ഇന്ത്യൻ സൈനികരും പോലീസുകാരും ഉൾപ്പെടെയുള്ള സുരക്ഷാ ഭടന്മാർ രാജ്യത്തെ ഓരോ പൗരനും എന്നും അഭിമാനമാണ്. മാതൃരാജ്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിക്കാൻ സദാ സന്നദ്ധരായി നിൽക്കുന്ന ധീരരായ മനുഷ്യർ. ‘സ്വന്തം ജീവൻ പോയാലും മാതൃരാജ്യം സംരക്ഷിക്കും’ എന്ന ദൃഢനിശ്ചയം എടുത്തവർ. വെള്ളിത്തിരയിലെ നായകന്മാരല്ല, ഇവരാണ് യഥാർത്ഥ ജീവിതത്തിലെ സൂപ്പർ ഹീറോകൾ. അത്തരത്തിൽ, രാജ്യത്തിനായി ജീവൻ ത്യജിച്ച ധീരയോദ്ധാക്കളുടെ പട്ടികയിൽ ഇന്ത്യൻ ജനതയ്ക്ക് എന്നും അഭിമാനിക്കാൻ വക നൽകുന്ന വ്യക്തിയാണ് മഹാരാഷ്ട്രാ പോലീസിലെ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ തുക്കാറാം ഓംബ്ലെ.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ, തൻ്റെ അവസാന ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹം നാടിനെ ഓർത്തു. ഭീകരൻ്റെ യന്ത്രത്തോക്കിൽ നിന്നും 40-ഓളം വെടിയുണ്ടകൾ നെഞ്ചിലേക്ക് തുളച്ചുകയറിയിട്ടും, മരണം മുന്നിൽ കണ്ടിട്ടും ആ മഹാമനുഷ്യൻ രാജ്യത്തിന് വേണ്ടി നിലകൊണ്ടു. തൻ്റെ ജീവൻ നഷ്ടമായാലും രാജ്യദ്രോഹിയായ ആ ഭീകരൻ രക്ഷപ്പെടരുത് എന്ന് ചിന്തിച്ച അദ്ദേഹം, മരണത്തിലും ഭീകരനെ സ്വന്തം കൈക്കുള്ളിൽ ഒതുക്കിയ ശേഷമാണ് വീരചരമം പ്രാപിച്ചത്. 166 പേരുടെ ജീവൻ നഷ്ടമായ ആ കറുത്ത ദിനത്തിൽ, കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ കാരണമായ ധീരതയുടെ പ്രതീകമാണ് തുക്കാറാം ഓംബ്ലെ.
2008 നവംബർ 26-ന് സൗത്ത് മുംബൈയിൽ ചിലർ നിരത്തിലിറങ്ങി തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തുന്നുവെന്ന വാർത്തകൾ ഡി.ബി. മാർഗ് പോലീസ് സ്റ്റേഷനിലുമെത്തി. നഗരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ആദ്യമൊന്നും വ്യക്തത ഉണ്ടായിരുന്നില്ല. എങ്കിലും എന്തിനും സന്നദ്ധരായിരിക്കണമെന്ന നിർദേശം അവർക്ക് ലഭിച്ചു. ചെറുസംഘങ്ങളായി പോലീസ് ഉദ്യോഗസ്ഥരെ ഓരോരോ പ്രദേശത്ത് നിയോഗിക്കുകയുംചെയ്തു.
നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുന്നതിനിടെയാണ് ആയുധധാരികളായ ഭീകരർ ബോംബുകളും ഗ്രനേഡുകളും ഓട്ടോമാറ്റിക് തോക്കുകളുമായി നരിമാൻ ഹൗസ്, കൊളാബ, ഛത്രപതി ശിവജി മഹാരാജ് റെയിൽവേ സ്റ്റേഷൻ, താജ്, ട്രൈഡന്റ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ കൂട്ടക്കൊല നടത്തുന്നുവെന്ന സന്ദേശം വയർലെസിലൂടെ അവർക്ക് ലഭിക്കുന്നത്. വൻ ഭീകരാക്രമണം നേരിടാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതിൻ്റെ സൂചന പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് അപ്പോഴാണ്.
