ലക്ഷക്കണക്കിന് ഭക്തർ വ്രതാനുഷ്ഠാനത്തോടെ എത്തിച്ചേരുന്ന ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല മഹോത്സവം ഡിസംബർ 04-ന് നടക്കും. പൊങ്കാലയ്ക്കുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
പൊങ്കാലയുടെ മുന്നോടിയായുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 23 ഞായറാഴ്ച നടന്നു. ഡിസംബർ 4-ന് പുലർച്ചെ 4 മണിക്ക് നിർമ്മാല്യദർശനത്തോടെയും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയുമാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 9 മണിക്ക് വിളിച്ചു ചൊല്ലി പ്രാർത്ഥന നടക്കും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണം & ന്യൂനപക്ഷകാര്യം കേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ശ്രീ. ഒ.പനീർശെൽവം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
രാവിലെ 11 മണിക്ക് 500-ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 മണിക്ക് കുട്ടനാട് എം.എൽ.എ. തോമസ്സ്. കെ. തോമസ്സിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എം.പി. ശ്രീ. കൊടിക്കുന്നിൽ സുരേഷ് വിശിഷ്ടാതിഥിയായിരിക്കും. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹി എന്നിവർ മുഖ്യസന്ദേശം നൽകും. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. സി.വി. ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകൾ നിർവഹിക്കും. മുഖ്യ കാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും ചെയ്യും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെൻ്ററുകളിലായി 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് ഭക്തർക്കായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ്, കെ.എസ്.ആർ.ടി.സി., ആരോഗ്യ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്‌ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാല ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ക്ഷേത്ര മനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്‌മിനിസ്ട്രേറ്റർ മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.
















