സ്വയം ട്രോളിക്കൊണ്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന കേരളാ പോലീസ് മാസല്ല, മരണ മാസാണ്. കേസന്വേഷണവും സൈബർ ഇടങ്ങളിലെ ഇടപെടലുകളും വളരെ സജീവമാക്കിയാണ് നമ്മുടെ പോലീസ് ക്ലാസ്സും മാസ്സും ആകുന്നത്. മാറുന്ന ലോകത്തിലെ മാറ്റങ്ങളോട് കാര്യക്ഷമമായി പ്രതികരിച്ചുള്ള മുന്നേറ്റമാണ് ഇതിലൂടെ കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലെല്ലാം പോലീസ് നിതാന്ത ജാഗ്രതയോടെ ഇടപെടുന്നുണ്ട്. കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കണ്ടാൽ ഇത് മനസ്സിലാകും. മാത്രമല്ല, ഓരോ പോസ്റ്റിനും കിട്ടുന്ന പിന്തുണയും കൂടിക്കൂടി വരികയാണ്. പൊതുജനങ്ങളുമായി വേഗത്തിൽ സംവദിക്കാനാകുന്ന ഇടമായി ഇതിനെ മാറ്റിയെടുക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യവും.
അതുകൊണ്ടുതന്നെ, ജനങ്ങൾക്കു നൽകേണ്ട വിവരങ്ങൾ, ജാഗ്രതാ നിർദ്ദേശങ്ങൾ, സഹായങ്ങൾ, അടിയന്തിരഘട്ട നമ്പറുകൾ എന്നിവയെല്ലാം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നു. ട്രോളുകൾ, കാർട്ടൂണുകൾ, ഫോട്ടോകൾ, കുറിക്കു കൊള്ളുന്ന വാചകങ്ങൾ എന്നിവയിലൂടെയാണ് പോലീസ് ജനങ്ങളോട് കാര്യങ്ങൾ പറയുന്നത്. അങ്ങനെയൊരു മുന്നറിയിപ്പ് ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അതും സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പോസ്റ്റ്. പ്രശസ്ത സ്പാനിഷ് ഫുട്‌ബോൾ താരം സെർജിയോ റാമോസിനെ ഉപയോഗിച്ച് കേരള പോലീസ് തങ്ങളുടെ അടിയന്തര സഹായ നമ്പരായ 112-ന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
ഫുട്‌ബോൾ മത്സരത്തിനിടയിൽ മൈതാനത്തുവെച്ച് രണ്ടു ഗോൾ അടിക്കാൻ റാമോസ് 112-ലേക്ക് വിളിച്ച് കേരളാ പോലീസിന്റെ സഹായം ചോദിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ നമ്പറിൽ വിളിക്കാവൂ എന്ന് പോലീസ് തിരിച്ച് ഉപദേശിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. എവിടെ നിന്നും ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാൻ കഴിയുന്ന നമ്പരാണ് 112 എന്ന മെസേജാണ് ഇതിലൂടെ പോലീസ് കൈമാറാൻ ശ്രമിക്കുന്നത്. എന്നാൽ, ഈ നമ്പരിൽ വിളിക്കേണ്ടത്, ഏത് ഘട്ടത്തിലാണെന്നത് പ്രധാനമാണ്. അത് വിളിക്കുന്ന ആൾ തിരിച്ചറിയുകയാണ് വേണ്ടത്. അതാണ് റാമോസിനെ വെച്ച് പോലീസ് സ്വയം ട്രോളിക്കൊണ്ട് പറയുന്നത്. സ്പാനിഷ് ഫുട്‌ബോളർക്കും കേരളാ പോലീസിനെ വിളിച്ചാൽ കിട്ടും, പക്ഷെ, വിളിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായിരിക്കണം എന്നുമാത്രം.
- വീഡിയോയിൽ പറയുന്നത് ഇങ്ങനെ
സെർജിയോ റാമോസ്: കളിക്കളത്തിൽ വെച്ച് 112-ലേക്ക് വിളിക്കുന്നു
പോലീസ് കൺട്രോൾ റൂമിൽ; ‘ഇത് 112 എമർജൻസി കൺട്രോൾ റൂം ആണ്, എന്ത് സഹായമാണ് വേണ്ടത്?’
