കൊച്ചിയിൽ സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയുടെ കയ്യിൽ നിന്ന് എസ്ഐ അടക്കമുള്ളവർ പണം തട്ടിയതായി പരാതി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. ബിജുവും കൂട്ടാളികളും ചേർന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസുകാരന്റെ പരാതി. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ കൈയ്യിൽ നിന്നാണ് പണം തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പാലാരിവട്ടം സ്റ്റേഷൻ പരുതിയിൽ ഉള്ള സ്പായിൽ പോയിരുന്നു. അന്നേ ദിവസം തന്നെ ഇയാൾ സന്ദർശിച്ച സ്പായിലെ ജീവനക്കാരിയുടെ സ്വർണം മോഷണം പോയി. അത് ഈ പോലീസുകാരനാണ് എടുത്തതെന്ന് ആരോപിച്ച പാലാരിവട്ടം പോലീസിൽ സ്പാ ജീവനക്കാരി പരാതി നൽകി.
അങ്ങനെയാണ് പാലാരിവട്ടം എസ്ഐ കെ. ബിജു ഈ സംഭവത്തിൽ ഇടപെടുന്നത്. തുടർന്ന് സ്പായിലെ ജീവനക്കാരും എസ്ഐയും ചേർന്ന് പോലീസുകാരനെ സ്പായിൽ പോയ കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തി നാല് ലക്ഷത്തോളം രൂപ കൈക്കലാക്കി.
സംഭവത്തിൽ പാലാരിവട്ടം പോലീസ് എസ്ഐ ബിജുവിനെയും സ്പായിലെ ജീവനക്കാരെയും പ്രതിപ്പട്ടികയിൽ ചേർത്തു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എസ്ഐക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും.
















