കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.
ട്വന്‍റി-ട്വന്‍റിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് വളരെ മോശം ഭാഷയിൽ പ്രതിഷേധക്കാര്‍ പ്രതികരിക്കുന്നത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഇന്നലെ പുറത്തുവന്നിരുന്നു.
















