പപ്പടം എണ്ണയിൽ വറുത്ത് മാത്രം കഴിച്ച് മടുത്തോ? എങ്കിൽ ഇനി ഈ പപ്പട തോരൻ റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
പപ്പടം – 6 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
ചെറിയ ഉള്ളി – 5 എണ്ണം
വെളുത്തുള്ളി – ഒരെണ്ണം
വറ്റൽ മുളക് – 2 എണ്ണം
കടുക് – കാൽ ടീസ്‌പൂണ്‍
മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ
മുളകുപൊടി – അര ടീസ്‌പൂൺ
ജീരകം – കാൽ ടീസ്‌പൂൺ
പച്ചമുളക് – 3 എണ്ണം
വെളിച്ചെണ്ണ – വറക്കാൻ ആവശ്യമായത്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം തന്നെ അര കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം. അതിനായി തേങ്ങ, മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ജാറിലേയ്‌ക്കിട്ട് അരച്ചെടുക്കാം. വെള്ളം ചേർക്കാതെ വേണം അരയ്‌ക്കാൻ. അരച്ചെടുത്ത തേങ്ങാ കൂട്ട് മറ്റൊരു പാത്രത്തിലേയ്‌ക്ക് മാറ്റിവയ്‌ക്കാം. ഇനി പപ്പടം ചെറിയ കഷണങ്ങളാക്കി മുറിച്ച് എണ്ണയിൽ പൊരിച്ചെടുക്കുക. അടുത്തതായി കടുക് വറുത്ത് കൂട്ട് ചേർക്കുകയാണ് വേണ്ടത്. അതിനായി പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വന്ന ശേഷം കാൽ ടീസ്‌പൂണ്‍ കടുക് ഇടുക. കടുകെല്ലാം പൊട്ടി തീർന്ന ശേഷം ചെറുതായി മുറിച്ച 2 വറ്റൽ മുളകും 2 ചെറിയ ഉള്ളിയും എണ്ണയിലേക്കിടുക. ഒപ്പം കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റുക.
ഇവ ഒരു ഗോൾഡൻ നിറത്തിലാകുന്നത് വരെ നിർത്താതെ ഇളക്കി കൊടുക്കുക. ഇനി ഈ പാനിലേയ്‌ക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങാ കൂട്ട് ഇട്ട് ഇളക്കുക. ഇതിലേയ്‌ക്ക് വളരെ കുറച്ച് ഉപ്പ് ഇടുക. പപ്പടത്തിന് ഉപ്പ് ഉള്ളതിനാൽ അധികം ഉപ്പ് ഇടേണ്ടതില്ല. ലോ ഫ്ലെയിമിലിട്ട് ഇവയെല്ലാം കൂടി നന്നായി ഇളക്കി കൊടുക്കുക. വെള്ളം ഒഴിക്കേണ്ടതില്ല. ആവശ്യമെങ്കിൽ കുറച്ച് എണ്ണ ഒഴിച്ച് വീണ്ടും ഇളക്കി കൊടുക്കാം. ഇനി ഇതിലേയ്‌ക്ക് പൊരിച്ച് വച്ചിരിക്കുന്ന പപ്പടം ഇട്ട് കൊടുക്കാം. ഒന്നു കൂടി ഇളക്കിയ ശേഷം അടച്ച് വയ്ക്കാം. ഒരു 5 മിനിറ്റ് നേരം അടച്ച് വച്ചതിനു ശേഷം അടപ്പ് തുറന്ന് കുറച്ച് കറിവേപ്പില വിതറിയ ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇതോടെ സ്വാദിഷ്‌ഠമായ പപ്പട തോരൻ റെഡിയായി. ഇനി ഉച്ചയ്‌ക്ക് ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും ഈ തോരൻ കഴിക്കാം.
















