ആലപ്പുഴ: അരൂരിൽ രണ്ട് മാസം മുമ്പ് നടന്ന എംഡിഎംഎ കേസിലെ പ്രധാന പ്രതി പൊലീസിന്റെ വലയിലായി. ലഹരി മരുന്ന് വിതരണം ചെയ്തതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും അരൂർ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പോലീസിനെ ഭയന്ന് കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനുള്ളിൽ ഒളിച്ചാണ് ഇയാൾ കഴിഞ്ഞ രണ്ടു മാസവും താമസിച്ചിരുന്നത്. വെല്ലിംഗ്ടൺ ഐലൻഡിലെ ജീവനക്കാരനും പുറംകടലിലുള്ള കപ്പലുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ബോട്ടിന്റെ ഡ്രൈവറുമായ ഇയാളെ പലതവണ പോലീസ് വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ പ്രതി കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു ബാർജിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ഷിപ്പ്യാർഡ് ജീവനക്കാരുടെ സഹായത്തോടെ പ്രതി ഒളിച്ചിരുന്ന ബോട്ടിനെ തിരിച്ചറിഞ്ഞ പൊലീസ് സ്പീഡ്ബോട്ടിൽ എത്തി തന്ത്രപരമായ ഓപ്പറേഷൻ നടത്തി ഇയാളെ പിടികൂടുകയായിരുന്നു.
പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതിക്ക് രക്ഷപെട്ട് പോകാൻ സാധിച്ചില്ല. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ നയിച്ച ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്‌പി അനിൽകുമാർ നയിച്ച സംഘവും ചേർന്നാണ് അറസ്റ്റ് നടപ്പാക്കിയത്.
ലഹരി വ്യാപാരികൾ കടലിലും ഒളിവ് തേടുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ നിരീക്ഷണവും ഓപ്പറേഷനുകളും തുടരുമെന്നാണ് വിവരം.
















