സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ ചിരിയുമായി എത്തുന്ന യുവതിയാണ് അനാമിക വിഷ്ണു. ഇപ്പോഴും ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒരുപാട് ദുഃഖം തളം കെട്ടി കിടപ്പുണ്ടെന്ന് ആർക്കും തന്നെ അറിയില്ലായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്ന അനാമികയെ, ആ സ്ഥാപനം നടത്തുന്ന ഉദയ ഗിരിജയുടെ മകൻ വിഷ്ണു വിവാഹം കഴിച്ചതോടെയാണ് ഈ പെൺകുട്ടി കേരളത്തിന് പ്രിയങ്കരിയാവുന്നത്. ഇപ്പോഴും ഒരു നിഷ്കളക്ക ചിരിയുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ഈ പെൺകുട്ടിയെ ജനങ്ങൾ പെട്ടന്ന് തന്നെ ഏറ്റെടുത്തു.
എന്നാൽ, ആ തിളങ്ങുന്ന മുഖത്തിനു പിന്നിൽ ആരുമറിയാത്ത ഒരു തീരാദുരിതത്തിന്റെ കഥയുണ്ട്; സ്വന്തം കൺമുന്നിൽ അമ്മ പിടഞ്ഞു മരിച്ചതിന്റെയും, ഒറ്റപ്പെട്ടുപോയ ഒരുകുട്ടിക്കാലത്തിന്റെയും നോവുന്ന ഓർമ്മകൾ. അടുത്തിടെ യൂട്യൂബ് ചാനലിലൂടെ അനാമിക തന്റെ ഇരുട്ട് നിറഞ്ഞ ജീവിത കഥ ലോകത്തോട് പറയുന്നത്.
മിനി കൃഷ്ണന്റെയും രാജ്‌മോഹന്റെയും ഏകമകളായിരുന്നു അനാമിക. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അനാമികയ്ക്ക് ഒരു അനിയത്തിയുമുണ്ടായി. എന്നാൽ കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ വലിയ ദുരന്തത്തിലേക്കാണ് ആ കുടുംബത്തെ കൊണ്ടെത്തിച്ചത്.
ഒരു ദിവസം അമ്മയെ അന്വേഷിച്ച് മാമൻ വീട്ടിലെത്തി. ഇതോടെ ഭയന്ന അമ്മ മുറിയിൽ കയറി വാതിലടച്ചു. കുറേ സമയത്തിനു ശേഷം വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട കാഴ്ച ആ കൊച്ചുകുട്ടിയുടെ മനസ്സിൽ ഇന്നും മായാത്ത മുറിവാണ്.
അമ്മ തൂങ്ങിനിൽക്കുന്നു… പക്ഷേ, അപ്പോഴും അവർക്ക് ജീവനുണ്ടായിരുന്നു! “അമ്മ അനങ്ങുന്നുണ്ട് മാമാ, ഒന്ന് കെട്ടഴിച്ചിറക്കൂ” എന്ന് കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടും, പോലീസെത്താതെ തൊടില്ലെന്ന് പറഞ്ഞ് ചുറ്റും കൂടിയവർ മാറിനിന്നു. തന്റെ കൺമുന്നിൽ വെച്ച്, സഹായത്തിനായി കരഞ്ഞു യാചിച്ചിട്ടും, അമ്മ പിടഞ്ഞുതീരുന്ന കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവന്ന ആ കുട്ടിക്കാലം അനാമികയ്ക്ക് ഇന്നും ഒരു തീരാനൊമ്പരമാണ്.
അമ്മയുടെ മരണശേഷം അനാമിക ഒറ്റപ്പെട്ടു. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട്. എന്നാൽ അമ്മൂമ്മയ്ക്ക് അസുഖമായതോടെ ആരും തുണയില്ലാത്ത അവസ്ഥയിലായി. മറ്റു വഴിയില്ലാതെ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി ആക്കാമോ എന്ന് ചോദിച്ച് അവൾ തന്നെ ചൈൽഡ് ലൈനിലേക്ക് വിളിച്ചു.
അങ്ങനെയാണ് അനാഥാലയത്തിൽ എത്തുന്നത്. പെൺകുട്ടിയായതുകൊണ്ട് ദത്തെടുക്കാൻ പോലും ആരും തയ്യാറായില്ലെന്ന വേദനയോടെയാണ് അനാമിക ആ ദിവസങ്ങൾ ഓർത്തെടുക്കുന്നത്. ഒടുവിൽ, ജീവമാതാ കാരുണ്യ ഭവനിൽ ഉദയ എന്ന ഒരമ്മയെ അവൾക്ക് ലഭിച്ചു.
തോറ്റുപോകുമായിരുന്ന ഒരിടത്ത് നിന്ന്, പൊരുതി ജയിച്ച് മുന്നോട്ട് വന്ന അനാമികയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഉദയ അമ്മയുടെ സ്നേഹമാണ്. സ്വന്തം മകൻ വിഷ്ണുവിനെക്കൊണ്ട് തന്നെ അവർ അനാമികയെ വിവാഹം കഴിപ്പിച്ചു. ഇന്ന് സ്നേഹിക്കാൻ ഒരു ഭർത്താവുണ്ട്, ഓമനിക്കാൻ ഒരു മകളുണ്ട്, ഒരുമ്മ നൽകാൻ ഒരമ്മയുമുണ്ട്. ജീവമാതാ ഇല്ലായിരുന്നെങ്കിൽ താനൊരു മാനസിക രോഗിയായി മാറിയേനെ എന്ന് പറയുമ്പോൾ അനാമികയുടെ വാക്കുകളിൽ ആശ്വാസമുണ്ട്, ഒപ്പം ഭീകരമായ ഭൂതകാലത്തിന്റെ നിഴലുമുണ്ട്.
കണ്ണീരിന്റെ കയത്തിൽ നിന്ന് പൊരുതിക്കയറി, ഇന്ന് ഒട്ടേറെപ്പേർക്ക് പ്രചോദനമായി മാറിയ അനാമികയുടെ ജീവിതം, പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും മനോഹരമായ ഒരു പാഠപുസ്തകമാണ്.
















