കൊച്ചി: ഐ.എസ്.എല്ലിൽ കളി മറന്ന കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്കു മുന്നിൽ സീസണിലെ ആദ്യ തോൽവി. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. കൊളംബിയൻ താരം വിൽമർ ജോർഡൻ പഞ്ചാബിനായി ഇരട്ട ഗോളുമായി തിളങ്ങി. 43, 61 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ലൂക്കാ മജ്സെനും (88ാം മിനിറ്റിൽ -പെനാൽറ്റി) വലകുലുക്കി. പ്രതിരോധ താരം മിലോസ് ഡ്രിൻസിചിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോൾ.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോൾ വഴങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിനു ലഭിച്ച ഒരു കോർണറിൽനിന്നാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. പഞ്ചാബ് ഗോളി തട്ടിയകറ്റിയ പന്ത് വീണ്ടും ഗോൾ പോസ്റ്റിലേക്ക് മിലോസ് ഡ്രിൻകിച് ഉന്നമിടുകയായിരുന്നു. ഗോൾ ലൈനിന് അകത്തു തട്ടി പന്തു പുറത്തേക്കുതന്നെ പോയി. റഫറി ഗോൾ അനുവദിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 43–ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തേക്ക് കുതിച്ച പഞ്ചാബ് സ്ട്രൈക്കര്‍ ജോർദാന്‍ ഗിൽ തകർപ്പനൊരു ഷോട്ടിലൂടെ പന്തു വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് താരം ഹോര്‍മിപാമിന്റെ കാലിൽ തട്ടിയ ശേഷമാണ് പന്ത് ഗോളി സച്ചിൻ സുരേഷിനെ മറികടന്ന് വലയിലെത്തിയത്. സ്കോർ 1–1.
സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബ് താരങ്ങൾ പ്രതിരോധിച്ചു. 88ാം മിനിറ്റിലാണ് പെനൽറ്റിയിലൂടെ ലീഡ് ഉയർത്തിയത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ പ്രതിരോധ താരം ഫ്രെഡി പന്തു കൈകൊണ്ട് തട്ടിയതോടെ റഫറി പെനല്‍റ്റി അനുവദിച്ചു. കിക്കെടുത്ത പഞ്ചാബ് നായകൻ ലൂക്ക മജ്സെൻ പന്ത് അനായാസം വലയിലാക്കി. ബോക്സിനുള്ളിൽ കേരള താരങ്ങൾ വരുത്തിയ പിഴവാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്.
ദിമിത്രി ഡയമന്റകോസ്-ഫെദോർ ചെർണിച് എന്നിവരെ മുന്നിൽനിർത്തിയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. അവസാന മത്സരത്തിൽ ഒഡീഷയിൽ നിന്നേറ്റ മുറിവുണക്കാൻ സ്വന്തം കാണികൾക്കു മുന്നിലിറങ്ങിയ മഞ്ഞപ്പടക്ക് മറ്റൊരു ദയനീയ തോൽവി. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂപ്പർതാരം അഡ്രിയാൻ ലൂണ കളി കാണാൻ ഗാലറിയിലുണ്ടായിരുന്നു. ജയത്തോടെ പോയന്‍റ് പട്ടികയിൽ 11ാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബ് ഒമ്പതാം സ്ഥാനത്തേക്ക് കയറി.
പഞ്ചാബിന്‍റെ മൂന്നാമത്തെ ജയം മാത്രമാണിത്. സീസണിലെ നാലാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 26 പോയന്റുമായി മൂന്നാമതാണ്. 16ന് ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് അടുത്ത മത്സരം.
Read also: ഐ.പി.എൽ അല്ല, രഞ്ജി ട്രോഫിയാണ് പ്രധാനം; മുന്നറിയിപ്പുമായി ബി.സി.സി.ഐ
ഇംഗ്ലണ്ടിനെതിരായ 3-ാം ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോർട്ട്
കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ഒപ്പത്തിനൊപ്പം
ബംഗാളിനെതിരെ 109 റൺസ് വിജയം സ്വന്തമാക്കി കേരളം
രാമക്ഷേത്രം സന്ദർശിച്ച് കെജ്രിവാളും ഭഗവന്ത് മാനും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക