നമ്മുടെ നാട്ടിലും ഇപ്പോൾ കൂൺ കൃഷി വ്യാപിക്കുകയാണ്. അഭ്യസ്തവിദ്യരായ ആളുകൾ പോലും കൂൺകൃഷിയിലേക്ക് തിരിയുന്നുണ്ട്. എന്നാൽ, കിലോഗ്രാമിന് 40,000 രൂപവരെ വിലയുള്ള കൂണിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നാൽപതിനായിരം രൂപ വിലയുണ്ടെങ്കിലും ഈ കൂൺ കൃഷി ചെയ്യാനും സാധിക്കില്ലത്രെ. വിലകൂടിയ ഈ കൂണിന്റെ വിശേഷങ്ങൾ നമുക്കൊന്ന് അറിഞ്ഞുവരാം..
ഗുച്ചി എന്നാണ് ഈ വിവിഐപി കൂണിന്റെ പേര്. ശരിക്കും പറഞ്ഞാൽ ഇതൊരു കാട്ടുകൂണാണ്. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളിൽ മാത്രം കാണപ്പെടുന്നവയാണ് ഇത്. ഗുച്ചി കൂൺ വാർത്തകളിൽ ഇടംപിടിച്ചത് 2020 ഒക്ടോബറിലാണ്. അന്ന് അടൽ റോത്തങ്ങ് തുരങ്കത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കാൻ ഹിമാചൽപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ നമ്മുടെ ഗുച്ചി കൂണും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവൻ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.
അപൂർവയിനം കാട്ടുകൂണാണ് ഗുച്ചി എന്ന് പറഞ്ഞല്ലോ. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളിൽ മാത്രം കാണപ്പെടുന്ന ഈ കൂൺ, അപൂർവത കൊണ്ട് മാത്രമല്ല രുചി കൊണ്ടും ലക്ഷം വിലയുള്ള ‘ഹൈ-എൻഡ്’ ഫുഡ് ഐറ്റം ആയി അറിയപ്പെടുന്നു.
ഹിമാലയൻ കാട്ടുകൂണുകളുടെ രാജാവ്
അസ്കോമൈക്കോട്ടയിലെ മോർചെല്ലേസി കുടുംബത്തിലെ ഒരു ഇനം ഫംഗസാണ് ഗുച്ചി കൂൺ. മോർചെല്ല എസ്കുലെന്റ എന്നാണ് നമ്മുടെ ഗുച്ചിയുടെ ശാസ്ത്രീയ നാമം. ഗുച്ചി സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലുള്ള കാടുകളിലും താഴ്‌വരകളിലും മാത്രമാണ് വളരുന്നത്. ഹിമാചലിലെ കുളു–മണാലി, ചമ്പ, കാംഗ്ര, പാങ്കി താഴ്‌വര, കശ്മീരിലെ ഹിമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവ വളരുന്നുണ്ട്. നമ്മുടെ സാധാരണ അന്തരീക്ഷത്തിൽ ഇവയെ വളർത്തിയെടുക്കുക സാധ്യവുമല്ല. പ്രദേശവാസികൾ വനത്തിൽ തേടിനടന്ന് ശേഖരിക്കുകയാണ് ചെയ്യുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ സാധിക്കാത്തതിനാൽ, ഇവയുടെ വില കിലോയ്ക്ക് 40,000 രൂപ വരെ ഉയരും. മഞ്ഞുകാലം കഴിഞ്ഞാൽ മാത്രമാണ് ഗുച്ചി കൂൺ മുളയ്ക്കുക. മാർച്ച് മുതൽ മേയ് വരെയാണ് ഇതിന്റെ ശേഖരണകാലം. ഗ്രാമീണർ ദിവസം മുഴുവനും കാട് ചുറ്റി നടന്ന് കണ്ടെത്തുന്ന കൂൺ, ഉണക്കി വിപണിയിലെത്താൻ മാസങ്ങളെടുക്കും.
