‘ദൃശ്യം 3’ നു പിന്നാലെ മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറന്ന ‘തുടരും’ എന്ന ചിത്രം കൂടി ഹിന്ദിയിലേക്ക്. ‘തുടരും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നതായി സ്ഥിരീകരണം. സംവിധായകന്‍ തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ചിത്രം വലിയ ശ്രദ്ധനേടിയപ്പോള്‍ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും സംഘങ്ങള്‍ തന്നെ സമീപിച്ചിരുന്നു. കുറഞ്ഞ ബജറ്റില്‍ ഇത്രയും സ്വീകാര്യതയുള്ള ചിത്രങ്ങള്‍ എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്നാണ് അവര്‍ ചോദിച്ചത്. തെലുങ്കില്‍നിന്നും റീമേക്ക് അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍നിന്ന് തന്നോട് തന്നെയാണ് സംവിധാനംചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
‘ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും കമ്പനികള്‍ ബന്ധപ്പെട്ടിരുന്നു. ഇത്രയും വലിയ ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റില്‍ ചെയ്യാന്‍ പറ്റുന്നു എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. റീമേക്കിന്റെ സാധ്യതകള്‍ ചര്‍ച്ചയിലുണ്ട്. ഹിന്ദിയില്‍നിന്നും തെലുങ്കില്‍നിന്നും അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍നിന്ന് സംവിധാനംചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതുകൊണ്ട് എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അവസാനഘട്ടത്തിലേക്ക് എത്തിയിട്ടില്ല’- എന്നായിരുന്നു അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞത്.
