റാമോസ്: സഹായം ആവശ്യമുള്ളതു പോലെ രണ്ട് കൈകളും ഉയർത്തി കാണിക്കുന്നു
പോലീസ് ഉദ്യോഗസ്ഥൻ: ‘രണ്ട് ഗോൾ അടിക്കാൻ സഹായിക്കണോ?’
റാമോസ്; തലയാട്ടി സമ്മതം അറിയിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥൻ; ‘സുഹൃത്തേ, ഇത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വിളിക്കേണ്ട കൺട്രോൾ റൂം ആണ്’
റാമോസ്: ഓകെ
പോലീസ് ഉദ്യോഗസ്ഥൻ; (ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് ജനങ്ങളോടായി) ‘ദയവായി, അടിയന്തിര സാഹചര്യങ്ങളിൽ മാത്രം 112 എന്ന സേവനം ഉപയോഗപ്പെടുത്തുക’
ഇതാണ് വീഡിയോയിൽ പറയുന്ന വാക്കുകൾ. 112ന്റെ സേവനം അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ടതാണ്. അതായത്, ഒരു മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുള്ളപ്പോഴോ, അത്യാസന്ന ഘട്ടങ്ങളിലോ സഹായിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കേണ്ട നമ്പർ. ഈ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പോലീസിന്റെ സ്വയം ട്രോൾ വീഡിയോ അവസാനിപ്പിക്കുന്നത്.
- 112: ജീവൻ രക്ഷിക്കാനുള്ള അടിയന്തര സഹായ നമ്പർ
112 എന്ന പോലീസ് കൺട്രോൾ റൂം നമ്പർ വിനോദത്തിനോ തമാശകൾക്കോ ഉപയോഗിക്കാനുള്ളതല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഉടൻ സഹായം ഉറപ്പാക്കാനുള്ള സംവിധാനമാണെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. അപകടങ്ങൾ, മെഡിക്കൽ എമർജൻസികൾ, തീപിടിത്തങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ സഹായം തേടുന്നതിനാണ് ഈ നമ്പർ പ്രയോജനപ്പെടുത്തേണ്ടത്. അനാവശ്യ കോളുകൾ വരുമ്പോൾ യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരുടെ കോൾ ലഭിക്കാൻ കാലതാമസം ഉണ്ടാകാനും, ജീവൻ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ട്രോൾ വീഡിയോയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ കേരള പോലീസ് ശ്രമിക്കുന്നത്.
- വിമർശനവും പിന്തുണയും
വീഡിയോ ശ്രദ്ധേയമായെങ്കിലും, കമന്റ് ബോക്‌സുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പോലീസിന്റെ പരസ്യ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ, ചില ഫുട്‌ബോൾ ആരാധകർ വിമർശനമുയർത്തി. ‘ഇത്രയും വലിയൊരു കളിക്കാരനെ പരിഹാസ രൂപേണ ഉപയോഗിക്കണമായിരുന്നോ?’ എന്നും, ‘പരസ്യം നന്നായിട്ടുണ്ട്, പക്ഷേ ഗോൾ അടിക്കാൻ സഹായിക്കണം എന്നൊക്കെ പറയുന്നത് പരിധി വിട്ട തമാശയായിപ്പോയില്ലേ?’ എന്നുമുള്ള കമന്റുകൾ വിമർശകരുടെ ഭാഗത്തുനിന്ന് ഉയർന്നു.
എന്നാൽ, പൊതുജനങ്ങളിലേക്ക് സന്ദേശം വേഗം എത്തിക്കാൻ ഇത്തരം ജനപ്രിയ താരങ്ങളെ ഉപയോഗിക്കുന്നത് തെറ്റല്ലെന്നും, ഇത് വളരെ നല്ലൊരു ബോധവൽക്കരണ രീതിയാണെന്നും ചൂണ്ടിക്കാട്ടി മറ്റു ചിലർ പോലീസിനെ പിന്തുണച്ചു. ഈ ട്രോൾ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
