ഗുച്ചി കൂൺ ഗ്രാമവാസികൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നില്ല; പകരം വിലകൊണ്ട് ജീവിതോപാധി കണ്ടെത്താൻ വിൽക്കുകയാണ് പതിവ്. ഇവയെ കുറിച്ച് പ്രാദേശിക കഥകളും പ്രചരിക്കുന്നുണ്ട്—ഇടിമിന്നലുണ്ടായാൽ ഇവയുടെ എണ്ണം കൂടും എന്നാണ് ഒരു വിശ്വാസം. കാട്ടുതീ കഴിഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ വളരുമെന്നും ഗ്രാമവാസികൾ പറയുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല.
ഇളം മഞ്ഞനിറം, വലുതായ ചതുരാകൃതിയിലുള്ള കുഴികളുള്ള തൊപ്പി, വെളുത്ത, കട്ടിയുള്ള തണ്ട് എന്നിവയാണ് ഗുച്ചിയുടെ രൂവവിശേഷണം. ഈ പ്രത്യേകതകളാണ് ഗുച്ചിയെ മറ്റുകൂണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.
ഗുച്ചിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നും നമുക്ക് പരിശോധിക്കാം. ഒരു പോഷകശേഖരം എന്ന് ഒറ്റവാക്കിൽ ഗുച്ചിയെ വിശേഷിപ്പിക്കാം. രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും ഇത് മുൻപന്തിയിലാണ്. പൊട്ടാസ്യം, ചെമ്പ്, വൈറ്റമിൻ ബി, ഉയർന്ന വൈറ്റമിൻ ഡി ഉള്ളടക്കം എന്നിവ ഗുച്ചിയിലുണ്ട്. അതിശക്തമായ ആന്റിഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂണുകളിൽ ബി വൈറ്റമിനുകളായ റൈബോഫ്ലേവിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ് എന്നിവയാണ് കൂടുതലായുള്ളത്. പാന്റോതെനിക് ആസിഡ് ഹോർമോൺ ഉത്പാദനത്തെയും നാഡികളെയും സഹായിക്കുമ്പോൾ റൈബോഫ്ലേവിൻ ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉണ്ടാകാനും നിയാസിൻ ചർമസംരക്ഷണത്തിനും ദഹന–നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു.
സെലേനിയം ആണ് കൂണുകളിൽ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകം. നല്ലൊരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന ഇവ രോഗപ്രതിരോധ ശക്തി ഉണ്ടാകാനും ഹൃദയ സംബന്ധിയായ രോഗങ്ങളിൽ നിന്നും കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നു. എർഗോതിയൊനെയ്ൻ( Ergothioneine) ആണ് കൂണുകളിൽ ഉള്ള മറ്റൊരു ആന്റിഓക്സിഡന്റ്. രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനൊപ്പം അണുബാധ തടയാനും ഇവയ്ക്ക് കഴിവുണ്ട്. ഒട്ടുമിക്ക കൂണുകളിലും കാണുന്ന മറ്റൊരു ആന്റിഓക്സിഡന്റാണ് ബീറ്റ ഗ്ലൂക്കൻസ്. ഇവ രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ചില രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്.
പച്ചക്കറികളിൽ വളരെ കുറച്ചു മാത്രം കാണുന്ന വൈറ്റമിൻ ഡി കൂണുകളിൽ ധാരാളമായി കാണുന്നു. അതുകൊണ്ടുതന്നെ ഇവ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ചില രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ഉത്തമമാണ്. കൂണുകളിൽ പൊട്ടാസ്യം നല്ലതോതിൽ തന്നെയുണ്ട്. അതിനാൽ രക്തസമ്മർദം കുറയാനും ഹൃദയരോഗങ്ങൾക്കും ഉത്തമമാണ്. ഇവയെ കൂടാതെ കോപ്പർ, കാൽസ്യം, പ്രോട്ടീൻ, ശരീരത്തിന് ആവശ്യമായ ചില അമിനോ ആസിഡ് എന്നിവയും കൂണുകളിൽ ഉണ്ട്.
