത്. പിൽക്കാലത്ത് ഗാന്ധി ഘാതകർക്ക് ജയ് വിളിക്കുന്നവരുടെയും ആരാധിക്കുന്നവരുടേയും എണ്ണം പെരുകുന്നതിന് സാക്ഷ്യം വഹിച്ചു. അവർക്കും ഈ രാജ്യത്ത് ഇടമെന്നായി എന്ന് വിലപിച്ച മഹാകവിയുടെ വാക്കുകൾ അറം പറ്റിയ പോലെ. അഹിംസ പഠിപ്പിച്ച ഇന്ത്യയുടെ മഹാ ഗുരുവിന് നൽകിയ ദക്ഷിണ ഹിംസയായിപ്പോയല്ലോ എന്ന കവിയുടെ വിലാപം ഇന്നും സമൂഹത്തിൽ ഉയർന്നു കേട്ടുകൊണ്ടിരിക്കുന്നു. ഗാന്ധി വധവുമായി ബന്ധമുള്ളവരുടെ പിൻഗാമികളും ഗാന്ധി ഘാതകരെ ആരാധിക്കുന്നവരും രാജ്യത്തിൻ്റെ അധികാരത്തിലേക്ക് നടന്നു കയറിയ ലജ്ജിപ്പിക്കുന്ന കാഴ്ചയ്ക്കും നാം സാക്ഷിയായി.
രാജ്യത്തെ ഒറ്റിക്കൊടുത്തവരുടേയും ഗാന്ധി വധത്തിന് കാരണക്കാരുടെ കുടിലപ്രവൃത്തികൾക്കും ഇന്ത്യയുടെ മണ്ണാർ ഗാന്ധിവധത്തോടെ സ്ഥലം ലഭിച്ചിരിക്കുന്നു കവിയുടെ ഭയമാണ് ഇന്ന് രാഷ്ട്രപിതാവിനെ സ്നേഹിക്കുന്നവരുടെയും രാജ്യത്തിൻ്റെ മതേതര പര്യമ്പത്തെ സ്നേഹിക്കുന്നവരുടേയും മനസി തെളിയുന്നത്.
‘വേടന്റെയമ്പിനാൽ കൃഷ്ണൻ, കുരിശ്ശേറ്റത്താൽ ക്രിസ്തു. മൂഢന്റെ തോക്കാൽ ഗാന്ധിദേവനും ദേഹം വിട്ടു.’ – എന്ന കുറിച്ച കവി 1958 മാർച്ച് 13ന് ഈ ലോകത്തോട് വിട പറഞ്ഞു.
‘ഭാവികാലമേ, ഞങ്ങൾ
സൂക്ഷിക്കാം നിനക്കായി,
മെയ് വിട്ട സിദ്ധാർഥന്റെ
യല്പാവശിഷ്ടംപോലെ
ഈയഞ്ചു പദാർഥങ്ങളഞ്ചുകൂട്ടത്തെ-സ്സമ-
ധീയേയും, ദയയേയും,
സൂക്ഷ്മദർശനത്തേയും
നിർഭയചര്യയേയും,
നിശ്ചലത്യാഗത്തേയും-
നിശ്ശബ്ദം നിനക്കോതിത്തന്നുകൊണ്ടിരിക്കുമേ !’ –
ഭാവി ഭാരതത്തിനായി മഹാ പകർന്നുതന്ന സമബുദ്ധി, നിർഭയചര്യ, സൂക്ഷ്മദർശനം, നിശ്ചലത്യാഗം, ദയ എന്നിവയും സൂക്ഷിച്ചുവെക്കാമെന്ന് ആഹ്വാനം ചെയ്ത കവിയുടെ അറുപത്തിയാറാം ചരമവാർഷിക ദിനമാണിണ്.
വള്ളത്തോളിൻ്റെ ലഘു ജീവചരിത്രം
1878 ഒക്ടോബർ 16ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907ൽ പൂർത്തിയാക്കി. 1908ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. 1924ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.
സ്വാതന്ത്ര്യ സമര കാലത്തെ കവിയായിരുന്നതിനാൽ തന്റെ കവിത്വത്തിനു അംഗീകാരമായി ബ്രിട്ടീഷ് രാജകുമാരാൻ വച്ച് നീട്ടിയ അംഗീകാരം പോലും വേണ്ടെന്നു വയ്ക്കാൻ ധൈര്യം കാട്ടിയ കവിയായിരുന്നു വള്ളത്തോൾ. 1922 ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി.
1948ൽ മദ്രാസ് സർക്കാർ ‘വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാന കവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1955ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ ‘അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും ‘വള്ളത്തോൾ വഹിച്ചിട്ടുണ്ട്.
അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13ന് എഴുപത്തിയൊമ്പതാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു.
Read more:
- തലസ്ഥാനത്ത് വീണ്ടും കുട്ടിയെ കാൺമാനില്ല; തിരുവനന്തപുരത്ത് ആൺകുട്ടിയെ കാണാതായത് വീട്ടുമുറ്റത്ത് നിന്നും
- സിഎഎ മുസ്ലീങ്ങൾക്കുള്ള ബിജെപിയുടെ റംസാൻ സമ്മാനം; പരിഹാസവുമായി ഒമർ അബ്ദുള്ള
- കൊല്ലത്ത് യുവാവിന് വെട്ടേറ്റു; പെട്രോള്‍ പമ്പില്‍ നടന്ന ആക്രമണത്തിൽ പ്രതിയെ പിടികൂടാനായില്ല
- സിപിഎം അനുഭാവിയെന്ന് കേന്ദ്രം; ജഡ്ജിയായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം
- സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