രാത്രി 12.15-ന് ആ നിർണായക സന്ദേശം ഡി.ബി. മാർഗ് പോലീസ് സ്റ്റേഷനിലെത്തി. ഗിർഗാവ് ചൗപ്പട്ടി ഭാഗത്തേക്ക് സംശയകരമായ സാഹചര്യത്തിൽ ഒരു സ്‌കോഡ കാർ വരുന്നു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ഭയത്തിൻ്റെ മുൾമുനയിൽ നിൽക്കുകയായിരുന്നു മുംബൈ നഗരം. എന്തും നേരിടുന്നതിന് തയ്യാറെടുത്ത് ഡി.ബി. മാർഗ് പോലീസ് സ്റ്റേഷനിൽനിന്ന് എ.പി.ഐ. ഹേമന്ദ് ഭാവ്ധൻകറുടെ നേതൃത്വത്തിൽ 16 അംഗ സംഘം ഗിർഗാവ് ചൗപ്പട്ടി ഭാഗത്തേക്ക് നീങ്ങി. തുക്കാറാം ഓംബ്ലെ, ഭാസ്‌കർ കദം, സഞ്ജയ് ഗോവിൽക്കർ എന്നിവരടക്കം ഉൾപ്പെട്ടതായിരുന്നു ആ ധീരസംഘം. റോഡിലെ പോലീസ് ചെക്ക്പോയിന്റിൽ സംഘം നിലയുറപ്പിച്ചു.
ചെക്ക്പോയിൻ്റിൽ കാത്ത് നിൽക്കവെ, ആ സ്‌കോഡ കാർ ചീറിപ്പാഞ്ഞെത്തി ഡിവൈഡറിലിടിച്ച് നിന്നു. ഭീകരരായ അജ്മൽ കസബും അബു ഇസ്മയിലും ആയിരുന്നു കാറിനുള്ളിൽ. കാർ ഡിവൈഡറിൽ ഇടിച്ച് നിന്നയുടൻ കസബിനൊപ്പമുണ്ടായിരുന്ന അബു ഇസ്മയിൽ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ തുരുതുരാ വെടിയുതിർത്ത് തുടങ്ങി. ഇതോടെ കാറിൽ ഒപ്പമുണ്ടായിരുന്ന കസബ് കൈകളുയർത്തി. ഭയന്നുവിറച്ച ഭീകരൻ കീഴടങ്ങുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ ധരിച്ചത്. എന്നാൽ, അത് കൊടുംഭീകരൻ്റെ ചതിയായിരുന്നു. കൈകളുയർത്തി കാറിൽനിന്നിറങ്ങിയ കസബിനെ പോലീസ് ഉദ്യോഗസ്ഥർ വളയാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ അയാൾ ജാക്കറ്റിനുള്ളിൽനിന്ന് എ.കെ 47 തോക്ക് വലിച്ചെടുത്ത് വെടിയുതിർക്കാൻ തുടങ്ങി.
പോലീസുകാരെല്ലാം സ്തബ്ധരായി നിന്ന ആ നിമിഷം, തുക്കാറാം ഓംബ്ലെ ഒരു നിമിഷം പോലും പാഴാക്കാതെ കസബിനുമേൽ ചാടിവീണു. നിരായുധനായ അദ്ദേഹം, മിനിറ്റിൽ 600 ബുള്ളറ്റുകൾ തീ തുപ്പുന്ന എ.കെ. 47 തോക്കിൻ്റെ ബാരലിൽ സ്വന്തം കൈകൊണ്ട് മുറുകെ പിടിച്ചു. വെടിയുണ്ടകൾ അദ്ദേഹത്തിൻ്റെ നെഞ്ചിൽ തുളച്ചുകയറിക്കൊണ്ടിരുന്നു. 40-ഓളം വെടിയുണ്ടകൾ ഏറ്റുവാങ്ങിയിട്ടും അദ്ദേഹം തോക്കിൻ്റെ പിടി വിട്ടില്ല. അദ്ദേഹത്തിൻ്റെ ജീവൻ നിലച്ചെങ്കിലും, തോക്ക് നിശ്ചലമായി. ഈ ധീരമായ പോരാട്ടത്തിൻ്റെ ഫലമായി മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് കസബിനെ വളഞ്ഞ് കീഴ്പ്പെടുത്താനും ജീവനോടെ പിടികൂടാനും കഴിഞ്ഞു.
തുക്കാറാം ഓംബ്ലെ എന്ന ധീരനായ പോലീസ് ഉദ്യോഗസ്ഥന് ആ ദൗത്യം വിജയം കാണുന്നതിനുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്നു. ആ 16 അംഗ സംഘത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ കസബിനെ ജീവനോടെ പിടികൂടാൻ കഴിയുമായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പിന്നീട് തറപ്പിച്ചുപറഞ്ഞു. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലി നൽകിയ ഈ മഹാത്യാഗത്തിന്, തുക്കാറാം ഓംബ്ലെയ്ക്ക് പിന്നീട് മരണാനന്തര ബഹുമതിയായി രാജ്യം പരമോന്നത സൈനിക ബഹുമതിയായ ‘അശോകചക്രം’ നൽകി ആദരിച്ചു.
