പൊതുവായി പറഞ്ഞാൽ ധാരാളം ആന്റിഓക്സിഡന്റുകളുള്ള കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ഉത്തമമാണ്. കൂണുകൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോൾ ഇല്ലാത്ത, ഊർജ്ജവും കൊഴുപ്പും കുറഞ്ഞ കൂണുകൾ അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂണുകളിലെ പ്രത്യേകതരം നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. കൂണുകളിലെ ചില ഘടകങ്ങൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കാൻ കഴിയുമെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്.
എന്നാൽ അമിതമായ കൂണിന്റെ ഉപയോഗം പലവിധ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഒപ്പം നന്നായി കഴുകി വൃത്തിയാക്കാത്ത കൂണുകൾ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. പാചകം ചെയ്യുമ്പോൾ കൂണിലെ ഗുണഗണങ്ങൾ വർധിക്കുന്നുവെന്നു മാത്രമല്ല പച്ചകൂൺ കഴിക്കുന്നത് പലവിധ അലർജിയും ഉണ്ടാക്കുന്നു.
ഗൂച്ചിയും കൊളസ്ട്രോൾ മുക്തവും ഊർജ്ജവും കൊഴുപ്പും സോഡിയവും കുറഞ്ഞവയുമാണ്. ആന്റിഓക്സിഡന്റുകളുടെയും വൈറ്റമിൻ ഡിയുടെയും ഒരു കലവറയായി ഗൂച്ചി കരുതപ്പെടുന്നു. ചില വൈറ്റമിനുകളും അമിനോ ആസിഡുകളും ഇവയുടെ മേൻമ കൂട്ടുന്നു. രോഗപ്രതിരോധ ശക്തി കൂട്ടാനും പൊതുവായ ആരോഗ്യത്തിനും മരുന്നുകളുടെ പാർശ്വഫലത്തെ പ്രതിരോധിക്കാനും പലവിധത്തിലുള്ള രോഗത്തെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് ഇവ എന്നു പറയുന്നു.
ഇനി ഗുച്ചി ഉപയോഗിച്ച് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാം എന്നുകൂടി പരിശോധിക്കാം. ഗുച്ചി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പ്രത്യേക വിഭവങ്ങൾ ധാരാളമുണ്ട്. ഗുച്ചി പുലാവ് ആണ് ഏറ്റവും പ്രശസ്തം. ചെറുതായി മുറിച്ച് വറുത്തെടുക്കാം. വിവിധ തരത്തിൽ കറിവെച്ചും ഇത് കഴിക്കാം.
മറ്റു കൂണുകളും ആരോഗ്യകാര്യങ്ങളും
ഇന്ത്യയിൽ കൃഷി ചെയ്യുന്നത് കൂടുതലായി button, oyster, straw കൂണുകളാണ്. കാടുകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടെ ധാരാളം ഭക്ഷ്യയോഗ്യമായ കൂണുകൾ ലഭ്യമാണ്. എന്നാൽ വിഷമുള്ള കൂണുകളും രൂപത്തിൽ സമാനമായതിനാൽ പരിചയമുള്ളവരുടെ നിർദ്ദേശമില്ലാതെ ശേഖരിക്കുന്നത് അപകടകരമാണ്.
കൂണുകൾ ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ ചുരുക്കി പറയാം:
കാൻസർ പ്രതിരോധത്തിൽ സഹായിക്കുന്നു
ഹൃദയസ്വസ്ഥതയ്ക്ക് നല്ലതാണ്
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പങ്കുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പൊതുവായ ആരോഗ്യസംരക്ഷണത്തിനും ഇവയ്ക്ക് വലിയ പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു.
എന്നിരുന്നാലും, അമിതമായ കൂൺ ഉപയോഗം ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. പച്ചകൂൺ ഭക്ഷിക്കുന്നത് അലർജിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാണ്.
















